ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/കൊറോണ പറയുന്ന കഥ
കൊറോണ പറയുന്ന കഥ
പ്രിയപ്പെട്ടവരേ ഞാൻ കൊറോണ വൈറസ്. പേരുകേട്ട വൈറസ് കുടുംബത്തിലെ ഒരാൾ.ചൈനയിലെ ഒരു വനത്തിൽ ഒരു കാട്ടുപന്നിയുടെ കുടലിൽ കുഞ്ഞുകുട്ടിപരാധീനങ്ങളുമായി കഴിഞ്ഞുകൂടുകയായിരുന്നു ഞാൻ. നിങ്ങൾക്കറിയാമല്ലോ ഞങ്ങൾ വൈറസുകൾക്ക് പുറത്തു കഴിയാൻ പറ്റാത്തതു കൊണ്ട് ഏതെങ്കിലും ജീവിയുടെ അവയവങ്ങളിലാണ് വാസസ്ഥലം കണ്ടെത്താറുള്ളതെന്ന്. അതും ഏതാനും മണിക്കൂറുകൾ മാത്രം. അതിനുള്ളിൽ ഞങ്ങളുടെ കഥ കഴിയും. അങ്ങനെയിരിക്കെ നിയമങ്ങളെല്ലാം തെറ്റിച്ചു കൊണ്ട് കുറേ വേട്ടക്കാർ വന്ന് കാട്ടിലെ പന്നികളെയെല്ലാം വെടിവെച്ച് വാഹനത്തിൽ കൊണ്ടുപോയി.അങ്ങനെ ഞാൻ എത്തിയത് വുഹാൻ എന്ന പട്ടണത്തിലാണ്. അവർ ആ പട്ടണത്തിലെ മാർക്കറ്റിൽ കൊണ്ടുപോയി വിറ്റു. ഞാൻ ഭയന്നു.ചൈനക്കാരുടെ ഇഷ്ട ഭക്ഷണമാണല്ലോ ഇത്. തൊലിയുരിച്ച് കമ്പിയിൽ കോർത്ത് മസാലപുരട്ടി നിർത്തിപ്പൊരിച്ചു തിന്നും. കൂട്ടത്തിൽ ഞാനും.എന്റെ ഭാഗ്യമെന്നു പറയാം ഇറച്ചിവെട്ടുകാരൻ പന്നിയുടെ വയർ തുരന്ന് ആന്തരികാവയവങ്ങളെല്ലാം എടുത്ത് പുറത്ത് കളഞ്ഞു. ആ തക്കത്തിന് ഞാൻ അയാളുടെ കൈകളിൽ കയറിപ്പറ്റി. അയാൾ മൂക്ക് ചൊറിഞ്ഞപ്പോൾ ശ്വാസനാളം വഴി ശ്വാസകോശത്തിൽ എത്തിപ്പെട്ടു. ഇനി 14 ദിവസം സമാധിയാണ്. ഇപ്പോഴാണ് ഞങ്ങൾ പെറ്റുപെരുകുന്നത്. ആയിരങ്ങളും ലക്ഷങ്ങളും കോടികളുമാകാൻ ഞങ്ങൾക്കീ 14 ദിവസം മതി. ഞാൻ ശരീരത്തിൽ കടന്ന് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അയാൾക്ക് പനിയും ചുമയുമൊക്കെ തുടങ്ങി. ഇതിനിടയിൽ പുതുതായുണ്ടായ എന്റെ കുഞ്ഞുങ്ങൾ അയാളുടെ ഭാര്യയുടെയും അയൽക്കാരുടേയും ശരീരത്തിൽ കയറിപ്പറ്റി. ലോക സഞ്ചാരത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. പാവം... അയാൾക്ക് നല്ല ശ്വാസതടസ്സവും ശ്വാസകോശത്തിൽ പഴുപ്പും ഉണ്ടായിരുന്നു. ന്യുമോണിയ ആണെന്നു കരുതി ഡോക്ടർ അതിനുള്ള ചികിത്സ തുടങ്ങി.. അഡ്മിറ്റായി അഞ്ചാം ദിവസം അയാൾ മരിച്ചു. ഞാൻ ആ ശരീരത്തിൽ നിന്നും നേരെ ഡോക്ടറുടെ ശരീരത്തിൽ കയറിപ്പറ്റി.എന്റെ പൊന്നുമക്കൾ കളി തുടങ്ങിക്കഴിഞ്ഞിരുന്നു.അവർ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് മാറിക്കൊണ്ടേയിരുന്നു.പനി പടർന്നുപിടിച്ചു.മരുന്നുകൾ ലഭിക്കാത്ത മാരകമായ പനി.ദിവസവും ആയിരങ്ങൾ ആശുപത്രിയിലേക്ക് വന്നു. മൃതദേഹങ്ങൾ വഹിച്ചുകൊണ്ട് ആംബുലൻസ് ചീറിപ്പാഞ്ഞു. ലോകം പകച്ചു നിന്നു. ഈ രോഗമേത്, ഇതിനുള്ള പ്രതിവിധി എന്തെന്നാലോചിച്ച് ഗവേഷകർ തലപുകച്ചു.അതിനിടയിൽ ഡോക്ടറുടെ ശ്വാസകോശത്തിലെ നിദ്ര അവസാനിപ്പിച്ച് ഞാൻ ഉത്തരവാദിത്വത്തിലേക്ക് കടന്നു. കുറച്ചു ദിവസത്തിനുള്ളിൽ അന്ത്യനിദ്ര പോവുകയും ചെയ്തു. കൊറോണ വൈറസിന്റെ രൂപാന്തരണം പ്രാപിച്ച പുതിയ അവതാരം. വൈറസുകളുടെ കൊടിക്കൂറ ലോകമെങ്ങും പാറിക്കാൻ പിറവിയെടുത്ത കലിയുഗ ചക്രവർത്തി. എനിക്ക് കൊവിഡ് -19 (Corona virus disease 2019 ) എന്ന പുതിയ പേരും കണ്ടെത്തി. പിന്നീടെന്റെ ജൈത്രയാത്രയായിരുന്നു. അമേരിക്ക, ജർമനി, ഇറ്റലി, സ്പെയ്ൻ, ബ്രിട്ടൻ, സ്വിറ്റ്സർലന്റ്, അറേബ്യ, പേർഷ്യ. ഇപ്പോഴിതാ ഹരിത സുന്ദരമായ ഈ കൊച്ചു കേരളത്തിലും എത്തിച്ചേർന്നിരിക്കുന്നു. മനുഷ്യസ്നേഹത്തിന്റെയും മതേതരത്വത്തിന്റേയും നാട്. പുഴകളുടേയും പ്രവാസികളുടേയും പറുദീസ. എനിക്കുമൊരു ഹൃദയമുണ്ടല്ലോ. കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ പുഞ്ചിരി എന്നെ കരയിക്കാറുണ്ട്. അന്ത്യശ്വാസം വലിക്കുന്ന വൃദ്ധരുടെ വിറയ്ക്കുന്ന വിരലുകളിൽ ഞാൻ ചുംബിക്കാറുണ്ട്.പക്ഷേ... ഇതെന്റെ ദൗത്യമാണ്. പ്രകൃതി എന്നിൽ ഏൽപ്പിച്ചു തന്ന ദൗത്യം. പ്രകൃതിയുടെ നിലനിൽപ്പിന് അനിവാര്യമായ ദൗത്യം. ഇനിയും യാത്ര തുടർന്നേ മതിയാവൂ.എനിക്കിഷ്ടമാണ് മനുഷ്യരാശിയുടെ മുന്നിൽ തോൽക്കാൻ. മനുഷ്യരില്ലെങ്കിൽ ഈ ഭൂമി എന്തിനാണ്? മൃദുലമനോഹരമായ വിരലുകളാൽ നിങ്ങൾ മീട്ടുന്ന ജീവിതമെന്ന സംഗീതമാണ് ഈ കൊച്ചുഭൂമിയെ മുഖരിതമാക്കുന്നത്. ഇനി താമസിയാതെ എനിക്കെതിരെ മരുന്നു കണ്ടെത്തുന്നറിയാം. മഹാമാരികളും മഹായുദ്ധങ്ങളും പ്രകൃതിദുരന്തങ്ങളും അതിജീവിച്ച് അനസ്യൂതം മുന്നോട്ട് കുതിക്കുന്ന മനുഷ്യരെ പിടിച്ചുകെട്ടാൻ നിസ്സാരനായ ഞാൻ ആരാണ്?? ഈ യുദ്ധം ജയിച്ചാലേ നിങ്ങൾക്കിനി മുന്നോട്ടുപോകാനാകൂ. തോറ്റു തരുവാൻ ഞങ്ങളും തയ്യാറല്ല. അവസാന പുഞ്ചിരി വിജയികൾക്കുള്ളതാണ്.അത് നിങ്ങളുടെ ചുണ്ടുകളിൽ വിരിയണം.അതാ തെരുവുവീഥിയിൽ നിൽക്കുന്ന രണ്ട് ആഫ്രിക്കൻ യുവാക്കൾ.അവരുടെ ശരീരത്തിൽ കയറിപ്പറ്റാൻ കഴിയുമോ എന്ന് ശ്രമിച്ചു നോക്കട്ടെ. ആഫ്രിക്ക എനിക്ക് വളരെ ഇഷ്ടമാണ്. ഇരുണ്ട ഭൂഖണ്ഡത്തിലെ ഫലഭൂയിഷ്ഠമായ നാട്ടിൻ പുറങ്ങളിൽ വിഹരിക്കാൻ എനിക്ക് കൊതിയാവുന്നു.അവിടെ വച്ച് എന്റെ ജൈത്രയാത്ര അവസാനിപ്പിക്കണം.അതാണെന്റെ അന്ത്യാഭിലാഷം. പ്രകൃതിയുടെ ആവാസവ്യവസ്ഥകളിലേക്ക് നിങ്ങൾ കടന്നു കയറരുത്. കുടത്തിലെ ഭൂതങ്ങളെ മൂടിതുറന്ന് വിടരുത്. ഒരിക്കലും നമ്മൾ തമ്മിൽ കാണാൻ ഇടവരരുത്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ