എച്ച്.എസ്.എ.യു.പി.എസ്. പാപ്പിനിപ്പാറ/അക്ഷരവൃക്ഷം/അറിയാതെപോയനന്മ

Schoolwiki സംരംഭത്തിൽ നിന്ന്
അറിയാതെ പോയ നന്മ

ലൂയി എന്ന മനുഷ്യൻ തൻറെ നാട്ടിലെ അങ്ങാടിയിലെയും റോഡിലെയും മാലിന്യങ്ങൾ വൃത്തിയാക്കുകയാണ് വഴിയിലൂടെ പോകുന്നവർ അവനെ കളിയാക്കുന്നുണ്ട് മരമണ്ടൻ വാസു പണി തുടങ്ങി എന്നു പറഞ്ഞുകൊണ്ട് അവർ ചിരിക്കുകയാണ്. ഇതെല്ലാം കേൾക്കുമ്പോൾ ലൂയിയുടെ മനസ്സിൽ വേദനയുണ്ട്. എന്തിനാണ് ഞാൻ വിഷമിക്കുന്നത് തൻറെ നാടിനുവേണ്ടി അല്ലേ ഞാൻ കഷ്ടപ്പെടുന്നത് എന്നൊക്കെയാണ് ലൂയി ചിന്തിക്കാറ്. ചെറുപ്പം മുതലേ ലൂയിക്ക് തൻറെ നാട് വൃത്തികേടായി നിൽക്കുന്നതോ പ്രകൃതിയെ നശിപ്പിക്കുന്നതോ ഇഷ്ടമല്ലായിരുന്നു. അതുകൊണ്ടുതന്നെ ലൂയി അവിടെയെല്ലാം വൃത്തിയാക്കുമായിരുന്നു. അവിടെയും ഇവിടെയും തെണ്ടി തിരിഞ്ഞ് നടക്കാതെ പഠിച്ച് വലിയ ആളാവാൻ നോക്ക് എന്നൊക്കെ നാട്ടുകാർ പറയുമായിരുന്നു. എനിക്കെന്താ പഠനത്തിന് കുറവ്, പഠിച്ചുകഴിഞ്ഞു ഒഴിവുള്ള സമയത്താണല്ലോ വച്ചുപിടിപ്പിക്കുകയും വൃത്തിയാക്കുകയും ചെയ്യുന്നത് എന്നൊക്കെ അന്ന് ലൂയി ചിന്തിച്ചിരുന്നു. അന്ന് ലൂയിയെ നാട്ടുകാർ വിളിക്കുന്ന പേരാണ് മരമണ്ടൻ വാസു. ലൂയി എന്ന പേരിനോട് ഒരു സാമ്യവും ഇല്ലാത്ത പേര്. എപ്പോഴും ഈ പേര് തന്നെയാണ് നാട്ടുകാർ വിളിക്കാറ്. ലൂയി യുടെ അച്ഛന് ആകെ കൂടെ ഉണ്ടായിരുന്ന ഭൂമി ലൂയി യുടെ പേരിൽ ആക്കിയിട്ടുണ്ട്. ലൂയി അതിൽ മരങ്ങളും വ്യത്യസ്തയിനം പൂക്കളും വച്ചു പിടിപ്പിച്ചിട്ടുണ്ട്. അവിടെ ധാരാളം കിളികളും ജന്തുക്കളും താമസം ആക്കിയിട്ടുണ്ട്. ലൂയി ആ ഭൂമിയിൽ ഇങ്ങനെയൊക്കെ ചെയ്യുന്നത് അച്ഛനമ്മമാർക്ക് യാതൊരു വിരോധവും ഉണ്ടായിരുന്നില്ല തങ്ങളുടെ മകൻ നല്ല കാര്യമല്ലേ ചെയ്യുന്നത് എന്ന് അവർ ചിന്തിച്ചിരുന്നു. നാട്ടുകാർ മകനെ കളിയാക്കുമ്പോൾ അച്ഛനും അമ്മയ്ക്കും സങ്കടം ഉണ്ടായിട്ടുണ്ട്. മാത്രമല്ല മകൻ സങ്കടം പറയുമ്പോഴും അവനെ ആശ്വസിപ്പിക്കാൻ അമ്മയും അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് തന്നെ ആശ്വസിപ്പിക്കാൻ ആരും തന്നെയില്ല അച്ഛനും അമ്മയും മരിച്ചിട്ട് മൂന്നു വർഷമായി. അത് ഓർക്കുമ്പോൾ തന്നെ ലൂയി പൊട്ടി കരയാറുണ്ട്.<
വഴിയരികിൽ നിന്ന് ഒരാൾ വിളിച്ചു പറയുന്നത് അദ്ദേഹം കേട്ടു. ജോലിയും കൂലിയും ഇല്ലാതെ തെണ്ടിത്തിരിഞ്ഞ് നടക്കുന്നത് കണ്ടില്ലേ വെറുതെയല്ല തന്നെ നാട്ടുകാർ മരമണ്ടൻ വാസു എന്ന് വിളിക്കുന്നത്. എന്ന് പറഞ്ഞുകൊണ്ട് അയാൾ നടന്നകന്നു. ഹും.... എനിക്ക് ജോലി ഉണ്ടല്ലോ ഞാൻ ഉണ്ടാക്കിയ മരങ്ങളിൽനിന്ന് പഴവർഗ്ഗങ്ങൾ പറിച്ച് വിൽക്കാറുണ്ടല്ലോ കുറച്ച് ബാക്കി വയ്ക്കാറുമുണ്ട് അത് കിളികളും മറ്റും കഴിക്കുകയും ചെയ്യും. ഈ നാട്ടിലെ മനുഷ്യർ ഞാൻ വൃത്തിയാക്കിയ സ്ഥലങ്ങളിലെല്ലാം പിന്നെയും മാലിന്യങ്ങൾ കൊണ്ടിടുകയാണ് അതുകൊണ്ടാണല്ലോ ഞാൻ അത് വൃത്തിയാക്കുന്നത് നിങ്ങളെന്നെ മരമണ്ടൻ വാസു എന്ന് വിളിക്കുന്നതും, എന്നൊക്കെ പിറുപിറുത്തുകൊണ്ട് അദ്ദേഹം റോഡരികിലൂടെ നടക്കുകയാണ്. അപ്പോഴാണ് അദ്ദേഹം അവിടെ ഒരു ആൾക്കൂട്ടം കണ്ടത്. ലൂയി അവർ തമ്മിൽ സംസാരിക്കുന്നത് കാതോർത്തു. "ഇവിടത്തെ മരങ്ങൾ മുറിച്ചിട്ടു വേണം ഇവിടെ ഒരു വീട് വെക്കാൻ മരങ്ങൾ കൊണ്ടൊന്നും ഒരു കാര്യവുമില്ല"... ആ ഭൂമിയുടെ ഉടമസ്ഥൻറെ വാക്കുകളായിരുന്നു അത്. ഇത് കേട്ടയുടൻ ലൂയി അയാളുടെ അടുത്തേക്ക് ഓടിച്ചെന്നു പറഞ്ഞു. വേണ്ട, ഈ മരങ്ങൾ ഒന്നും മുറിക്കരുത് താങ്കൾ ഒന്നോ രണ്ടോ മരങ്ങളല്ല മുറിക്കുന്നത് എത്ര എണ്ണമാണ് അത് മുറിച്ചാൽ...." ലൂയി പറഞ്ഞു തീരും മുൻപേ ഉടമസ്ഥൻ ലൂയി യോട് ദേഷ്യത്തിൽ പറഞ്ഞു. ഇതെൻറെ ഭൂമിയാണ് ഇതിൽ എന്തു ചെയ്യണമെന്ന് ഞാൻ തീരുമാനിക്കും. അതിൽ ആരും ഇടപെടേണ്ടതില്ല. അല്ലെങ്കിലും നിൻറെ വാക്കുകൾ ആരാണ് കേൾക്കുക ഒരു പരിസ്ഥിതി സ്നേഹി വന്നിരിക്കുന്നു.. അദ്ദേഹം പുച്ഛത്തോടെ പറഞ്ഞു. ലൂയി അവിടെനിന്ന് സങ്കടത്തോടെ നടന്നകന്നു. എൻറെ അമ്മയും അച്ഛനും ഉണ്ടായിരുന്നെങ്കിൽ തന്നെ ആശ്വസിപ്പിക്കുമായിരുന്നു അവരെ കുറിച്ച് ഓർത്തപ്പോൾ അദ്ദേഹത്തിൻറെ കണ്ണുകൾ നിറഞ്ഞു കാലങ്ങളേറെ... ഇപ്പോഴും അദ്ദേഹം തന്റെ ജോലി ചെയ്തു കൊണ്ടേയിരുന്നു ഒരു ദിവസം നാട്ടുകാർ എല്ലാവരും റോഡിലേക്കും വഴിയരികിൽ ശ്രദ്ധിച്ചു ഇന്ന് മരമണ്ടൻ വാസു ഇല്ലല്ലോ എവിടെപ്പോയി നാട്ടുകാരുടെ മനസ്സ് പറയാൻ തുടങ്ങി. അയാളെ അന്വേഷിച്ചിട്ട് എന്താ കാര്യം അദ്ദേഹം നാടുവിട്ടു കാണും. അയാൾ പോയാൽ ഈ നാട്ടുകാർക്ക് സമാധാനമായി ഈ ചിന്ത എല്ലാവരിലും ഉള്ളതുകൊണ്ട് തന്നെ അദ്ദേഹത്തെ ആരും അന്വേഷിച്ചില്ല.
കുറച്ചു ദിവസങ്ങൾക്കകം തന്നെ ആ നാട് വൃത്തികേടായി മാലിന്യങ്ങൾ കുന്നുകൂടി വഴിയിലൂടെ പോകുന്നവർക്കും മറ്റും ദുർഗന്ധം സഹിക്കാൻ പറ്റാതെ ആയി. അതിലൊരാൾ പറഞ്ഞു എന്ത് വൃത്തിയായിരുന്നു നാട് ഇപ്പോൾ ഇവിടുത്തെ ദുർഗന്ധം സഹിക്കാൻ വയ്യ. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു ശക്തമായ കാറ്റും മഴയും ആ നാടിനെ തന്നെ നശിപ്പിച്ചു എല്ലാ വീടുകളും കുന്നുകളും നശിച്ചു മരങ്ങൾ നശിച്ചു. എല്ലാം നശിച്ചു കിട്ടും ഒരു ഭൂമിക്ക് മാത്രം ഒരു പോറൽ പോലും സംഭവിച്ചിട്ടില്ല. ആ ഭൂമി നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടു. ഇതാരുടെ സ്ഥലമാണ്? ഇതാരുടെ ഭൂമിയാണ്? നാട്ടുകാരുടെ ഇടയിൽ ഇതൊരു സംസാരവിഷയമായി. അപ്പോൾ നാട്ടുകാരിൽ ഒരാൾ പറഞ്ഞു ഈ ഭൂമി മരമണ്ടൻ വാസുവിൻറ അല്ലേ.... ഇത് കേട്ടപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടുപോയി. എന്തൊരു മനോഹരമായ ഭൂമി ഇത്രയും മനോഹരമായ സ്ഥലം ഇതുവരെ നാട്ടുകാർ കണ്ടിട്ടില്ലായിരുന്നു. അപ്പോൾ അവൻ 'മരമണ്ടൻ വാസു' അല്ല. ലൂയി എവിടെ? അതെ അവർ ജീവിതത്തിൽ ആദ്യമായി അവനെ ലൂയി എന്ന് വിളിച്ചു. മരമണ്ടൻ വാസു എന്ന് വിളിച്ചത് തെറ്റാണെന്ന് അവർക്ക് തോന്നി. അപ്പോൾ മറ്റൊരാൾ പറഞ്ഞു. ലൂയിയെ ഇവിടെ കാണാറില്ലല്ലോ... അപ്പോഴാണ് നാട്ടുകാരും അദ്ദേഹത്തെക്കുറിച്ച് ഓർത്തത്. ഇത്രയും നാൾ അദ്ദേഹം ഇല്ലാത്തതു കൊണ്ടാണല്ലോ ഇവിടെ മാലിന്യങ്ങൾ കുന്നു കൂടിയത്. എവിടെ ലൂയി?.... പക്ഷേ ലൂയി അവിടെയൊന്നും കാണാനില്ലായിരുന്നു വിഷമത്തോടെ അവർ നിൽക്കുമ്പോൾ നാട്ടുകാരിൽ ഒരാൾ പറഞ്ഞു നമുക്ക് അദ്ദേഹത്തിൻറെ ഭൂമിയിലേക്ക് ഒന്ന് പോയി നോക്കിയാലോ? അത് ശരിയാണെന്ന് അവർക്കും തോന്നി. അവർ മനോഹരമായ ആ സ്ഥലത്തേക്ക് നടന്നു പോയി. എന്തൊരു മനോഹരമായ കാഴ്ച, കിളികളും വിവിധ ഇനം ജന്തുക്കളും, തിങ്ങി നിറഞ്ഞു നിൽക്കുന്ന മരങ്ങളും അവർക്ക് ഇതൊന്നും വിശ്വസിക്കാനായില്ല.
പെട്ടെന്ന് ഒരു മരത്തിൻറെ പിന്നിൽ ഒരാൾ അവശനായി കിടക്കുന്നത് അവർ കണ്ടു. അവർ ആ മനുഷ്യൻറെ അടുത്തെത്തി. അതെ അത് നമ്മുടെ ലൂയി ആയിരുന്നു. അദ്ദേഹത്തിന് രോഗം പിടിപെട്ടിരിക്കുന്നു അദ്ദേഹത്തിന് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആരുമില്ലല്ലോ. ലൂയി നാട്ടുകാരോട് പതിയെ സംസാരിച്ചു. ഈ സ്ഥലവും കൂടി നിങ്ങൾ നശിപ്പിക്കരുത്. ഇനിയെങ്കിലും നിങ്ങൾ മനസ്സിലാക്കണം ഞാൻ പരിസ്ഥിതിയെ നശിപ്പിക്കരുത് എന്ന് പറയുന്നതിന് കാരണം. അപ്പോൾ നാട്ടുകാർ പറഞ്ഞു. ഞങ്ങൾ ഈ സ്ഥലം നശിപ്പിക്കാൻ വന്നതല്ല. ഞങ്ങൾ താങ്കളെ അന്വേഷിച്ചു വന്നതാണ്. ഞങ്ങളോട് താങ്കൾ ക്ഷമിക്കണം. ഞങ്ങൾ അറിയാതെ താങ്കളെ കളിയാക്കുകയും ദ്രോഹിക്കുകയും ചെയ്തു. ഞങ്ങൾ താങ്കളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാം. ഇതുകേട്ടപ്പോൾ ലൂയിയുടെ കണ്ണുകൾ നിറഞ്ഞു. എനിക്ക് ഇത് മതി. നിങ്ങൾക്ക് എല്ലാം മനസ്സിലായില്ലേ. എനിക്ക് സന്തോഷമായി. എന്നെ...... അത് പറഞ്ഞു തീരും മുൻപേ ലൂയിയുടെ കണ്ണുകൾ മെല്ലെ അടഞ്ഞു. അതെ പരിസ്ഥിതി സ്നേഹി ലോകത്തോട് എന്നെന്നേക്കുമായി വിട പറഞ്ഞിരിക്കുന്നു. നാട്ടുകാർ പൊട്ടിക്കരഞ്ഞു. അദ്ദേഹത്തിൻറെ മൃതദേഹം നാട്ടുകാർ സംസ്കരിച്ചു. നാട്ടുകാരുടെ മനസ്സിൽ കുറ്റബോധം തോന്നി. നമ്മളെന്തു മനുഷ്യരാണ് അല്ലേ. അദ്ദേഹത്തെ നമ്മൾ എത്രവട്ടം ദ്രോഹിച്ചു. ഇതു പറഞ്ഞു കൊണ്ട് നാട്ടുകാർ തേങ്ങിത്തേങ്ങി കരഞ്ഞു. ഇനി നമ്മൾ ലൂയിയുടെ പ്രവർത്തനങ്ങൾ പിന്തുടരണം എന്നാലേ നമ്മുടെ പഴയ ആ മനോഹരമായ നാട് നമുക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയൂ. നമുക്ക് കൈകോർക്കാം, ഈ നാടിനും ലൂയി ക്കും വേണ്ടി. അങ്ങനെ നാട്ടിലെ ജനങ്ങൾ നല്ലവരായി. അവർ ആ നാടിനെ പഴയ സ്ഥിതിയിലേക്ക് കൊണ്ടു വന്നു. നാട്ടിലെ ജനങ്ങൾ ലൂയിയെ എക്കാലത്തും സ്മരിച്ചു. അവർക്ക് ആ പ്രകൃതി സ്നേഹിയുടെ മഹത്വം മനസ്സിലായി. അവർക്ക് ലൂയി എന്ന മനുഷ്യൻ നൽകിയത് വലിയ പാഠമായിരുന്നു. അദ്ദേഹത്തിൻറെ മുഖം എക്കാലത്തും ജനങ്ങളിൽ മായാതെ നിന്നു.
അവർക്ക് ലൂയി എന്ന മനുഷ്യൻ നൽകിയത് വലിയ പാഠമായിരുന്നു അവർക്കു മാത്രമല്ല പരിസ്ഥിതിയെ മറന്ന് ആർഭാടകരമായ ജീവിതം നയിക്കുന്നതിന് വേണ്ടി മരങ്ങൾ മുറിക്കുകയും കുന്നുകളും മലകളും ഇടിച്ചു നിരപ്പാക്കുകയും പാടങ്ങൾ നികത്തുകയും ചെയ്തു പ്രകൃതി ദുരന്തങ്ങളിലേക്ക് വഴിയൊരുക്കുന്ന നമ്മൾക്കും ഈ കഥ ഒരു പാഠം തന്നെയാണ്......

റിഫ്‍ന. കെ
6 A എച്ച്.എസ്.എ.യു.പി.എസ്. പാപ്പിനിപ്പാറ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ