Ssk17:Homepage/മലയാളം കഥാരചന (എച്ച്.എസ്)/രണ്ടാം സ്ഥാനം

(Ssk17:Homepage/മലയാളം കഥാരചന (എച്ച്.എസ്)/ രണ്ടാം സ്ഥാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിഷയം:ഒരു മിസ്ഡ് കാളിന്റെ ദൂരം
പ്രണയത്തിന്റെ എ.ടി.എം.
         ഞരങ്ങുന്ന ആ കട്ടിലിലേക്ക് അയാൾ വീണ്ടും വന്നിരുന്നു. ഇല്ല....കഴിയുന്നില്ല....ഒരിടത്ത് ഇരുപ്പുറപ്പിക്കാൻ കഴിയുന്നില്ല... എന്തിനാണിത്ര പരിഭ്രമം? ഈ 57ലും മധുരപ്പതിനേഴിലേക്ക് തിരിച്ച് പോകുകയാണോ താൻ എന്ന്ഒരിക്കൽക്കൂടി ചിന്തിച്ചുപോയി...
	സാമാന്യം വരുമാനമുള്ള ഒരു ബിസിനസ്സ് ഉടമയാണ്... വലിയ ബിസിനസ്സ് മീറ്റിംഗുകളുടെ തലേന്നുപോലും ഇത്ര പരിഭ്രമം? ഇല്ല, ഓർമ്മയിലെങ്ങും ഉണ്ടായിട്ടില്ല. അയാൾ ഒന്നും അറിയാതെ ഉറങ്ങിക്കിടക്കുന്ന ഭാര്യയെ നോക്കി.നോക്കുമ്പോൾതന്നെ അറപ്പുതോന്നുന്നു. മീൻകറിയും പുളിശ്ശേരിയും വാരിത്തൂകിയ വൃത്തിഹീനമായ സാരി... കനച്ച വെളിച്ചെണ്ണ ഇറ്റുവീഴുന്ന മുടിയിഴകൾ.... സ്ട്രെയിറ്റ് ചെയ്ത് പാറിപ്പറക്കുന്ന മുടിയും മുന്തിയ പെർഫ്യൂമിന്റെ മണവുമായി നടക്കുന്ന റോസ്സിന്റെ.... അവളുടെ ഏഴയലത്ത് വരുമോ ഇവൾ....? 
	നാളെ...നാളെയാണ് ആ സുദിനം.... ഒരു മിസ്ഡ് കോളിലുടെ തുടങ്ങി; പിന്നീട് ദൈവം പനപോലെ വളർത്തിയ ബന്ധം... നാളെ പൂവണിയാൻ പോകുന്നു. 	അയാൾക്ക് തന്നെക്കുറിച്ചോർത്ത് അഭിമാനം തോന്നി.... അൻപത്തേഴുതികഞ്ഞു... ഇരുപതു വയസ്സുള്ള മകൾ ദൂരെ. പഠിക്കുന്നു. അതേ പ്രായത്തിലുള്ള കാമുകിയെ കാണാൻ നാളെ ഞാൻ കൊച്ചിയിലെ 'ബ്ലൂ മൂൺ പാലസിൽ' പോകുന്നു. ആദ്യസന്ദർശനം... കൂട്ടുകാരുടെ വാക്കുകൾ കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു. രഹസ്യമായി ഇക്കാര്യം ഇന്നലെ ഫയാസിനോട് പറഞ്ഞു. അവന്റെ മറുപടി കേട്ട് രോമാഞ്ചം വന്നുപോയി.....
	'ഇങ്ങളീകാര്യത്തിലൊരു എ.ടി.എം. മെഷീനാണ് ഇക്കാ... മെഷീനിത്ര പഴേതായെങ്കിലെന്താ... ട്രാൻസാക്ഷന് കുറവുവല്ലോമുണ്ടോ...?'
	അഭിമാനം തോന്നിക്കുന്ന വാക്കുകൾ..... ടിംഗ്..! ടോംഗ്..! 
	 പെട്ടന്നാണ് ക്ലോക്കിൽ പന്ത്രണ്ടടിച്ചത്. അയാൾ സ്വയം പറഞ്ഞു :
              മിസ്റ്റർ ജയമോഹൻ ;ഇങ്ങനെ ഉറക്കമൊഴിച്ചാൽ   കണ്ണിനുതാഴെ കറുപ്പു വീഴും...അതു പറ്റില്ല ! നാളെ സുന്ദരക്കുട്ടനായിരിക്കണം... ഇല്ലെങ്കിൽ ഡൈയും ഫേഷ്യലുമൊക്കെ വെറുതേയാകും... അയാൾ പെട്ടന്ന് കിടന്നുറങ്ങി... പിറ്റേന്ന് പതിവിലും നേരത്തെ എണീറ്റ് തലേന്നേ റെഡിയാക്കിവെച്ച പിങ്ക് ഷർട്ടെടുത്തിട്ടു...റോസിനിഷ്ടം പിങ്കാണല്ലോ....ആവേശത്തോടെ ഒരുങ്ങുന്നതിനിടെ അടുക്കളയിൽനിന്നും ശബ്ദം പൊന്തി.....
      'ജയേട്ടാ.. ഈ രാവിലെ എവിടേക്കാ..?'                                                                                                   
      'കൊച്ചിയിലൊരു മീറ്റിംഗ്'
      'ഇത്ര രാവിലെയോ?'
      'എന്താ അതിനും ഇനി നിന്റെ അനുവാദം വാങ്ങണോ..?'
      'ചോറായി. മെഴുക്കുവരട്ടി ഇപ്പോൾ ശരിയാകും. അഞ്ചു മിനിറ്റ് നിന്നാൽ...'
      'വേണ്ട.'
      'ഇപ്പോ തരാം..' 
      'വേണ്ടാന്ന് ഞാൻ മലയാളത്തിലല്ലേ പറഞ്ഞത്....?' 
വാതിൽ ശക്തിയായി പിടിച്ചടച്ച് അയാളിറങ്ങി...കാറ് വീട്ടിൽ നിന്നിറക്കി ഒരു വളവുതിരിഞ്ഞപ്പോൾ അതാ ഒരാൾക്കൂട്ടം....
ഒന്നെത്തിനോക്കി.
ഓ... അത് ആ പത്രമിടുന്ന ചെറുക്കനാ... പച്ചമാംസത്തിലൂടെ വണ്ടി കയറിയിറങ്ങി  ചതഞ്ഞരഞ്ഞ് കിടക്കുന്നു...ചുറ്റും ചോര തളം കെട്ടിക്കിടക്കുന്നു...
ങ്ഹാ! രക്തം നല്ല ശകുനം തന്ന്യാ...
വേഗം ടൗണിലെത്തി.
അപ്പോഴാണ് മകളുടെ ഫോൺ.....
    'പപ്പാ ഞാൻ എയർ പോർട്ടിലെത്തി..എനിക്ക് കുറച്ച് ഷോപ്പിംഗുണ്ട്...രാത്രി ഞാൻ വീട്ടിലെത്തിയെക്കാം..'
    'ശെരി മോളൂ ടേക്ക് കെയർ.'
ഇത്രയും പറഞ്ഞ് ഫോൺ വെച്ചപ്പോൾ റോഡ് സൈഡിൽ  സിം വിൽക്കാൻ നിൽക്കുന്ന ചെറുപ്പക്കാര് പിള്ളേരേ കണ്ടു ....
 	               ആറുമാസം മുമ്പ് തന്റെ ഈ സംബന്ധത്തിന് 'കഞ്ഞിവച്ച്' തന്നതിവരാണല്ലോ...പുതിയ സിം എടുപ്പിച്ചതിവരാണ്.അന്ന് ഇവരെ നിരാശരാക്കി വിട്ടിരുന്നെങ്കിൽ റോസുമായുള്ള ബന്ധം..അതുണ്ടാകുമായിരുന്നില്ല...
 മാത്രമല്ല പരിചയക്കാരുടെ കയ്യിലൊന്നും ഈ നമ്പറില്ല.ഭാര്യക്കും മക്കൾക്കും പോലും അറിയില്ല...പിന്നെയാ.. പിന്നെയും മുന്നോട്ടു പോയപ്പോൾ ടൗണിലേ ആ‍ഡിറ്റോറിയത്തിൽ നിന്നും ഒരു പെണ്ണും ചെറുക്കനും വിവാഹിതരായി ഇറങ്ങുന്നു...ഇരുപത്താറുവർഷൾക്കു മുമ്പേ താനും ഇതുപോലേ...അയാൾ ഓർത്തുപോയി എല്ലാവരും കൂടി മുറപ്പെണ്ണിനെ തലയിൽ കെട്ടുവച്ചു... തലവിധി...
                   വിവാഹം...അതൊരു ഞാണിന്മേൽ കളിയാണ്...സർക്കസ് അഭ്യാസം പോലെ ചുറ്റും ഉള്ളവരെ രസിപ്പിക്കാം. പക്ഷെ സ്വയം രസിക്കാൻ ആവില്ല.
അതാ മുന്നിൽ ഹോട്ടൽ ബ്ലൂമൂൺ പാലസ്. വണ്ടി പാർക്ക് ചെയ്ത് അകത്തു കയറി.ഫോണെടുത്ത് നമ്പർ ചികഞ്ഞെടുത്തു. റോസിന്റെ നമ്പർ 'റോഷൻ' എന്നാണ് ടൈപ്പ് ചെയ്തിരിക്കുന്നത്.വെറുതേ ഭാര്യയേ ടെൻഷനടിപ്പിക്കേണ്ടല്ലോ....
റോസ് മരിയ..... അവൾ ഫോൺ എടുത്തു.
'ഹായ് ജയ് !'
'നീ എവിടെയാ ...?'
'ഹോട്ടലിൽ...'
'ഏതു ടേബിൾ ?'
'നമ്പർ സിക്സ്.. ജയ് അന്ന് ഓൺലൈനായി വാങ്ങി അയച്ച ബ്ലാക്ക് ഗൗൺ...'
'ഓ.കെ ഞാൻ ഇതാ എത്തി..'
നേരേ ചെന്ന് റോസ് എന്ന് വിളിക്കാനാഞ്ഞതും കാണുന്നത് ബ്ലാക്ക് ഗൗൺ അണിഞ്ഞ് മുടി പാറിപ്പറത്തി ഫോണിൽ നോക്കിയിരിക്കുന്ന മകൾ ദേവികയെ....
അവൾ ചാടിയെഴുന്നേറ്റു....
മോളെന്താ ഇവിടെ എന്ന ചോദ്യം ചോദിക്കണമെന്നുണ്ടായിരുന്നു...പക്ഷെ ;നാക്ക് പൊങ്ങുന്നില്ല ..ചോദ്യത്തിന്റെ ഉത്തരം സ്വയം അറിയാമെങ്കിപ്പിന്നെ, ചോദിക്കുന്നതെന്തിന്?...
അവൾ ചോദ്യം സ്വയം മനസില്ലാക്കി ഒരു കല്ലുവച്ച നുണ പൊട്ടിച്ചു.'നീന വരാമെന്നു പറഞ്ഞു പപ്പാ ,ഷോപ്പിംഗിന് പോകാൻ...പപ്പയോ?'
'ഞാനൊരു ക്ലൈന്റിനെ കാണാൻ...'
തൊരുവിധം പറഞ്ഞൊപ്പിച്ച് അയാൾ അവിടെ നിന്നിറങ്ങി. നേരെ കാറെടുത്ത് വീട്ടിലേക്ക് തിരിച്ചു... വഴിയിലുള്ള കാഴ്ചകളിലൊന്നും കണ്ട് അയാൾക്ക് അറപ്പോ അത്ഭുതമോ- ഒന്നും തോന്നുയില്ല. അവയൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. മനസ്സ് മുഴുവൻ തന്റെ കൈ പിടിച്ച് പിച്ചനടന്ന മകൾ ദേവിക... വീടിന്റെ വാതിൽ തള്ളിത്തുറന്ന് അകത്തെ സോഫയിൽ കിടന്നു. ശീതീകരിച്ച മുറിയിലും അയാൾ വിയറ്‍ത്തൊഴുകി... ഭാര്യ ലക്ഷ്മി അകത്ത് നിന്ന് ഒാടിവന്ന് ചോദിച്ചു. 
'എന്താ ജയേട്ടാ ?'
'ഒന്നുമില്ല.'
അയാൾ പെട്ടന്ന് ഫോണിലെ സിം ഊരി, അടുക്കളയിൽ ചെന്ന് മെഴുക്കു വരട്ടിയുടെ തീയിലേക്കിട്ടു.
'എന്തേ? ബിസിനസ്സ് ഡീൽ നടന്നില്ലേ?'
'ഇല്ല.'
'എന്തേ?'
'ക്ലൈന്റ് ഞാൻ വിചാരിച്ചതു പോലെയല്ല'
                 കിതപ്പോടെ ഭാര്യയുടെ മടിയിൽ തലവെച്ചു കിടന്നു. അവൾ സാരിതലപ്പുകൊണ്ട് വിയർപ്പൊപ്പവേ അയാൾ സ്വന്തം മന്ത്രിച്ചു.
ക്ലൈന്റ് വിചാരിച്ചത് പോലേയല്ല...
           എ.ടി.എം.ഇൽ പിൻ അറിയാതെ കുഴങ്ങുന്ന വ്യക്തിയെപ്പോലെ ജയമോഹൻ പരിഭ്രമിച്ചു... ഇനി ഒരു ട്രാൻസാക്ഷനും നടത്താൻ കഴിയില്ല, അയാൾക്ക്...
                                                           

                                                                            
NANDANAA G.P
10, R V V H S Valakam Kollam
HS വിഭാഗം മലയാളം കഥാരചന
സംസ്ഥാന സ്കൂൾ കലോത്സവം-2017