തകഴി ശിവശങ്കരപ്പിള്ള
ജ്ഞാനപീഠ പുരസ്കാരം നേടിയ ഒരു മലയാളസാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള. കുട്ടനാടിന്റെ ഇതിഹാസകാരനെന്ന വിശേഷണമുള്ള ഈ കഥാകാരൻ[1] 1912 ഏപ്രിൽ 17ന് ആലപ്പുഴ ജില്ലയിലെ തകഴിയിൽ ജനിച്ചു. ജീവൽ സാഹിത്യ പ്രസ്ഥാനത്തിന്റെ മലയാളത്തിലെ പ്രചാരകനായിരുന്നു ഇദ്ദേഹം.
നോവൽ, ചെറുകഥ, നാടകം, സഞ്ചാരസാഹിത്യം, ആത്മകഥ എന്നീ മേഖലകളിൽ സംഭാവനകൾ നൽകിയ തകഴിക്ക് 1984-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു.[2]
ജീവിതരേഖ
1912 ഏപ്രിൽ 17-ന് (കൊല്ലവർഷം:1087 മേടം 5-ആം തീയതി) പൊയ്പള്ളിക്കളത്തിൽ ശങ്കരക്കുറുപ്പിൻറെയും പടഹാരംമുറിയിൽ അരിപ്പുറത്തുവീട്ടിൽ പാർവ്വതിയമ്മയുടെയും മകനായി ജനിച്ചു. അച്ഛനും, ചക്കംപുറത്തു കിട്ടു ആശാൻ എന്ന ആളും ആണ് തകഴിയെ നിലത്തെഴുത്ത് പഠിപ്പിച്ചത്. തകഴി സ്കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം.
അമ്പലപ്പുഴ കടപ്പുറം ഇംഗ്ലീഷ് സ്‌ക്കൂളിൽ നിന്ന് ഏഴാം ക്ലാസ് ജയിച്ചു. തുടർന്ന് കരുവാറ്റ സ്‌ക്കൂളിലേയ്ക്ക് പഠനം മാറ്റി. പത്താം ക്ലാസ് പാസായശേഷം തിരുവനന്തപുരം ലോ കോളേജിൽ നിന്ന് പ്ലീഡർഷിപ്പ് പരീക്ഷയിൽ ജയിച്ചു. പ്ലീഡർ പരീക്ഷ ജയിച്ച ഉടനെ കേരളകേസരി പത്രത്തിൽ റിപ്പോർട്ടറായി. 1934-ൽ നെടുമുടി തെക്കേമുറി ചെമ്പകശ്ശേരി ചിറയ്ക്കൽ കമലാക്ഷിയമ്മയുമായുളള (കാത്ത) വിവാഹം നടന്നു.
തകഴി, അമ്പലപ്പുഴ മുൻസിഫ് കോടതിയിൽ പി. പരമേശ്വരൻ പിള്ള വക്കീലിന്റെ കീഴിൽ പ്രാക്ടീസ് ആരംഭിച്ചു. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പ്രവർത്തനത്തിൽ പങ്കാളിയായി. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ വളർച്ചയിലും തകഴിക്ക് പങ്കുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനായും, കേന്ദ്ര സാഹിത്യ അക്കാദമി നിർവ്വാഹകസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 1999 ഏപ്രിൽ 10-ആം തീയതി തന്റെ 87-ആം വയസ്സിൽ ജന്മനാട്ടിലെ തറവാട്ടുവീട്ടിൽ വച്ച് അന്തരിച്ചു.
1934-ൽ ത്യാഗത്തിനു പ്രതിഫലം എന്ന നോവൽ പ്രസിദ്ധീകരിച്ചു. ചെമ്മീൻ എന്ന നോവലാണ് തകഴിയെ ആഗോള പ്രശസ്തനാക്കിയത്. എന്നാൽ രചനാപരമായി ഈ നോവലിനേക്കാൾ മികച്ചു നിൽക്കുന്ന ഒട്ടേറെ ചെറുകഥകൾ തകഴിയുടേതായുണ്ട്. ഇദ്ദേഹത്തിന്റെ വെള്ളപ്പൊക്കത്തിൽ എന്ന കഥ മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളിലൊന്നായി പരിഗണിക്കപ്പെടുന്നു. തകഴിയുടെ ചെമ്മീൻ 1965-ൽ രാമു കാര്യാട്ട് എന്ന സംവിധായകൻ ചലച്ചിത്രമാക്കിയിട്ടുണ്ട്.
കൃതികൾ
തോട്ടിയുടെ മകൻ, രണ്ടിടങ്ങഴി, ചെമ്മീൻ, ഏണിപ്പടികൾ, അനുഭവങ്ങൾ പാളിച്ചകൾ, കയർ തുടങ്ങി 39 നോവലുകളും അറുന്നൂറിൽപ്പരം ചെറുകഥകളും ഇദ്ദേഹത്തിന്റേതായുണ്ട്. തകഴി ആദ്യകാലത്ത് കവിതകൾ എഴുതിയിട്ടുണ്ടെങ്കിലും അവ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഒരു നാടകം, ഒരു യാത്രാവിവരണം, മൂന്നു ആത്മകഥകൾ എന്നിവയും അദ്ദേഹത്തിന്റേതായുണ്ട്
ചെറുകഥാ സമാഹാരങ്ങൾ
ഒരു കുട്ടനാടൻ കഥ, ജീവിതത്തിന്റെ ഒരേട്, തകഴിയുടെ കഥ. ചങ്ങാതികൾ, ഇങ്ക്വിലാബ്, മകളുടെമകൾ, പ്രതീക്ഷകൾ, പതിവ്രത, ഘോഷയാത്ര, അടിയൊഴുക്കുകൾ, പുതുമലർ, പ്രതിജ്ഞ, മാഞ്ചുവട്ടിൽ, ആലിംഗനം, ഞരക്കങ്ങൾ,ഞാൻ പിറന്ന നാട്, വെള്ളപ്പൊക്കത്തിൽ
ലേഖനം
സ്മാരകം
തകഴിയിലെ ശങ്കരമംഗലത്ത് പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തകഴി സ്മാരകം പ്രവർത്തിക്കുന്നുണ്ട്.
അവലംബം
- ↑ പ്രൊഫ. എരുമേലി പരമേശ്വരൻ പിള്ള (2003). മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ. കറൻറ് ബുക്സ്.
- ↑ ഫലകം:Cite web