അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

ലോകത്തിലെ ഏതൊരു അത്ഭുതത്തെക്കാളും മഹത്തായ അത്ഭുതമാണ് പരിസ്ഥിതി. ദൈവം മനുഷ്യന് വസിക്കാനായി നല്കിയ ഇടമാണ് പരിസ്ഥിതി. ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് പരിസ്ഥിതി. മനുഷ്യനും സസ്യങ്ങൾക്കും മൃഗങ്ങൾക്കും പക്ഷികൾക്കും പറവകൾക്കും അവകാശപ്പെട്ടതാണ്. എന്നാൽ ഏറ്റവും പരിഷ്കൃതർ എന്നവകാശപ്പെടുന്ന മനുഷ്യൻ തന്നെയാണ്‌ ഏറ്റവുമധികം പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ജലമലിനീകരണം, വനനശീകരണം, വാഹനപ്പെരുപ്പം, പ്ലാസ്റ്റിക്ക്, കീടനാശിനികൾ, വ്യവസായ ശാലകളിൽ നിന്നുള്ള പുക, അമിതശബ്ദം ഇതെല്ലാം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു. ഇന്ന് ആരും പ്രകൃതിയെ സ്നേഹിക്കുന്നില്ല. വികസന പ്രവർത്തനങ്ങൾ എന്ന പേരിൽ പരിസ്ഥിതിയുടെ സുസ്ഥിതിയെ തന്നെ തകർക്കുന്നു. മനുഷ്യൻ പ്രകൃതിയെ ദ്രോഹിക്കുന്നതിന്റെ ഫലമാണ് കടുത്ത വരൾച്ചയും പ്രളയവുമെല്ലാം.

കാർഷിക മേഖലയിൽ ലാഭകരമായ നേട്ടം ഉണ്ടാക്കാൻ കാർഷിക വിളകൾക്ക് വൻതോതിൽ രാസകീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കുന്നു. ഇത് മഴവെള്ളത്തിലൂടെയും മറ്റും കിണറുകളിലും, നദികളിലും, തടാകങ്ങളിലുമൊക്കെ എത്തുന്നു. ഫലമോ ഇതുപയോഗിക്കുന്ന ജനങ്ങൾക്ക് പല മാരകരോഗങ്ങളും പിടിപ്പെടുന്നു. വനങ്ങൾ നശിപ്പിക്കുന്നതിന്റെ ഫലമായി മഴ കുറയുന്നു. മരങ്ങളുടെ എണ്ണം കുറയുന്നതുകൊണ്ട് അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവു കുറയുന്നു.

ദിനംപ്രതി വാഹനങ്ങളുടെ എണ്ണം വർദ്ധിച്ച് വരുന്നു. വാഹനങ്ങളിൽ നിന്നു പുറന്തള്ളുന്ന പുകയും പൊടിപടലങ്ങളും അന്തരീക്ഷത്തിൽ കലരുന്നു. ഇത് ശ്വസിക്കുന്നതുവഴി ജനങ്ങൾക്ക് അലർജി, ആസ്മ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഇവ ഉണ്ടാകുന്നു. വ്യവസായ ശാലകളിൽ നിന്നുള്ള രാസമാലിന്യങ്ങൾ വായുവിലേക്ക് പകരുന്നു. ഈ മലിനവായു ശ്വസിക്കുന്നത് ക്യാൻസർ പോലുള്ള മാരകരോഗങ്ങൾ ഉണ്ടാക്കുന്നു. റഫ്രിജറേറ്റർ, എയർ കണ്ടീഷ്ണർ പോലുള്ളവയിൽ നിന്നുമുള്ള സി. എഫ്. സി വാതകങ്ങളുടെ പുറന്തള്ളൽ നിമിത്തം ഓസോൺ പാളിയിൽ വിള്ളൽ വരുത്തുന്നു. ഓസോൺ പാളിയിലെ വിള്ളൽ മൂലം സൂര്യനിൽ നിന്നുള്ള അൾട്രാ വയലറ്റ് രശ്മികൾ ഭൂമിയിലെത്തുന്നു. ഇതു മനുഷ്യർക്ക് ഏൽക്കാനിടയായാൽ ക്യാൻസർ പോലുള്ള മാരകരോഗങ്ങൾ ഉണ്ടാകുന്നു.

പരിസ്ഥിതി അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ് ആഗോളതാപനം. അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓസ്‌സൈഡിന്റെ അളവു ദിനംപ്രതി വർധിക്കുന്നു. ഓക്സിജന്റെ അളവു കുറയുന്നു. ഓക്സിജന്റെ അളവു കുറഞ്ഞാൽ മാനവരാശിയുടെ ഭാവി തന്നെ അപകടത്തിലാകും. ആഗോള താപനം കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം മരങ്ങൾ വച്ചു പിടിപ്പിക്കുക എന്നതാണ്. പരിസ്ഥിതി അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന വെല്ലുവിളിയാണ് പ്ലാസ്റ്റിക്ക്. പ്ലാസ്റ്റിക്ക് കത്തിക്കുമ്പോഴുണ്ടാകുന്ന പുക അന്തരീക്ഷത്തെ മലിനമാക്കുന്നു. പ്ലാസ്റ്റിക്ക് നമ്മുടെ വീടുകളിലേയ്ക്ക് കൊണ്ടുവരാതിരിക്കുക എന്നതാണ് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കുന്നു കൂടാതിരിക്കാനുള്ള ഏക മാർഗ്ഗം.

വീട്ടുവളപ്പിലും വഴിയരികിലും പൊതുസ്ഥലങ്ങളിലും മരങ്ങൾ വച്ചുപിടിപ്പിക്കണം. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പ്രധാനമാർഗ്ഗം ജൈവവൈവിധ്യം സംരക്ഷിക്കുകയാണ്. പരിസ്ഥിതിയുടെ തകർച്ച പ്രാപഞ്ചിക ജീവിതത്തിന്റെ തകർച്ചയാണെന്നു മനസ്സിലാക്കി നാം പ്രവർത്തിക്കേണ്ടിയിരിക്കുന്നു. വിദ്യാലയങ്ങളിലും കലാലയങ്ങളിലും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തണം. മലിനീകരണത്തിൽനിന്നും മുക്തിനേടാൻ ഓരോ വ്യക്തിയും ശ്രമിക്കണം. പരിസ്ഥിതിയുടെ താളം തെറ്റിയാൽ മനുഷ്യന്റെ തന്നെ താളം തെറ്റുമെന്ന കാര്യം എല്ലാവരെയും ഓർമ്മപ്പെടുത്തണം. ഇപ്പോഴത്തെയും ഭാവിതലമുറകളുടെയും നന്മക്കായി പരിസ്ഥിതി സംരക്ഷിക്കുന്നതിൽ നമ്മുക്കൊന്നിച്ച് കൈകോർക്കാം. പ്രകൃതിയോടിണങ്ങി ജീവിക്കാം. വികസനം ഭൂമിയെ നോവിക്കാതെ തന്നെയാകട്ടെ. എല്ലാ ജീവജാലങ്ങളെയും നമ്മുക്ക് സ്നേഹിക്കാനും സംരക്ഷിക്കാനും പഠിക്കാം. ഇനി ഭൂമിയെ നോവിക്കില്ലെന്ന് നമുക്കോരോരുത്തർക്കും പ്രതിജ്ഞ എടുക്കാം.

എൽസ ആൻ ജിജോ
3 B അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം