ഗവ.എൽ പി എസ് ഇടപ്പാടി/അക്ഷരവൃക്ഷം/കോവി‍ഡ്-19 എന്ന മഹാമാരി

കോവിഡ്-19 എന്ന മഹാമാരി

കൊറോണ വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിക്ക് ലോകാരോഗ്യ സംഘടന നൽകിയ പേരാണ് കോവിഡ്-19. കൊറോണ വൈറസ് ഡിസീസ് 2019 എന്നതിന്റെ ചുരുക്കെഴുത്താണ് കോവിഡ്-19. 2019 ഡിസംബർ മാസത്തോടുകൂടി ചൈനയിലെ വുഹാൻ നഗരത്തിലാണ് ഈ മാരകരോഗം ആദ്യമായി പ്രത്യക്ഷപ്പടുന്നത്. ശ്വാസകോശത്തെ ബാധിക്കുന്ന രോഗമാണിത്. കേരളത്തിൽ തൃശ്ശൂർ ജില്ലയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ പതിന്നാല് ദിവസത്തിനകം രോഗലക്ഷണങ്ങൾ ഉണ്ടാകും. ചുമ, ശ്വാസംമുട്ടൽ, തൊണ്ടവേദന, പനി എന്നിവയാണ് ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കണ്ടാലുടൻതന്നെ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് ചികിത്സ തേടേണ്ടതാണ്.

വളരെ പെട്ടെന്നു, ലോകത്തിലെ ഏതാണ്ടെല്ലാ രാജ്യങ്ങളിലും പടർന്നുപിടിക്കുകയും ഒന്നരലക്ഷത്തിലധികം ആളുകളെ ഇതിനോടകം കൊന്നൊടുക്കുകയും ചെയ്തിരിക്കുന്നു നോവൽ കൊറോണയെന്ന ഈ കുഞ്ഞൻ വൈറസ്. ഈ രോഗത്തിന് ഇതുവരെ മരുന്നു കണ്ടുപിടിച്ചിട്ടില്ല. തുമ്മുമ്പോഴും ചുമയ്‍ക്കുമ്പോഴും തെറിക്കുന്ന സ്രവങ്ങളിലൂടെ രോഗാണു മറ്റാളുകളിലേക്ക് പകരുന്നു. ഓരോ മണിക്കൂറിലും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക, മാസ്‍ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വീടിനുള്ളിൽ തന്നെ കഴിയുക തുടങ്ങിയ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ രോഗത്തിന്റെ വ്യാപനം നിയന്ത്രിക്കുവാൻ കഴിയും. ഈ ലക്ഷ്യത്തോടെയാണ് ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ഇപ്പാൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്.

അർജ്ജുൻ ബി. നായർ
4 എ ഗവ.എൽ.പി. സ്‍കൂൾ ഇടപ്പാടി
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം