ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ വിളിക്കാതെ വന്ന അതിഥി

വിളിക്കാതെ വന്ന അതിഥി

സ്കൂൾ വാർഷിക പരിപാടികളുടെ സന്തോഷത്തിലായിരുന്നു ഞാൻ. അപ്പോഴാണ് കൊറോണ അഥവാ കോ വിഡ് 19 എന്ന അതിഥി ലോകത്താകെ കടന്നു വന്നത്. സ്കൂളുകൾ, മദ്രസകൾ, എന്നിങ്ങനെ ആളുകൾ കൂടുന്ന എല്ലാ സ്ഥലങ്ങളും അടച്ചിട്ടു. എനിക്ക് വല്ലാത്ത സങ്കടം തോന്നി.
പിന്നീടങ്ങോട്ട് എല്ലാം മാറിമറിയുകയായിരുന്നു.കൂട്ടിൽ അടച്ചിട്ട പക്ഷികളെപ്പോലെയായി മനുഷ്യ ജീവിതം. എന്നാൽ പക്ഷികൾക്കും മറ്റ് ജന്തുജാലങ്ങൾക്കും സ്വാതന്ത്ര്യത്തിന്റെ കാലവുമായി. മരുന്നു പോലും കണ്ടെത്താത്ത ഒരു രോഗത്തിനു മുന്നിൽ ലോകം മുഴുവൻ പകച്ചു നിൽക്കുന്നു....
ഈ രോഗത്തെ ചെറുക്കാൻ ചില മുൻകരുതലുകൾക്കാണ് പ്രാധാന്യം. കൈകൾ ഇടയ്ക്കിടെ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കഴുകുക.മാസ്ക് ധരിക്കുക. ആവശ്യമില്ലാതെ പുറത്തിറങ്ങാതിരിക്കുക. ജനസമ്പർക്കങ്ങൾ ഒഴിവാക്കുക.എന്നിങ്ങനെ ഒരു പാട് നിർദ്ദേശങ്ങൾ ആരോഗ്യമേഖല മുന്നോട്ട് വെക്കുന്നു.
വീടുകളിലെ കാര്യവും ഇതോടെ കഷ്ടത്തിലായി. സർക്കാർ ഞങ്ങൾക്ക് അരിയും സാധനങ്ങളും തന്നിരുന്നു.അത് കൊണ്ടൊക്കെയാണ് ഇപ്പോൾ കഴിഞ്ഞു പോവുന്നത്. വിദേശത്തുള്ളവർ അവിടെ കുടുങ്ങിക്കിടക്കുന്നു. അവർക്ക് ജോലിക്ക് പോവാൻ കഴിയുന്നില്ല. പോലീസിന്റെ അടി കാരണം പുറത്തിറങ്ങാനും കഴിയുന്നില്ല. എനിക്കറിയാം രോഗം പടരാതിരിക്കാനാണ് അവരിതൊക്കെ ചെയ്യുന്നതെന്ന്.നിയമങ്ങൾ എല്ലാം തെറ്റിച്ചും ആളുകൾ പാടവരമ്പത്തും, പാറപ്പുറത്തും ,അങ്ങാടികളിലുമെല്ലാം കൂട്ടം കൂടി നിൽക്കുന്നു.ഇത് മൂലം ചിലർക്ക് രോഗം വരുന്നു. ചിലർ നിരീക്ഷണത്തിൽ പോവേണ്ടിവരുന്നു. കൊറോണയെ പ്രതിരോധിക്കാനുള്ള പല പ്രവർത്തനങ്ങളും നടന്നു വരുന്നുണ്ടെങ്കിലും വിജയം കണ്ടെത്താൻ ഈ ലോകം ഇനിയും എത്ര ദൂരം സഞ്ചരിക്കേണ്ടി വരും......


ഷഹബാസ്.പി
3 B ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം