ഗവ. യു. പി. എസ് പൂവച്ചൽ/അക്ഷരവൃക്ഷം/ഞങ്ങൾക്കും പറയാനുണ്ട്

ഞങ്ങൾക്കും പറയാനുണ്ട്................

ഞാൻ ഒരു മത്സ്യം. നദിയമ്മയിലൂടെ ജീവിക്കുന്ന ഒരു ചെറിയ മത്സ്യം. നിങ്ങളെപ്പോലെതന്നെ എനിക്കും ധാരാളം കഥകൾ പറയാനുണ്ട്. എനിക്ക് പറയാനുള്ള കഥ നിങ്ങൾ കേൾക്കണം. ഞാൻ നദിയമ്മയിൽ ജീവിച്ചിരുന്നത് മരണത്തെ നേരിൽ കണ്ടായിരുന്നു. കാരണം നദിയമ്മ കറുത്ത ജലത്തോടെ പ്ലാസ്റ്റിക്കുകളെയും മറ്റു മാലിന്യങ്ങളെയും തലയിലേന്തിയാണ് ഞങ്ങളെ വളർത്തിയത്. ഈ അടുത്ത ദിവസങ്ങളിൽ നദിയമ്മയുടെ ഉൾത്തട്ടിലേക്കു പ്രകാശം വരുവാൻ തുടങ്ങി. ആദ്യം ഞാൻ വിചാരിച്ചു നദിയമ്മയുടെ ചുറ്റിലുമുള്ള ഹോട്ടലുകളും ഫാക്ടറികളും എന്നെന്നേക്കുമായി പൂട്ടിയെന്നാണ്. പിന്നെ മറ്റൊരു നദിയിൽ നിന്ന് വന്ന കുഞ്ഞു മത്സ്യമാണ് എന്നോട് പറഞ്ഞത് ലോകമാകെ കൊറോണയുടെ ഭീതിയിലാണ്. അതുകൊണ്ടാണ് ഹോട്ടലുകളും ഫാക്ടറികളും അടച്ചിട്ടിരിക്കുന്നത് എന്ന്. അതറിഞ്ഞ എനിക്ക് ജീവിക്കാനുള്ള അവസരം കിട്ടിയ സന്തോഷമായിരുന്നു. പിന്നെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ നദിയമ്മയിൽ പ്രകാശം നിറഞ്ഞു. അത് വെറും പ്രകാശമായിരുന്നില്ല. ജീവന്റെ - ജീവിതത്തിന്റെ പ്രകാശമായിരുന്നു. നിങ്ങൾ മറ്റു രാജ്യത്തിൽ നിന്ന് വന്ന ഒരു ചെറിയ വൈറസിനെ പേടിച്ച് കരുതലോടെ ഇരിക്കുന്നുവെങ്കിൽ വർഷങ്ങളോളം നിങ്ങളെറിയുന്ന മാലിന്യത്തിൽ കിടന്നു വളർന്ന ഞങ്ങളുടെ അവസ്ഥ നിങ്ങളൊന്ന് ഓർത്തുനോക്കൂ. അതുകൊണ്ടു എനിക്ക് നിങ്ങളോട് ഒരു കാര്യമേ പറയാനുള്ളു നിങ്ങളെപ്പോലെ തന്നെ ഞങ്ങൾ മത്സ്യങ്ങൾക്കും ജീവിക്കാൻ കൊതിയുണ്ട്. ഈ വൈറസിനെയും നിങ്ങൾക്ക് അതിജീവിക്കാൻ കഴിയും. നിപ്പയെയും പ്രളയത്തെയും അതിജീവിച്ച നിങ്ങൾക്ക് കൊറോണയെ നേരിടാനാണോ പ്രയാസം! ഈ പ്രതിസന്ധിയും നിങ്ങൾ അതിജീവിക്കണമെന്നു തന്നെയാണ് ഞങ്ങളുടെയും ആഗ്രഹം. അങ്ങനെ വീണ്ടും സാധാരണ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ ഞങ്ങളെക്കൂടി പരിഗണിക്കണേ .... ഇനിയുള്ള കാലമത്രെയും നദിയമ്മയെ വേദനിപ്പിക്കാതെ ഞങ്ങളെയും ഞങ്ങളെപ്പോലുള്ളവരെയും സന്തോഷത്തോടെ, നിങ്ങളോടൊപ്പം ഈ ഭൂമിയിൽ ജീവിക്കാൻ അനുവാദിക്കണം.... അത് തന്നെയാവും പ്രകൃതി ദേവതയും ആഗ്രഹിക്കുന്നത്.

ജസൽ എൻ എസ്
7 D ഗവ. യു. പി. എസ്. പൂവച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ