ഗവ. എൽ. പി. എസ്. തൃക്കാക്കര/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- കമ്പ്യൂട്ടർ ലാബ്
അതിമനോഹരമായ ടൈൽ വിരിച്ച ഒരു കമ്പ്യൂട്ടർ ലാബ് ഈ വിദ്യാലയത്തിലുണ്ട്. ലാപ്‌ടോപുകളും ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളുമായി ഏകദേശം ഇരുപതോളം കംപ്യൂട്ടറുകൾ ഇവിടെ ഉണ്ട്. ഓരോ അധ്യാപകരും കുട്ടികളെ കമ്പ്യൂട്ടർ ലാബിൽ കൊണ്ടുവന്ന് കമ്പ്യൂട്ടർ പഠനം നടത്തുന്നു. കമ്പ്യൂട്ടർ പാഠപുസ്‌തകം കൂടാതെ മലയാളം ടൈപ്പിങും പഠിപ്പിക്കുന്നു.
- സ്കൂൾ ബസ്
വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി മുൻ രാജ്യസഭാ എം.പി. ശ്രീ. പി.രാജീവിന്റെ ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. മുൻ കൗൺസിലർ ശ്രീ. പി. കെ. ബേബിയുടെ ഇടപെടലിലൂടെയാണ് ഇത് യാഥാർഥ്യമാകുന്നത്.
- സ്മാർട്ട് ക്ലാസ് റൂമുകൾ
വിദ്യാലയത്തിലെ മുഴുവൻ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് റൂമുകളാണ്. അതുകൊണ്ട് തന്നെ എല്ലാ അധ്യാപകരും ICT പ്രയോജനപ്പെടുത്തിയാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.
- വിശാലമായ ലൈബ്രറി
3000 ത്തിലധികം വരുന്ന പുസ്തകങ്ങളുള്ള അതിവിശാലമായ ഒരു ലൈബ്രറി ഈ വിദ്യാലയത്തിലുണ്ട്. മുൻ HM നാരായണൻ സാർ റിട്ടയേർഡ് ആയ സമയത്ത് അദ്ദേഹത്തിന്റെ ഹോം ലൈബ്രറിയിലെ ആയിരത്തോളം വരുന്ന പുസ്തകങ്ങൾ വിദ്യാലയത്തിന് സമ്മാനിച്ചു. അങ്ങനെ ഈ വിദ്യാലയത്തിലെ ആദ്യത്തെ ലൈബ്രറി നാരായണൻ സാർ തന്ന പുസ്തകങ്ങളിലൂടെ സ്ഥാപിക്കപ്പെട്ടു. അതിനു ശേഷം കളമശ്ശേരി മുനിസിപ്പാലിറ്റി 3000 രൂപയുടെ പുസ്തകങ്ങളും വി. സി. ആന്റണി സാറിന്റെ മാതാപിതാക്കളുടെ ചരമവാർഷികത്തോടനുബന്ധിച്ച് 800 ൽ അധികം പുസ്തകങ്ങളും ഒരു അലമാരയും ലഭിച്ചു. ഒപ്പം ലൈബ്രറിക്ക് ആവശ്യമായ അവശ്യസാധനങ്ങൾ പി. ടി. എ യും മാതൃസംഗമവും നൽകിയതോടെ ഈ വിദ്യാലയത്തിലെ ലൈബ്രറി നിലവാരമുള്ളതായി മാറി.
- ക്ലാസ് ലൈബ്രറികൾ
ഓരോ ക്ലാസ്സിലും ധാരാളം പുസ്തകങ്ങളുള്ള ക്ലാസ് ലൈബ്രറികൾ ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. "എന്റെ ജന്മദിനത്തിനൊരു പുസ്തകം എന്റെ ക്ലാസ് ലൈബ്രറിയിലേക്ക്" , "പുസ്തക സഞ്ചി നിറയ്ക്കൽ" എന്നീ പരിപാടികളിലൂടെ ശേഖരിച്ച പുസ്തകങ്ങളാണ് ക്ലാസ് ലൈബ്രറികളിൽ. 2018 – 19 അധ്യയന വർഷം ഏറ്റവും മികച്ച ക്ലാസ് ലൈബ്രറിക്കുള്ള അവാർഡ് ഈ വിദ്യാലയം കരസ്ഥമാക്കി.
- ചിൽഡ്രൻസ് പാർക്ക്
കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനു വേണ്ടി കുട്ടികൾക്ക് കളിക്കാനുള്ള ഒരു കൊച്ചു പാർക്കും ഈ വിദ്യാലയത്തിലുണ്ട്. അധ്യാപകരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് കുട്ടികൾ പാർക്കിൽ കളിക്കുകയും ചെയ്യുന്നു.