പ്രകൃതീ നിൻ അനുപമ സൗന്ദര്യമെന്നിലും കവിതയായാ വിരിയുന്നൊരീ നിമിഷം ഹരിത വർണ്ണത്തിന്റെ കാന്തിയിലാർദ്രയായ് ഹർഷിതയായ് ഞാനലിഞ്ഞു പോയി ഉഷസ്സിലുയർന്നൊരാ കോകിലഗാനമെൻ മനസ്സിന്റെ കോണിലുണർത്തുപാട്ടായ് വിരിയുന്ന താരിലെ മധു നുകർന്നീടുവാൻ വണ്ടുകൾ മൂളിപ്പറന്നണഞ്ഞു സായാഹ്നസൂര്യൻ പടർത്തുന്ന ചോപ്പിലെ പൊന്നൊളി മന്നിൽ പരന്നിടുന്നു സാന്ത്വനക്കുളിരാലെ വീശിയുറക്കുവാൻ തെന്നലും മന്ദമായ് ചാരെയെത്തി നീലനീലാവിലൊരായിരം താരകം പൂഞ്ചിരി തൂകുന്നീ വിണ്ണിലെങ്ങും പാർവണമേ...നിന്റെ ദീപ്തപ്രശോഭയിൽ ഭൂമിയൊരപ്സരസ്സായ് തിളങ്ങി സ്വച്ഛമായ് ഒഴുകുമീ അരുവിപ്പരപ്പിലായ് ഒഴുകുന്ന അരയന്നമെന്ന പോലെ പ്രകൃതീ... നിൻ അനവദ്യസൗന്ദര്യത്താൽ മനം ഒരു വേള ചിത്രപതംഗമായി.