ഗവ. എൽ. പി. എസ്. തൃക്കാക്കര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലവർഷം 1093 ഇടവ മാസത്തില് 151 കുട്ടികളുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം സമ്പൂർണ്ണ പ്രൈമറി വിദ്യാലയമായത് എ ഡി 1919-ലാണ്. സ്കൂള് പരിസരത്ത് താമസിക്കുന്ന തേവക്കൽ തറവാട്ടിലെ ശ്രീമതി: നാരായണിയമ്മ ദാനം ചെയ്ത 50 സെന്റ പുരയിടത്തില് ഓലമേഞ്ഞ ഷെഡില് സ്കൂൾ പ്രവർത്തനം തുടങ്ങി. കാലക്രമേണ സ്കൂൾ സർക്കാർ ഏറ്റെടുത്തു. തൃക്കാക്കര വില്ലേജിലെ പ്രഥമ വിദ്യാലയമായതിനാൽ ഇതിന് തൃക്കാക്കര പ്രൈമറി സ്കൂൾ എന്ന പേര് ലഭിച്ചു. ഗോദവർമ്മ തമ്പാനായിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ. തുടർന്ന് ആർ. ശേഷയ്യൻ ഈ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി.അതിനു ശേഷം കെ. ഗോവിന്ദപിള്ളയും അദ്ദേഹത്തിന്റെ സ്ഥലം മാറ്റത്തെ തുടർന്ന് കെ. കുഞ്ഞുണ്ണിപ്പിള്ളയും ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചു. ഈ സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കി ഉപരിപഠനം നേടിയവരിൽ നിരവധി പേർ ഉന്നത സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. IRS കാരനും ഡോക്ടറും വക്കീലും എഞ്ചിനീയറും അധ്യാപകനും ഉൾപ്പെടെ നിരവധി പ്രതിഭകൾക്ക് അടിത്തറ പാകിയ മഹത്തായ ഒരു സ്ഥാപനം കൂടിയാണ് ഈ വിദ്യാലയം. നാഗപ്പാടി കൃഷ്ണപിള്ള സാർ ഈ വിദ്യാലയത്തിലെ ഹെഡ്മാസ്റ്റർ ആയി സേവമനുഷ്ഠിച്ച വ്യക്തിയാണ്. തുടർന്ന് കൃഷ്ണൻ ഇളയത്ത് സാറും അദ്ദേഹത്തിന് ശേഷം കങ്ങരപ്പടിയിലെ ഇട്ടിര സാറുമായിരുന്നു ഈ സ്ഥാപനത്തിലെ പ്രധാന അധ്യാപകർ. ഇട്ടിര സാറിനു ശേഷം സാറിന്റെ ഇളയ സഹോദരൻ കെ. എം. ജോസഫ് (ഔസേപ്പ്) സാറും അദ്ദേഹത്തിന് ശേഷം ഈ വിദ്യാലയത്തിലെ തന്നെ അധ്യാപകനായിരുന്ന രാമകൃഷ്ണൻ സാറും പ്രധാന അധ്യാപകരായി സേവനമനുഷ്ഠിച്ചു.

രാമകൃഷ്ണൻ സാർ റിട്ടയേർഡ് ആയതോടെ ഹെഡ്മിസ്ട്രസ് ആയി ചുമതലയേറ്റത് പത്മാക്ഷിയമ്മ ടീച്ചർ ആയിരുന്നു. തുടർന്ന് ഒ. കാവുകുട്ടി ടീച്ചറും പ്രധാന അധ്യാപകരായി സേവനമനുഷ്ഠിച്ചു. 1983 ൽ ഒ. ദേവസ്സി സാർ ഹെഡ്മാസ്റ്ററായി വന്നതോടെ സ്കൂളിന്റെ സ്ഥിതി ഗതികൾ മാറ്റിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. കരുത്തുറ്റ ഒരു അധ്യാപക - രക്ഷാകർതൃ സമിതി അദ്ദേഹത്തിന്റെ കീഴിൽ പ്രവർത്തിച്ചു. ഈ കാലയളവിലാണ് തുറസ്സായി കിടന്നിരുന്ന സ്കൂൾ കെട്ടിടത്തിന് ചുറ്റുമതിലും മൂത്രപ്പുരയും കക്കൂസും അടുക്കളയുമൊക്കെ ഗവണ്മെന്റ് സഹായത്തോടെ നിർമ്മിക്കുന്നത്. അതോടൊപ്പം തന്നെ 1984 - 85 വർഷത്തിൽ ആലുവ വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയത്തിനുള്ള അവാർഡും ഈ വിദ്യാലയം കരസ്ഥമാക്കി. 1986 ൽ ഏറ്റവും നല്ല അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും 1993 ൽ അധ്യാപകർക്കുള്ള ദേശീയ ബഹുമതിയും ദേവസ്സി സാറിനു ലഭിച്ചു. 1994 സെപ്റ്റംബർ 5 ന് ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വെച്ച് അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി ഡോ. ശങ്കർദയാൽ ശർമ്മയിൽ നിന്നും ദേവസ്സി സാർ അവാർഡ് ഏറ്റുവാങ്ങിയതോടെ ഈ വിദ്യാലയത്തിന്റെ മഹത്വവും വാനോളം ഉയർന്നു.

ദേവസ്സി സാറിനു ശേഷം കെ. സി. തോമസ് സാറും അലിയാർ സാറും തുടർന്ന് നാരായണൻ സാറും പ്രധാന അധ്യാപകരായി ചുമതലയേറ്റു. കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കാൻ ആവശ്യമായ പ്ലേറ്റുകളും എല്ലാ ക്ലാസ്സുകളിലേക്കും ഫാൻ വാങ്ങി ഫിറ്റ് ചെയ്തതും നാരായണൻ സാറായിരുന്നു. അദ്ദേഹത്തിന്റെ ശമ്പളമായിരുന്നു അതിനുവേണ്ടി ഉപയോഗിച്ചത്. കളമശ്ശേരി മുനിസിപ്പാലിറ്റി ചെയർമാൻ ജമാൽ മണക്കാടന്റെ അകമഴിഞ്ഞ സഹായങ്ങളും സഹകരണങ്ങളും ഈ വിദ്യാലയത്തിന് ലഭ്യമായി. അദ്ദേഹത്തിന്റെ ശ്രമഫലമായി അന്തരിച്ച മുൻ പാർലിമെന്റ് മെമ്പർ ജോർജ് ഈഡന്റെ എം. പി ഫണ്ടിൽ നിന്ന് തുക വകയിരുത്തി ഒരു കെട്ടിടം കൂടെ നിർമ്മിച്ചു. മികവേറിയ വിദ്യാലയങ്ങൾക്ക് ലഭിക്കുന്ന ക്യു. ഐ. പി. ഫണ്ടും ഈ വിദ്യാലയത്തിന് ലഭിച്ചു. എം. എ. യൂസഫ് എം. എൽ. എ നൽകിയ ഫണ്ടും എസ്. എസ്. എ ഫണ്ടും ഉപയോഗിച്ച് തകർന്നു വീഴാറായ ചുറ്റുമതിൽ ഉയർത്തിക്കെട്ടി. നാരായണൻ സാർ റിട്ടയേർഡ് ആയ സമയത്ത് അദ്ദേഹത്തിന്റെ ഹോം ലൈബ്രറിയിലെ ആയിരത്തോളം വരുന്ന പുസ്തകങ്ങൾ വിദ്യാലയത്തിന് സമ്മാനിച്ചു. അങ്ങനെ ഈ വിദ്യാലയത്തിലെ ആദ്യത്തെ ലൈബ്രറി നാരായണൻ സാർ തന്ന പുസ്തകങ്ങളിലൂടെ സ്ഥാപിക്കപ്പെട്ടു. നാരായണൻ സാറിന് ശേഷം കോമളം ടീച്ചർ ഹെഡ്മിസ്ട്രസ് ആയി.

ആലുവ ഉപജില്ലയിൽ എസ്. എസ്. എ ഫണ്ട് പൂർണ്ണമായി ഉപയോഗിച്ച് പദ്ധതികൾ നടപ്പാക്കിയ സ്കൂളായി തൃക്കാക്കര ഗവ. എൽ. പി. സ്കൂൾ മാറി. വിദ്യാഭ്യാസ ഉപഡയറക്ടർ കുട്ടപ്പൻ സാറും എ. ഇ. ഒ. അന്നക്കുട്ടി മാഡവും മറ്റു ഉദ്യോഗസ്ഥരും ഈ വിദ്യാലയം സന്ദർശിച്ച് അനുമോദനവും ആശംസകളും അർപ്പിച്ചു. കോമളം ടീച്ചറിന് ശേഷം ഹെഡ്മാസ്റ്ററായി നിയമിതനായത് അരവിന്ദാക്ഷൻ സാറായിരുന്നു. അദ്ദേഹത്തിന് ശേഷം 2005 ൽ പ്രധാന അധ്യാപികയായായത് ഏലിക്കുട്ടി ടീച്ചറായിരുന്നു. 1995 ൽ ഈ വിദ്യാലയത്തിൽ അധ്യാപികയായി സേവനം അനുഷ്ഠിച്ച് തുടങ്ങിയതായിരുന്നു അവർ. ആലുവ എം. എൽ. എ ആയിരുന്ന ശ്രീ. കെ. മുഹമ്മദാലി ഈ വിദ്യാലയത്തിന്റെ പുരോഗതിക്കു വേണ്ടി വളരെ താല്പര്യത്തോടെ സഹകരിക്കുകയും സഹായിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹമാണ് ഈ വിദ്യാലയത്തിൽ കമ്പ്യൂട്ടർ പഠനം തുടങ്ങാൻ സഹായിച്ചത്. കളമശ്ശേരി മുനിസിപ്പൽ ഭരണ സമിതിയിലെ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായിരുന്ന ശ്രീ. ജമാൽ പാമങ്ങാടൻ, SBI എടത്തല ബ്രാഞ്ച്, എടത്തല സർവീസ് സഹകരണ ബാങ്ക്, കളമശ്ശേരി മുനിസിപ്പാലിറ്റി മുൻ കൗൺസിലർമാരായ ശ്രീ. പി. കെ. ബേബി, ഹെന്നി ബേബി, ഇപ്പോഴത്തെ കൗൺസിലർ ശ്രീ. പി. വി. ഉണ്ണി തുടങ്ങിയവരുടെ സേവനങ്ങൾ വിസ്‌മരിക്കാവതല്ല. ആലുവ എം. എൽ. എ ആയിരുന്ന ശ്രീ. എ. എം. യൂസഫ് അവർകൾ ഈ വിദ്യാലയത്തിലേക്ക് 5 കമ്പ്യൂട്ടറുകളും ഒരു പ്രിന്ററും എം. എൽ. എ. ഫണ്ടിൽ നിന്നും നൽകി.

2010 മാർച്ച് 30 നു ഏലിക്കുട്ടി ടീച്ചർ ഹെഡ്മിസ്ട്രസ് പദവിയിൽ നിന്ന് വിരമിച്ചപ്പോൾ ആ സ്ഥാനത്തേക്ക് വന്നത് തൃക്കാക്കര ഗവ. ഹൈസ്കൂളിൽ അധ്യാപികയായിരുന്ന ശ്രീമതി. സൈനബ ടീച്ചറായിരുന്നു. ഈ കാലഘട്ടത്തിലാണ് മുൻ കൗൺസിലർ ശ്രീ. പി. കെ. ബേബിയുടെ ഇടപെടലിലൂടെ ശ്രീ. പി. രാജീവ് എം. പി.യുടെ ഫണ്ടിൽ നിന്നും ഈ വിദ്യാലയത്തിന് സ്വന്തമായി ഒരു സ്കൂൾ ബസ് ലഭിക്കുന്നത്. കേരളം കണ്ട മഹാ പ്രളയ കാലത്ത് ദുരിതം അനുഭവിച്ചവർക്ക് ക്യാമ്പായി പ്രവർത്തിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു. ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിച്ച് വിദ്യാർത്ഥികളുടെ പഠനം മികച്ചതാക്കാൻ കളമശ്ശേരി മുനിസിപ്പൽ ചെയർമാനായിരുന്ന ശ്രീ. ജമാൽ മണക്കാടന്റെയും മുൻകാല പി. ടി. എ. & എം. ടി. എ കമ്മിറ്റികളുടെയും സേവനങ്ങൾ എടുത്തുപറയേണ്ടതാണ്. ശ്രീ. വി. കെ. ഇബ്രാഹീംകുഞ്ഞ് എം. എൽ. എ യുടെ ഫണ്ട് ഉപയോഗപ്പെടുത്തി പ്രീ-പ്രൈമറിക്ക് ബിൽഡിംഗ് നിർമ്മിച്ചു. ഈ വിദ്യാലയത്തെ ഹൈടെക് ആക്കുന്നതിൽ എല്ലാവരുടെയും കൂട്ടായ പരിശ്രമം വളരെയധികം പ്രശംസനാർഹമാണ്. തൊട്ടടുത്തുള്ള പ്രൈവറ്റ് ഹൈടെക് വിദ്യാലയങ്ങളേക്കാൾ മികച്ച ഒരു വിദ്യാലമായി ഈ സ്കൂൾ മാറിയതിൽ ഇവർക്കെല്ലാം അഭിമാനിക്കാം.

2020 മാർച്ച് 31 നു സൈനബ ടീച്ചർ റിട്ടയേർഡ് ആയതോടെ ഈ വിദ്യാലയത്തിൽ തന്നെ മുൻപ് ജോലി ചെയ്യുകയും പിന്നീട് HM പ്രമോഷനായി പോവുകയും ചെയ്ത ശ്രീമതി. ലീല ടീച്ചർ പ്രധാന അധ്യാപികയായി ചാർജെടുത്തു.