വയനാട് ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024

ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024
Homeക്യാമ്പ് അംഗങ്ങൾചിത്രശാലഅനുഭവക്കുറിപ്പുകൾ

ലിറ്റിൽ കൈറ്റ്സ് വയനാട് ജില്ലാ ക്യാമ്പ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും, 3 ഡി അനിമേഷൻ  തയ്യാറാക്കുന്ന പ്രവർത്തനങ്ങളുമായി  ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ജില്ലാ ദ്വിദിന  സഹവാസ ക്യാമ്പ്  പനമരം ഗവ.ഹയർ സെക്കണ്ടറി ‍സ്കൂളിൽ നടന്നു. പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ജില്ലയിലെ 73 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലായി 2288 അംഗങ്ങളാണുള്ളത്.  യൂണിറ്റുകളിൽ നടന്ന സ്കൂൾതല ക്യാമ്പിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 527 കുട്ടികളാണ് ഉപജില്ലാ ക്യാമ്പിൽ പങ്കെടുത്തത്. ഉപജില്ലാക്യാമ്പിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികളാണ്   ജില്ലാ ക്യാമ്പുകളിൽ പങ്കെടുക്കുന്നത്. ജില്ലാ ക്യാമ്പിൽ  പ്രോഗ്രാമിങ്, അനിമേഷൻ മേഖലയിൽ തിരഞ്ഞെടുത്തവർക്ക്  പ്രത്യേകം സെഷനുകളുണ്ടായിരുന്നു.

സംസ്ഥാനത്ത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വഴി 4 ലക്ഷം രക്ഷിതാക്കൾക്ക് ഡിജിറ്റൽ സാക്ഷരത നൽകിയത് വൻ സ്വീകാര്യത പിടിച്ചുപറ്റിയ സാഹചര്യത്തിൽ ഇതേ മാതൃകയിൽ ഉത്തരവാദിത്വ പൂ‍ർവമായ നി‍ർമിതബുദ്ധി ഉപയോഗത്തെക്കുറിച്ചും പൊതുജനങ്ങൾക്കുൾപ്പെടെ പരിശീലനങ്ങൾ നൽകുമെന്ന് ഓൺലൈനായി ആമുഖ പ്രഭാഷണം നടത്തിക്കൊണ്ട് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് പറഞ്ഞു.

വസ്തുക്കളെ  സൂക്ഷ്‍മമായി നിരീക്ഷിക്കാനും അവയുടെ ത്രിമാന രൂപം  സൃഷ്ടിച്ചെടുക്കാനുമുള്ള ശേഷി വളർത്തുകയാണ് അനിമേഷൻ മേഖലയിലെ രണ്ടു ദിവസത്തെ പരിശീലനം. ബ്ലെൻഡർ സോഫ്റ്റ്‍വെയറിൽ ത്രിമാനരൂപങ്ങൾ തയ്യാറാക്കി അവയ്ക്ക്  അനിമേഷൻ നൽകുന്നതും കുട്ടികൾ പരിശീലിക്കും.  3 ഡി കാരക്ടർ മോഡലിങ്, കാരക്ടർ റിഗ്ഗിങ്  മുതലായ 3 ഡി ഒബ്ജക്ടുകളുടെ നിർമ്മാണം, 3 ‍ഡി അനിമേഷൻ എന്നിവയിലാണ് പ്രായോഗികമായി  ആനിമേഷൻ വിദ്യാർഥികൾക്ക് പരിശീലനം നൽകിയത്.

 
ഉദ്ഘാടന സെഷൻ

മൊബൈൽ ആപ്പ് നിർമ്മാണം,  ആർഡിനോ കിറ്റിലെ ഉപകരണങ്ങൾ  ഉപയോഗിച്ചുള്ള മൂവിംഗ് ലൈറ്റ്, സ്മാർട്ട് റൂം ലൈറ്റ്,  ഇന്റലിജന്റ് സി സി റ്റി വി ക്യാമറ, ആർ.ജി.ബി ലൈറ്റ്  എന്നീ ഉപകരണങ്ങളും  ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി)  തുടങ്ങിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സ്വന്തമായി ഒരു ഐഒടി ഉപകരണം തയാറാക്കുന്ന പ്രവർത്തനമാണ് പ്രോഗ്രാമിങ് മേഖലയിൽ നൽകിയത്.  മൊബൈൽ ഫോൺ ‍ ഉപയോഗിച്ച് ദൂരെനിന്ന് പ്രവർത്തിപ്പിക്കുന്ന ഐഒടി ഡിവൈസ്, ഇതിലേക്കുള്ള സിഗ്നലുകൾ അയക്കുന്നതിനായി എം.ഐ.ടി ആപ്പ് ഇൻവെന്റർ സോഫ്റ്റ്‍വെയർ ഉപയോഗിച്ചുള്ള ലഘു മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ            നിർമ്മാണമാണ് ഐഒടി സെഷനിൽ കുട്ടികൾ പരിശീലിക്കുന്നത്. ഇവയുടെ കോഡിങ്ങിനായി ആർഡിനോ ബ്ലോക്ക‍്‍ലി,  പൈത്തൺ പ്രോഗ്രാമിങ് തുടങ്ങിയവ വിശദമായിത്തന്നെ പരിചയപ്പെട്ടത്.

ജില്ലാ  ക്യാമ്പുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് മെയ് അവസാനവാരം നടക്കുന്ന സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാൻ അവസരം നൽകുന്നതാണ്.