സെന്റ് വിൻസെന്റ് കോളനി ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/കിളികൾ ക‍ൂടണ‍ഞ്ഞപ്പോൾ

11:08, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കിളികൾ ക‍ൂടണ‍ഞ്ഞപ്പോൾ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കിളികൾ ക‍ൂടണ‍ഞ്ഞപ്പോൾ

സ‍ൂര്യൻ താണ‍ു......വെയിൽ മങ്ങി........ക‍ൂട് ലക്ഷ്യമാക്കി പറക്ക‍ുന്ന പക്ഷികൾ......ആകാശത്തിന്റെ അനന്തതയിൽ ചിത്രപണികൾ കാഴ്‍ച്ചവയ്‍ക്ക‍ുന്നത് ജനൽക്കമ്പികൾക്കിടയില‍ൂടെ പ‍ുറത്തേക്ക് നീള‍ുന്ന ആ ക‍ുഞ്ഞിക്കണ്ണ‍ുകൾ അന്ന‍ും വിസ്‍മയത്തോടെ നോക്കി നിന്ന‍ു. പെട്ടെന്ന് നെഞ്ചിൽ ആർപ്പ‍ുവിളി പോലൊന്ന് ഉയർന്ന‍ുവന്ന‍ു.ഒര‍ു തെളിനീരിലെന്ന പോലെ അവന്റെ മനസ്സിൽമ‍ുത്തശ്ശിമാവിന്റെയ‍ും അതിന‍ു ച‍ുറ്റ‍ുമ‍ുള്ള കളിനിലത്തിന്റെയ‍ും മായാത്ത ചിത്രങ്ങൾ തെളിഞ്ഞ‍ുവന്ന‍ു. ഏതാന‍ും ദിവസങ്ങൾക്ക് മ‍ുൻപ് വരെ അവൻ ക‍ൂട്ട‍ുകാരോടൊത്ത് വൈക‍ുന്നേരങ്ങൾ ആഹ്ലാദത്തിന്റെ നിമിഷങ്ങളാക്കി മാറ്റിയത് അവിടെ വച്ചായിര‍ുന്ന‍ു ആ മരച്ച‍ുവട്ടിൽ ബാല്യങ്ങൾ നിഷ്‍കളങ്കത പങ്ക‍ുവച്ച‍ു. വാർധക്യത്തിന്റെ ഏകാന്തതയ്‍ക്ക് ആശ്വാസത്തിന്റെ തണലേകിയത‍ും ആ മാവ‍ു തന്നെയായിര‍ുന്ന‍ു.മ‍ുത്തശ്ശിമാവിന്റെ ച‍ുവട്ടിൽ ഇന്ന് സന്തോഷം പങ്കിടാൻ ആര‍ുമില്ല. കളിനിലങ്ങളിൽ കരിയിലകൾ വിഷാദം പടർത്ത‍ുന്ന‍ു. പഴ‍ുത്ത മാങ്ങകൾ ഞെട്ടറ്റ‍ു വീണ‍ുകിടക്ക‍ുന്ന‍ു. ആ പറമ്പിൽ തികച്ച‍ും അപ‍ൂർവ്വമായിര‍ുന്ന‍ു ആ കാഴ്‍ച. ആ ക‍ു‍ഞ്ഞ‍ുമനസ്സിൽ ദ‍ു:ഖത്തിന്റെ നിഴൽ വീണ‍ുകഴിഞ്ഞിര‍ുന്ന‍ു. അമ്മ‍ുമ്മയോടായി അമ്മ സംസാരിക്ക‍ുന്നത് അവൻ കേട്ട‍ു. തന്റെ ചിന്തകളിൽ നിന്ന് ഉണർന്നിട്ടെന്ന പോലെ അവൻ അട‍ുക്കളയിലേക്ക് നീങ്ങി.” നാളെ വര‍ൂന്നായിര‍ുന്ന‍ു ആദ്യം പറഞ്ഞത്. വിമാനസർവ്വീസൊക്കെ താൽക്കാലികമായി നിർത്തി വച്ച സ്ഥിതിക്ക് ഇനിയിപ്പോ മ‍ൂപ്പർക്ക് എന്നാ വരാൻ പറ്റ്വാന്ന് അറിയില്ല.“ അമ്മയ‍ുടെ വാക്ക‍ുകൾക്ക് മറ‍ുപടിയെന്നോണം മ‍ുത്തശ്ശിയ‍ുടെ മ‍ുഖത്ത് കാർമേഘങ്ങൾ ഇര‍ുണ്ട‍ുക‍ൂടി. പക്ഷെ മഴ കനത്ത‍ു പെയ്യ‍ുമെന്ന് തോന്നിയത് അവന്റെ ആ ക‍‍ുഞ്ഞിക്കണ്ണ‍ുകളിലായിര‍ുന്ന‍ു. ഗൾഫില‍ുള്ള അച്ഛന്റെ വരവ‍ുക‍ൂടിയാക‍ുമ്പോൾ ഈ അവധിക്കാലം ആഹ്ലാദത്തിന്റെ ദിനങ്ങളായിരിക്ക‍ുമെന്ന്ആ ക‍ുഞ്ഞ‍ുമനസ്സ് നേരത്തെ ത‍ീര‍ുമാനിച്ച‍ുറപ്പിച്ചിര‍ുന്ന‍ു. ഇപ്പോൾ എല്ലാം മാറിമറഞ്ഞിരിക്ക‍ുന്ന‍ു.

” ലോക്ക്ഡൗൺ "മ‍ുമ്പൊരിക്കൽ പോല‍ും ആ വാക്ക് അവൻ കേൾക്കാനിടയ‍ുണ്ടായ‍ിട്ടില്ല. എന്നാൽ കഴിഞ്ഞ ക‍ുറച്ച‍ു ദിവസങ്ങൾ കൊണ്ട‍ു തന്നെ ആ വാക്ക് അവന് സ‍ുപരിചിതമായികഴിഞ്ഞിര‍ുന്ന‍ു. അമ്മയ‍ുടെയ‍ും മ‍ുത്തശ്ശിയ‍ുടെയ‍ും സംസാരങ്ങൾക്കിടയിൽ അത് പലതവണ ആവർത്തിച്ച് കടന്ന‍ു വന്ന‍ു. മ‍ുത്തശ്ശിമാവിന്റെയ‍ും കളിനിലത്തിന്റെയ‍ും നിശബ്‍ദത ലോക്ക്ഡൗൺ എന്തെന്ന് അവന‍ു പറഞ്ഞ‍ുകൊട‍ുത്ത‍ു. ഒര‍ു നേർത്ത തേങ്ങലോടെ മാത്രമേ അവന് അത് ഉൾക്കൊള്ളാൻ സാധിച്ച‍ുള്ള‍ു. പതിയെ അവൻ ഉമ്മറക്കോലായിൽ ചെന്നിര‍ുന്ന‍ു. ദ‍ൂരെയെവിടെ നിന്നോ വന്ന ഒരിളം കാറ്റ് ആ ക‍ുഞ്ഞ‍ുമനസ്സിനെ തലോടി കടന്ന‍ുപോയി. ഈ കാലവ‍ുംകടന്ന‍ുപോക‍ും..... നമ‍ുക്ക‍ും നമ‍ുക്ക് ച‍ുറ്റ‍ുമ‍ുള്ളവര‍ുടെയ‍ും നന്മയ്‍ക്കായ് എല്ലാവര‍ും വ‍ീട‍ുകളിൽ തന്നെയിര‍ുന്നേ മതിയാവ‍ൂ........ അവൻ സ്വയം ആശ്വസിച്ച‍ു.

മ‍ുത്തശ്ശിമാവിന്റെ ച‍ുവട്ടിൽ കളിച്ചിരികള‍ുമായി വീണ്ട‍ും എല്ലാവര‍ുമെത്ത‍ുന്ന ആ കാലം ദ‍ൂരെയല്ല എന്ന പ്രതീക്ഷ.....ആ മ‍ുഖത്ത് നേർത്ത പ‍ുഞ്ചിരി ത‍ൂകി.

അക്ഷയ കാർത്തിക്
X B സെന്റ് വിൻസെന്റ് കോളനി ഗേൾസ് എച്ച്.എസ്സ്
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ