എ യു പി എസ് ദ്വാരക/അക്ഷരവൃക്ഷം/കൊറോണയെ സ്നേഹിച്ച ഡാനിയൽ

കൊറോണയെ സ്നേഹിച്ച ഡാനിയൽ

ഡാനിയൽ. അവനൊരു ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. മുഴുകുടിയനായ അച്ഛൻ ഫ്രാൻസിസ്,കൂലിപ്പണി എടുക്കുന്ന അമ്മ ആലീസ്, 4ാം ക്ലാസിൽ പഠിക്കുന്ന കുഞ്ഞനിയത്തി ലില്ലി ഇതാണ് അവൻ്റെ കുടുംബം. മറ്റു ബന്ധുക്കളാരും തിരിഞ്ഞുനോക്കുന്നില്ല. ഓല മേഞ്ഞ ചെറ്റക്കുടിലാണ് അവരുടെ ആകെ സ്വത്ത്. ഡാനിയൽ മിടുക്കനായ വിദ്യാർത്ഥിയാണ്. ക്ലാസിലെ എല്ലാ കുട്ടികളും സ്കൂൾ ഫീസ് കൊടുത്തുകഴിഞ്ഞു. പക്ഷേ പാവം ഡാനിക്ക് കൊടുക്കാൻ കാശില്ല. മാസങ്ങൾ കടന്നുപോയി. ടീച്ചർ "പറഞ്ഞു ഡാനി വേഗം ഫീസ് തരൂ". ..

അപ്പോൾ അവൻ ആലോചിച്ചത് എന്നും വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ആണ്. പകലന്തിയോളം പണിയെടുത്ത് കിട്ടുന്ന കാശുകൊണ്ട് അച്ഛൻ മദ്യപിച്ച് വന്ന് അമ്മയെ അസഭ്യം പറയുകയും ഡാനിയെയും അനിയത്തിയെയും ഉപദ്രവിക്കുന്നതുമാണ്

രണ്ടു ദിവസം എങ്കിലും അച്ഛൻ കുടിക്കാതിരുന്നാൽ എനിക്ക് കൊടുക്കാൻ സ്കൂൾ ഫീസ് തികയുമായിരുന്നു. പക്ഷേ അച്ഛൻ പറഞ്ഞാൽ കേൾക്കില്ലല്ലോ. അവൻ ആത്മഗതം ചെയ്തു.

അന്നൊരുദിവസം അവൻ്റെ അടുത്ത സുഹൃത്തിന്റെ അച്ഛൻ മരിക്കയുണ്ടായി. തൻ്റെ അച്ഛൻ ക്രൂരനാണെങ്കിലും അവന് തന്റെ അച്ഛൻ മരിക്കുന്നത് ആലോചിക്കാൻ കൂടി വയ്യ.

ദിവസങ്ങൾ കഴിഞ്ഞുപോയി. കേരളത്തിൽ ഒരു പുതിയ വൈറസ് രോഗം കണ്ടുതുടങ്ങി. അതെ "കൊറോണ" ആദ്യം വലിയ കുഴപ്പമില്ലെന്ന് തോന്നിച്ച അത് ദിവസങ്ങൾക്കകം പെറ്റുപെരുകി. ഇതു ബാധിച്ച് ലക്ഷക്കണക്കിന് ആളുകൾ മരിക്കയുണ്ടായി. കേരളസർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പച്ചക്കറി കടകൾ, ചായക്കടകൾ, ബാർബർ ഷോപ്പുകൾ, ചെരിപ്പു കടകൾ, എല്ലാമടച്ചു. കൂടാതെ ബാറുകളും. ഡാനിയുടെ അച്ഛന് മദ്യം കിട്ടാതായി. അന്ന് ഡാനിക്ക് ഒാർമവെച്ചതിൽ ആദ്യമായി അവൻ്റെ അച്ഛൻ മദ്യം കഴിക്കാതെ വീട്ടിൽ വന്നിരിക്കുന്നു. അവർക്കാകെ സന്തോഷമായി പക്ഷേ അച്ഛൻ അവരോട് ഒന്നും പറയാതെ കട്ടിലിൽ കയറി കിടന്നു. രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ അച്ഛൻ തിണ്ണയിൽ വെറുതെയിരിക്കുന്നു. ഡാനി അടുത്തുവന്നപ്പോൾ ഒന്നു ചിരിച്ചു. തന്റെ സന്തോഷം പറയാൻ വാക്കുകളുണ്ടായിരുന്നില്ല. അന്ന് അച്ഛനെങ്ങോട്ടും പോയില്ല. ഞാനമ്മയോട് കാര്യം തിരക്കി.

അമ്മ പറഞ്ഞു : കൊറോണ എന്ന രോഗം കാരണമാണിത്. "ഇനിയച്ഛൻ കുറേക്കാലം ഇവിടെ തന്നെയുണ്ടാകുമോ? " കൊച്ചു ഡാനി ചോദിച്ചു. "തീർച്ചയായും" അവൻ സന്തോഷം കൊണ്ട് മതിമറന്നു.

പക്ഷേ പിറ്റെന്ന് നടന്ന സംഭവം ഡാനിയുടെ സന്തോഷത്തെ തട്ടിത്തെറിപ്പിച്ചു. അച്ഛൻ കട്ടിലിൽ കിടന്ന് വിറക്കുന്നു. ഒന്നും മിണ്ടുന്നില്ല. അമ്മ അലമുറയിട്ടു കരയുന്നു. എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന അമ്മയ്ക്ക് ഡാനി ഒരു കടലാസ് തുണ്ട് കൊടുത്തു. പണ്ട് അവൻ റേഡിയോയിൽ കേട്ട് കുറിച്ചു വച്ച " വിമുക്തി " സംഘടനയുടെ നംപറാണത്. മദ്യാസക്തിയൊഴിവാക്കനുള്ളതാണത്. അമ്മ വേഗത്തിൽ വിളിച്ചു.

ഉടനെ ഒരു വലിയ വാൻ വന്നു. അതിൽനിന്ന് കുറച്ച് വെള്ള ഉടുപ്പിട്ട ചേട്ടന്മാർ വന്നിട്ട് അച്ഛനെ വണ്ടിയിലിട്ട് കൊണ്ടുപോയി. കൂടെ അമ്മയും പോയി.

ഡാനിയെയും അനിയത്തിയെയും അടുത്താണെങ്കിലും അടുപ്പമില്ലാത്ത അമ്മായിയുടെ വീട്ടിൽ ആക്കി. മുത്തശ്ശനെയും മുത്തശ്ശിയെയും പരിചരിച്ച് മടുത്ത അമ്മായിക്ക് അവരുടെ വരവ് തീരെ പിടിച്ചില്ല. അന്ന് രാത്രി ഉറങ്ങുബോൾ ഡാനി വിചാരിച്ചു: "മുൻപത്തെ വർഷത്തെ ഓശാനത്തിരുനാളിൽ ഞാനച്ഛൻ്റെ കയ്യിൽ പിടിച്ചു കുരുത്തോലയും പിടിച്ച് പള്ളിയുടെ പടിയിറങ്ങി. ഇന്ന് ഈ വർഷത്തെ ഓശാനത്തിരുനാൾ ദിവസം ഞാനമ്മായിയുടെ വീട്ടിൽ. ഹാാാ... നാളെ എന്താകുമോ എന്തോ. അച്ഛനെ അവർ എങ്ങനെയായിരിക്കും പരിചരിക്കുന്നുണ്ടാവുക. അച്ഛന് വേദനിക്കുന്നുണ്ടാകുമോ?

അങ്ങനെ ദിവസങ്ങൾ കടന്നുപോയി. അന്ന് ദുഃഖവെള്ളിദിവസവും അവന് ദുഃഖം തന്നെയായിരുന്നു. പിറ്റെന്ന് പാതിരാത്രിക്ക് അവരുടെ വീട്ടിലെ വാതിൽക്കൽ ആരോ മുട്ടുന്ന ശബ്ദം കേട്ടു. അവർ വാതിൽ തുറന്നുനോക്കി. കാണുന്നത്. അച്ഛനും അമ്മയും. അതെ അച്ഛൻ്റെ രോഗം അവർ ചികിത്സിച്ചുമാറ്റിയിരിക്കുന്നു. പക്ഷേ അച്ഛൻ ഒന്നും മിണ്ടിയില്ല. ഡാനിയെയും ലില്ലിയെയും കൂട്ടി അവർ വീട്ടിലേക്ക് പോകാനൊരുങ്ങി. അപ്പോൾ അമ്മായിയുടെ മുഖം സന്തോഷത്താൽ വിടർന്നു. ലില്ലി നല്ല ഉറക്കത്തിലാണ്.

ഡാനി ഉണർന്നത് അച്ഛനെ ഓർത്തുകൊണ്ടാണ്. അച്ഛനെ അടുത്തൊന്നും കാണാത്തതു കൊണ്ട് അവൻ അമ്മയോട് ചോദിച്ചു. "അച്ഛൻ നമ്മുടെ പറമ്പ് കിളയ്ക്കുകയാണ്." അമ്മ പറഞ്ഞത് ഡാനിക്ക് വിശ്വസിക്കാനായില്ല. അവനങ്ങോട്ട് ചെന്നുനോക്കി. അവനെ അച്ഛൻ തഴുകി. എന്നിട്ട് ചോദിച്ചു : "മോനേ നാളെ ഈസ്റ്റർ അല്ലേ! കൊറോണ കാരണം പള്ളിയിൽ പോകാൻ പറ്റില്ല. പക്ഷേ നമുക്ക് നാളെ രാവിലെ ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കാം." ഈ സന്തോഷം അവന് പറഞ്ഞറിയിക്കാൻ വാക്കുകളില്ലായിരുന്നു. അവനും അനിയത്തിയും സന്തോഷത്താൽ കോരിത്തരിച്ചു. അന്നവൻ നേരത്തെ ഉറങ്ങി. ഇത്രയും സന്തോഷമുള്ള രാത്രി അവനുണ്ടായിട്ടില്ല.

പിറ്റെന്ന് നേരത്തെ ഉണർന്നവർ പ്രാർത്ഥിച്ചു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. അപ്പോൾ ആ കുഞ്ഞുമനസ്സ് വിചാരിച്ചു: ഈ ഈസ്റ്റർ ശരിക്കും എനിക്ക് ഉയിർത്തെഴുന്നേൽക്കലിൻ്റെ ഈസ്റ്റർ ആണ്. എനിക്ക് ഉറപ്പിച്ചു പറയാനാകും എല്ലാവർക്കും ഒരു നല്ല കാലം വരും. എന്റെ അച്ഛനെ ഇങ്ങനെയാക്കിയ കോവിഡിന് നന്ദി. നീ ബാറുകളടപ്പിച്ച് എന്റെ അച്ഛനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവന്നു. നിന്നെ ഞാൻ ഇഷ്ടപ്പെടുന്നു. ഒരുപക്ഷേ ലോകത്തുതന്നെ നിന്നെ ഇഷ്ടപ്പെടുന്നത് ഞാൻ മാത്രമേയുണ്ടാകൂ... ഡാനിയൽ ഫ്രാൻസിസ് ഡയറിയിൽ കുറിച്ചു. ഉറങ്ങാൻ കിടന്നു...

പ്രഫുൽ പി
7 C എ യു പി എസ് ദ്വാരക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Balankarimbil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ