എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/നാടോടി വിജ്ഞാനകോശം

നാടോടി വിജ്ഞാന കോശ നിർമ്മാണം

സ്കൂൾ നിൽക്കുന്ന പ്രദേശത്ത് പ്രചാരത്തിലുള്ള നാടോടികലകളും സാഹിത്യവും അവിടുത്തെ സംസ്കാരത്തിന്റെ മുദ്രകളാണ്. അത്കൊണ്ട് തന്നെ തങ്ങളുടെ സംസ്കാരത്തെ തിരിച്ചറിയുവാനും അവയെ തിരിച്ചു പിടിക്കാനും കഴിയുന്ന രീതിയിൽ കുട്ടികൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന ഫലപ്രദമായ ഒരന്വേഷണാത്മക ഭാഷാപ്രോജക്ട് പ്രവർത്തനമാണ് നാടോടി വിജ്ഞാന കോശ നിർമ്മാണം.

കൂമ്പൻപാറയുടെ ചരിത്ര വഴിയിലൂടെ ഒരു യാത്ര

പച്ചപ്പുതപ്പിന്റെ തലോടലിൽ സഹ്യന്റെ മടിത്തട്ടിൽ മഞ്ഞണിഞ്ഞ മാമലകൾക്കിടയിൽ മനംമയക്കി നിലകൊള്ളുന്ന ഒരു ചെറിയ പ്രദേശം കൂമ്പൻപാറ. എന്റെ സ്വന്തം നാട്. ഈ നാടിനും ഇവിടുത്തെ ഓരോ മൺതരിക്കും ഓരോ പുൽനാമ്പിനുമുണ്ടൊരു കഥ പറയാൻ....... അതിജീവനത്തിന്റെ കഥ..... നൂറ്റാണ്ടുകൾ പിന്നിട്ട ജീവിതത്തിന്റെ കഥ. മഞ്ഞിനോടും മണ്ണിനോടും കാട്ടുമൃഗങ്ങളോടും മല്ലിട്ടു കൈകുഞ്ഞിനേയും ചേർത്തു പിടിച്ചു മലമടക്കിലേക്ക് കുടിയേറി പാർത്ത ഒരു പറ്റം കുടിയേറ്റ ജനതയുടെ മറഞ്ഞു പോയ താളുകളിൽ എഴുതി ചേർക്കപ്പെട്ട ജീവചരിത്രത്തിന്റെ കഥ......

കൂമ്പൻപാറയിലേക്കുള്ള കുടിയേറ്റ യാത്ര

നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രം ആണ് കൂമ്പൻപാറയ്ക്കുള്ളത്. പുരാതന കാലം മുതലേ ഉണ്ടായിരുന്ന മനുഷ്യവാസത്തിന്റെ തെളിവുകൾ ഇന്നും അവശേഷിക്കുന്ന പ്രദേശമാണ് കൂമ്പൻപാറ. എഡി എട്ടാം നൂറ്റാണ്ടിൽ ചേരമാൾ പെരുമാൾ രാജാവിന്റെ അധീനതയിലായിരുന്നു ഈ പ്രദേശങ്ങൾ. പിന്നീട് ചേരസാമ്രാജ്യം അസ്തമിക്കുകയും നൂറ്റാണ്ടുകൾക്കുശേഷം പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഈ പ്രദേശങ്ങൾ ആകെ തിരുവിതാംകൂറിന്റെ അധീനതയിൽ വന്നുചേരുകയും ചെയ്തു. 1946 ന് മുമ്പ് ഈ പ്രദേശത്തെ താമസക്കാർ മന്നാൻ, മുതുവാൻ സമുദായത്തിൽപ്പെട്ട ആദിവാസികളായിരുന്നു. അടിമാലി, 200 ഏക്കർ, മച്ചി പ്ലാവ് തുടങ്ങിയ ചതുപ്പ് പ്രദേശത്ത് ഇവർ വർഷാവർഷം മാറിമാറി കൃഷിയിറക്കുകയും കര ഭൂമിയിൽ സുരക്ഷിത സ്ഥാനങ്ങളിൽ കൂട്ടമായി താമസിക്കുകയും ചെയ്തിരുന്നു. ഒരുകാലത്ത് നിബിഡവനം ആയിരുന്ന ഈ പ്രദേശം പൂഞ്ഞാർ തമ്പുരാക്കന്മാരുടെ വകയായിരുന്നു. കോട്ടയം ജില്ലയുടെ ഭാഗമായ ഈ പ്രദേശം കവളങ്ങാട് പഞ്ചായത്തിന്റെ ആറാം വാർഡിൽ ഉൾപ്പെട്ടതായിരുന്നു. 1955 ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കുട്ടമ്പുഴ, മന്നാംകണ്ടം എന്നീ പ്രദേശങ്ങൾ കവളങ്ങാട് പഞ്ചായത്ത് ആറാം വാർഡിൽ ഉൾപ്പെട്ടതായിരുന്നു. 1960-ലാണ് മന്നാംകണ്ടം പഞ്ചായത്ത് രൂപീകരിച്ചത്. മന്നാംകണ്ടം പഞ്ചായത്തിന്റെ ഭാഗമായിരുന്നു കൂമ്പൻപാറ. 1995ലാണ് പഴയ മന്നാംകണ്ടം പഞ്ചായത്ത് ,അടിമാലി പഞ്ചായത്ത് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത് .പിന്നീട് മന്നാംകണ്ടം, അടിമാലി പഞ്ചായത്ത് എന്ന് പുനർനാമകരണം ചെയ്തു.

ഭൂപ്രകൃതി

നിത്യഹരിതവനങ്ങളും വെള്ളച്ചാട്ടങ്ങളും, കൃഷിയിടങ്ങളും മലനിരകളും, ഗിരിശൃംഗങ്ങളും നിറഞ്ഞ പ്രകൃതി സൗന്ദര്യത്തിന്റെ, കേരളഭൂമി എന്ന് വിശേഷിപ്പിക്കാവുന്ന ഒരിടമാണ് കൂമ്പൻപാറ. കൂമ്പൻപാറയുടെ ഹൃദയാന്തർ ഭാഗത്ത് സ്ഥിതിചെയ്യുന്ന, പെട്ടി മുടിയിൽ നിന്നും ഒഴുകിയിറങ്ങുന്ന പഞ്ചാര കുത്തും.. നിരവധി കൊച്ചരുവികളും നൂറുകണക്കിന് തോടുകളും, തണ്ണീർ തടാകങ്ങളുമെല്ലാം കൂമ്പൻപാറയുടെ ഭൂപ്രകൃതിയുടെ വശ്യത കവരുന്നതാണ്. സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിലാണ് ഈ പ്രദേശം. ആദ്യകാലത്ത് കുടിയേറ്റക്കാരുടെ പ്രവേശന കവാടം ആയിരുന്നു കൂമ്പൻപാറ. വിനോദസഞ്ചാരത്തിനായി മൂന്നാറിലേക്ക് കടന്നു പോകുന്നവരെ സ്വീകരിക്കുവാൻ വേണ്ടി അണിഞ്ഞൊരുങ്ങി നിൽക്കുകയാണ് കൂമ്പൻപാറ എന്ന കൊച്ചു ഗ്രാമം.

കാലാവസ്ഥ

കേരളത്തിൽ പൊതുവേയുള്ള കാലാവസ്ഥ ഉയരത്തിനനുസരിച്ച് ഉളവാക്കുന്ന വ്യത്യാസങ്ങളോടെ കൂമ്പൻപാറയിലും അനുഭവപ്പെടുന്നു. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മഞ്ഞുകാലം മാർച്ച് മുതൽ മെയ് വരെയുള്ള വേനൽക്കാലം ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മഴക്കാലം ( തെക്കുപടിഞ്ഞാറൻ മൺസൂൺ ) ഒക്ടോബർ മുതൽ നവംബർ മാസങ്ങളിലെ മഴക്കാലം ( പടിഞ്ഞാറ് കിഴക്ക് മൺസൂൺ) എന്നീ ക്രമത്തിലാണ് കാലാവസ്ഥ. മൂന്നാറിലേക്ക് വിനോദ് സഞ്ചാരത്തിനായി പോകുന്ന ആളുകൾ കൂമ്പൻപാറ യുടെ ഈ കാലാവസ്ഥ ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്യുന്നു മെയ് അവസാനത്തോടെ തെക്കുപടിഞ്ഞാറൻ കാലവർഷ കാറ്റുകൾ മഴപെയ്യിക്കുന്നു. ഇടവപ്പാതി എന്നറിയപ്പെടുന്ന ഈ മഴ കൂടുതൽ ശക്തി ആശിക്കുന്നത് ജൂൺ ജൂലൈ മാസങ്ങളിലാണ് കൂമ്പൻപാറ യുടെ മഴയുടെ തോത് ആണ്ടിൽ 300 സെന്റീമീറ്റർ ആണ്. തുലാവർഷ (വടക്ക് കിഴക്ക് മൺസൂൺ) കാലത്തും ശരാശരി 48 -70 സെന്റീമീറ്റർ മഴ ലഭിക്കുന്നു

സസ്യജാലം

കൂമ്പൻപാറ എന്ന ചെറിയ ഗ്രാമത്തിൽ ഉയരം കൂടിയ പ്രദേശങ്ങളിൽ പുന്ന,പാലി, വെള്ളകിൽ,ആഞ്ഞിലി തുടങ്ങിയ വൻ വൃക്ഷങ്ങളും ഈറ, ചൂരൽ തുടങ്ങിയവയും സമൃദ്ധമായി വളരുന്നു. കാപ്പി, തെങ്ങ് കുരുമുളക്,ഏലം,റബർ,കൊക്കോ,നെല്ല് തുടങ്ങിയ കൃഷിയിനങ്ങളും പലതരത്തിലുള്ള സസ്യലതാദികളും വള്ളിപ്പടർപ്പുകളും തഴച്ചുവളരുന്ന ഇടമാണ് കൂമ്പൻപാറ.

ജന്തുവർഗ്ഗങ്ങൾ

നാണ്ണ്യ വിളകൾ കൃഷി ചെയ്യുന്നതിനായി മലഞ്ചെരുവുകളിലെ കാടുകൾ ഏറിയകൂറും നശിപ്പിക്കപ്പെടുകയും മനുഷ്യ അധിവാസം വർധിക്കുകയും ചെയ്യുക മൂലം വന്യമൃഗങ്ങൾ ഒട്ടുമുക്കാലും ലുപ്തമായി തീർന്നിരിക്കുന്നു. പ്രാചീന കാലഘട്ടത്തിൽ ആന, കലമാൻ, കാട്ടുപോത്ത് ,പലതരം വർണ്ണ പക്ഷികൾ എന്നിവയുടെ സങ്കേതമായിരുന്നു കൂമ്പൻപാറ. എന്നാൽ ഇന്ന് അവ കൈമോശം വന്നുകൊണ്ടിരിക്കുന്നു. കാട്ടുപന്നികൾ, മുള്ളൻ പന്നി, വാനര വർഗ്ഗങ്ങൾ കാട്ടുമുയൽ, അണ്ണാൻ നാഗവർഗ്ഗങ്ങൾ വിവിധ ഇനം ചിത്രശലഭങ്ങൾ ഇവ ധാരാളമായി കണ്ടുവരുന്നു

മണ്ണും ധാതു ദ്രവ്യങ്ങളും

പൊതുവേ രണ്ടിനം മണ്ണാണ് ഇവിടെ കാണപ്പെടുന്നത്. മണൽ കല്ലുകളും മറ്റും വിഘടിച്ച് ഉണ്ടായിട്ടുള്ള ചെമ്മണ്ണും, ജൈവാംശം ധാരാളമായി അടങ്ങിയിട്ടുള്ള വനപ്രദേശങ്ങളിൽ കാണപ്പെടുന്ന എക്കൽ മണ്ണും. കല്ലും മണ്ണും ധാരാളമായി കലർന്നിട്ടുള്ള ചെമ്മണ്ണിന് ജലസംഭരണശേഷി വളരെ കുറവാണ്.

അടിസ്ഥാന വിവരങ്ങൾ

രാജ്യം -ഇന്ത്യ

സംസ്ഥാനം -കേരളം

ജില്ലാ -ഇടുക്കി

താലൂക്ക് -ദേവികുളം

വിദ്യാലയങ്ങൾ

ഇടുക്കി ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ എന്നറിയപ്പെടുന്ന ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നത് കൂമ്പൻപാറയിലാണ്. 1962 ൽ കൂമ്പൻപാറ ഫാത്തിമ മാതാ എൽ പി സ്കൂൾ ആരംഭിച്ചു. തുടർന്ന് വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ ഒരു മാറ്റം സൃഷ്ടിച്ചു് കൂമ്പൻപാറയുടെയും അടിമാലിയുടെയും പുരോഗതിയിൽ ഈ വിദ്യാലയം സ്തുത്യർഹമായ സ്ഥാനം വഹിക്കുന്നു.

ആരാധനാലയങ്ങൾ

വിവിധ ആരാധനാലയങ്ങൾ കൊണ്ട് സമ്പന്നമാണ് കൂമ്പൻപാറ. ഇടുക്കിയിലെ ആദ്യത്തെ ക്രൈസ്തവ ദേവാലയമായ കൂമ്പൻപാറ ഫാത്തിമ മാതാ ക്രിസ്ത്യൻ ദേവാലയം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഇതുകൂടാതെ മുസ്ലിം പള്ളികളും,ഹൈന്ദവ ക്ഷേത്രങ്ങളും കൊണ്ട് മുഖരിതമാണ് കൂമ്പൻപാറ എന്ന കൊച്ചു ഗ്രാമം.

വ്യാപാര വ്യവസായങ്ങൾ

കൂമ്പൻപാറ എന്ന കൊച്ചുഗ്രാമം അതിന്റെതായ വ്യാപാര വ്യവസായങ്ങളിലൂടെ മുന്നോട്ടുപോകുന്നു. ചെറുകിട വ്യവസായങ്ങളും ഓസ് ഫാക്ടറിയും ഇതിൽ പ്രധാനപ്പെട്ടതാണ്.

കൊടുമുടികൾ

കുമ്പൻപാറ എന്ന ചെറു ഗ്രാമത്തിന്റെ ഹൃദയഭാഗത്തു നോക്കിയാൽ കാണാവുന്ന മനോഹരമായ ദൃശ്യമാണ് പശ്ചിമഘട്ട മല നിരകൾ.

മലകളാൽ ചുറ്റപ്പെട്ട ചെറു പ്രദേശമാണ് കൂമ്പൻപാറ ഒരു കോട്ടപോലെ ചുറ്റും മല മതിലുകളാൽ സംരക്ഷിക്കപ്പെടുന്ന പ്രദേശമാണിത്. കൈതച്ചാൽ മലനിരകളാൽ, പെട്ടിമുടി മലനിരകളാൽ ,വേങ്ങപ്പാറ മലനിരകളാൽ, പരസ്പരം കൈകോർത്തിണങ്ങി കൂമ്പൻപാറക്ക്‌ ചുറ്റും ഒരു സൈന്യനിര പോലെ നിൽക്കുകയാണ്.

പെട്ടിമുടി

കൂമ്പൻപാറ ഗ്രാമത്തിൽ നിന്നും 2 കിലോമീറ്റർ കുത്തനെ കയറിയാൽ പെട്ടിമുടി എന്ന കൊടുമുടിയിൽ എത്തിച്ചേരും. സാഹസികരായ മലകയറ്റകാർക്ക് ആനമുടിയോ ചക്രമുടിയോ പോലെ അത്യുന്നതമായ ഒരു ഗിരിമകുടം തന്നെയാണ് പെട്ടിമുടി. തെളിഞ്ഞ ആകാശം ഉള്ള ദിവസങ്ങളിൽ ഇവിടെ നിന്നുള്ള പ്രകൃതിദൃശ്യങ്ങൾ ആനന്ദം നല്കുന്നവയാണ്. ഇടുക്കി അടക്കമുള്ള ധാരാളം തടാകങ്ങൾ മഞ്ഞണിഞ്ഞു കിടക്കുന്ന താഴ്വരകൾ മലഞ്ചെരുവുകളിലെ കരിമ്പച്ച കാടുകൾ നീലാകാശം ഇവയെല്ലാം പെട്ടിമുടിയുടെ സൗന്ദര്യത്തെ വർദ്ധിപ്പിക്കുന്നു.

ഉപസംഹാരം

എന്റെ സ്വന്തം നാടായ കൂമ്പൻപാറ ഒത്തിരിയേറെ ചരിത്രപ്രാധാന്യമുള്ള നാടാണ്. പ്രാചീന കാലം മുതൽ മനുഷ്യർ വസിച്ചിരുന്ന ഈ കൂമ്പൻപാറയ്ക്ക് ഒരു കുതിപ്പിന്റെ കഥയാണുള്ളത്. വികസനത്തിലേക്ക് ഉള്ള കുതിപ്പ്, സാമൂഹ്യവും രാഷ്ട്രീയവും സാംസ്കാരികവും മതപരവുമായ തലങ്ങളിൽ വികസനം പ്രാപിച്ച് ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ എത്തിനിൽക്കുമ്പോൾ വരും തലമുറക്ക്‌ അറിവിന്റെ ശേഖരങ്ങൾ ഒരുക്കിക്കൊണ്ട് വിനോദ സഞ്ചാരികൾക്ക് കാഴ്ചയുടെ മഹാ ദൃശ്യങ്ങൾ ഒരുക്കിക്കൊണ്ട് ഇന്നും കൂമ്പൻപാറ എന്ന ഈ കൊച്ചു ഗ്രാമം വളരുകയാണ്. ഈ കൊച്ചു ഗ്രാമത്തിന്റെ അതായത് എന്റെ സ്വന്തം നാടായ കൂമ്പൻപാറയുടെ വികസനമാണ് എന്റെയും സ്വപ്നം.

തിരികെ...പ്രധാന താളിലേയ്ക്ക്...