കടമ്പൂർ എച്ച് എസ് എസ്/അക്ഷരവൃക്ഷം/മാറുന്ന പ്രകൃതിയും മനുഷ്യജീവിതവും

മാറുന്ന പ്രകൃതിയും മനുഷ്യജീവിതവും


നുഷ്യനടങ്ങുന്ന എല്ലാ ജീവജാലങ്ങളുടേയും വാസസ്ഥലം ആണ് പ്രകൃതി. നമ്മുടെ പരിസ്ഥിതിയിലെ ഒരോ അംഗവും ഇഴചേർന്ന ഒരു പരവതാനി പോലെയാണ്. അതിൽ ഒരു ഇഴ പൊട്ടിയാൽ ആ പരവതാനി ഉപയോഗശൂന്യമാവും. അതുകൊണ്ടുതന്നെ ഭൂമിയിൽ ഒരു ജീവിവർഗ്ഗത്തിന്റെ മാത്രം പെരുകൽ സാധ്യമല്ല.എന്നാൽ ഇന്നത്തെ ഭൂമിയുടെ അവസ്ഥ ഇങ്ങനെ അല്ല. ഇന്ന് മനുഷ്യരുടെ എണ്ണം കൂടി വരുന്നു. എണ്ണം കൂടുന്നതിനനുസരിച്ച് അവരുടെ ആവശ്യങ്ങളും വർദ്ധിച്ചു വരുന്നു. കാടും മേടും വെട്ടിത്തെളിച്ച് വലിയ കോൺക്രീറ്റ് കെട്ടിടങ്ങൾ പണിയുന്നു. നമ്മൾ മനുഷ്യർ മറ്റു ജീവജാലങ്ങളെക്കുറിച്ച് ബോധവാൻമാരാകുന്നില്ല. അവരുടെ നിലനിൽപ്പിനെക്കുറിച്ച് നമ്മൾ ശ്രദ്ധിക്കുന്നില്ല. അവരുടേതും കൂടിയാണ് ഈ ഭൂമി എന്ന് നമ്മളോർക്കേണ്ടതാണ്. അവരില്ലെങ്കിൽ നമ്മളുമില്ല എന്ന വലിയ സത്യം നാം മനസ്സിലാക്കേണ്ടതാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ കൊറോണകാലം. മുൻപ് നമ്മൾ കൂട്ടിലടച്ച മൃഗങ്ങളും പക്ഷികളും ഇന്ന് സ്വാതന്ത്ര്യം അനുഭവിക്കുന്നു. മനുഷ്യർവീട്ടിലിരിക്കുമ്പോൾ ഭൂമിസന്തോഷിക്കുന്നു.വാഹനങ്ങളില്ല,വ്യവസായശാലകൾ ഒന്നും തന്നെയില്ല.ആഗോളതാപനത്തിന് കാരണമാകുന്നകാർബൺഡൈഓക്സൈഡ്,കാർബൺമോണോക്സൈഡ് എന്നിവയുടെ അളവ് അന്തരീക്ഷത്തിൽ തീർച്ചയായും കുറഞ്ഞുകാണും ക്രമേണ ആഗോളതാപനത്തിലേക്കു പോകുന്ന ഈ ഭൂമിയ്ക്ക് ഇതൊരു ആശ്വാസംതന്നെയാണ്‌.മനുഷ്യരുടെ കടന്നുകയറ്റംതന്നെയാണ് ഭൂമിയെ ഇത്ര വിരൂപിയും മലിനവും ആക്കിതീർത്തത് എന്ന് ഈ കൊറോണക്കാലത്തെ അടച്ചുപൂട്ടലീലൂടെ വ്യക്തമാണ്. ഇന്ന് എല്ലാവരും വീട്ടിൽതന്നെയാണ്. ഈ സമയം കുടുംബബന്ധങ്ങളുടെ ദൃഢതയും ആഴവും മനസ്സിലാക്കാനുള്ളതാണ്. ഈ സമയം ഏറ്റവും സന്തോഷവാൻമാർ വയോജനങ്ങളാണ്. കാരണം തിരക്കുപിടിച്ച ഈ ലോകത്ത് എന്നും ഏകാന്തത അനുഭവിക്കുന്നവരവരാണ്. എന്നാൽ ഈ സമയത്ത് എല്ലാവരും വീട്ടിലിരിക്കുമ്പോൾ അവർക്ക് വർത്തമാനം പറയുവാനും ചിരിക്കുവാനും സ്വന്തം മക്കളും ചെറുമക്കളുമുണ്ട്. ഈ കൊറോണക്കാലം നമ്മുടെ പാരിസ്ഥിതികവും സാമൂഹീകവുമായ ഉത്തരവാദിത്തം എടുത്തുകാട്ടുന്ന ദിനങ്ങളാണ്. "മനുഷ്യന്റെ ആവശ്യത്തിനുളളത് ഭൂമിയിലുണ്ട് എന്നാൽ അത്യാഗ്രഹത്തിനുളളത് ഇല്ല." എന്നത് ഗാന്ധിജിയുടെ വാക്യങ്ങളാണ്. ഇത് അന്വർത്ഥമാക്കുന്ന ദിനങ്ങളാണ് കഴിഞ്ഞുപോകുന്നത്. ഈ രോഗകാലത്ത് നാം നേടിയ നിരവധി അറിവുകളുണ്ട്. വ്യക്തിശുചിത്വം, പരിസരശുചിത്വം തുടങ്ങിയവ ഈ ദുരിതകാലത്തിനുശേഷവും നാമിത് തുടരേണ്ടതാണ്. എന്നാൽ മാത്രമേ നമുക്ക്‌ ആരോഗ്യമുളള ഒരു തലമുറയെ വാർത്തെടുക്കാൻ കഴിയുകയുള്ളൂ. ഇങ്ങനെ ഓരോ മഹാമാരിയിലൂടേയും പ്രകൃതിദുരന്തങ്ങളിലൂടേയും ഒത്തൊരുമയുടേയും സ്നേഹത്തിന്റെയും കരുതലിന്റെയും പാഠം കാലം നമ്മെ പഠിപ്പിക്കുകയാണ്. ഈ ദുരിതകാലവും നാം അതിജീവിക്കുകതന്നെ ചെയ്യും.


യദുകൃഷ്ണൻ. പി
9 എ കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം