ജി യു പി എസ് നാദാപുരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
(ഗവ. യു പി സ്കൂൾ നാദാപുരം/ചരിത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചരിത്രമുറങ്ങുന്ന നാദാപുരത്തിന്റെ ഹൃദയഭാഗത്താണ് അപ്പക്കോത്ത് സ്കൂൾ എന്ന നാദാപുരം ഗവ:യു .പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസപരമായി ഇന്ന് വളരെ മുൻപന്തിയിലുള്ള പ്രദേശമായ നാദാപുരത്ത് സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പ് തന്നെ വിദ്യാലയം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയതായി രേഖകൾ കാണുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് നാദാപുരത്ത് ഒരു വിദ്യാലയം സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയത്. പഴയ കുറമ്പ്രനാട് താലൂക്കിലെ 104 അംശങ്ങളിൽ വിദ്യാഭ്യാസത്തിൽ വിമുഖത കാണിക്കുന്ന അംശം എന്ന നിലക്ക് അന്നത്തെ മദിരാശി ഗവൺമെന്റ് ഈ പ്രദേശത്തെ ഒരു നിർബന്ധ വിദ്യാഭ്യാസ മേഖലയായി പ്രഖ്യാപിച്ചു. സ്കൂളിൽ ചേർക്കാതിരിക്കുകയും ചേർത്താൽ കൃത്യമായി സ്കൂളിൽ അയക്കാതിരിക്കുകയും ചെയ്തിരുന്ന രക്ഷിതാക്കൾക്ക് പിഴ ചുമത്തിയിരുന്നു. പിഴ വിധിച്ചിരുന്നത് ഓരോ മാസവും ആദ്യ ശനിയാഴ്ച ദിവസം ചേരുന്ന അധ്യാപക സഭയിൽ വെച്ചായിരുന്നു. സഭയിൽ അധ്യക്ഷത വഹിച്ചിരുന്നത് അതാത് കാലങ്ങളിലെ വിദ്യാഭ്യാസ ഇൻസ്പെക്ടറായിരുന്നു. പ്രശസ്തവും പുരാതനവുമായ കുറ്റിപ്രം കോവിലകത്തിന്റെ പരിധിയിൽ വരുന്ന അപ്പക്കോത്ത് തറവാട്ടുകാരുടെ സ്ഥലത്താണ് സ്കൂൾ നിർമ്മിക്കാൻ വിട്ടു കൊടുത്തത്.സ്കൂൾ സ്ഥാപിക്കാൻ മുൻകൈയെടുത്തവരിൽ പ്രമുഖരാണ് ഗണാപുത്തലത്ത് കുഞ്ഞബ്ദുള്ളയും ഒഞ്ചിന്റ്റെവിട ചെറിയ ചെക്കൻ എന്നിവർ. തുടർന്ന് മദിരാശി സർക്കാർ കെട്ടിടം പണി തുടങ്ങി. ഇംഗ്ലീഷുകാരുടെ മേൽനോട്ടത്തിലാണ് കെട്ടിടം പണി നടന്നത്. 1914 ൽ സ്കൂൾ പ്രവർത്തനം തുടങ്ങി. ആദ്യം ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. സ്കൂളിന്റെ പേര് ബോർഡ് മാപ്പിള എലിമെൻററി സ്കൂൾ എന്നായിരുന്നു. വളരെ കുറച്ച് കുട്ടികളേ അന്നത്തെ സ്കൂളിൽ ഉണ്ടായിരുന്നുള്ളൂ. 1948 ൽ പ്രധാന അധ്യാപകനായി ശ്രീ വെളളാരി ഗോപാലൻ നമ്പ്യാർ ചാർജ്ജെടുക്കുകയും സ്കൂൾ കുട്ടികളുടെ എണ്ണം കൂട്ടാനായിട്ടുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. 1957ൽ സ്കൂളിന്റെ പേര് നാദാപുരം ഗവ.എൽ പി എന്നായി. 1962 ആകുമ്പോഴേക്കും കുട്ടികളടെ എണ്ണം വളരെ കുറഞ്ഞതിനാൽ അധികാരികൾ വിദ്യാലയം അടച്ചുപൂട്ടാൻ തീരുമാനിച്ചു. നാട്ടുകാരുടെയും പൗരപ്രമുഖരുടെയും ശ്രമഫലമായി സർക്കാർ തീരുമാനം മാറ്റുകയും സ്കൂളിന്റെ പുരോഗതിക്കായി വെൽഫയർ കമ്മിറ്റി രൂപീകൃതമാകുകയും ചെയ്തു. പ്രധാന അധ്യാപകനായ ശ്രീ.ടി.കെ.ഗോപാലൻ നമ്പ്യാർ, എ. .ഒ.ആയിരുന്ന ശ്രീ കെ.കെ.ഗോവിന്ദൻ, അന്നത്തെ എം.എൽ.എ ഹമീദലി ഷംനാട് എന്നിവരുടെ പ്രവർത്തന ഫലമായി ഈ വിദ്യാലയം യു.പി.സ്കൂളായി ഉയർത്തപ്പെട്ടു. തുടർന്നിങ്ങോട്ട് സ്കൂളിൽ കുട്ടികളുടെ എണ്ണം കൂടിക്കൂടി വരികയും സ്ഥലപരിമിതി അനുഭവപ്പെടുകയും ചെയതു. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നിരന്തരമായ ശ്രമഫലമായി സർക്കാർ 2 കെട്ടിടങ്ങൾ അനുവദിച്ചു. 1980 ആകുമ്പോഴേക്കും കുട്ടികളുടെ ആധിക്യം കാരണം ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തേണ്ടി വന്നു. ടി.ഐ.എം. മദ്രസ കമ്മിറ്റി കെട്ടിടം സൗകര്യപ്പെടുത്തുക വഴി ഷിഫ്റ്റ് സമ്പ്രദായം പിന്നീട് മാറ്റി. 1992ൽ ശ്രീ.ബംഗ്ലത്ത് മുഹമ്മദ് പി.ടി.എ പ്രസിഡന്റും ശ്രീ. പി.പി. കുഞ്ഞബ്ദുള്ള മാസ്റ്റർ സെക്രട്ടറിയുമായുള്ള കമ്മിറ്റി വന്നതിനു ശേഷം 9 ക്ലാസ് മുറികൾ പി.ടി.എയുടെ വകയായി നിർമ്മിക്കാൻ സാധിച്ചു.അങ്ങനെ ഷിഫ്റ്റ് സമ്പ്രദായം പൂർണമായും ഒഴിവായി. 1994 ൽ പുതിയ 10 ക്ലാസ് മുറികൾ ഉൾപ്പെടുന്ന കെട്ടിടം അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ..ടി.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ പദ്ധതി പ്രകാരം ജില്ലാപഞ്ചായത്ത് നാലു ക്ലാസ് മുറികൾ പണിയുകയും കന്നുമ്മൽ ബ്ലോക്ക് വക ഒരു ക്ലാസ് റൂം കം സ്റ്റേജും, സർവ ശിക്ഷാ അഭിയാൻ പദ്ധതി പ്രകാരം നാലു ക്ലാസ് മുറികളും നിർമ്മിച്ചതോടെ സ്ഥല പരിമിതി പൂർണമായും ഇല്ലാതായിട്ടുണ്ട്. എസ്.എസ്.എ പദ്ധതി പ്രകാരം ഈ വിദ്യാലയത്തെ ബി.ആർ.സി കേന്ദ്രമായി തെരഞ്ഞെടുത്തിട്ടുണ്ട്. ഇപ്പോൾ ഈ വിദ്യാലയത്തിൽ 1068 കുട്ടികൾ പഠിക്കുന്നുണ്ട്. 52- ഓളം ജീവനക്കാരുമുണ്ട്. യു.പി.തലത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും പ്രവർത്തിക്കുന്നു. നേട്ടങ്ങൾ ഒരു പിടിയുണ്ടെങ്കിലും ചില പരിമിതികളും ഈ വിദ്യാലയത്തിനുണ്ട്. കളിസ്ഥലം വേണ്ടത്ര ഇല്ല. വേനൽക്കാലത്ത് കുടിവെള്ളത്തിന് ദൗർലഭ്യം അനുഭവപ്പെടാറുണ്ട്.ചുറ്റുമതിൽ സുരക്ഷിതമല്ല. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഈ വിദ്യാലയത്തിന് നിർണ്ണായകമായ പങ്ക് ഇപ്പോഴുമുണ്ട്.

പ്രധാനാധ്യാപകർ

  • 2019 പി സി മൊയ്തു
  • 2020 വി വി വിജയലക്ഷ്മി
  • 2022 സി എച്ച് പ്രദീപ്കുമാർ
  • 2023 രമേശൻ കോഴിക്കോട്ടു കണ്ടിയിൽ

രക്ഷാകർതൃ സമിതി പ്രസിഡന്റുമാർ

  • 2019 അഡ്വ. സി ഫൈസൽ
  • 2022 സി കെ നാസർ
  • 2023 സി കെ നാസർ