ജി.എച്ച്.എസ്.എസ്. കരിമ്പ/അക്ഷരവൃക്ഷം/പരിസ്ഥിതിയും പകർച്ചവ്യാധിയും

പരിസ്ഥിതിയും പകർച്ചവ്യാധിയും

    മഹാമാരിക്കു മുന്നിൽ പകച്ചു നിൽക്കുന്ന ലോകം , അതിനെ മറിക്കടക്കാനുള്ള മാർഗ്ഗങ്ങൾ തിരയുകയാണ്. സുസൂക്ഷ്മമായ വൈറസ് ലോകത്തിനേൽപ്പിച്ച ആഘാതം വളരെ വലുതാണ്. ഈ മഹാമാരി ചൈനയിലെ വുഹാനിലെ മാംസ ചന്തയിലെ ഇറച്ചി തുണ്ടിൽ നിന്ന് ഉടലെടുത്തതല്ല. സ്വന്തം ജീവിതത്തോടും ചുറ്റുപാടുകളോടും മനുഷ്യൻ കാണിക്കുന്ന സമീപനവുമായി ഇതിനു ബന്ധമുണ്ട്. നമ്മുടെ ജീവിത രീതികളിലുണ്ടായ മാറ്റങ്ങളാണ് ഇതിനെല്ലാം പ്രധാന കാരണം , നാം പ്രകൃതിയോടു പുലർത്തുന്ന നെറികേടുകളാണ് ഭൂമിയിൽ ഈ സ്ഥിതി വിശേഷമുണ്ടാക്കിയത്.മനുഷ്യൻ പ്രകൃതിയോട് ഏതെല്ലാം തരത്തിൽ പെരുമാറി എന്നതിന്റെ തിരിച്ചടിയാണ് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിലായി ലോകത്ത് പടർന്നു പിടിച്ച നൂറു കണക്കിന് രോഗങ്ങളുടെ ഉത്‌ഭവ സ്വഭാവം വ്യക്തമാക്കുന്നത് . യാദൃശ്ചികമായി സംഭവിച്ചതാണെങ്കിലും കൊറോണ മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും കൂടുതൽ ആതിഥ്യമരുളുന്ന ഇടമായി ലോകത്തെ മാറ്റിയിരിക്കുന്നു. ഭൂമിയെ വീടായി കാണുന്ന അനേകം ജീവിവർഗ്ഗങ്ങളിൽ ഒന്നു മാത്രമാണ് മനുഷ്യൻ. ഉടമസ്ഥാവകാശ ബോധം ഇല്ല എന്നതാണ് മറ്റു ജീവികളെ മനുഷ്യനിൽ നിന്നും വ്യത്യസ് തമാക്കുന്നത്. അതുകൊണ്ടു തന്നെ പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യണമെന്ന ചിന്തയില്ലാതെ അവർ ജീവിതം നയിക്കുന്നു.
      ഈ അടുത്ത കാലത്തായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട കൊറോണ വൈറസിന്റെ ചിത്രം വളരെ ശ്രദ്ധേയമാണ്. കൊറോണ വൈറസിനെ ഗോളാകൃതിയിൽ ചിത്രീ കരിച്ച് അതിനെ രണ്ടായി പകുക്കുകയും ഒരു പകുതി മനുഷ്യനു നേരെ വളരെ കോപിഷ്ഠനായി നോക്കുകയും മറുപകുതി പ്രകൃതിയിലെ മറ്റെല്ലാ ജീവജാലങ്ങൾക്കും നേരെ പുഞ്ചിരിച്ച് നിൽക്കുകയും ചെയ്യുന്നു . വൈറസ് പൊട്ടി പുറപ്പെടാൻ തുടങ്ങിയതു മുതൽ മനുഷ്യൻ സ്വന്തം ഇടങ്ങളിൽ ഒതുങ്ങി . റോഡുകളിൽ വാഹനങ്ങളും , ആളുകളും കുറഞ്ഞു. നഗര പ്രദേശങ്ങളിൽ പതുക്കെ പച്ച തിരിച്ചു വന്നു. വ്യവസായ ശാലകൾ അടച്ചതോടെ വായു മലിനീകരണം കുറഞ്ഞു. എല്ലായിടങ്ങളിലും, നഗരാതിർത്തിക്ക് പുറത്ത് മടിച്ചു നിന്നിരുന്ന മൃഗങ്ങളെല്ലാo തന്നെ നഗരങ്ങളിലേക്കിറങ്ങി വരുന്നുണ്ട്. പക്ഷികളുടെ സംഗീതത്തെ ആസ്വദിക്കാൻ ഇന്ന് നഗരവാസികൾക്കും കഴിയുന്നു. അപരിചിതങ്ങളായ ഈ കാഴ്ചക നഗരങ്ങൾക്ക് വളരെ കൗതുകമേറിയതാണ്.
      മനുഷ്യനെ സംബന്ധിച്ച് ഇത് സ്നേഹത്തിന്റെയും , ഒരുമയുടെയും നാളുകളാണ് , നമ്മൾ വീടുകളിൽ മിതത്വം ശീലിച്ചിരിക്കുന്നു. അതിലൂടെ അളവറ്റ കരുതലും സഹാനുഭൂതിയുമാണ് നാം പ്രകടമാക്കുന്നത് . പുറത്തുള്ള നിയന്ത്രണങ്ങൾ അകത്തേക്കുള്ള തുറക്കലുകളാകേണ്ട നാളുകളാണിത് . ജീവിതത്തിന്റെ അഗാധമായ അർഥത്തെ കുറിച്ച് ചിന്തിക്കാനുള്ള ചെറിയ ഇടവേള . ഇത് മനുഷ്യനെ മരണ ബോധത്തിലേക്കും അതിലൂടെ മാനസാന്തരത്തിലേക്കും ചെന്നെത്തിക്കുന്നു.
       ‘ഭൂമിയൊരു അക്ഷയ പാത്രമല്ല’ എന്ന തിരിച്ചറിവാണ് ഈ പരിതസ്ഥിതിയിൽ നാം മനസ്സിലാക്കേണ്ടത് ലളിതമായ ജീവിതം നയിക്കണമെന്ന വലിയ പാഠം നാം പഠിക്കേണ്ടിയിരിക്കുന്നു ‘വസുധൈവ കുടുംബകം’ ലോകം തന്നെയാണ് കുടുംബം എന്ന വാക്യം നാം ശീലിക്കേണ്ടിയിരിക്കുന്നു. ഭാരതത്തെ മുന്നോട്ടു നയിച്ചവരെല്ലാം മുഖ്യ ആദർശമായി പഠിപ്പിച്ചതും ഇതു തന്നെയായിരുന്നു. ഭാരതത്തെ മുന്നോട്ടു നയിച്ച മഹാത്മജി ഇതിന് പ്രകാശ പൂർണ്ണമായ ഉദാഹരണമാകുന്നു ‘എന്റെ ഗുരുനാഥൻ’ എന്ന കവിതയിൽ മഹാത്മജിയെപ്പറ്റി മഹാകവി വള്ളത്തോൾ അനുസ്മരിപ്പത് ശ്രദ്ധേയമാണ്.
       “ ലോകമേ തറവാടു തനിക്കീ ച്ചെടികളും
 പുൽക്കളും പുഴുക്കളുംകൂടി തൻ കുടുംബക്കാർ” ഗാന്ധിജിയുടെ പ്രസംഗങ്ങളിലും ലേഖന ങ്ങളിലുമെല്ലാം ഈ വികാരം തന്നെ തുടികൊട്ടുന്നു.
     വൈദ്യശാസ്ത്ര പരമായ ഇടപെടലിന്റെ നാളുകളിലൂടെയാണ് നാം കടന്നുപോകുന്നത്. കൃത്യമായ ശുചിത്വവും കഠിനമെങ്കിലും ആവശ്യമായ നയപരമായ തീരുമാനങ്ങളും അനിവാര്യമാണ്. അതേസമയം സ്നേഹവും , പ്രത്യാശയും ആവശ്യമുള്ള ഒരു കാലം കൂടിയാണിത്. ആത്മീയ ചിന്തകളെ തൊട്ടുണർത്തേണ്ട കാലം . ദാനധർമം, വിശ്വാസം, സംരക്ഷണം തുടങ്ങിയവ അനുവർത്തിച്ച് നാം ഈ വിപത്തിനെ അതിജീവിക്കും. സമ്പത്ത് കേന്ദ്രീകൃത വികസന മാതൃകയിൽ നിന്നും പ്രകൃതി കേന്ദ്രീകൃത വികസന മാതൃകയിലേക്കുള്ള മാറ്റത്തിലേക്ക് നയിക്കാൻ ഈ ലോക്ക് ഡൗൺ കാലം ഉപകരിക്കട്ടെ .......

ഋതു ശ്രീ.കെ.ജെ
9A ജി.എച്ച്.എസ്.എസ്.കരിമ്പ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം