എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/ലേഡീബേർഡ്

Schoolwiki സംരംഭത്തിൽ നിന്ന്
ലേഡീബേർഡ്

ഗേറ്റിനു മുന്നിൽ നിർത്തിയിട്ട സൈക്കിൾ അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിക്കാതെ കുറച്ചകലെയായി കാണപ്പെട്ട സമീറയുടെ വീട്ടിലേക്ക് ഞാൻ കണ്ണെടുക്കാതെ നോക്കി കൊണ്ടിരുന്നു.

അവളെണീറ്റു കാണില്ല. ഞാൻ അതിരാവിലെതന്നെ സൈക്കിളുമായി ഇറങ്ങിയതാണ്, ഒരു സംഭാഷണത്തിനു തുടക്കം കുറിക്കാൻ. എത്ര സന്തോഷത്തോടും ഉത്സാഹത്തോടും കളിച്ചുകൊണ്ടിരുന്നതാണ് ഞങ്ങൾ.കൊറോണ പൊട്ടിപ്പുറപ്പെടുന്നതിന് മുൻപത്തെ അവധി ദിവസങ്ങളിൽ രാവിലെ ഇറങ്ങിയാൽ ഉച്ചയ്ക്ക് ചോറുണ്ണാൻ മാത്രം തിരിച്ചു വരും. ചിലപ്പോൾ അതിനും സമീറയുടെ ഉമ്മയെ ആശ്രയിക്കും.

അപ്പോൾ എൻറെ അമ്മ പറയും അവിടെ അവർക്ക് തന്നെ തിന്നാനുള്ള വക ഇല്ല പിന്നെയാ നിന്നെ ഊട്ടാൻ എന്ന്.അമ്മയുടെ ചക്കപ്പുഴുക്കും ചമ്മന്തിയും തിന്നാത്തതിലുള്ള നീരസമാണെന്ന് വിശ്വസിച്ചു കൊണ്ട് ഞാൻ വീണ്ടും അവിടെ ചെന്ന് കഴിക്കാറുണ്ടായിരുന്നു. പിന്നെ വീട്ടിൽ വന്നു ഒന്നു മയങ്ങും. അത് നിർബന്ധമില്ല. രാവിലെത്തെ കളിയുടെ തീവ്രത അനുസരിച്ചിരിക്കും. പിന്നെയും നീളും ആറാറര വരെ കളി. ഞങ്ങളുടെ പ്രധാന വിനോദം 'ചട്ടിയും പന്തുമാണ്'. കളി കഴിയുമ്പോഴേക്കും വിയർത്തൊലിച്ച എൻറെ കറുത്ത തൊലി അൽപ്പം ചുവന്നിരിക്കും. സമീറയുടെ വെളുത്ത ശരീരത്തെ പോലെ എന്റെ ഇരുണ്ട ദേഹത്ത് അതത്ര പ്രത്യക്ഷത്തിൽ കണ്ടെത്താനാവില്ല. കളി കഴിഞ്ഞാൽ അവളുടെ വീർത്ത കവിളുകൾ ഒന്നുകൂടി ഉന്തിവരും. തട്ടമിട്ട് ഒതുക്കി വെക്കാത്ത മുടി അവൾക്കൊപ്പം ഓടുകയും ചാടുകയും ചെയ്യും. വെള്ളച്ചാട്ടം പോലെ ഉരുണ്ടു വരുന്ന എന്നെ കണ്ടാൽ എല്ലായ്പ്പോഴും ചിരിച്ചു കൊണ്ട് ഓരോ വിശേഷങ്ങൾ ചോദിക്കാറുള്ള അമ്മ അന്ന് കലിതുള്ളി മുഖം വീർപ്പിച്ചു നിൽക്കുന്നത് കണ്ടപ്പോൾ കളിച്ചു ക്ഷീണിച്ച എൻറെ ഹൃദയം ഒന്നുകൂടി ഉജ്ജ്വലമായി മിടിക്കാൻ തുടങ്ങി. അമ്മയുടെ തടിച്ച ചുണ്ടുകൾ അങ്ങോട്ടുമിങ്ങോട്ടും നൃത്തം വച്ചു. അതിനൊപ്പം ആ മനോഹരമായ കരങ്ങളും ഇളകാൻ തുടങ്ങി. "നീ ഇതൊന്നും കേൾക്കുന്നില്ലേടീ? നിന്റെ അച്ചൻ പോലും പുറത്തിറങ്ങാതെ വീട്ടിൽ ചടഞ്ഞിരിക്കുകയാണ്. സമീറയുടെ വീട്ടിൽ വല്ല ഗൾഫുകാര് ബന്ധുക്കളും വരാൻ സാധ്യതയുണ്ട്. കൊറോണ ഒന്ന് കെട്ടടങ്ങീട്ട് ഈ ഗേറ്റിന്റെ പുറത്ത് നീ ഇറങ്ങിയാൽ മതി" അമ്മ പറഞ്ഞവസാനിപ്പിച്ചപ്പോഴാണ് അഞ്ചാറ് ദിവസമായി അച്ഛൻ പുറത്തിറങ്ങിയിട്ടില്ലെന്ന് ഞാൻ ഓർത്തത്. അവസാനമായി അച്ഛൻ പുറത്തുപോയ ദിവസം വാങ്ങിക്കൊണ്ടുവന്ന പലഹാരങ്ങൾ അമ്മയെന്നെ ഒന്നിച്ച് അകത്താക്കാൻ അനുവദിക്കാത്തതും അതുകൊണ്ടുതന്നെയാവണം. അമ്മ പറഞ്ഞത് ഞാൻ ഒന്നുകൂടി ഓർത്തു.

സമീറയുടെ കുടുംബത്തിൽ ആരും ഗൾഫിൽ ഉള്ളതായി അവൾ എന്നോട് പറഞ്ഞത് ഞാൻ ഓർക്കുന്നില്ല. ആ ദിവസം തൊട്ട് തുടങ്ങിയതാണ് അങ്ങോട്ടുമിങ്ങോട്ടും ഇല്ലാതെ രാവിലെ സൈക്കിളുമായി ഗേറ്റിനു മുന്നിലുള്ള ഈ ഇരിപ്പ്. സിമന്റ് തേക്കാതെ ചായം പൂശാത്ത ആ വീടിനുള്ളിലെ പുൽപ്പായയിൽ നിന്ന് സമീറ ഇതുവരെ ഇന്നത്തെ പുലർകാലം ദർശിച്ചില്ലേ?അവളെ കാത്തുള്ള ഈ ഇരുപ്പിൽ അവളുടെ ഇഷ്ടാനിഷ്ടങ്ങളിലേക്ക് എന്റെ ചിന്തകൾ സഞ്ചരിച്ചു. അവൾക്ക് ഏറ്റവും പ്രിയം കോഴികളോടാണ്. ഞങ്ങൾ കളിക്കാറുള്ള എല്ലാ കളികളേക്കാളും അവൾക്കിഷ്ടം കോഴിപിടുത്തമാണ്. കോഴികളോടൊപ്പം അവളുടെ വീട്ടിൽ രണ്ട് ആടും ഒരു പശുവും ഉണ്ട്.എനിക്ക് തീരെ താൽപര്യമില്ലാത്ത ഈ കോഴി വർഗ്ഗത്തോട് എന്നിൽ അല്പം സ്നേഹം ഉണ്ടാക്കിയെടുത്തതും സമീറയാണ്. അവൾക്കേറ്റവും പ്രിയപ്പെട്ട കോഴി അവളെപ്പോലെ തന്നെ വെളുത്ത് ഒരു കറുത്ത തൂവൽ പോലുമില്ലാത്ത പിടക്കോഴിയാണ്. കോഴി ഓടുന്നതിനനുസരിച്ച് സമീറയുടെ വെളുത്ത ചെരിപ്പിടാതെ കാലുകൾ പാദസരങ്ങൾ കിലുക്കി കൊണ്ട് പായും. കല്ലും മുള്ളും നിഷ‍്പ്രയാസം അവൾ ചവിട്ടിഅമർത്തും. പിന്നെ തിരിച്ച് വീട്ടിലെത്തുമ്പോൾ ഇലകൾ പറ്റിപിടിച്ച കാലിലെ കട്ടി ചെളിക്കുള്ളിൽ ഒന്ന് രണ്ട് മുള്ളുകൾ നിശ്ചയം. ചിലത് കൈ കൊണ്ട് തന്നെ എടുക്കാം. തൊലിയിൽ കയറിയിരിക്കുന്നവന്മാരെ അവളുടെ ഉമ്മയുടെ കഴുത്തിൽ തൂങ്ങിക്കിടന്ന്, അവരുടെ പണികൾക്കൊത്ത് ചാഞ്ചാടുന്ന മാലയിലെ ഒരു കൂട്ടം പിന്നിൽ നിന്ന് ഒരു പിന്നെടുത്ത് തൊലിയിലെക്കിറക്കി പുറത്തേക്ക് തോണ്ടിയിടും. പിന്നെ ഒക്കത്ത് വെച്ച കോഴിയുടെ തൊപ്പ ഉരുമ്മിക്കൊണ്ട് അവൾ എന്തൊക്കെയോ ആത്മഗതം പറഞ്ഞിരിക്കും. എന്നിൽ നിന്നും വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിലൂടെ മുന്നോട്ടു നീങ്ങുന്ന പെൺകുട്ടിയാണ് സമീറ. എന്നാൽ അവൾ ഓരോ വേദനകളേയും പ്രയാസങ്ങളേയും ഉത്സാഹത്തോടെ അനുഭവിച്ച് അറിയുകയും മറ്റൊരു സന്തോഷം കൊണ്ട് അതിനെ മൂടിവെക്കുയും ചെയ്യുന്നത് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സ്വന്തമായി ഒരു മേശയോ മുറിയോ അവൾക്കില്ലെന്ന് അവളുടെ പരീക്ഷാഫലങ്ങൾ വരുമ്പോൾ വിശ്വസിക്കാൻ ആവുകയില്ല. അവളുടെ വീട്ടിൽ കളിക്കാൻ പോകുമ്പോൾ ആഴ്ചയിലൊരിക്കലെങ്കിലും അമ്മ വല്ല അരിയോ പഞ്ചസാരയോ തന്നു വിടും. അവർക്ക് ഇതൊക്കെ തീർന്നു കാണുമെന്നും നീ കൊണ്ടുപോയി കൊടുക്ക് എന്നും അമ്മ പറയും. എനിക്ക് ചെറുതായ കുപ്പായങ്ങളും അമ്മ അവൾക്ക് എടുത്തു കൊടുക്കാറുണ്ട്. ഇപ്പോൾ അരിയും പഞ്ചസാരയും തീർന്നാൽ അവർ എന്ത് ചെയ്യും? അവളുടെ ഉപ്പ ഇപ്പോൾ തേപ്പിന് പോകാറില്ലെന്ന് അച്ഛൻ പറഞ്ഞത് ഞാൻ ഓർത്തു. ഷീറ്റിട്ടു മൂടിയ ജനാലയുടെ വിടവിലൂടെ എട്ടു മാസങ്ങൾക്ക് മുമ്പ് ഉയർന്ന ഒരു പൊടി കുഞ്ഞിന്റെ കരച്ചിൽ ഇപ്പോൾ സമീറയുടെ വീട്ടിൽ നിന്നും പതിവായി കേൾക്കാറുണ്ട്. അവൾക്കൊരു കുഞ്ഞനിയത്തി പിറന്നു. ഒരാൺകുഞ്ഞിനേയണ് ബാപ്പയും ഉമ്മയും പ്രതീക്ഷിച്ചത്. എന്നാൽ 'ഇത്താത്തേ' എന്ന് വിളിപ്പിക്കാൻ ഒരു കുഞ്ഞനിയത്തിയേയാണ് അവൾ മോഹിച്ചത്. ആ ഉരുണ്ടു വെളുത്ത പെൺകുഞ്ഞിനെ കാണാൻ പലഹാരങ്ങളും കുപ്പായങ്ങളുമായി ഞങ്ങൾ അവിടെ ചെന്നിരുന്നു. കഴിഞ്ഞ കാലങ്ങളിൽ നടന്ന ഇത്തരത്തിലുള്ള രസികൻ അനുഭവങ്ങൾ എന്റെ മനസ്സിലേക്ക് തികട്ടി കയറിവന്നു.

ഞങ്ങളുടെ കളികളിൽ ചിലപ്പോഴൊക്കെ സാന്നിധ്യമറിയിക്കാറുള്ളവരാണ് ഉണ്ണിക്കുട്ടനും ദേവുവും. താഴത്തെ വീട്ടിലെ ശങ്കരേട്ടന്റെ മോൻറെ മക്കൾ. നാട്ടിലെ ഒരു അറിയപ്പെടുന്ന കോംറേയ്ഡാണ് ശങ്കരേട്ടൻ. ചിലപ്പോഴൊക്കെ അവരുടെ വീട്ടിൽ വെച്ചാണ് കമ്മ്യൂണിസ്റ്റുകാരുടെ മീറ്റിംഗ് നടക്കാറുള്ളത്. വലിയ കടുകട്ടി നന്ദി പറച്ചിലിലൂടെ അത് സമാപിക്കുകയും ചെയ്യും. ദേവുവിന്റെ മനസ്സിലുണ്ടാവുന്ന ഭീകര കഥകൾ (ചിലപ്പോൾ കള്ളനാകാം പുലിയും ആനയുമാകാം അല്ലെങ്കിൽ അച്ചച്ഛനിൽ നിന്നും പകർന്നുകിട്ടിയ വീര സാഹസിക കമ്മ്യൂണിസ്റ്റ് കഥകളാകാം)കേട്ട് അതിശയത്തോടെ ഞങ്ങൾ മലയിൽ നിന്ന് ഉത്ഭവിക്കുന്ന അരുവിയുടെ വക്കിൽ ഇരിക്കും. അധികവും അവളുടെ സ്വന്തം സൃഷ്ടികൾ തന്നെയായിരിക്കും. പലയിടങ്ങളിൽ നിന്നും കേട്ട കഥകൾ ഉപ്പും മുളകും ചേർത്ത് സ്വന്തം അനുഭവങ്ങൾപോലെ വിശ്വസനീയമായ രീതിയിലാണ് അവൾ ഞങ്ങളുടെ മുന്നിൽ അവതരിപ്പിക്കാറുള്ളത്. അതിലെ വല്ല കള്ളത്തരങ്ങളും ചൂഴ‍്ന്ന് എടുത്താൽ തന്റെ കുഞ്ഞനിയനായ ഉണ്ണിക്കുട്ടൻ തന്നെയാണ് ദേവുവിനെ താങ്ങി സംസാരിക്കാറുള്ളത്. ഞാനും എന്റെ കണ്ണുകൊണ്ട് കണ്ടതാണെന്ന് തട്ടിവിടും അവൻ. എനിക്കും സമീറക്കും അവരേക്കാൾ പ്രായം കൂടുതലായിരുന്നതിനാൽ പലപ്പോഴും ഞങ്ങളുടെ കളികളോട് അവർക്ക് ഒത്തുപോകാൻ സാധിക്കാറില്ല. അവരുടെ വരവിനനുസരിച്ച് ഞങ്ങൾ കളികൾ മാറ്റാറാണ് പതിവ്. ഞങ്ങളുടെ വ്യത്യസ്ത കളികളും അതിനിടയിൽ ഉണ്ടാകുന്ന രസകരമായ അനുഭവങ്ങളും സൈക്കിളിൽ ഇരുന്നുകൊണ്ട് തന്നെ ഞാൻ ഓർത്തെടുത്തു. ഇതെല്ലാം ഇപ്പോൾ ഇല്ലെന്ന് ഞാൻ ഒരു വേദനയോടെ മനസ്സിലാക്കി.

ഇവയ്ക്കെല്ലാം കാരണക്കാരനായ ആ വൈറസിനെ ഞാൻ മനസ്സാൽ ശപിച്ചു. ഇപ്പോൾ എന്റെ കൂട്ടുകാർ എന്ത് ചെയ്യുകയായിരിക്കും എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല.

എല്ലാവരെക്കാളും എനിക്കിഷ്ടം സമീറയോടാണ്.അവൾക്കും അങ്ങനെ തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാൽ തന്നെ അവളുടെ വിവരമറിയാൻ ഒരു പുതിയ സംഭാഷണരീതിക്ക് ഞങ്ങൾ രൂപം കൊടുത്തിരുന്നു. ഒരു സൈക്കിൾ ബെല്ല് സംഭാഷണം.

എനിക്കൊരു പുതുപുത്തൻ ഹെർക്കുലീസ് വാങ്ങിയപ്പോൾ അവൾക്കൊരു പൂതി തോന്നിയതിനാൽ അമ്മ അല്പം പണം കടം കൊടുത്തതാണ് മാവിൻ ചോട്ടിൽ കാറ്റു കൊണ്ട് ചാരിക്കിടക്കുന്ന ലേഡീ ബേർഡിനുപിന്നിലെ കഥ. ഞങ്ങളുടെ രാവിലത്തെ പ്രധാന വിനോദം സൈക്കിൾ റേയ്സാണ്. രാവിലെ തന്നെ രണ്ട് സൈക്കിളും പൊടിപിടിച്ച മണ്ണിലൂടെ കല്ലുകൾ തട്ടിത്തെറിപ്പിച്ചുകൊണ്ട് പോകാൻ തയ്യാറായി നിന്നു. "ഓൺ യുവർമാർക്ക്, ഗെറ്റ് സെറ്റ് ഗോ"കാലുകൾ പെഡലിൽ പടപടാ ചവിട്ടിയപ്പോൾ കല്ലിനും മണ്ണിനും മീതെ നാലു ചക്രങ്ങൾ ചീറിപ്പാഞ്ഞു. പെഡലുകൾ അതിവേഗം കറങ്ങാൻ തുടങ്ങി. ഇരുവരുടേയും മുഖം വാശിയോടെ തുടുത്തിരുന്നു. ഒന്നാം വളവ് വിജയകരമായി പൂർത്തിയാക്കിയ സന്തോഷത്തോടെ ഞാൻ അർമ്മാങ്കുട്ടിക്കായുടെ വീടിനുമുന്നിലെ വളവിൽ എത്തിയപ്പോൾ അല്പം വേഗം കൂടിയതിനാൽ എന്റെ പിന്നാലെ വന്ന സമീറ കണ്ടത് രണ്ട് കപ്പ തണ്ടുകൾ മുറിച്ചിട്ടുകൊണ്ട് കാലുകൾ നീട്ടി വീണുകിടക്കുന്ന എന്റെ കരയുന്ന മുഖമാണ്. അധികം അകലെയല്ലാതെ കറക്കം നിർത്താത്ത ചക്രവുമായി എന്റെ ഹെർക്കുലീസും. ഈ സംഭവത്തിനുശേഷം ഒന്ന് രണ്ട് ദിവസം മാത്രം പിന്നിട്ടപ്പോൾ ഞാനും സമീറയും തമ്മിൽ ഒന്ന് തെറ്റി. ആ വാക്കു തർക്കം കയ്യാങ്കളിയിലേക്ക് പരിണമിക്കാൻ അധികം സമയം വേണ്ടി വന്നില്ല.അവൾ എൻറെ തൊലി മാന്തി ചോര പൊട്ടിച്ചപ്പോൾ മുട്ടുമടക്കി ഞാൻ അവളുടെ പുറത്ത് രണ്ടു കുത്ത് കൊടുത്തു.ആ മൽപിടുത്തത്തിന് ശേഷം രണ്ടു ദിവസം പിന്നെ കളിയുമില്ല സംസാരവുമില്ല. അടിയുടെ തീക്ഷ്ണത കുറഞ്ഞെന്ന് തോന്നിയ ആ നിമിഷം തന്നെ എന്റെ തള്ള വിരലിനാൽ ഒരു സൗഹൃദ സംഭാഷണത്തിനായി സൈക്കിളിൽ ടിങ് ടിങ് ബെല്ലടിച്ചു. സമീറ അതേ രീതിയിൽ ബെല്ലടിച്ചപ്പോൾ അവിടെ ഒരു സൈക്കിൾ ബെൽ സംഭാഷണം രൂപപ്പെടുകയായിരുന്നു. കൊറോണ കാലത്തെ വേർപിരിയലിലും ഞങ്ങൾ ആശയവിനിമയത്തിന് ഉപയോഗിച്ചത് ഈ സംഭാഷണ മാർഗ്ഗം തന്നെയായിരുന്നു. ഇന്ന് ഞാൻ അടിച്ച ബെല്ലിനു മറുപടി കിട്ടാനുള്ള കാത്തിരിപ്പിലാണ് ഞാൻ. മറുപടിയൊന്നും ലഭിക്കാത്തതിലുള്ള വിഷമം മറക്കാനായി ഞാൻ മറ്റു പലതിലേക്കും എന്റെ ശ്രദ്ധതിരിച്ചു. മാവിൽ പുതിയ വല്ല മാങ്ങകളുണ്ടോ എന്ന് ഞാൻ സൂക്ഷ്മ പരിശോധന നടത്തി. സൂചിമുഖി കറമൂസ യുടെ തണ്ടിൽ ഇരുന്ന് തന്റെ നീണ്ട് വളഞ്ഞ കൊക്ക് കൊണ്ട് തേൻ കുടിക്കാൻ തുടങ്ങി. നീണ്ട കറുത്ത വാലുകൾ അങ്ങോട്ടുമിങ്ങോട്ടും ആട്ടിക്കൊണ്ട് ഒരു കാക്ക പൈപ്പ് ലക്ഷ്യമാക്കി നടന്നുവന്നു. തൻറെ ചുറ്റും ആരുമില്ലെന്ന് ഉറപ്പുവരുത്തിയശേഷം ഓരോ തുള്ളിയും വളരെ പ്രയാസപ്പെട്ട് കഴുത്ത് വളച്ചും തിരിച്ചും വായിൽ ആക്കാനുള്ള ശ്രമത്തിലാണത്. ഞാൻ നിശ്ചലയായി അതിനെ അല്പംപോലും ഭയപ്പെടുത്താതെ നോക്കിനിന്നു. ചെതലകൾ കൂട്ടമായി ഉങ്ങ് മരത്തിലേക്ക് ചാടിച്ചാടി വന്നു. അവയിലധികം ശ്രദ്ധചെലുത്താതെ ഞാൻ അലസമായി എന്തോ ചിന്തിച്ചു കൊണ്ടിരുന്നു. അപ്പോഴാണ് സമീറയുടെ കോഴികൾ ചിക്കി ചിക്കി പറമ്പിൽ എത്തിയത് കണ്ണിൽ പെട്ടത്. മറുപടി പ്രതീക്ഷിച്ചിട്ടല്ലെങ്കിലും ഒരു സംതൃപ്തിക്കായ് ഞാൻ അവരോട് സമീറയെ പറ്റി തിരക്കി. നിങ്ങളുടെ സമീറത്താത്ത എവിടേ,എണീറ്റില്ലേ? പെട്ടന്ന് അവളുടെ സൈക്കളിൽ നിന്നുയർന്ന ടിങ് ടിങ് നാദം എൻറെ ചെവിയിൽ വന്നു പതിച്ചു.ഇലകളാൽ സമൃദ്ധമായ നെല്ലിക്കും മരമുല്ലക്കുമിടയിലൂടെ അവളുടെ അലസമായി കെട്ടിവെച്ച തലമുടി മാത്രം എനിക്ക് ദൃശ്യമായി.ആഹ്ലാദ ഭരിതയായ ഞാൻ ചിരിക്കാൻ തുടങ്ങി. എന്റെ പ്രകടനം കണ്ട് തൊണ്ട വരണ്ട കാക്ക പറന്നകന്നതും മിന്നൽ വെട്ടംപോലെ സൂചിമുഖി അപ്രത്യക്ഷമായും ഞാൻ ശ്രദ്ധിച്ചില്ല. അവളുടെ വീട്ടിൽ നിന്ന് കണ്ണെടുക്കാതെ ഞാൻ അവളുടെ കാതിലേക്ക് കൊടുത്തൂ മറ്റൊരു ടിങ് ടിങ്. ഓരോ താളത്തിലുള്ള ബെല്ലടി നാദം ആ പ്രദേശമാകെ ഉണർത്തി.

ലോക്ക് ഡൗൺ കാലാത്ത് പരിഷ്കരിച്ച ബെല്ലടി നാദം രസകരമായും വേറിട്ടൊരനുഭവമായും ഞങ്ങൾക്ക് തോന്നി. അവളുടെ അച്ഛൻറെ കേടുവന്ന ഫോൺ നന്നാക്കാൻ ആവാത്തത്കൊണ്ട് വിളിച്ചാൽ കിട്ടില്ലെന്ന് എനിക്കറിയാമായിരന്നു. അതുകൊണ്ടുതന്നെ ഈ സംഭാഷണരീതി ഉപയോഗപ്രദവും കാണാനും സംസാരിക്കാനും ആകാത്ത ദുഃഖത്തിന്റെ തീവ്രത കുറയ്ക്കുന്നതിന് സഹായകമാകുമെന്നും ഞങ്ങൾ വിശ്വസിച്ചു. സുഖമാണോ എന്ന ബെല്ലടി നാദം ഭക്ഷണം കഴിച്ചോ എന്നതിൽ നിന്ന് വ്യത്യസ്തമാണ്. ഇതുപോലെ വളരെ തീക്ഷ്ണമായ ചിന്തകളും വികാരങ്ങളും പങ്കുവയ്ക്കാൻ വേറെ താളവും രൂപവും ഞങ്ങൾ സൃഷ്ടിച്ചു. ഞങ്ങളുടെ ചുറ്റുവട്ടത്തിലെ ഒട്ടനവധി ജീവജാലങ്ങളുടെ വൈവിധ്യമാർന്ന ശബ്ദത്തിനൊപ്പം ഞങ്ങളുടെ സൈക്കിൾ ശബ്ദവും ഈണത്തിലും താളത്തിലും ആ പ്രദേശമാകെ ലയിച്ചുചേർന്നു. പ്രകൃതിയുടെ ഓരോ സ്പന്ദനങ്ങളിലും അത് കൂട്ടുചേർന്നു. കൊറോണ കാലമാകെ ഹെർക്കുലീസും ലേഡീബേർഡും തമ്മിലുള്ള ആ സംഭാഷണരീതി തുടർന്നുകൊണ്ടേയിരിക്കും.

നിവേദിത.എസ്
7 C പി.സി.പാലം എ.യു.പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ