ആർ സി യു പി എസ് പള്ളിക്കുന്ന്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാടും മേടും മുൾപ്പടർപ്പുകളും  ഓറഞ്ച്‌ തോട്ടങ്ങളും നിറഞ്ഞ പ്രദേശമായിരുന്നു പള്ളിക്കുന്ന് ഫ്രഞ്ച് മിഷനറിയായിരുന്ന ഫാദർ ജെഫ്രീനോ സ്ഥാപിച്ച ദേവാലയമാണ് പള്ളിക്കുന്ന് ലൂർദ് മാതാ  ദേവാലയം. അദ്ദേഹത്തിന് മലയാളം അറിയാത്തതിനാൽ കുനിയാൻ ജോസഫ് ,മാർക്കോസ് രായപ്പൻ എന്നിവരാണ് സഹായത്തിനായി ഉണ്ടായിരുന്നത് .ഇവരെ മുൻനിർത്തി ദേവാലയവും അതോടൊപ്പം വയോജനങ്ങളാക്കായി ഒരു പാഠശാലയും ആരംഭിച്ചു .ക്രമേണ കുട്ടികൾക്കായുള്ള വിദ്യാകേന്ദ്രമായി ഇത് മാറി .നാല് വിദ്യാർഥികളും ഒരു അധ്യാപകനും ആയി ആരംഭം കുറിച്ച ഈ വിദ്യാകേന്ദ്രം 1922 ൽ ഒരു വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു. അന്നത്തെ ഏക അദ്ധ്യാപകനും ഹെഡ്മാസ്റ്ററും ജെ.ഡി വർക്കി മാസ്റ്റർ ആയിരുന്നു. 1924 ആയപ്പോഴേക്കും ഒന്ന് മുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകൾക്ക് സർക്കാർ അംഗീകാരം ലഭിച്ചു.1925 ൽ വർക്കി മാസ്റ്റർ വിരമിക്കുകയും ജെ വി ഡയസ് മാസ്റ്റർ വിദ്യാലയത്തിന്റെ ചുമതല ഏൽക്കുകയും ചെയ്തു. ഇക്കാലയളവിൽ മുപ്പതോളം കുട്ടികൾ വിദ്യാലയത്തിന്റെ ഭാഗമായി.കണാരൻ മാസ്റ്റർ,ചന്തു മാസ്റ്റർ,ശങ്കരൻകുട്ടി മാസ്റ്റർ എന്നിവരായിരുന്നു അധ്യാപനത്തിന് നേതൃത്വം നൽകിയിരുന്നത്. കുട്ടികളുടെ എണ്ണം വർധിച്ചു വന്നതോടെ ക്ലാസ്സുകളുടെയും അധ്യാപകരുടെയും എണ്ണം വർധിച്ചു.സ്ലേറ്റ്, പുസ്തകം,ഗുണകോഷ്ഠം എന്നിവയായിരുന്നു പ്രധാന പഠനോപകരണങ്ങൾ. കാലക്രമേണ വിദ്യാലയത്തിന്റെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സീനിയർ ഇൻസ്‌പെക്ടർ എത്തിച്ചേർന്നു.അവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാലയത്തിന് ഗ്രാൻഡ് അനുവദിച്ചു നൽകി.1949 ൽ മംഗലാപുരത്ത് നിന്നും വന്ദ്യ വയോധികനായ ഫാ.ആർ.എഫ്.സി. മസ്കരിനസ് ഇവിടെ എത്തുകയും അദ്ദേഹം സ്ഥാപിച്ച  ബഥനി സന്യാസ സമൂഹം അവരുടെ ഒരു ശാഖ പള്ളികുന്നിൽ സ്ഥാപിക്കുകയും ചെയ്തു. അതുവരെ ഇടവകയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം ബഥനി എഡ്യൂക്കേഷൻ സൊസൈറ്റി  യ്ക്ക് കൈമാറുകയും വിദ്യാലയത്തിന്റെ ചുമതല സിസ്റ്റേഴ്‌സ് ഏറ്റെടുക്കുകയും ചെയ്തു. സി. ആഡ്ലിൻ ആദ്യ ഹെഡ്മിസ്ട്രസ് ആയി ചുമതലയേറ്റു, പിന്നീട് സി.ബിയാട്രിസ് വിദ്യാലയത്തിൻറെ സാരഥി ആയി. 1954 ൽ VI, VII ക്ലാസ്സുകൾക്ക് സർക്കാർ അംഗീകാരം ലഭിച്ചു. 1955 ൽ  ഏഴാം ക്ലാസ് ഉൾപ്പെടുന്ന സമ്പൂർണ്ണ എലിമെന്ററി സ്കൂളായി ആർ. സി. യു. പി സ്കൂൾ പരിണമിച്ചു. 1960 കളിൽ പുതിയ മൂന്ന് കെട്ടിടങ്ങൾ നിർമ്മിച്ചു പിൽക്കാലത്ത് 8 ഡിവിഷൻ കൂടി അനുവദിച്ചു കിട്ടി. 1988 ൽ ജില്ലയിലെ ഏറ്റവും മികച്ച യൂ പി സ്കൂൾ എന്ന പദവി ഈ വിദ്യാലയത്തിന് ലഭിച്ചു.1990-91 കാലയളവിൽ ഹെഡ്മിസ്ട്രസ് ആയിരുന്ന സി.ജോസിയയ്ക്ക് മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. തുടർന്ന് സി.ലിസ്സ്യു ഹെഡ്മിസ്ട്രസ് ആയിരിക്കെ ഇംഗിഷ് മീഡിയം പാരലൽ സെക്ഷൻ ആരംഭിച്ചു.2004 ൽ സി നിർമ്മൽ ജോയ് സ്ഥാനമേൽക്കുകയും അത്യാധുനിക സൗകര്യമുള്ളതും വിശാലമായ ഓഡിറ്റോറിയം ഉൾപ്പെടുന്നതുമായ മൂന്ന് നില കെട്ടിടം പണിതു.പുതിയ ഭക്ഷണശാല,പൂന്തോട്ടം,ടോയ്ലറ്റ് എന്നിവയും  നിർമ്മിച്ചു. ഇപ്പോഴത്തെ സാരഥി സി.റോഷ്ണിയുടെ നേതൃത്വത്തിൽ പുതിയ സ്മാർട് ക്ലാസ്സ് റൂമുകൾ,കമ്പ്യൂട്ടർ ലാബ് സംവിധാനങ്ങൾ എന്നിവ കൂട്ടിച്ചേർത്ത് പ്രതിഭാശാലികളായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയം അക്ഷീണം പ്രായത്നിച്ചുകൊണ്ടിരിക്കുന്നു