എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ ശുചിത്വത്തിലൂടെ തടയാം പകർച്ച വ്യാധികളെ

00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ ശുചിത്വത്തിലൂടെ തടയാം പകർച്ച വ്യാധികള...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വത്തിലൂടെ തടയാം പകർച്ച വ്യാധികളെ


വൃത്തിയുള്ളതും മാലിന്യവിമുക്തവുമായ ചുറ്റുപാടുകളിൽ ജീവിക്കുന്നത് എത്ര ഹൃദ്യമായ അനുഭവമാണ്. നമ്മുടെ വീടുകളിൽത്തന്നെ പരിസരശുചിത്വത്തെക്കുറിച്ച് കുട്ടികളിലും മുതിർന്നവരിലും അവബോധം ഉണ്ടാകണം. പരിസര ശുചിത്വത്തിൽക്കൂടി മാത്രമേ പകർച്ച വ്യാധികളെ തടയാനാവൂ. നമ്മുടെ പരിസരം മാത്രമല്ല; പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോ പൌരന്റെയും കടമയാണ്. പുഴകളും, നദികളും മാലിന്യ വിമുക്തവുമായി സൂക്ഷിക്കേണ്ടത് വരും തലമുറയോടുള്ള ഉത്തരവാദിത്ത്വം കൂടിയാണ്. വർദ്ധിച്ചുവരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാണ്. ഇത് പ്രകൃതിയുടെ സ്വാഭാവികമായ സന്തുലിതാവസ്ഥയുടെ താളം തെറ്റിക്കും. പകർച്ചവ്യാധികളിൽ കൂടുതലും കൊതുകുകളിൽ കൂടി പകരുന്നവയായതിനാൽ കൊതുകുനശീകരണം അത്യാവശ്യമാണ്. പരിസരങ്ങളിൽ വെള്ളം കെട്ടിക്കിടക്കാതെ സൂക്ഷിക്കണം. ഇന്ത്യയിൽനിന്നു തന്നെ നിർമാർജനം ചെയ്ത മലേറിയ കാസർഗോഡ് ജില്ലയിൽ വീണ്ടും റിപ്പോർട്ട് ചെയ്തു. പരിസരശുചിത്വവും വ്യക്തിശുചിത്വവും ഉറപ്പാക്കുന്നതിലൂടെ പകർച്ച വ്യാധികളെ ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കും.


ഒരു പ്രദേശത്തെ ആവാസവ്യവസ്ഥ നിലനിർത്തേണ്ടതും, സംരക്ഷിക്കേണ്ടതും സമൂഹത്തിന്റെ കടമയാണ്. സമൂഹമാകട്ടെ വ്യക്തികളിലും, കുടുംബങ്ങളിലും അധിഷ്ഠിതമാണ്. പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്ന ജൈവവൈവിധ്യവും ആവാസവ്യവസ്ഥയും സംരക്ഷിക്കപ്പെടണമെങ്കിൽ നമ്മൾ പരിസര ശുചിത്വം നിർബന്ധമായും പാലിക്കേണ്ടതാണ്. പ്ലാസ്റ്റിക്കും മറ്റ് ചപ്പുചവറുകളും കത്തിക്കുന്നത് അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്നു. ഇന്നത്തെ സമൂഹത്തിൽ വളരെ കൂടുതലായി കാൻസർ എന്ന രോഗം കാണപ്പെടുന്നു. ജലമലിനീകരണവും, അന്തരീക്ഷമലിനീകരണവും എല്ലാം ഇതിനു കാരണമാകുന്നു. പ്ലാസ്റ്റിക്കുകൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക. ഉറവിട മാലിന്യസംസ്കരണം പ്രോത്സാഹിപ്പിക്കുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യനിർമാർജ്ജനവുമായി സഹകരിക്കുക. നമ്മുടെ സമൂഹം ഇപ്പോൾ കടന്നുപോകുന്ന കൊറോണ എന്ന വ്യാധിയാൽ വിഴുങ്ങപ്പെട്ട അതിഭീകരമായ അവസ്ഥയെ തരണം ചെയ്യുന്നതിനുപോലും വ്യക്തിശുചിത്വവും പരിസരശുചിത്വവുമാണ് അത്യാവശ്യം. മനുഷ്യന്റെ ശോഭനമായ ഭാവിക്കുവേണ്ടി മാത്രമല്ല; മനുഷ്യസമൂഹത്തിന്റെ നിലനിൽപ്പിനുതന്നെ പരിസര ശുചിത്വവും വ്യക്തി ശുചിത്വവും അത്യന്താപേക്ഷിതമാണ്.

മീര വിശ്വനാഥ്
6 ബി എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - ManuMathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം