നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/ശുചിത്വവും രോഗപ്രതിരോധവും
ശുചിത്വവും രോഗപ്രതിരോധവും
വളരെ ഭീതിജനകമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. മനുഷ്യരാശി ആകെ കോവിഡ് 19 എന്ന മഹാമാരിയുടെ പിടിയിൽ പെട്ട് വിറങ്ങലിച്ചു നിൽക്കുന്നു. സർക്കാർ സംവിധാനങ്ങൾ രോഗപ്രതിരോധത്തിനായി കഠിനപ്രയത്നം നടത്തുന്ന ഈ വേളയിൽ നമ്മൾ ഏറ്റവുമധികം കേൾക്കുന്ന പദങ്ങളാണ് രോഗപ്രതിരോധവും സാമൂഹിക അകലം പാലിക്കലും ശുചിത്വവും. നമ്മുടെ ജാഗ്രത കുറവ് മൂലം ഈ മഹാമാരി പടർന്നുപിടിക്കാൻ ഇടയാകരുത്. ശാസ്ത്രബോധം എത്ര ശക്തമാണെങ്കിലും പൊതുസമൂഹം അതിനൊപ്പം നിൽക്കണമെന്നില്ല. അകലം പാലിക്കാതെ ഉള്ള ഒത്തുചേരലും ആഘോഷങ്ങളും കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കും. സാമൂഹിക അകലം പാലിക്കുക, മാസ്ക് ഉപയോഗിക്കുക, സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക തുടങ്ങിയ ശുചിത്വശീലങ്ങൾ ഈ രോഗകാലം നമ്മെ പഠിപ്പിക്കുന്നു. ശുചിത്വം ഒരു സംസ്കാരമാണ്. ശുചിത്വം എന്നാൽ വ്യക്തിശുചിത്വം മാത്രമല്ല ഗാർഹിക ശുചിത്വം, പരിസര ശുചിത്വം ഇവയെല്ലാം ഇതിൽപ്പെടുന്നു ശരീരം, വസ്ത്രം എന്നിവ വൃത്തിയാക്കുന്നതിനോടൊപ്പം വീട്ടിനുള്ളിൽ രോഗം പകർത്താൻ ഇടയുള്ള ഈച്ച, പാറ്റ, ഉറുമ്പ്, കൊതുക് തുടങ്ങിയ കീടങ്ങളെ തുരത്തെണ്ടതുണ്ട്. വീട്ടിലെ വളർത്തു മൃഗങ്ങളെ വൃത്തിയായി പരിപാലിക്കണം അതോടൊപ്പം വീട്ടിലെ ജൈവ അജൈവ മാലിന്യങ്ങൾ തരംതിരിച്ച് സംസ്കരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതുണ്ട്. നാം ഉപയോഗിക്കുന്ന ആഹാരവും കുടിവെള്ളവും വൃത്തിയുള്ളതായിരിക്കണം ജൈവ രാസ മാലിന്യങ്ങൾ ഒന്നുംതന്നെ ആഹാരത്തിലോ പാത്രങ്ങളിലോ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. എത്രതന്നെ പരിഷ്കൃതസമൂഹം ആയാലും സ്വന്തം വീട്ടിൽ നിന്ന് മാലിന്യം ഒഴിവാക്കുന്നതാണ് ശുചിത്വം എന്നതാണ് എല്ലാവരുടെയും ധാരണ. വീട് വൃത്തിയായി വെക്കുന്നതിനൊപ്പം പരിസരവും ശുചിയാക്കണം. അടുക്കളയിൽ നിന്നോ കുളിമുറിയിൽ നിന്നോ ഉള്ള മലിനജലം റോഡിലേക്കോ പുരയിടത്തിലേക്കോ ഒഴുക്കി വിട്ടാൽ അവിടെ കെട്ടികിടന്ന് രോഗസാധ്യത കൂടുന്നതിന് ഇടയാകും. ഇത്തരം പ്രവൃത്തികൾ ഒഴിവാക്കി രോഗാണുക്കളെയും രോഗവാഹകരെയും ഇല്ലാതാക്കുന്നതിന് നാം ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാവരും അവകാശങ്ങളെ കുറിച്ച് പറയുമ്പോൾ തങ്ങളുടെ കടമയുടെ കാര്യത്തിലും ബോധവാന്മാരാകേണ്ടതുണ്ട്. രോഗപ്രതിരോധത്തിനുള്ള അടിസ്ഥാന മാർഗം ശുചിത്വം പാലിക്കുക എന്നതാണ് എന്ന വസ്തുത ഓരോ വ്യക്തിയും മനസ്സിലാക്കി പ്രവർത്തിച്ചാൽ മാത്രമേ ഇന്നത്തെ മഹാമാരിയെ ഭൂമിയിൽ നിന്നും തുടച്ചു നീക്കാൻ കഴിയൂ .
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |