വി.എച്ച്. എസ്.എസ്. വളാഞ്ചേരി/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
          പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ പ്രവർത്തനങ്ങൾ ക്ലാസ് മുറികളിൽ നിന്നും നാമ്പിടണം                          						                                                              കോവീഡ് എന്ന മഹാമരി പടർന്നുക്കൊണ്ടിരിക്കുന്ന വർത്തമാനക്കാലത്തും നമുക്ക് അൽപ സമയം ഭൂമിയെക്കുറിച്ച് ചിന്തിക്കാം.  പകർച്ച വ്യാധിയെ പ്രധിരോധിക്കുന്നതിന്റെ ഭാഗമായി    നമ്മുടെ രാജ്യം ഉൾപ്പെടെ ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും ലോക്ഡൗണിലായപ്പോൾ മലിനീകരണത്തിൽ നിന്നും പ്രകൃതി രക്ഷപ്പെട്ടിരുന്നു. പ്രകൃതിയെ സംരക്ഷിക്കുവാൻ അടച്ചുപൂട്ടലല്ല  പരിഹാരം. 

നമ്മുടെ ഭൂമി ഇങ്ങനെയെങ്കിലും നിലനിൽക്കണമോ ? ഇന്ന് നമ്മൾ ജാഗരായിരുന്നേ പറ്റൂ .മനുഷ്യർ ബോധപൂർവവും ,അല്ലാതെയും ചെയ്തു കൊണ്ടിരിക്കുന്ന ഓരോ പ്രവർത്തനങ്ങള്ലം ജൈവവൈവിധ്യങ്ങൾക്ക് ഭീഷണിയായിക്കൊണ്ടിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങൾ ആരോഗ്യത്തോടെ വളരണമോ ? മാറ്റം നമ്മളിൽ നിന്നും തുടങ്ങിയേ പറ്റൂ. നമ്മുടെ ക്ലാസ് മുറികൾ നല്ല നാളെക്കുളള കേളീരംഗങ്ങളാവണം. തന്റെ മുമ്പിലുള്ള കുട്ടികളിൽ പരിസ്ഥിതി ബോധവൽക്കരണം നടത്താനും, അവരെ പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളിയാക്കാനും ഓരോ അധ്യാപകർക്ക് സാധിക്കണം . പരിസ്ഥിതി സംരക്ഷണ പ്രവർത്തനം അവന്റെ സ്വഭാവ രൂപികരണത്തിന് ഇടയാക്കുന്നു. വാട്സ്ആപ്പ്, ഫെയ്സ് ബുക്ക് തുടങ്ങി വിവിധ സാമൂഹ്യ മാധ്യമങ്ങളിൽ മാത്രം ജീവിതം ഹോമിക്കുന്ന പുതുതലമുറയെയല്ലാ നമ്മുക്ക് വേണ്ടത് . ചുറ്റുപ്പാടുകളെ കണ്ടെത്താനും ,അവയെ സംരക്ഷിക്കാനും കെൽപ്പുള്ള കണ്ണ് തുറന്ന് വെക്കുന്ന പുതുതലമുറയാണ് നമ്മൾ സൃഷ്ടിക്കേണ്ടത് .

 വരൾച്ചയും ,രൂക്ഷമായ കുടിവെള്ള പ്രശ്നങ്ങളും, കാടുകൾ കത്തിച്ചാമ്പലാവുന്നതും ,പ്രളയവും ,പകർച്ച വ്യാധികളും തുടങ്ങി ഒട്ടനവധി പ്രശ്നങ്ങളെയാണ് നാം നേരിടുന്നത് . ദുരന്തമുഖത്തുനിന്ന് അലറിവിളിക്കുന്നതിന് പകരം പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാവുന്ന സാഹചര്യം ഇല്ലാതാകാനാണ് നാം പരിശ്രമിക്കേണ്ടത് . നമ്മുടെ വായുവും,ശുദ്ധ ജലവും, മണ്ണും മലിനമാക്കുന്ന  പ്രവർത്തനം ഭീതിതമാം വിധം വർധിച്ചുക്കൊണ്ടേയിരിക്കുന്നു. പരിസ്ഥിതി സംരക്ഷണം ഓരോ വ്യക്തിയുടെയും കടമയാവണം .പ്രാണവായുവും , അന്നവും ,ദാഹജലവും നൽകുന്ന ഭൂമിയെ കാത്തു സൂക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ് . നഷ്ടപ്പെട്ടു പോയി കൊണ്ടിരിക്കുന്ന മണ്ണും ,വിണ്ണും , വെള്ളവും സംരക്ഷിച്ചേ പറ്റൂ. ഇന്നലകളുടെ നല്ല മനസ്  നമ്മുക്ക് വീണ്ടെടുക്കണം.വെട്ടിപ്പിടിക്കലുകാർ ധാരാളം ഉളള കാലത്ത് ജീവിക്കുമ്പോഴും പരിസ്ഥിതി സംരക്ഷണം നമ്മുടെ ജീവിതചര്യയായി മാറ്റണം . കുട്ടികളെ അതിന് പ്രാപ്തരാകുകയെന്നത്  ഓരോ അധ്യാപന്റെയും കർത്തവ്യമാണ് . പരിസ്ഥിതി പഠനത്തിലും , സംരക്ഷണ പ്രവർത്തനങ്ങളിലും വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായി വിദ്യാലയങ്ങളിൽ രൂപീകരിക്കുന്ന കൂട്ടായ്മയായ പരിസ്ഥിതി ക്ലബുകളിലെ അംഗങ്ങളുടെ മാത്രം ചുമതലയല്ല പരിസ്ഥിതി സംരക്ഷണം .നമ്മുക്ക് അഭയം നൽക്കുന്ന പരിസ്ഥിതിയെ കാത്തുസൂക്ഷിക്കാൻ കർത്തവ്യബോധമുള്ള വ്യക്തികളാക്കി കുട്ടികളെ മാറ്റിയെടുക്കുവാൻ പാരിസ്ഥിത മൂല്യങ്ങളെയും ,ദർശനങ്ങളെയും  പറ്റിയുള്ള ധാരണ വളരെ ചെറുപ്പത്തിൽ തന്നെ അവരിൽ ഉണ്ടാവണം .പരിസ്ഥിതിയെ സംബന്ധിച്ച ചുമതലകൾ ഏറ്റെടുക്കാൻ നാം കുട്ടികളെ പ്രാപ്തരാക്കണം . സാമൂഹ്യ ബോധമുള്ള പൗരന്മാരായി വളരാനും ,കാത്തു സൂക്ഷിക്കാനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെ പുതുതലമുറക്കും  സാധിക്കും . പരിസ്ഥിതി ദിനത്തിലെ കേവലം ഒരു വൃക്ഷത്തൈ നടലിൽ മാത്രം ഒതുങ്ങേണ്ടതല്ലാ പരിസ്ഥിതി സംരക്ഷണം .പ്രാണവായുവും ,ജലവും , നമ്മൾ ഉപയോഗിക്കുന്ന കാലത്തോളം പരിസ്ഥിതിക്ക്  ഒരു കോട്ടവും തട്ടുവാൻ സമ്മതിക്കില്ലായെന്ന് ഓരോരുത്തരും പ്രതിജ്ഞയെടുക്കണം .
   നമ്മുടെ ഇതുവരെയുള്ള ശീലങ്ങൾ പരിസ്ഥിതിയുടെയും ,ഓരോ വ്യക്തിയുടെയും നിലനിൽപിന് ഗുണകരമായിരുന്നുവോ എന്ന് വിലയിരുത്തണം .നമ്മുടെ ആരോഗ്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും സഹായകമാവുന്ന ശീലങ്ങളെ തിരിച്ചുപിടിക്കണം . മാരകമായ കീടനാശിനികളും  ,രാസവളങ്ങളും ഉപയോഗിച്ച് വരുന്ന കാർഷിക വിഭവങ്ങൾ അല്ല    നമ്മുക്ക് വേണ്ടത് .ഫാസ്റ്റ്  ഫുഡുകളും ,ജങ്ക് ഫുഡുകളും ഉപയോഗിച്ച് മാരകമായ രോഗങ്ങൾക്ക്  അടിമയായി ജീവിക്കുന്നത് ഇല്ലാതാകുവാൻ നാടൻ ഭക്ഷ്യവിഭവങ്ങളിലേക്ക് തിരിച്ചു പോകുവാൻ നമ്മുക്ക്     ഓരോരുത്തർക്കും  സാധിക്കണം . വാഴക്കൂമ്പ് ,വാഴത്തണ്ട് ,പപ്പായ , ചക്ക, മാങ്ങ ,വിവിധ തരം കിഴങ്ങുകൾ , മുരിങ്ങയില തുടങ്ങി നാട്ടിൻപുറത്തെ നന്മകളിലേക്ക് തിരിച്ചു പോകുവാൻ ഈ കോവിഡ് കാലത്ത് ഭൂരിഭാഗത്തിനും സാധിച്ചു. നാടൻ വിഭവങ്ങളുടെ  ഉപയോഗം നമ്മുക്ക് ശീലമാക്കണം . ഓരോ വീട്ടിലും ഒരു ജൈവ അടുക്കളത്തോട്ടം  ഉണ്ടാകണം.  നമുക്ക് ആവശ്യമായതിന്റെ കുറച്ചെങ്കിലും നമുക്ക് ഉദ്പ്പാദിപ്പിക്കാം.  ആഹാരം ലഭിക്കാതെ മരണത്തിലേക്ക് നടന്നടുക്കുന്ന അനവധി കുട്ടികൾ ഉണ്ടെന്ന് നാം ഓർക്കണം . അതിനാൽ ഭക്ഷണ സാധനങ്ങൾ ഒരിക്കലും പാഴാക്കി കളയരുത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരിമിതപ്പെടുത്തുകയും ,തുണിസഞ്ചികളും ,പേപ്പർ കവറുകളും ഉപയോഗിക്കാൻ കുട്ടികളെയും പൊതു സമൂഹത്തെയും പ്രാപ്തരാകണം .ചെറിയ കുറിപ്പുകളും ,റഫ് നോട്ടുകളും എഴുതാൻ നോട്ടീസുകളുടെ മറുപുറം ഉപയോഗിക്കണം .
   ജലക്ഷാമം അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ പാത്രം കഴുകന്നതുൾപ്പെടെയുള്ള പാഴ്വെള്ളം  അടുക്കളത്തോട്ടം  നനക്കുവാൻ ഉപയോഗിക്കാം സാധിക്കും.ചെറിയ ദൂരത്തേക്ക് പോലും വാഹനങ്ങൾ ആശ്രയിക്കാതെ നടത്തം ശീലമാക്കണം . നല്ല ആഹാരത്തോടൊപ്പം  വ്യായാമവും  കൂടിയുണ്ടെങ്കിലെ ആരോഗ്യമുണ്ടാവുകയുള്ളൂവെന്ന് ബോധ്യപ്പുെടുത്തണം . പ്രകൃതിയെ അനുഭവിച്ചറിഞ്ഞ്  കുട്ടികളെ വളർത്തുവാൻ രക്ഷിതാക്കളെയും പ്രേരിപ്പിക്കണം.  പ്രതികരണ ശേ‍ഷിയുളള ,പരിസ്ഥിതി അവബോധമുള്ള സമൂഹത്തിനായി കുഞ്ഞുങ്ങളോടപ്പം അധ്യാപകരായ നമുക്കും കൂട്ടമായി പരിശ്രമിക്കാം . 


സുരേഷ് പൂവാട്ടു മീത്തൽ, എച്ച്.എസ്.ടി (എസ്.എസ്), വി.എച്ച്.എസ്.എസ് വളാഞ്ചേരി