ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/അക്ഷരവൃക്ഷം/കൊറോണ വൈറസ് നമുക്കു നൽകുന്നപാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് നമുക്കു നൽകുന്നപാഠങ്ങൾ

            ജീവി വർഗ്ഗത്തിന്റെ അധീശത്വംകയ്യാളി പ്രകൃതിയേയും അതിലെ കോടാനുകോടി ജീവിവർഗ്ഗങ്ങളേയും സ്വന്തം കാൽക്കീഴിൽ ഞെരിച്ചമർത്തി ഗോളാന്തരയാത്രനടത്തുന്ന മനുഷ്യന്റെ അഹങ്കാരത്തിന്റെ കടയ്ക്കലേറ്റ ഏറ്റവും വലിയ പ്രഹരമാണ് കോവി‍ഡ് 19 എന്ന കൊറോണ വെെറസ്. സ്വന്തമായി ഒരു കോശം പോലും അവകാശപ്പെടാനില്ലാത്ത ഈ RNA കണം ലക്ഷകണക്കിന് വർഷങ്ങളിലൂടെ മനുഷ്യൻ നേടിയെടുത്ത എല്ലാ നേട്ടങ്ങളെയും നിഷ് പ്രഭമാക്കിക്കൊണ്ടിരിക്കുന്നു. ഇത് പ്രകൃതി മനുഷ്യനു നൽകുന്ന മുന്നറിയിപ്പാണ്. കൊടും കാട്ടിൽ പിറന്ന് പരിഷ്കാരിയായിത്തീർന്ന മനുഷ്യൻ തന്റെ എല്ലാവിജയങ്ങളേയും പിന്നോട്ടടിക്കാൻ കരുത്തുള്ള മാരക രോഗകാരികളായ അതിസൂക്ഷ്മ ജീവികളും തന്റെ സഹജരായി ആ വനഹൃദന്തങ്ങളിൽ ഉരുക്കൊണ്ട സത്യം ശ്രദ്ധിച്ചതേയില്ല. ആ ശ്രദ്ധക്കുറവിന് ഇന്ന് വലിയവില നൽകുകയാണ് മനുഷ്യരാശി.

            കൃഷിക്കും, ഖനനത്തിനും ,ജനപഥങ്ങൾ നിർമ്മിക്കുന്നതിനുമായി മനുഷ്യൻ വനങ്ങളെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. വന്യമായരുചിഭേദങ്ങൾ്ക്കുവേണ്ടി വന്യമൃഗങ്ങളെ ഇരകളാക്കുന്നു. സാഹസികോന്മാദങ്ങൾക്കായി വനാന്തരയാത്ര നടത്തുന്നു. ഇതിനൊക്കെ നിയന്ത്രണം ഉണ്ടായേമതിയാവൂ എന്ന ചിന്തയാണ് കോവിഡ് 19 നമ്മിലുദിപ്പിക്കുന്നത്. ചൈനയിലെ വുഹാ൯ പ്രവിശ്യയിലെ അനിമൽമാർക്കറ്റിൽ പ്രത്യക്ഷനായ ഈ വൈറസ് ചൈനയിലെ സംഹാരതാണ്ഡവത്തിനു ശേഷം ഇറ്റലി,ഫ്രാൻസ്, സ്പെയി൯,ഏറ്റവും വലിയ ലോകശക്തിയായ അമേരിക്ക തുടങ്ങി എല്ലാ ലോകരാജ്യങ്ങളേയും കോവിഡ് വൈറസ് അടിയറവു പറയിച്ചുകൊണ്ടിരിക്കുന്നു.ലോകം ഗ്ളോബൽ വില്ലേജായതോടെ ഭൂമിയുടെ ഏതെങ്കിലുമൊരു കോണിലുണ്ടാകുന്ന വളരെ ചെറിയ മാറ്റങ്ങളും തൊട്ടടുത്ത നിമിഷം നമ്മുടെ മുൻപിലും എത്തുന്നു എന്നതാണ് സത്യം. ഈ മഹാമാരിയെ ഒറ്റക്കെട്ടായി നേരിടാനുള്ള ശ്രമത്തിലാണ് ലോകം.അവിടെ ജാതി,മത,വർഗ്ഗ,വർണ്ണ,ദേശ,ഭാഷാ ഭേദങ്ങളില്ല എന്നതാണ് സത്യം. ചൈനയിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥികളിലൂടെ രണ്ടാമത് കൊറോണ റിപ്പോർട്ടുചെയ്തത് കേരളത്തിലാണെങ്കിലും നമ്മുടെ സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും മികച്ചപ്രവർത്തനങ്ങളിലൂടെ ലോകരാജ്യങ്ങൾക്കു മാതൃകയാവുകയാണ് നമ്മുടെ കേരളം എന്നതിൽ നമുക്കഭിമാനിക്കാം.

             ലോകത്താകമാനം ഇരുപതുലക്ഷത്തോളം ആളുകളിൽ ഈവൈറസ് ബാധിക്കുകയുംഒരുലക്ഷത്തോളമാളുകൾ മരിച്ചകഴിഞ്ഞു.ഈരോഗത്തിന് ഇതുവരെ ഫലപ്രദമായ മരുന്ന്കണ്ടെത്താനായിട്ടില്ല. സാമൂഹിക അകലം പാലിച്ച് കൊറോണയുടെ ചങ്ങല പൊട്ടിക്കാനുള്ള ശ്രമത്തിലാണ് നാം. മനുഷ്യൻ സ്വന്തം കൂടാരങ്ങളിലേക്ക്,സ്വന്തം അസ്തിത്വത്തിലേക്ക് ഉൾവലിയാൻ പഠിച്ചുതുടങ്ങി. അടങ്ങിയിരിക്കാനുള്ള ശീലം നാം പരിശീലിച്ചുതുടങ്ങി. മനുഷ്യന്റെ ഈ അടക്കം അവന്റെ ജന്മഗൃഹമായ ഭൂമിക്കും അതിന്റെ പരിസ്ഥിതിക്കും കഴിഞ്ഞ കുറെ ദിവസങ്ങളായി വലിയ അനുഗ്രഹമാണ് ചൊരിഞ്ഞുകൊണ്ടിരിക്കുന്നത്. നമ്മുടെ അന്തരീക്ഷത്തെ മലീമസമാക്കിക്കൊണ്ടിരിക്കുന്ന കാർബൺഡയോക്സൈഡുപോലെയുള്ള മാരകവിഷങ്ങളുടെ അളവ് കുറഞ്ഞിരിക്കുന്നു. പ്രാണവായു ലഭിക്കാതെ പിടഞ്ഞിരുന്ന ഡൽഹിപോലെയുള്ള നഗരങ്ങളിൽ ഓക്സിജന്റെ അളവ് കൂടിയിരിക്കുന്നു. ലോക്ഡൗൺ നമ്മുടെ പ്രകൃതിക്ക് അനുഗ്രഹമാകുന്നു. ഫാക്ടറികൾ തുപ്പിയിരുന്ന കാകോളമേറ്റ് വിഷവാഹിനികളായി മാറിയ ഗംഗയും യമുനയും മറ്റനേകം നദികളും വിഷമുക്തരാകാൻ തുടങ്ങിയിരിക്കുന്നു. അവയിലെ ജീവജാലങ്ങൾ പ്രാണൻ വീണ്ടെടുത്തു തുടങ്ങിയിരിക്കുന്നു. നമ്മൾ മിതവ്യയം ശീലിച്ചുതുടങ്ങിയിരിക്കുന്നു. ആവശ്യത്തിനും അനാവശ്യത്തിനുമായി വാങ്ങിക്കൂട്ടിയ സാധനങ്ങളുടെ പ്ളാസ്റ്റിക് ഉൾപ്പടെയുള്ള അവശിഷ്ടങ്ങൾ നമ്മുടെ പരിസരങ്ങളിൽ കുറഞ്ഞുതുടങ്ങി. പാഴ്ച്ചിലവുകൾ കുറഞ്ഞിരിക്കുന്നു. വൈകുന്നേരങ്ങളിലെ ബേക്കറിപലഹാരങ്ങൾക്കൊഴിവുകൊടുത്ത് അമ്മമാരുണ്ടാക്കുന്ന നാടൻരുചികൾ കുട്ടികളുംപരിശീലിക്കുന്നു. ഇങ്ങനെ ചിന്തിക്കുമ്പോൾ ഈ കൊറോണക്കാലം മനുഷ്യരുൾപ്പടെയുള്ള എല്ലാ ജീവജാലങ്ങൾക്കും ആശ്വാസകാലമാണെന്നു പറയാം.

            പക്ഷേ കോവിഡ് നമുക്കു നൽകുന്ന ബന്ധനത്തിന്റെ,ഏകാന്തതയുടെ,ഭയത്തിന്റെ,നഷ്ടങ്ങളുടെ വലിയ കണക്ക് മറന്നുകൂടാ. നമ്മുടെ സൗഹൃദങ്ങൾ, പഠനം, യാത്രകൾ, കളികൾ ഒക്കെ നമുക്കു തിരിച്ചുപിടിക്കണം. എത്രനാൾ നമുക്കിങ്ങനെ അടച്ചുപൂട്ടിയിരിക്കാനാവും. കൊറോണ എന്ന മഹാമാരിയെ നമുക്കുതോൽപ്പിച്ചേ മതിയാവൂ. ശ്രീ വൈലോപ്പിള്ളി ശ്രീധരമേനോന്റെ വരികളല്പം മാറ്റിപ്പാടിയാൽ "ഹാ വിജുഗീഷു കൊറോണയ്കാമോ ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ"

ഐശ്വര്യ.എ
10.ബി ഗവ.എസ്.വി.എച്ച്.എസ്.കുടശ്ശനാട്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം