ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പരിസ്ഥിതി


ജീവൻ ഉള്ളതും ഇല്ലാത്തതുമായ വസ്തുക്കളുടെ സംയോജനസ്ഥലമാണ് പരിസ്ഥിതി. പരിസ്ഥിതിയിലെ എല്ലാ വസ്തുക്കളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്മിക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോകപരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിദ്ധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്ന സങ്കല്പമാണ് ലോകപരിസ്ഥിതി ദിനത്തിന്റെ കാതൽ. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗം. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് അനിവാര്യമാണ്. സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായ രീതിയിൽ ബാധിക്കാറുണ്ട്. അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്. മനുഷ്യൻ സ്വീകരിച്ചു വരുന്ന അനഭിലഷണീയവും അശാസ്ത്രീയവുമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെ തന്നെയും നിലനിൽപ്പ് അപകടത്തിലായേക്കാം. അതോടൊപ്പം ആരോഗ്യപ്രശ്നങ്ങളും ഉണ്ടായേക്കാം. മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരകരോഗങ്ങൾ വരെ തത്‌ഫലമായി രൂപം കൊള്ളുന്നു. ഭൂമിയിലെ ചൂട് വർദ്ധന, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, ഉപയോഗശൂന്യമായ മരുഭൂമികളുടെ വർദ്ധന, ശുദ്ധജലക്ഷാമം, ജൈവവൈവിധ്യ ശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്. ഭൂമിയിലെ ചൂട് വർദ്ധിക്കുന്നതിന്റെ പ്രധാന കാരണം അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ വർദ്ധനയാണ്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഓരോ വർഷവും വ്യാപിക്കുന്ന ഏതാണ്ട് 2300 കോടി ടൺ കാർബൺ ഡൈ ഓക്സൈഡിന്റ 97 ശതമാനത്തോളം വികസിത രാജ്യങ്ങളുടെ സംഭാവനയാണ്. ഈ വാതകം അന്തരീക്ഷത്തിൽ സൃഷ്ടിക്കുന്ന ആവരണം ഊഷ്മാവിന്റെ പ്രവാഹത്തെ തടഞ്ഞുനിർത്തി അന്തരീക്ഷതാപം വർദ്ധിപ്പിക്കുന്നു. ഇതുമൂലം മഞ്ഞുമലകൾ ഉരുകി സമുദ്രജലവിതാനം ഉയരുന്നതിന് ഇടയാകുന്നു. ഇത് തീരദേശത്തു താമസിക്കുന്നവർക്ക് അപകടമാണെന്ന് പറയേണ്ടതില്ലല്ലോ. കൂടാതെ ആഗോള കാലാവസ്ഥയിലും ഇത് അനാരോഗ്യകരമായ വ്യതിയാനങ്ങൾ സൃഷ്ടിക്കുന്നു. ഭൂമിയിൽ അനേകായിരം വർഷങ്ങളായി സ്വാഭാവികമായി സംഭവിച്ചു കൊണ്ടിരിക്കുന്ന രാസ ജൈവ പരിവർത്തനങ്ങളുടെ ഫലമായാണ് കൃഷിക്ക് ഉപയുക്തമായ നമ്മുടെ മണ്ണ് രൂപം കൊണ്ടത്. വിവിധ രാജ്യങ്ങൾ ആധുനിക കാലഘട്ടത്തിൽ കാർഷികോത്പാദനത്തിനു സ്വീകരിച്ച ഉയർജിത നവീന സമ്പ്രദായങ്ങൾ ഭൂമിയുടെ ഫലഭൂയിഷ്ഠതയെ സാരമായി ബാധിച്ചിട്ടുണ്ട്. വനനശീകരണവും പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാനഘടകമാണ്. ഇന്ത്യയിൽ വനപ്രദേശത്തിന്റെ വിസ്തൃതി കുറഞ്ഞു വരികയാണ്. വനനശീകരണത്തെ തടയുകയും മരങ്ങൾ വച്ചുപിടിപ്പിക്കുകയും മാത്രമേ ഈ ദു:സ്ഥിതി തടയാനുള്ള മാർഗമായിട്ടുള്ളു. വൃക്ഷങ്ങൾ അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് സ്വീകരിച്ചു താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ആഫ്രിക്കൻ രാജ്യമായ കെനിയ വ്യാപകമായ വനനശീകരണവും തൊഴിലില്ലായ്മയും അഭിമുഖീകരിച്ചപ്പോൾ വാംഗാരി മാതായ്യുടെ നേതൃത്വത്തിൽ ജനങ്ങൾ 'ഗ്രീൻ ബെൽറ്റ്‌ മൂവ്മെന്റിന് ' തുടക്കം കുറിച്ചു. നാണ്യവിളകളായ കാപ്പി, തേയില തുടങ്ങിയവ കൃഷി ചെയ്യാനായി മരങ്ങൾ വ്യാപകമായി വെട്ടിമാറ്റിയത് സാധാരണക്കാരുടെ ജീവിതത്തിന്റെ താളം തെറ്റിച്ചു. വനവിഭവങ്ങളെ ആശ്രയിച്ചിരുന്നവർക്ക് ഭക്ഷണം പാകം ചെയ്യാൻ വിറക് പോലും ഇല്ലാത്ത അവസ്ഥയായി. 1970-കളുടെ മധ്യത്തോടെ ഒരു കൂട്ടം ആളുകളെ ചേർത്ത് രാജ്യമെമ്പാടും വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് മാതായ് നേതൃത്വം നൽകി. വനവത്കരണത്തിന്റെ ആവശ്യകതയെക്കുറിച്ചു പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു. മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് തൊഴിലായി സ്വീകരിച്ചു കൊണ്ട് നിരവധി ആളുകൾ മുന്നോട്ടു വന്നു. വനനശീകരണം, തൊഴിലില്ലായ്മ എന്നിങ്ങനെ രണ്ട് പ്രശ്നങ്ങൾക്ക് പരിഹാര കാണുവാൻ ഈ യജ്ഞത്തിന് കഴിഞ്ഞു. വെള്ളത്തിന്റെയും വായുവിന്റെയും പരിശുദ്ധിയും, ലഭ്യതയും നിലനിർത്തുന്നതിനും വനങ്ങൾ പ്രയോജനപ്പെടുന്നു. നിയന്ത്രണാതീതമായ ജലവിനിയോഗവും, ജലമലിനീകരണവും മൂലം ശുദ്ധജലത്തിന്റെ അളവ് ക്രമാതീതമായി കുറയുകയും മനുഷ്യൻ മലിനജലം ഉപയോഗിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്നു. മനുഷ്യകൃതങ്ങളായ ഈ അനർത്ഥങ്ങൾക്ക് മനുഷ്യ ബുദ്ധി തന്നെ പരിഹാരം കാണണം. പരിസ്ഥിതി മലിനീകരണത്തിന്റെ ഭീകരതയെ പറ്റി ജനങ്ങളുടെ ഇടയിൽ അവബോധമുണ്ടാക്കുക. നമ്മുടെ പരിസരം മലിനവും ദുർഗന്ധപൂരിതവുമാക്കാതെ നോക്കേണ്ട കടമ നമുക്കുണ്ട്. 'ഭൂമിയിലേക്ക് മടങ്ങുക' എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കി നമുക്ക് അനന്തമായ ആനന്ദത്തിനും ആരോഗ്യത്തിനും അവകാശികളാവാം.


അശ്വതി.എ.എസ്
+2 Science ഗവൺമെൻറ്, വി.എച്ച്.എസ്.എസ് & എച്ച്.എസ്. എസ് പാറശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം