അസംപ്ഷൻ യു പി എസ് ബത്തേരി/പ്രവൃത്തിപരിചയക്ലബ്
പ്രവൃത്തിപരിചയക്ലബ്
2019-2020 പ്രവർത്തനവർഷം
കുട്ടികളുടെ കലാപരവും കായികപരവുമായ കഴിവുകൾക്കു പുറമെ സർഗാത്മകമായ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും അസംപ്ഷൻ എയുപി സ്കൂളിൽ 2019-2020 വർഷത്തെ പ്രവർത്തി പരിചയക്ലബ്ബിന് തുടക്കം കുറിച്ചു. ഒന്നാം ക്ലാസുമുതൽ ഏഴാംക്ലാസുവരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിച്ച ക്ലബ്ബിന്റെ ചുമതല യു.പി വിഭാഗത്തിൽ ശ്രീമതി ട്രീസ തോമസ്, എൽ.പി വിഭാഗത്തിൽ ശ്രീമതി ഐറിൻ റോസ് ചെറിയാൻ എന്നീ അധ്യാപകർക്ക് നൽകപ്പെട്ടു. പ്രവർത്തിപരിചയ ഇനങ്ങളിൽ പ്രത്യേകം പരിശീലനം ലഭിച്ചവരും പ്രസ്തുത ഇനങ്ങളിൽ താത്പര്യവും കഴിവും ഉള്ളവരുമായ കുട്ടികളെ ഉൾപ്പെടുത്തി ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ജുലൈ 6-ന് പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട യോഗത്തിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രവർത്തിപരിചയ ക്ലബ്ബിന്റെയും ഔദ്യോഗികമായ ഉദ്ഘാടനം നിർവഹിക്കപ്പെട്ടു. തുടർന്ന് കുട്ടികളെ വിവിധ മത്സര ഇനങ്ങളിൽ പങ്കെടുപ്പിക്കേണ്ടതിന്റെ ഭാഗമായി അധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം നൽകി. ഓരോ മാസവും പ്രവർത്തിപരിചയക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയും അതാത് മാസങ്ങളിൽ ആ പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് ഏർപ്പെടാനുള്ള അവസരം ഒരുക്കുകയും ചെയ്തു.
• പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് ഫ്ലവർ പോട്ട്
ജുൺമാസത്തിൽ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുന്നതിനാവശ്യമായ ബോധവത്ക്കരണം നടത്തി. ഇതിനേത്തുടർന്ന് സ്കൂൾ ക്യാമ്പസ് പ്ലാസ്റ്റിക് വിമുക്തമാക്കാൻ തീരുമാനമുണ്ടായി. സ്കൂൾ കോമ്പൗണ്ടിൽ പ്ലാസ്റ്റിക് ഉപയോഗം പൂർണ്ണമായി നിർത്തലാക്കൻ തീരുമാനിച്ചു. ജൂലൈ മാസത്തിൽ പ്രവർത്തിപരിചയക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ ഉപയോഗ ശുന്യമായ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് ഫ്ലവർ പോട്ട് നിർമാണം നടത്തി.
• ഓഫീസ് ഫയൽ, കവർ നിർമാണം
ആഗസ്റ്റ് മാസത്തിൽ ക്ലബ്ബംഗങ്ങൾക്ക് ട്രീസ ടീച്ചറുടെ നേതൃത്വത്തിൽ ഓഫീസ് ഫയൽ നിർമാണം, കവർ നിർമാണം എന്നിവയിൽ പരിശീലനം നൽകി.
• പെരിസ്കോപ്പ്, കാലിഡോസ്കോപ്പ്
സെപ്റ്റംബർ മാസത്തിൽ പഠനോപകരണങ്ങൾ നിർമിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി യു.പി വിഭാഗം കുട്ടികൾ പെരിസ്കോപ്പ്, കാലിഡോസ്കോപ്പ് എന്നിവയും എൽ.പി വിഭാഗം കുട്ടികൾ ജ്യാമിതീയരൂപങ്ങളും അവ ഉപയോഗിച്ചുള്ള വസ്തുക്കളും തയ്യാറാക്കി. സെപ്റ്റംബർ 19-ന് സ്കൂൾശാസ്ത്രമേള നടത്തുകയും ഇതിൽ പ്രവർത്തിപരിചയവിഭാഗത്തിൽ ഇരുപതോളം മത്സരഇനങ്ങളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു. വിവിധഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കിട്ടിയവരെയും ആ ഇനങ്ങളിൽ പ്രാഗത്ഭ്യമുള്ളവരെയും കണ്ടെത്തി ഉപജില്ലാശാസ്ത്രമേളക്കായി അധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം നടത്തുകയും ചെയ്തു.
• ശാസ്ത്രമേള
2019 ഒക്ടോബർ 16-ാം തീയ്യതി മൂലങ്കാവ് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് 2019-2020 അധ്യയന വർഷത്തെ ഉപജില്ലപ്രവർത്തിപരിചയമേള നടക്കപ്പെട്ടു. യു.പി വിഭാഗത്തിൽ 8 ഇനങ്ങളിലും എൽ.പി വിഭാഗത്തിൽ 3 ഇനങ്ങളിലും കുട്ടികൾ പങ്കെടുത്തു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിൽ പങ്കെടുത്ത ഇനങ്ങളിലെല്ലാം തന്നെ കുട്ടികൾക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. യു.പി വിഭാഗത്തിൽ ഷീറ്റ് മെറ്റൽ ഒന്നാം സ്ഥാനം (ഫസൽ), എംബ്രോഡറി ഒന്നാം സ്ഥാനം (ഡെല്ല ബെന്നി) വുഡ് കാർവിംഗ് രണ്ടാം സ്ഥാനം (ആദർശ്), ഇലക്ട്രിക്കൽ വയറിംഗ് നാലാം സ്ഥാനം (നിഹൽ), സ്ട്രോ ബോർഡ് c ഗ്രേഡ്(ആൻഡ്രിയ), ഫാബ്രിക് പെയിന്റിംഗ് c ഗ്രേഡ്(അഭിനന്ദ്) എന്നിവരും എൽ.പി വിഭാഗത്തിൽ നെറ്റ് മേക്കിംഗ് മൂന്നാം സ്ഥാനം (നേഹ), എംബ്രോഡറി രണ്ടാം സ്ഥാനം (എൽസിറ്റ്), ചന്ദനത്തിരി നിർമാണം മൂന്നാം സ്ഥാനം (ആൻഡ്രിയ) എന്നിവരും വിജയികളായി. വിജയികൾക്ക് അഭിനന്ദനങ്ങൾ.
• ആശംസാകാർഡ് നിർമാണം
നംവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് എൽ.പി വിഭാഗം കുട്ടികളുടെ ഇടയിൽ ആശംസാകാർഡ് നിർമാണവും യു.പി വിഭാഗം കുട്ടികൾക്കായി പ്ലാസ്റ്റിക് രഹിത പൂക്കൾ നിർമാണ പരിശീലനവും നടത്തി. അന്നേ ദിവസം ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറിക്കിയ ഉത്പന്നങ്ങളുടെ കൈമാറ്റവും നടത്തി.
• മെഡിസിനൽ കവർ നിർമാണം
ഡിസംബർ മാസം അധ്യാപകരുടെ നേതൃത്വത്തിൽ മെഡിസിനൽ കവർ നിർമാണത്തിൽ പരിശീലനം നൽകി. ഇതിനു പുറമേ നേരത്തെ പരിശീലനം ലഭിച്ചതനുസരിച്ച് കുട്ടികൾ കവർ നിർമിക്കുകയും ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്ച് തയ്യാറാക്കിയ ആശംസാകാർഡുകൾ കവറുകളിലാക്കി കൈമാറ്റം ചെയ്യുകയും ചെയ്തു.
• പേപ്പർ ബാഗ് നിർമാണം
ജനുവരി മാസത്തിൽ പ്രവർത്തിപരിചയം ക്ലബ്ബ് അംഗങ്ങൾക്ക് അധ്യാപകരുടെ നേതൃത്വത്തിൽ പേപ്പർ ബാഗ് നിർമാണത്തിലും പപ്പറ്റ്സ് നിർമാണത്തിലുംപരിശീലനം നൽകി. 2020 ജനുവരി 14- ന് ഡയറ്റിൽ വച്ച് നടത്തപ്പെട്ട ഉപജില്ലാശാസ്ത്രസംഗമത്തിൽ പ്രവർത്തിപരിചയ ഇനമായപേപ്പർ ബാഗ് നിർമാണത്തിൽ അസംപ്ഷൻ എ.യു.പി.സ്കൂളിലെ ഡെല്ല ബെന്നി ജില്ലാ തലത്തിലേക്ക് യോഗ്യത നേടി. തുടർന്നുള്ള മാസങ്ങളിൽ ചെയ്യേണ്ട പ്രവത്തനങ്ങൾ ആസൂത്രണം ചെയ്യുകയും അതനുസരിച്ച് ക്ലബ്ബ് അംഗങ്ങളെ ഒരുക്കുകയും ചെയ്യുന്നു.