ടി. ടി. വി. എച്ച്. എസ്. എസ്. കാവുങ്കര/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധത്തിലെ പൗരധർമ്മം

കൊറോണ പ്രതിരോധത്തിലെ പൗരധർമ്മം

കൊറോണ വൈറസ് മൂലമുള്ള കോവിഡ് 19 എന്ന മഹാമാരി ലോകരാജ്യങ്ങളിലെ ഏതാണ്ട് മുഴുവൻ സമൂഹങ്ങളെയും പിടിച്ചുലച്ചുകൊണ്ടിരിക്കുന്നു. ഈ സന്ദർഭത്തിൽ ഭരണകൂടങ്ങൾ സർവ സന്നാഹങ്ങളും ഉപയോഗിച്ച് പ്രതിരോധം തീർക്കുവാൻ ശ്രമിക്കുകയാണ്. ഈ സന്ദർഭത്തിൽ പോലും പൊട്ടക്കിണറ്റിലെ തവളകളെപ്പോലെ ഒരു കൂട്ടം മനുഷ്യൻ അവന്റെ സങ്കുചിതചിന്താഗതികളെയും മതപരവും പക്ഷപാതപരവുമായ നിലപാടുകളെയും പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള വിഫല ശ്രമങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും പുറത്തെടുത്തു കൊണ്ടിരിക്കുന്നു.


ചില മതവിശ്വാസികൾ അവരവരുടെ വിശ്വാസപ്രമാണങ്ങൾ കൊറോണാ വൈറസിനെക്കുറിച്ച് നൂറ്റാണ്ടുകൾ മുമ്പ് നടത്തിയ പ്രവചനങ്ങൾ പുറത്തെടുക്കുന്നു. മറ്റു ചിലരാകട്ടെ ഇതെല്ലാം നോസ്ട്രഡാമസിന്റെ തലയിൽ കെട്ടിവയ്ക്കാൻശ്രമിക്കുന്നു. രാഷ്ട്രീയക്കാർ പരസ്പരം കുറ്റപ്പെടുത്തുകയും കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ശാസ്ത്രീയവാദികൾ എന്നവകാശപ്പെടുന്നവർ ആണെങ്കിൽ അമ്പലങ്ങളും പള്ളികളും അടഞ്ഞുകിടന്നാലും സമൂഹത്തിന് ഒന്നും സംഭവിക്കില്ല എന്ന് ഇപ്പോൾ മനസ്സിലായില്ലേ ?എന്ന ചോദ്യം ചോദിച്ചു കൊണ്ട് ഉൾപ്പുളകം കൊള്ളുന്നു. എന്നാൽ മദ്യശാലകൾഅടച്ചത് മൂലവും സമൂഹത്തിന് ഒന്നും സംഭവിക്കുന്നില്ല എന്ന വിഷമസത്യം ഇവർ ഉൾക്കൊള്ളാൻ നിർബന്ധിതരായി. പ്രകൃതി വാദികളും മൃഗസ്നേഹികളും പക്ഷിപ്പനിവരുമ്പോഴും മൃഗപ്പനി വരുമ്പോഴും അവയെയൊക്കെ കൊന്നൊടുക്കുന്നതിലെയും മനുഷ്യന് മാത്രം പനി ബാധിക്കുമ്പോൾ അവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിലെയും വിരോധാഭാസത്തെ കുറിച്ച് ഒന്നും പറയുന്നുമില്ല.


കൊറോണ വൈറസ് രോഗത്തിന് ചികിത്സയുണ്ട് എന്ന് അവകാശപ്പെട്ട പല അന്ധവിശ്വാസികളും ആൾദൈവങ്ങളും പരമ്പരാഗത ചികിത്സകരും ഒക്കെ ആദ്യഘട്ടത്തിൽ രംഗത്തുവന്നെങ്കിലും ഇപ്പോൾ പത്തി മടക്കിയ അവസ്ഥയിലാണ്. ആധുനിക വൈദ്യശാസ്ത്രം കൊറോണാ വൈറസിന് മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല എങ്കിലും അതിന്റെ വ്യാപനം തടയാൻ ഉള്ള മാർഗ്ഗങ്ങൾനിർദ്ദേശിച്ചിട്ടുണ്ട്. അവ ഫലപ്രദമാണെന്ന് കുറഞ്ഞപക്ഷം നമ്മുടെ കേരളസാഹചര്യങ്ങൾ വച്ച് ചിന്തിച്ചാൽ പോലും നമുക്ക് മനസ്സിലാക്കാവുന്ന കാര്യങ്ങളാണ്.


മനുഷ്യസമൂഹം ഒരു ദുരന്തമുഖത്ത് നിൽക്കുമ്പോൾ നമ്മുടെയൊക്കെ സങ്കുചിത താൽപര്യങ്ങളെയും അന്ധവിശ്വാസങ്ങളെയും പിന്തിരിപ്പൻ വാദങ്ങളെയും പക്ഷപാതനിലപാടുകളെയും പ്രതിരോധിക്കാൻ ശ്രമിക്കാതെ രോഗപ്രതിരോധത്തിന് പ്രായോഗികമായി തെളിയിക്കപ്പെട്ടിട്ടുള്ള മാർഗ്ഗങ്ങൾ അവലംബിക്കുകയും ഭരണകൂടങ്ങൾക്ക് വേണ്ട പിന്തുണ കൊടുക്കുകയുമാണ് ചുമതലാ ബോധവും ഉത്തരവാദിത്വമുള്ള ഒരു പൗരനെന്ന നിലയ്ക്ക് നാം ചെയ്യേണ്ടത് . ഓരോ വ്യക്തിയുടെ ജീവിതത്തിലും കുടുംബ ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും സുഖങ്ങളും ദു:ഖങ്ങളും മാറിമാറി സംഭവിക്കുന്നത് പോലെ കുറേക്കൂടി വലിയ സമൂഹങ്ങളെ ഉൾക്കൊള്ളുന്ന രാഷ്ട്ര സംവിധാനങ്ങൾക്കും അവയുടെ കാല ചക്രത്തിൽ പലവിധത്തിലുള്ള വെല്ലുവിളികൾ നേരിടേണ്ടിവരും. യുദ്ധങ്ങളും കലാപങ്ങളും പ്രകൃതിക്ഷോഭങ്ങളും മഹാമാരിയും ഒക്കെ ഇതിനുദാഹരണങ്ങളാണ്. ചിന്താശേഷിയും വിവേകവും ഉണ്ട് എന്ന് അവകാശപ്പെടുന്ന മനുഷ്യൻ എന്ന നിലയിൽ ആഗോളതലത്തിൽ ചിന്തിക്കുകയും പ്രാദേശികതലത്തിൽ പ്രവർത്തിക്കുകയുമാണ് നാം വേണ്ടത്. അതിജീവനത്തിൻറെ പാതയിൽ മുന്നോട്ടു പോകാനുള്ള ക്രിയാത്മകവും പ്രായോഗികവുമായ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുകയും കഴിയുന്ന സന്നദ്ധപ്രവർത്തനങ്ങൾ നിർവഹിക്കുകയും ആണ് നമ്മിൽ അർപ്പിതമായ കർത്തവ്യം. അതല്ലാതെ മനുഷ്യരാശിക്ക് സംഭവിക്കുന്ന ദുരന്തങ്ങൾ എല്ലാം അവരുടെ തന്നെ കർമ്മഫലങ്ങൾആണെന്ന് സ്വയം വിലയിരുത്തി മരണപ്പെടുന്നവരെ അവരുടെ വിധിക്കും ദോഷത്തിനും വിട്ടുകൊടുക്കുകയും ഞാൻ മാത്രം മരിച്ചില്ലല്ലോ എന്ന് ആശ്വസിക്കുകയും ചെയ്യുന്ന മൂഢ സ്വർഗത്തിൽ ജീവിക്കുന്ന മനുഷ്യരെ അല്ല നമുക്ക് വേണ്ടത്.

നൗറിൻ ഷിഹാബ്
8 ബി റ്റി റ്റി വി എച്ച് എസ് എസ്
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം