ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/അക്ഷരവൃക്ഷം/പ്രകൃതിയെ മാനിക്കാം
പ്രകൃതിയെ മാനിക്കാം
എല്ലാ കാലത്തും മാതൃകാപരമായ പൗരബോധം പ്രകടമാക്കിയിട്ടുള്ള ജനതയാണ് നാം. സഹജീവികളോടുള്ള കരുതൽ ഈ പൗരബോധത്തിന്റെ അടിത്തറയാണ്. ഓരോ കാലത്തും ഓരോ മഹാമാരി രംഗപ്രവേശനം ചെയ്യുന്നു അതിനെ നമ്മൾ തിരിച്ചറിഞ്ഞ് പ്രതിവിധി കണ്ടെത്തി കഴിയുമ്പോൾ അടുത്ത ദിവസം തന്നെ മറ്റൊരു രോഗം വരുന്നു.ഓരോന്നിലും ജയിച്ച് മുന്നേറുമ്പോൾ പുതിയ പുതിയ വെല്ലുവിളികൾ ഉണ്ടാകുന്നു. മനുഷ്യൻ പരിസ്ഥിതിയെ സങ്കീർണമായ പല മാർഗങ്ങളിലൂടെ ശല്യപ്പെടുത്തുമ്പോഴാണ് പുത്തൻ സാംക്രമിക രോഗങ്ങൾ ഉണ്ടാകുന്നത്. പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റങ്ങളുടെ യുദ്ധഭൂമിയിൽ നിന്നാണ് ജന്തുജന്യങ്ങളായ എല്ലാ പുത്തൻ സാംക്രമിക രോഗങ്ങളും പടർന്നു തുടങ്ങുന്നത്. ഏത് മഹാമാരിയുടെയും രോഗവ്യാപന രീതിയെ കുറിച്ച് പറയുമ്പോൾ അത് ശുചിത്വം, പരിസ്ഥിതി, രോഗപ്രതിരോധം എന്നിവയെ ആശ്രയിച്ചായിരിക്കും. അതിനാൽ ഈ രീതിയിലൂടെ രോഗ വ്യാപനത്തെ തടയുന്നതിന് വിപുലമായ ആരോഗ്യ വിദ്യാഭ്യാസ പരിപാടിയിലൂടെ സമൂഹത്തെയാകെ ബോധവൽക്കരിക്കുക എന്ന ദൗത്യമാണ് നമുക്ക് ഏറ്റെടുക്കാനുളളത്. അതിജീവനത്തിന് വേണ്ടി പോരാടുന്ന കാലഘട്ടത്തിലൂടെ കടന്നുപോകുന്ന നമ്മൾ ഇന്നത്തെ വെല്ലുവിളിയെ ഒരവസരമായി തന്നെ കാണണം ഇത്തരമൊരു പ്രതിസന്ധിയിലൂടെ പ്രകൃതി നൽകുന്ന സന്ദേശം മനസിലാക്കുകയും വേണം അതിൽ പ്രധാനമാണ് ശുചിത്വം. വൃത്തിയും വെടിപ്പും ഏറ്റവും പരമപ്രധാനമായ ഗുണങ്ങളിൽ പെടുന്നവയാണ് .ഇവ അർഹിക്കുന്ന പ്രാധാന്യം കൽപ്പിച്ചു കിട്ടാൻ നമുക്കൊരു മഹാത്മാവ് തന്നെ വേണ്ടി വന്നു. ഗാന്ധിജിയുടെ ചരിത്രപ്രസിദ്ധ മുന്നേറ്റങ്ങളിലെല്ലാം ശുചിത്വസങ്കൽപ്പം ദർശിക്കാൻ കഴിയും.ഗാന്ധിജിയുടെ നൂറ്റിയൻപതാം ജന്മവാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ വ്യക്തിപരവും സാമൂഹികപരവുമായ ശുചിത്വം ഉറപ്പാക്കുന്നതിന് നമുക്ക് ശ്രമിക്കാം. പ്രകൃതിയോട് നാം പുലർത്തേണ്ട കരുതലും ആദരവുമാണ് ഈ മഹാമാരി നമുക്ക് നൽകുന്ന മറ്റൊരു സന്ദേശം. പ്രകൃതിയെ തന്നെ കീഴടക്കിയ മനുഷ്യൻ ഒരു സൂക്ഷ്മാണുവിന് മുൻപിൽ കീഴടങ്ങേണ്ടി വന്നു. മനുഷ്യൻ അതിജീവനത്തിനായി മറ്റു ജീവികളെ ആശ്രയിക്കണമെന്ന തിരിച്ചറിവിന്റെ സമയമാണിത്. മനുഷ്യന്റെ അഹന്ത ഇല്ലാതാക്കാൻ ഒരു ജീവാണു മതി.
ശുചിത്വവും, കരുതലും, ജാഗ്രതയും കൊണ്ട് ഏത് മഹാമാരിയെയും തോൽപ്പിക്കാനാകും. അരോഗ്യശുചിത്വത്തിന്റെ പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം. അതിനായി ഓരോ പൗരനും സാമൂഹിക ബോധത്തോടും, ഉത്തരവാദിത്വബോധത്തോടും കൂടി പ്രവർത്തിക്കാനുള അവസരം കൂടിയാണ് ഈ കൊവിഡ് കാലം.നമ്മുടെ ഇന്നത്തെ പ്രവൃത്തികളാണ് നമ്മുടെ നാളയെ നിശ്ചയിക്കുന്നതെന്നും അതീവ ഭീഷണമായ ഈ രോഗവേളയിൽ ഓരോ ചുവടും ശ്രദ്ധിച്ച് മുന്നേറേണ്ടതുമാണ്.
പ്രകൃതി ഈ മഹാമാരിയിലൂടെ ചിലതൊക്കെ നമ്മോട് പറയുന്നുണ്ട്- എല്ലാം കീഴടക്കി എന്ന നിന്റെ ഭാവം നന്നല്ല. എല്ലാം അറിഞ്ഞു എന്ന നിന്റെ വിചാരവും ശരിയല്ല. മനുഷ്യന്റെ അറിവിനു പരിമിതിയുണ്ട്;ശേഷിക്കു പരിമിതിയുണ്ട്. നമുക്ക് അറിഞ്ഞു കൊണ്ടേയിരിക്കാം; അന്വേഷിച്ചുകൊണ്ടേയിരിക്കാം. പ്രതീക്ഷയോടെ.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |