എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ചരിത്രം

(എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/History എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കൂമ്പൻപാറ - ചരിത്രം

സഹ്യന്റെ മടിത്തട്ടിൽ ഏലം തേയിലാദിസൂനങ്ങളുടെ സുഗന്ധവും പേറി മഞ്ഞലയിൽ കുളിച്ച് ഒഴുകിയെത്തുന്ന മന്ദമാരുതൻ. അതിന്റെ മത്തുപിടിപ്പിക്കുന്ന വാസനയേറ്റ് മയങ്ങി നിൽക്കുന്ന “അടയ്മലൈ” അഥവാ അടിമാലി. അതിനു തൊട്ടു മുകളിൽ 3 കിലോമീറ്റർ കിഴക്ക് മാറി ചുറ്റും പ്രകൃതിയൊരുക്കിയ ഉന്നത ശൃംഗങ്ങളടങ്ങിയ കോട്ടയാൽ ചുറ്റപ്പെട്ട കൂമ്പൻപാറ. 1952 – ൽ മധ്യതിരുവിതാംകൂറിൽ നിന്ന് ഒരുപറ്റം ആളുകൾ ഇവിടേയ്ക്ക് കുടിയേറിപ്പാർത്തു. പക്ഷേ, അവർക്ക് വിദ്യാഭ്യാസ സൗകര്യങ്ങൾ ഉണ്ടായിരുന്നതേയില്ല. കുടിയേറ്റ കർഷകരുടെ സ്വപ്നഭൂമിയായ മന്നാങ്കണ്ടത്തിന്റെ തലസ്ഥാനമെന്നു വിശേഷിപ്പിക്കാവുന്ന അടിമാലിയും കൂമ്പൻപാറയും കുടിയേറ്റകാലത്തിെന്റെ ആരംഭം മുതലേ പ്രശസ്തമായിരുന്നു. കച്ചവടകേന്ദ്രമെന്ന നിലയിൽ അടിമാലിയും, കിഴക്കൻ ഹൈറേഞ്ചിലെ പ്രഥമ ദേവാലയസ്ഥാനമെന്നനിലയിൽ കൂമ്പൻപാറയും ജനങ്ങളുടെ ആശാകേന്ദ്രങ്ങളായിരുന്നു. കുടിയേറ്റ ജനതയുടെ ആവശ്യ പ്രകാരം വി. ചാവറയച്ചൻ സ്ഥാപിച്ച സി. എം. സി സന്യാസിനി സമൂഹം കൂമ്പൻപാറയുടെ മടിത്തട്ടിൽ പള്ളിക്കൂടത്തിന് തുടക്കം കുറിച്ചു. പള്ളിമുറ്റത്തെ മാവിൻ ചുവടായിരുന്നു ആദ്യ വിദ്യാലയം. പ്രധാനാദ്ധ്യാപികയും അദ്ധ്യാപികയുമൊക്ക സി. മേരി ജോൺ തന്നെ. സ്കൂൾ ആരംഭിച്ചതിനുശേഷം അതിനുണ്ടായ വളർച്ച ത്വരിത ഗതിയിലായിരുന്നു. അതിനായി വിയർപ്പൊഴുക്കിയവരുടെ കഷ്ടപ്പാടുകൾ അവർണ്ണനീയവും. ദൈവത്തിൽ അടിയുറച്ച ആശ്രയബോധമായിരുന്നു വിജയത്തിലേക്കുള്ള കുറുക്കു വഴി.

1963 – ൽ സർക്കാർ ഒരു പ്രൈമറി സ്കൂളായി താൽക്കാലിക സ്കൂളിന് അംഗീകാരം നൽകി. തേക്കിൻകാട്ടിൽ മാത്തൻ എന്ന ഉപകാരി കരിങ്കല്ലിൽ തീർത്തുകൊടുത്ത കെട്ടിടത്തിൽ സ്കൂൾ ആരംഭിച്ചു. നിർഭാഗ്യമെന്നു പറയട്ടെ, രണ്ടു ദിവസത്തിനകം ചീറിയടിച്ച കൊടുങ്കാറ്റിൽ കെട്ടിടം നിലംപതിച്ചു. പരിശുദ്ധ അമ്മയുടെ നിത്യസഹായത്തിന്റെ രുചി അറിഞ്ഞ ദിനങ്ങൾ. 1963 – ൽ പുതിയ സ്കൂൾ ആരംഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ട് ഗവൺമെൻറ് വിജ്ഞാപനം പുറപ്പെടുവിച്ചു. അന്ന് ദേവികുളം എം. എൽ. എ ആയിരുന്ന ശ്രീ. വരദന്റേയും മുവാറ്റുപുഴ എം. എൽ. എ ആയിരുന്ന സർവ്വശ്രീ. കെ. എം ജോർജ്ജിന്റെയും കൂട്ടായ ശ്രമഫലമായി സ്കൂൾ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഫാത്തിമ മാതാ എൽ. പി സ്കൂൾ എന്ന പേരിൽ സ്കൂൾ അനുവദിച്ചുകൊണ്ട് 1963 ഫെബ്രുവരി 28-ാം തീയതി സർക്കാർ ഓർഡിനൻസ് ഇറക്കി. ഇതിനായി സി. ദീസ്മാസിന്റെ ഭഗീരഥ യത്നം തന്നെ ഉണ്ടായിരുന്നുവെന്നത് നന്ദിയോടെ സ്മരിക്കുന്നു. ജൂൺ 4-ാം തീയതി ഒന്നാം ക്ലാസിൽ 103 കുട്ടികളും രണ്ടാം ക്ലാസിൽ 23 കുട്ടികളുമായി ക്ലാസുകൾ ആരംഭിച്ചു. പിന്നീടുള്ള സ്കൂളിന്റെ വളർച്ച അത്ഭുതാവഹമായിരുന്നു.സ്കൂളിന് അംഗീകാരം ലഭിച്ചെന്നറിഞ്ഞയുടനെ രണ്ട് വലിയ സംഭാവനകളാണ് ലഭിച്ചത്. ഒരേക്കർ സ്ഥലം ഇലഞ്ഞിയ്ക്കൽ കുരുവിള മാത്തൻ ചേട്ടനും ഒരേക്കർ സ്ഥലം തേക്കിൻകാട്ടിൽ മാത്തൻ ചേട്ടനും തീറെഴുതിത്തന്നു. ദാനമായി കിട്ടിയ സ്ഥലത്ത് മാർച്ച് 18 -ാം തീയതി സ്കൂൾ പണി ആരംഭിച്ചു. സ്കൂളിനെ ജനം ഒന്നടങ്കം സ്വീകരിച്ചു, സ്നേഹിച്ചു, ആദരിച്ചു.

1966 മാർച്ച് 3 – ന് എൽ. പി സ്കൂൾ യു.പി സ്കൂൾ ആയി ഉയർത്തിക്കൊണ്ട് സർക്കാർ ഉത്തരവുണ്ടായി. പ്രധാനാദ്ധ്യാപിക സി. ദീസ്മാസ്. ഈ സ്കൂളിനെ ഇല്ലായ്മകളിൽ നിന്ന് ഇന്നത്തെ നിലയിലേക്ക് ഉയർത്താൻ സിസ്റ്ററിന്റെ നേതൃത്വവും ദീർഘവീക്ഷണവും ത്യാഗസന്നദ്ധതയും വലിയ മുതൽ കൂട്ടായി. 1981 ജൂൺ 26 ന് പെൺകുട്ടികൾക്ക് മാത്രമായി ഹൈസ്കൂൾ അനുവദിക്കുകയും പ്രധാനാദ്ധ്യാപികയുടെ സ്ഥാനം സി. ബേബി തോമസ് ഏറ്റെടുക്കുകയും ചെയ്തു. 1985 ൽ 39 വിദ്യാർത്ഥിനികളുമായി ആദ്യ ബാച്ച് എസ്. എസ്. എൽ. സി. പരീക്ഷയെഴുതി.. 100 ശതമാനം വിജയം കണ്ട അന്നുമുതൽ ഇന്നുവരെ അക്കാദമീയ തലത്തിലും ഇതര മണ്ഡലങ്ങളിലും അസൂയാർഹമായ നേട്ടങ്ങൾ കൂമ്പൻപാറയിലെ ഈ വിദ്യാലയത്തിന് സ്വന്തമാണ്. 1998 ൽ ഇത് ഒരു ഹയർ സെക്കണ്ടറി സ്കൂളായി ഉയർന്നു. 1999 ൽ സി. ബേബി തോമസ് റിട്ടയർ ചെയ്തപ്പോൾ സി. മേരി കെ ജെയും തുടർന്ന് സി. അച്ചാമ്മ മാത്യുവും സി. ഷേർലി ജോസഫും സി. ലാലി മാണിയും സി.റെജിമോൾ മാത്യുവും പ്രധാനാദ്ധ്യാപികമാരായി. സി.റെജിമോൾ മാത്യു ഫാത്തിമാ തനയരെ നയിച്ചുകൊണ്ടിരിക്കുന്നു.. 150 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് 2800ലധികം കുട്ടികൾ വിദ്യ അഭ്യസിക്കുന്നു.72 അദ്ധ്യാപകരും 9 അനദ്ധ്യാപകരും ഇപ്പോൾ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ഫാത്തിമ മാതാവിന്റെ പാവനമായ സംരക്ഷണത്തിൻ 1963 ൽ തളിരിട്ട ഫാത്തിമ മാതാ സ്കൂൾ ആ വിശ്വൈക മാതാവിന്റെ കാപ്പയിൻ തണലിൽ വളർന്ന് ഇന്ന് ഫാത്തിമ മാതാ ഹയർ സെക്കണ്ടറി സ്കൂൾ ആയിമാറിയിരിക്കുന്നു. ഇന്ന് സർവ്വവിധ ഐശ്വര്യങ്ങളോടും സൗകര്യങ്ങളോടും കൂടി തലയുയർത്തി നിൽക്കുന്ന സ്കൂൾ കോംപ്ലക്സിന്റെ എളിയ തുടക്കം.......

തിരികെ...പ്രധാന താളിലേയ്ക്ക്...