കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/നുറുങ്ങുകൾ - ആർ.പ്രസന്നകുമാർ

Schoolwiki സംരംഭത്തിൽ നിന്ന്


നുറുങ്ങുകള്‍
2.തലവര കൈ കഴുകിക്കളഞ്ഞ നിമിഷം.
കഥ - ആര്‍.പ്രസന്നകുമാര്‍ - 03/05/2010

പുഴയോരത്ത്, പുല്ലാഞ്ഞിക്കാടുകള്‍ക്കുമിപ്പുറത്ത് നല്ല നിരപ്പായ പ്രദേശമാണ് തെറ്റിപ്പുറം. അടുത്തു കൂടി കുണുങ്ങിയൊഴുകുന്നത് തെച്ചിയാറ്. അവിടെ പേരുകേട്ട തെറ്റിപ്പുറം പോറ്റിമാരുടെ ഹൈസ്കൂളുണ്ട്. സംഗതി കുടുംബവകയാണെങ്കിലും കൈകാര്യം ചെയ്യുന്നത് സാക്ഷാല്‍ ശങ്കരനാരായണന്‍ പോറ്റി. പഴയ, ശ്രീമൂലം പ്രജാ സഭയിലെ സിംഹം. ജനാധിപത്യം വന്നപ്പോള്‍ നിയമസഭാ സ്പീക്കറായി. പോറ്റിയദ്ദേഹത്തിന്റെ സ്കൂളില്‍ ഒരു സയന്‍സ് അദ്ധ്യാപകന്റെ പോസ്റ്റ് ഉണ്ടെന്നറിഞ്ഞു ചെന്നതാണ്.
ഭാഗ്യം .... പോറ്റിയദ്ദേഹം വീട്ടിലുണ്ടായിരുന്നു. ഊഷ്മളമയ സ്വീകരണത്തിനു പിന്നാലെ ആഗമനോദ്ദേശം ഉന്നയിച്ചു. എതിര്‍പ്പൊന്നുമില്ലാതെ ഒരു തുകയ്ക് ഏര്‍പ്പാടാക്കുകയും ചെയ്തു.
'ഇന്ന് ശനിയാഴ്ച, ഹേയ്.... ഒന്നിനും കൊള്ളില്ല....ഒരു കാര്യം ചെയ്യൂ....ബുധനാഴ്ച പറഞ്ഞ തുകയുമായി വന്നോളൂ... തരപ്പെടുത്തിത്തരാം....' പോറ്റിയദ്ദേഹത്തിന്റെ വാക്കുകള്‍ കാതുകള്‍ക്ക് അമൃതം പകര്‍ന്നു... മനസ്സിന് മധുരവും.
മടക്കയാത്ര വീട്ടിലേക്കാണെങ്കിലും ഏതോ സ്വര്‍ഗ്ഗത്തിലേക്കാണെന്നു തോന്നി. ഞാനങ്ങനെ ചിന്തകളില്‍ നിമഗ്നനായി ഇരിക്കവെ ബസ്സ് എന്റെ നാട്ടിനടുത്തുള്ള ഒരു ചെറിയ മലയോര ഗ്രാമത്തില്‍ ആര്‍​ക്കോ ഇറങ്ങുവാന്‍ വേണ്ടി നിര്‍ത്തിയിട്ടു. ഞാന്‍ അലക്ഷ്യമായി ചുറ്റുപാടുകള്‍ നിരീക്ഷിക്കവെ എന്റെ കൂടെ പഠിച്ചിരുന്ന മലയന്‍ ജോസിനെ റോഡിനു താഴെ കണ്ടു. അവന്‍ കണ്ട പാടെ, എന്നേ ഇറങ്ങിച്ചെല്ലുവാന്‍ വിളിച്ചു. അവന്‍ വലിയ സ്ലോട്ടര്‍ ബിസ്സിനസ്സുകാരനാണ്. റബ്ബര്‍ മരങ്ങള്‍ കടും വെട്ടിനെടുത്ത് പെരുമ്പാവൂരില്‍ വന്‍ തുകയ്ക് വില്കലാണ് പണി. എന്റെ ഹൃദയം തുടി കൊട്ടി. വലിയ പഠിപ്പില്ലാത്ത അവന് എന്നേ പണിയായി... ലക്ഷങ്ങള്‍ പന്തു പോലെ അമ്മാനമാടുന്ന ബിസ്സിനസ്സുകാരനായി. അവനോട് എനിക്ക് ജോലി ശരിയായ കാര്യം പറയാതിരിക്കുന്നതെങ്ങനെ...? ഞാന്‍ വളരെ പെട്ടെന്ന് ബസ്സില്‍ നിന്നും ഇറങ്ങി, അവന്റെ അരികിലേക്ക് ചെന്നു.
മലയന്‍ ജോസിന്റെ ബിസ്സിനസ്സ് കാര്യങ്ങളും കൂട്ടത്തില്‍ എന്റെ ചെറിയ കാര്യവും പറഞ്ഞിരിക്കെ സമയം ഉച്ചയ്ക് രണ്ടു മണിയായി. ഇനി ഉണ്ണാതെങ്ങനെ വീട്ടില്‍ പോകും. ആകെയുള്ളത് ഒരു കള്ളു ഷാപ്പാണ്. അവിടെയാണ് ജോസിന്റെ തൊഴിലാളിപ്പടയുടെ വിശ്രമവും ഭക്ഷണവും. തല്കാലം അതിനേത്തന്നെ ആശ്രയിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. സത്യം പറയാമല്ലോ, അന്നും ഇന്നും ഇത്തരം ദുശീലങ്ങള്‍ ഒന്നും തന്നെയില്ലെന്നു മാത്രമല്ല, വെറുപ്പുമാണ്.
നല്ല മീന്‍ കറിയും കക്കയിറച്ചിയും ഒക്കെ കൂട്ടി സമൃദ്ധമായി ഉണ്ടിട്ട് ഞങ്ങള്‍ പുറത്തിറങ്ങി. കൈ കഴുകാനുള്ള വെള്ളം വെച്ചിരിക്കുന്നത് റോഡിനോട് ചേര്‍ന്നുള്ള ഓടയ്കരികിലാണ്. അവിടെ നിന്ന് കൈ കഴുകവെ, തെറ്റിപ്പുറത്തു നിന്നും വരുന്ന ഒരു ബസ്സ്, .... അതിന്റെ പേരു പോലും ഞാനിപ്പോഴും ഓര്‍ക്കുന്നു, മാരുതി, ....ഷാപ്പിനരികിലെ സ്റ്റോപ്പില്‍ വന്നു നിന്നു. അത് എന്റെ നാടു വഴി പോകുന്നതാണ്. ഞാന്‍ ജോസിനോട് യാത്ര പറഞ്ഞ് അതില്‍ ഓടിക്കയറി.
വീട്ടിലും നാട്ടിലും സന്തോഷവര്‍ത്തമാനം അറിയിച്ച് , പണവും സംഘടിപ്പിച്ച് ഞാന്‍ ബുധനാഴ്ചയുടെ വരവും കാത്തിരുന്നു. അവസാനം ആ ദിവസം വന്നു. വളരെ ആത്മവിശ്വാസത്തോടെ ഞാന്‍ പോറ്റിയദ്ദേഹത്തിനെ കണ്ടു. അദ്ദേഹത്തിന്റെ മറുപടി ഏതാണ്ട് ഇങ്ങനെയായിരുന്നു.
'....ഞാന്‍ ഒന്ന് കുടുംബയോഗത്തില്‍ നിങ്ങളുടെ ജോലിക്കാര്യം ചര്‍ച്ച ചെയ്യട്ടെ... ധൃതി വേണ്ട... സ്കൂള്‍ തുറക്കാന്‍ ഇനിയും ഏറെ സമയമുണ്ടല്ലോ... ഒക്കെ പിന്നെ അറിയിക്കാം.... എന്നാല്‍ നടന്നോളൂ... എനിക്ക് ലേശം തിരക്കുണ്ട്...' അദ്ദേഹം അകത്തേക്കും.... ഞാന്‍ പുറത്തേക്കും നടന്നു.
ആ ജോലി എനിക്ക് കിട്ടിയില്ല. ഞാന്‍ ഗൗരവമായി തന്നെ അന്വേഷിച്ചു. പിന്നീടല്ലേ കാര്യത്തിന്റെ നിജസ്ഥിതി ബോധ്യമായത്....?
ജോലി നഷ്ടപ്പെടുത്തിയത് ആ ഷാപ്പിലെ കൈ കഴുകലാണ്. ഞാന്‍ കൈയും കഴുകി, മുണ്ടിന്റെ കോന്തല കൊണ്ട് മുഖവും തുടച്ച് ഓടിക്കയറിയ ആ ബസ്സില്‍ പോറ്റിയദ്ദേഹത്തിന്റെ സ്കൂളിലെ ഹെഡ്മാസ്റ്റരുണ്ടായിരുന്നു. (പോറ്റിയുടെ വീട്ടില്‍ ചുറ്റിപ്പറ്റി നിന്ന അയാളെ ഞാന്‍ കണ്ടിരുന്നു, പക്ഷെ ഏതോ ആശ്രിതനാണെന്നു മാത്രമേ കരുതിയുള്ളു). അദ്ദേഹം എന്നെക്കുറിച്ച് ഒരു നല്ല വിവരണം തിങ്കളാഴ്ച തന്നെ മാനേജര്‍ക്കു കൊടുത്തിരുന്നു. ആ ശുപാര്‍ശ ഹൃദയത്തില്‍ കോറിയിട്ടിരിക്കുന്നതിനാല്‍ കാണാപ്പാഠമാണ്.
'...പോറ്റിയദ്ദേഹം... നല്ല ആളെയാണ് നിയമിക്കാന്‍ പോകുന്നത്. കക്ഷി ഇവിടെ നിന്നും നേരെ പോയത് നമ്മുടെ പോളക്കുളം ഷാപ്പിലേക്കാണ്. ഞാന്‍ ട്രഷറിയിലേക്കിറങ്ങിയത് അങ്ങയുടെ ഭാഗ്യം...ശിവ...ശിവ...'
*******************
ശേഷം...ചിന്ത്യം.... ശിവ...ശിവ....
കഥാശേഷം
എനിക്ക് സര്‍ക്കാര്‍ ജോലി കിട്ടി. പോറ്റിയദ്ദേഹത്തിന്റെ സ്കൂള്‍ ഏതോ മിഷന്‍കാര്‍ വാങ്ങി അതിന്റെ അലകും പിടിയും മാറ്റി. പോറ്റിയദ്ദേഹം മരിച്ചു. എനിക്കിട്ടു പാരപണിഞ്ഞ ഹെഡ്മാസ്റ്റര്‍ പിന്നെ ഷാപ്പിലെ സ്ഥിരം അന്തേവാസിയായി , എല്ലാം തകര്‍ന്ന് , കുടുംബം ച്ഛിദ്രമായി , ഞാന്‍ കൈ കഴുകിയ കടച്ചാലില്‍ വീണു കിടക്കുകയും ഏതോ പാണ്ടി ലോറി ഇടിച്ച് കഥാവശേഷകനാകുകയും ചെയ്തു.


>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

1.അദ്ധ്യാപക അവാര്‍ഡ്.
കഥ - ആര്‍.പ്രസന്നകുമാര്‍ - 02/05/2010

മാത്തുക്കുട്ടി സാറിന് അവാര്‍ഡ് കിട്ടി. പൊതുകാര്യ പ്രസക്തനും നാട്ടിലെ യു.പി. സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തിയതിനു പിന്നിലെ ചാലക ശക്തിയും സര്‍വോപരി സമുദായ സ്നേഹിയുമായ സാറിന് അത് കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളു എന്ന് ഒരു വിഭാഗം ജനങ്ങള്‍ പറയുമ്പോള്‍ മറു വിഭാഗം അതിനേ ശക്തിയായി എതിര്‍ക്കുന്നു. ദോഷം പറയരുതല്ലോ, ഈ രണ്ടാമത്തെ കൂട്ടര്‍ തെളിവു സഹിതമാണ് വാദഗതി നിരത്തുന്നത്. അവരുടെ വീറും വാശിയും കണ്ടാല്‍ തന്നെ സംഗതി സത്യമാണെന്ന് ആര്‍ക്കും ബോധ്യമാകും. അവാര്‍ഡ് കിട്ടിയതിന്റെ പിറ്റേ ദിവസം തന്നെ, തെളിവുകള്‍ അക്കമിട്ട് ചുമര്‍ പരസ്യമായി കവലയിലെങ്ങും പ്രത്യക്ഷപ്പെട്ടു. ഒന്നു രണ്ടു സാമ്പിളുകളിതാ...
1.ആയകാലത്ത് കുട്ടികളെ പഠിപ്പിക്കുന്നതിനേക്കാള്‍ ചിട്ടി നടത്തലായിരുന്നു മെയിന്‍ പണി. സ്കൂള്‍ സമയത്തു പോലും ചിട്ടിപ്പിരിവിനായി കറങ്ങി നടക്കും. പഠിപ്പിക്കുന്നതിന്റെ രീതി ഒരു 'വഹ'യായിരുന്നു എന്നതില്‍ ഒട്ടും അതിശയോക്തിയില്ല. ഹെഡ്മാസ്റ്റരായതില്‍ പിന്നെ പറയാനുമില്ല.
2.U.P.സ്കൂള്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തതിനു പിന്നില്‍ സാറിന് വലിയ പങ്കൊന്നുമില്ല താനും. പക്ഷെ ആ കാലഘട്ടത്തിലെ ഹെഡ്മാസ്റ്റരെന്ന നിലയില്‍ വിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത വേദിയില്‍ പരിഗണന കിട്ടിയെന്നു മാത്രം. യഥാര്‍ത്ഥത്തില്‍ അതിനു വേണ്ടിയിറങ്ങിയത് പേര് വെളിപ്പെടുത്താന്‍ താല്പര്യമില്ലാത്ത് നാലഞ്ചു പേരാണ്. അവരെ നാട്ടുകാര്‍ക്ക് നന്നായി അറിയാവുന്നതുമാണ്.
3. സ്വാഗത പ്രാസംഗികന്‍ കള്ളു കുട്ടന്‍ പിള്ള സാറിനെ കൈയ്യിലെടുത്ത് , നേരത്തേ ചില വാചകങ്ങള്‍ പഠിപ്പിച്ചെടുത്ത് മാത്തുകുട്ടി സാറാണ് ഇതിന്റെ പിന്നിലെന്ന് വേദിയില്‍ കൊട്ടി ഘോഷിച്ചു. മന്ത്രി അത് പ്രസംഗമദ്ധ്യേ സൂചിപ്പിക്കുക കൂടി ചെയ്തപ്പോള്‍ സംഗതി ശുഭം.
4.ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുമായുള്ള വഴി വിട്ട ബന്ധവും സ്വാധീനവും പണമിറക്കലുമായപ്പോള്‍ അവരുടെ അവാര്‍ഡ് നോമിനി സാറു തന്നെയാകുകയായിരുന്നു. ഇതിനേക്കുറിച്ചുള്ള ആഫീസുകളുടെ പിന്നാമ്പുറ കഥകള്‍ ചീഞ്ഞു നാറുന്നതാണ്.
ഇനിയുള്ള ആരോപണങ്ങള്‍ അവിഹിത സ്പര്‍ശമുള്ളതിനാല്‍ ഒഴിവാക്കുകയാണ്. പക്ഷെ ഏകദേശം സംഗതിയുടെ ഗുട്ടന്‍സ് നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമല്ലോ...? ഒരു കാര്യം ഉറപ്പാണ്. അവാര്‍ഡ് അര്‍ഹതയുള്ളവര്‍ക്ക് കിട്ടണം. അത് ഉയര്‍ന്ന ആഫീസിറുടെ വീട്ടുപടിക്കലും ആഫീസിന്റെ തിണ്ണയിലും നിരങ്ങുന്നവര്‍ക്ക് നല്കുന്ന പാരിതോക്ഷികമായി അധ:പതിക്കരുത്. ഒരാള്‍ക്ക് അവാര്‍ഡ് കൊടുക്കണം എന്ന് പറയേണ്ടത് അയാളല്ല, മറിച്ച് മറ്റുള്ളവരാണ്...കുട്ടികളാണ്...രക്ഷകര്‍ത്താക്കളാണ്...സമൂഹമാണ്. വേറെ ഏതു പരിഗണനയും തെറ്റു തന്നെയാണ്. പക്ഷെ ആ തെറ്റ് തന്നെയാണ് മാത്തുക്കുട്ടി സാറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
കഥാശേഷം
മാത്തുക്കുട്ടി സാറ് റിട്ടയര്‍ ആയി. ഇപ്പോള്‍ പെന്‍ഷന്‍കാരുടെ ജില്ലാ പ്രസിഡന്റും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ്. മക്കളെല്ലാം വിദേശത്താണ്. ഭാര്യ മരിച്ചു. ഒരു രണ്ടാം ഭാര്യ ഉണ്ടെന്നു പറയുന്നു. പള്ളിക്കമ്മറ്റിയിലും, മെത്രാനെ തിരഞ്ഞെടുക്കുന്ന സമിതിയിലും അംഗമാണ്. അടുത്തിടെ ഒരു രാഷ്ട്രീയ മേല്‍വിലാസത്തില്‍ പഞ്ചായത്ത് മെംബറുമായി. ഇനി വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നോമിനിയാണ്.
M.L.A. മാത്തുക്കുട്ടി സാറിന് ഇപ്പോഴെ അഭിവാദ്യങ്ങള്‍....
അദ്ധ്യാപക അവാര്‍ഡാണ് എല്ലാറ്റിനും ആധാരം. സംശയിക്കണ്ട, സാറ് തന്നെ എല്ലാ യോഗത്തിലും അവാര്‍ഡിനെക്കുറിച്ച് രണ്ടു വാക്കു പറയും.
.... എന്താ ഒരു കൈ നോക്കുന്നോ....?