കൊറോണ നാടു വാണീടും കാലം
മാനുഷരെല്ലാരും ഒന്നു പോലെ
കാറില്ല, ബസ്സില്ല, ലോറിയില്ല
റോഡിലോ എള്ളോളം ആളുമില്ല.
തിക്കിതിരക്കില്ല, ട്രാഫിക്കില്ല
സമയത്തിനൊട്ടും വിലയുമില്ല
പച്ച നിറമുള്ള മാസ്ക് വെച്ച്
കണ്ടാലിന്നെല്ലാരും ഒന്നു പോലെ
കുറ്റം പറവാനാണെങ്കിൽ പോലും
വായ തുറക്കുവാനാർക്കു പറ്റും
തുന്നിയ മാസ്കൊന്നു മൂക്കിലിരിക്കുമ്പോൾ
മുണ്ടാതിരിക്കുവതെത്ര കാമ്യം
വട്ടത്തിൽ വീട്ടിലിരുത്തി നമ്മെ
വട്ടം കറക്കി ചെംകീടമൊന്ന്
കാണാൻ കഴിയില്ല, കേൾക്കാൻ കഴിയില്ല
കാട്ടി കൂട്ടുന്നതോ പറയാൻ വയ്യ
അമ്പതിനായിരം ലക്ഷമായീടുന്നു
ആളുകളെത്രയോ പോയ്മറഞ്ഞു
നെഞ്ചുവിരിച്ചൊരാ മർത്ത്യന്റെ തോളിലായ്
മാറാപ്പു കേറ്റിയതേതോ ദൈവം
ആയുധമുണ്ടെങ്ങും കൊന്നൊടുക്കാൻ
പേടിപ്പെടുത്തുന്ന ബോമ്പുകളും
നിഷ്ഫലമിത്രയും ഒന്നിച്ച് കണ്ടിട്ടും
പേടിക്കുന്നില്ലയീ കുഞ്ഞു കീടം
മർത്ത്യന്റെ ഹുങ്കിന്നൊരന്ത്യം കുറിക്കാനായ്
എത്തിയതാവാമീ കുഞ്ഞുകീടം
ആർത്തി കൊണ്ടെത്ര നാമോടി തീർത്തു
കാത്തിരിപ്പാവാം ഇനി സ്വൽപനേരം.