ഗവ എച്ച് എസ് എസ് , ചേർത്തല സൗത്ത്/അക്ഷരവൃക്ഷം/നന്ദുവിന്റെ വിഷു

Schoolwiki സംരംഭത്തിൽ നിന്ന്
നന്ദുവിന്റെ വിഷു

മുത്തശ്ശിയുടെ മടിയിൽ തല വെച്ച് കിടക്കുകയാണ് നന്ദു.ഒരായിരം ചോദ്യങ്ങൾക്കു മുത്തശ്ശി ഉത്തരം പറയുന്നുണ്ട്.അവൻ വീണ്ടും ചോദിച്ചു, "മുത്തശീ എനിക്ക് എത്ര വയസ്സുള്ളപ്പോഴാണ് എന്റെ അച്ഛൻ വിദേശത്തേക്ക് പോയത്?". "നിനക്ക് വെറും ആറു വയസ്സ് ". "ഇപ്പൊ എനിക്ക് 14 വയസ്സ് ആയില്ലേ?” "അതിന് എന്താ നിന്റെ അച്ഛൻ നിന്നെ കാണാൻ അല്ലെ വരുന്നത്?”. പെട്ടെന്ന് അവൻ ചാടി എഴുന്നേറ്റു അടുക്കളയിലേക്കോടി. "അമ്മേ...... അച്ഛൻ എന്നാ വരുന്നത്?”. "അടുത്ത മാസം വിഷു അല്ലെ? ഈ വിഷുവിനു അച്ഛൻ നമ്മുടെ ഒപ്പം ഉണ്ടാകും”. നന്ദു സന്തോഷം കൊണ്ട് തുളിച്ചാടി.അവനു അച്ഛൻ കൊണ്ടുവരുന്ന സമ്മാനപൊതികളായിരുന്നു മനസ്സുനിറയെ. എടീ സീമേ ഇവനെന്തിനാ ഇങ്ങനെ തുള്ളി ചാടുന്നത്? മുത്തശ്ശിയുടെ ചോദ്യം. "അത് അവനു കൊണ്ടുവരുന്ന സമ്മാനപ്പൊതി സ്വപ്നം കണ്ടു ചിരിക്കുന്നതാ”. സീമയുടെ മുഖത്തു പെട്ടെന്ന് ഒരു ദുഃഖം നിഴലിച്ചു. വീട്ടിലെ സാധനങ്ങൾ എല്ലാം തീർന്നു. ഈ മാസം കാശും വന്നിട്ടില്ല. വീട് പണിക്കു ബാങ്കിൽ നിന്നെടുത്ത തുക കുടിശ്ശികയാണ് . "സാരമില്ല മോളെ അവൻ വരുന്നത് കൊണ്ടാകും കാശ് അയക്കാത്തത്.നോക്കുമ്പോൾ ഗൾഫ് കാരന്റെ വീടാ. കടവും കടത്തോട് കടവും. ഒരു ശമ്പളം കൊണ്ട് എത്ര പേർക്ക് വീതിക്കണം. ഇല്ലെന്നു പറഞ്ഞാൽ കൂടപ്പിറപ്പുകളുടെ പരാതി.സ്വന്തം സുഖം നോക്കാതെ ജീവിത സുഖം അറിയാതെ മറ്റുള്ളവർക്കു വേണ്ടി മണലാരണ്യത്തിൽ കിടന്നു കഷ്ടപ്പെടുന്നു!. തിരിച്ചു വരുമ്പോ സമ്പാദിച്ചതൊന്നുമില്ല!” ഇത്രയും പറഞ്ഞു ശാരദാമ്മ തന്റെ മുറിയിലേക്ക് പോയി.ദിവസങ്ങൾ കടന്നു പോയി . ഏപ്രിൽ ഒന്നാം തീയതി നന്ദു രാവിലെ എഴുന്നേറ്റു ഊണുമേശയിൽ വന്നിരുന്നു.അമ്മേ ഇനി അച്ഛൻ വരാൻ വെറും പതിമൂന്നു ദിവസം. "നീ കണക്കു കൂട്ടണ്ട. ടീവി വാർത്ത വല്ലതും കണ്ടോ?”. “ ഇല്ല . എന്താമ്മേ ?”. "മോനെ വിദേശത്തു കൊറോണ എന്ന അസുഖം ആണ് .അതുകൊണ്ടു പ്ലെയിനിൽ വരവ് പാടാണെന്നാ അച്ഛൻ പറയുന്നേ. മരണം വരെ സംഭവിക്കാവുന്ന രോഗം". അപ്പോഴാണ് അപ്പുറത്തെ രമണി, ചേച്ചീ എന്ന് വിളിച്ചുകൊണ്ടു അവിടേക്ക് . "എന്താ രമണീ?”. "മനു ഈയിടെ എങ്ങാനും വരുമോ?". "ഉം എന്താ?". "വന്നാൽ ഇന്നാട്ടിൽ ഉള്ളവർക്കൊക്കെ പ്രശ്നമാകും". ഇരുത്തി ഒരു മൂളൂ മൂളി തിരിഞ്ഞു നടന്നു. "നീ ഒന്ന് നിന്നേ", പിന്നിൽ നിന്നും ഒരു വിളി. തുറിച്ച കണ്ണുകളുമായി മുത്തശ്ശി. "പണ്ട് എന്റെ മകൻ ഗൾഫിൽ നിന്നും വരുമ്പോൾ അവൻ കൊണ്ടുവരുന്നതെല്ലാം നീ ആണ് കൊണ്ടുപോകുന്നത് . നീ ഇവിടത്തെ അല്ല എങ്കിലും നിന്റെ മക്കളെ വളർത്താൻ എന്റെ മോൻ ഒത്തിരി കാശ് അയച്ചു തന്നിട്ടില്ലേ?അപ്പോഴൊന്നും ഈ പുച്ഛം നിന്റെ മുഖത്തു കണ്ടിട്ടില്ലല്ലോ ?അവനു ഒന്നും വരരുതേ എന്ന പ്രാർത്ഥന ആണ് വേണ്ടത്". പറഞ്ഞു തീർന്നതും ആ അമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകി. അകത്തു ഫോൺ ബെൽ അടിച്ചു. സീമ ഫോൺ എടുത്തു. ഹാലോ .. പിന്നെ ഒരു വാക്കും പുറത്തേക്കു വന്നില്ല. അച്ഛനാകും, നന്ദുവും മുത്തശ്ശിയും ഫോണിന് ചുറ്റും കൂടി. ആരാ .. ചോദിച്ചതും പൊട്ടിക്കരഞ്ഞു സീമ. "അച്ഛനാ.. എയർ പോർട്ടിൽ എത്തിയിട്ടുണ്ട് . പക്ഷെ നമ്മുടെ വീട്ടിലേക്കില്ല. ഇന്നുമുതൽ നമ്മുടെ നാട്ടിൽ ലോക്കഡൗൺ പ്രഖ്യാപിച്ചു. അച്ഛനെ കുറെ നാളത്തേക്ക് വീട്ടിലേക്കു വിടില്ല.നമ്മളും പുറത്തിറങ്ങാൻ പാടില്ല.മാസ്കും കയ്യുറയും ധരിക്കണം എന്നൊക്കെ പറയുന്നു”. അവൻ ഓടിച്ചെന്നു ടീവി വച്ചു വാർത്തകണ്ടു. അവൻ പേടിച്ചു വിറച്ചു. വിദേശത്തുനിന്നു വരുന്നവരെയെല്ലാം വണ്ടിയിൽ കയറ്റി കൊണ്ടുപോകുന്നു.അവരിലെല്ലാം അവൻ അവന്റെ അച്ഛനെ കണ്ടു. എനിക്ക് ഒരു സമ്മാനവും വേണ്ടാ .. നാളെ എന്റെ അച്ഛൻ എന്റൊപ്പം ഉണ്ടായാൽ മതിയായിരുന്നു . തീയതി 14വിഷുവാണ്.കണിയില്ല കണിക്കൊന്നയുമില്ല പടക്കങ്ങളുമില്ല. വ‍ർഷങ്ങളായി കാത്തിരുന്ന തന്റെ സമ്മാനപൊതിയോ വിഷു കൈനീട്ടാമോ ഇല്ല. ചുറ്റുവട്ടത്തുള്ള എല്ലാ വീടുകളിലും കുറെശ്ശേ പടക്കം പൊട്ടിക്കുന്നു. ലോക്ക്ഡൌൺ ആണെങ്കിലും തെറ്റില്ലാത്ത രീതിയിൽ ആഘോഷിക്കുന്നു. നന്ദുവിന്റെ വീട്ടിൽ ആകെ നിശബ്ദത. മുത്തശ്ശിയുടെയോ അമ്മയുടേയോ അനക്കമില്ല.കൃഷ്ണന്റെ വിഗ്രഹത്തെ നോക്കി നന്ദു പൊട്ടി കരഞ്ഞു. "കൃഷ്ണാ എന്റെ അച്ഛനൊന്നും വരുത്തരുതേ. ഈ കൊറോണ എന്ന മഹാ രോഗത്തിൽ നിന്നും ഞങ്ങളെ കാത്തോളണേ!”... വിളക്കിൽ നന്ദു ഒരു തിരി കൊളുത്തി വച്ച് മുത്തശ്ശി ചൊല്ലുന്ന കീ‍‍ർത്തനത്തിന്റെ നാല് വരി ഉരുവിട്ടു .ഇന്നുവരെ നന്ദു നാമം ചൊല്ലി ആരും കേട്ടിട്ടില്ല. അന്ന് മനസ്സറിഞ്ഞു അവൻ ഭഗവാനെ വിളിച്ചു. നേരം വെളുത്തിട്ടു ഒരു തുള്ളി വെള്ളം പോലും ആരും കുടിച്ചിട്ടില്ല. അപ്പോഴേക്കും അകത്തു ഫോൺ ബെല്ലടിച്ചു.ഓടിച്ചെന്നു ഫോൺ എടുത്തതും ഒരു വിളി "നന്ദുമോനെ.... അവന്റെ അച്ഛന്റെ ശബ്ദം. "അച്ഛാ.... ". "മോൻ വിഷമിക്കരുത് കുറച്ചു ദിവസം കഴിയുമ്പോൾ അച്ഛൻ വീട്ടിലെത്തും. നീ വിഷമിക്കേണ്ട അച്ഛനൊരു കുഴപ്പവുമില്ല”. അമ്മ കരഞ്ഞെന്നോ ഒന്നും കഴിച്ചില്ലെന്നോ നന്ദു മിണ്ടിയില്ല. "ഇപ്പൊ അച്ഛന്റെ നാട്ടിലുള്ള ഒരു സുഹൃത്ത് അവിടെ വരും ". പറഞ്ഞതും ഫോൺ കട്ടായി. കോളിംഗ് ബെൽ കേട്ട് നന്ദു കതകു തുറന്നതും ഒരു കയ്യിൽ ഭക്ഷണപ്പൊതിയും മറുകയ്യിൽ സമ്മാനപൊതിയും. അവൻ ഉറക്കെ വിളിച്ചു .. മുത്തശ്ശിക്കും അമ്മയ്ക്കും ഒന്നുകൂടി സങ്കടമായി. ഈ അവസ്ഥയിലും അച്ഛൻ ഞങ്ങളെപ്പറ്റി ചിന്തിച്ചു. ആതായിരുന്നു നന്ദുവിന്റെ വിഷു. "ഇനി അച്ഛൻ വീട്ടിൽ വന്നിട്ടുവേണം ഈ പൊതിയഴിക്കാൻ" നന്ദു പ്രതീക്ഷയോടെ കാത്തിരിക്കുന്നു......


വിഷ്ണുപ്രിയ എച്ച്
9A ഗവ എച്ച് എസ് എസ് , ചേർത്തല സൗത്ത്
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ