സെന്റ് .ലിറ്റിൽ തെരേസാസ് എച്ച്.എസ്സ്.എസ്സ്.വൈക്കം/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
'പത്ത് പുത്രന്മാർക്ക് സമം ഒരു വൃക്ഷം'. പ്രകൃതിയുടെ ജീവനാഡികളാണ് ഓരോ വൃക്ഷവും.ജീവന്റെ നിലനിൽപ്പിനു അഭിവാജ്യഘടകമായി നിലകൊള്ളുന്ന മൃതസഞ്ജീവനിയാണ് വൃക്ഷങ്ങൾ. ജീവരാശിയുടെ നിലനിൽപ്പിനു വൃക്ഷങ്ങളോടൊപ്പം വായു, ജലം, മണ്ണ് എന്നിവയും കൂടിയേ തീരു. മഴയും മഞ്ഞും കാറ്റും ചൂടും അതാത് ഋതുക്കളുടെ തേരിൽ യഥാക്രമം സഞ്ചരിക്കുവാനും ഹരിതസംബത്ത് ആവശ്യമാണ്. ജീവന്റെ അമൃത് വഹിക്കുന്ന ഭൂമിയുടെ നാഡീഞരമ്പുകളാണ് നദികളെന്നതിൽ സംശയമില്ല. നദികളെപ്പോഴും അത്ഭുതം നിറയ്ക്കുന്ന പ്രകൃതി രൂപങ്ങളിലൊന്നാണ്. കാരണം, നദികളില്ലാത്ത നാട് മരുഭൂമിയ്ക്കു തുല്യമാണ്. പ്രകൃതിസൗന്ദ്യരത്തിന്റെ ആധാരശിലകളാണ് നദികൾ. അങ്ങനെ ഇവയെല്ലാം ഒന്നുചേർന്ന് പരിസ്ഥിതിയെ മനോഹരമാക്കി തീർക്കുന്നു. ഹരിതാഭമായ പ്രകൃതി മനുഷ്യമനസ്സുകളെ പുളകം കൊള്ളിക്കുന്നു. ഒരു അമ്മയെന്ന മനോഭാവത്തോടെ നമ്മൾ പ്രകൃതിയോട് ഇടപഴകുമ്പോൾ അതെ മാതൃസ്നേഹത്തോടെ ആ അമ്മ നമ്മെയും പരിപാലിക്കുന്നു. അമ്മയായി കാണേണ്ട പ്രകൃതിയെ മനുഷ്യൻ തന്നെ ചൂഷണം ചെയ്യുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ആധുനിക മനുഷ്യന്റെ ലോകം റോക്കറ്റ് വേഗത്തിൽ കുതിച്ചുകൊണ്ടിരിക്കുകയാണ്. അത് കൂടുതൽ യാന്ദ്രികതയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു. പരിസ്ഥിതിയെ മാലിന്യങ്ങൾ വലിച്ചെറിയാനുള്ള നിക്ഷേപശാലയായും ഭൂമിയെ കല്ലും കരിയും എണ്ണയും കുഴിച്ചെടുക്കുവാനുമുള്ള ഖനനകേന്ദ്രമായും അവൻ കണക്കാക്കിക്കഴിഞ്ഞു. ഭൂമി മരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ അതിനു പതിന്മടങ്ങു വേഗത്തിൽ മനുഷ്യനും. കോടാനുകോടി സസ്യജന്തുജാലങ്ങളുടെ കേന്ദ്രമായ പ്രകൃതി അതിന്റെ ഒരു സൃഷ്ടി അല്പാല്പമായി നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.മനുഷ്യൻ പ്രകൃതിയുടെ ഉത്തമസൃഷ്ടിയാണെന്നതിൽ സംശയമില്ല. എന്നാൽ നിലവിലുള്ള അവസ്ഥാവ്യവസ്ഥകളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുന്ന തരത്തിൽ avanthante പ്രവർത്തനങ്ങൾ തുടരുന്നു. കാട് വെട്ടിത്തെളിച്ചു കോൺക്രീറ്റ് കെട്ടിടങ്ങളുണ്ടാക്കുന്നതിനും, മണൽമാഫിയകൾ ജലാശയങ്ങൾ കൊള്ളയടിക്കുന്നതും, വയലുകൾ നികത്തുന്നതുമെല്ലാം ഇന്ന് പുതുമയുള്ള കാര്യമല്ല. ഒരു സുനാമിയോ, വെള്ളപ്പൊക്കമോ വരുമ്പോൾ പരിസ്ഥിതിബോധത്താൽ അലമുറയിട്ടു കാര്യമില്ല. വേണ്ടത് സ്‌ഥിരമായ പാരിസ്ഥിതിക ബോധമാണ്. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് ആഗോളതാപനമെന്നതിൽ തെല്ലും സംശയം വേണ്ട. മനുഷ്യർക്ക് മാത്രമല്ല സസ്യങ്ങൾക്കും മൃഗങ്ങൾക്കും പക്ഷികൾക്കുമൊക്കെ ഭീഷണിയായിക്കൊണ്ടിരിക്കുകയാണ് ഈ പ്രതിഭാസം. എന്താണ് ആഗോളതാപനം? ഭൂമിയിൽ നിന്നും അന്തരീക്ഷത്തിലേക്കുയരുന്ന ഹരിതഗൃഹവാതകങ്ങളുടെ അനിയന്ത്രിതമായ വർദ്ധനവാണ് ആഗോളതാപനത്തിന്റെ ഉറവിടം. ഇപ്രകാരം ഹരിതഗൃഹവാതകങ്ങളുടെ അളവിലുണ്ടാകുന്ന വർദ്ധനവ് അന്തരീക്ഷത്തിലെ താപനില അപകടകരമായ രീതിയിൽ കൂട്ടുന്നു. ഫലമോ ഭൗമതാപനില കുത്തനെ ഉയരുന്നു. ആഗോളതാപനത്തിന്റെ ദോഷഫലങ്ങൾ പ്രത്യക്ഷത്തിൽ തന്നെ ദൃശ്യമാകുന്നത് ദ്രുവപാളികളിലാണ്. ദ്രുവപാളികളിൽ ഉണ്ടാകുന്ന നേരിയ മാറ്റങ്ങൾ പോലും നമ്മുടെ ഭൂമിയെ സാരമായി ബാധിക്കും. തടിക്കും ഭൂമിയ്ക്കുമായി മരങ്ങളെ നിഷ്കരുണം വെട്ടിനിരത്തുന്ന പ്രവണത ആഗോളതാപനത്തിന്റെ ഒരു പ്രധാന കാരണമാണ്. കൃഷിഭൂമിയ്ക്കായി മരങ്ങൾ വെട്ടിനിരത്തി തീയിട്ടു നശിപ്പിക്കുമ്പോൾ അവശേഷിക്കുന്നത് നിർജീവമായ ഒരു ഭൂപ്രേദേശമാണെന്ന കാര്യം ആരും ഓർക്കുന്നില്ല. കാരണം ഇപ്രകാരം അഗ്നിബാധയിൽ സസ്യങ്ങളും മൃഗങ്ങളുമുൾപ്പെടെ സർവവും നശിപ്പിക്കുന്നു. ഭൂമിയുടെ ഹരിതസമ്പത്തായ വന ഭൂമിയുടെ നല്ലൊരു ശതമാനവും വേരറ്റു പോകുന്നു. ആഗോളതാപനത്തെ ചെറുക്കാനയില്ലെങ്കിൽ കാലാവസ്ഥയിൽ സംഭവിക്കുന്ന വ്യതിയാനങ്ങളെ നിയന്ത്രിക്കുവാൻ നമുക്ക് സാധിക്കുകയില്ല. മനുഷ്യനിൽ നിന്ന് ഒഴിച്ചുകൂടാനാവാത്ത യന്ത്രമായി മാറിയിരിക്കുന്നു റെഫ്രിജറേറ്റർ.ഇതിൽ ഉപയോഗിക്കപ്പെടുന്ന ക്ലോറോഫ്ലൂറോകാർബണുകൾ അന്തരീക്ഷത്തിന് ഏറ്റവും അപകടകാരിയായ വാതകമാണ്. ഭൂമിയുടെ സംരക്ഷണകവചമായി കണക്കാക്കാവുന്ന ഓസോൺ പാളിയുടെ നാശത്തിന് ഈ വാതകം കാരണമാകുന്നു. ആഗോളതാപനത്തിന്റെ പൊള്ളുന്ന ഫലങ്ങൾ അനുഭവിക്കാനൊരുങ്ങുകയാണ് ഭൂമിയിലെ ജീവജാലങ്ങൾ. ഭൂമിയിലേക്ക് പതിക്കുന്ന ഓരോ മഴത്തുള്ളിയും ഭൂമിയുടെ ഉള്ളിലേക്കാഴ്ന്നിറങ്ങുവാൻ വനങ്ങൾ കൂടിയേ തീരു. വനങ്ങൾ വെട്ടിനശിപ്പിക്കുമ്പോൾ ഈ പ്രവർത്തനത്തിൽ കാര്യമായ തകർച്ച സംഭവിക്കുമെന്നതിൽ സംശയമില്ല. മുൻ കാലങ്ങളെ അപേക്ഷിച്ചു vahanangalude ഉപയോഗം ക്രമാതീതമായി കൂടുതലാണിപ്പോൾ. ഇവയിൽ നിന്നുമുളവാകുന്ന ശബ്ദമലിനീകരണത്തിന്റെയും അന്തരീക്ഷമലിനീകരണത്തിന്റെയും ഗ്രാഫ് എപ്പോഴും മുകളിലേക്കു തന്നെ. 'മരണമില്ലാത്ത മരണം വിതയ്ക്കുന്ന ഭീകരൻ '. പ്ലാസ്റ്റിക്കിനു ഈ വിശേഷണം നല്കുന്നതാകും ഉത്തമം. കത്തിച്ചുകളഞ്ഞാൽ വായു മലിനീകരണം, മണ്ണിലെറിഞ്ഞാലോ പരിസ്ഥിതിനാശം. ആധുനിക ലോകത്തിൽ ഏറ്റവും അധികം തലവേദന സൃഷ്ടിക്കുന്നതാണ് പ്ലാസ്റ്റിക്കിന്റെ സംസ്കരണ വിഷയം. ജൈവപ്രക്രിയക്ക് വിധേയമാകാതെ എത്രനാൾ വേണമെങ്കിലും മണ്ണിനടിയിൽ കിടക്കുവാൻ പ്ലാസ്റ്റിക്കിനു കഴിയും. പരിസ്ഥിതിനാശത്തിന്റെ വികൃത മുഖമാണ് ഈ ഭീകരനിൽ നിറഞ്ഞു കാണുന്നത്. കാഴ്ചയിലെ ഭംഗിയും എളുപ്പമേറിയ വൃത്തിയാക്കലും എല്ലാത്തിലുമുപരി വളരെ കുറഞ്ഞ വിലയുമാണ് പ്ലാസ്റ്റിക്കിന്റെ ആകർഷണഘടങ്ങൾ... ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളെ കടലിൽ കൊണ്ടുപോയി തള്ളുന്ന ധാരാളം രാജ്യങ്ങളുണ്ട്. കടലിലെ ആവാസവ്യവസ്ഥയെ ഇത് തീർത്തും ദോഷകരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. ശാസ്ത്രസാങ്കേതികതയുടെ ഉന്നതപഥങ്ങൾ കീഴടക്കിയ മനുഷ്യമസ്തിഷ്കത്തിന് തീർച്ചയായും പ്രകൃതി രക്ഷോപായങ്ങൾ കണ്ടെത്താനാകും. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. ഇതാണ് പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന വിപത്തുക്കൾക്കെതിരെ നമുക്ക് ചെയ്യാനാവുന്നത്. അലക്ഷ്യമായി പ്ലാസ്റ്റിക് സാധനങ്ങൾ മണ്ണിൽ വലിച്ചെറിയാതിരിക്കുക. കാരണം, പ്ലാസ്റ്റിക് മണ്ണിനടിയിൽ നശിക്കാതെ കിടക്കുന്നതു നിമിത്തം വൃക്ഷങ്ങളുടെ വേരോടൽ തടസ്സമഴവെള്ളം ഭൂമിയിലേക്ക് ആഴ്നിറങ്ങുന്നതിനെ പ്രതിരോധിക്കുന്നു. പരിസ്ഥിതി സന്തുലനത്തെ തകിടം മറിക്കുന്നു. അന്തരീക്ഷത്തിലേക്കുയരുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവ് കുറയ്ക്കുക. ആഗോളതാപനത്തിന്റെ ഫലമായി ഉണ്ടാകുന്ന മാറ്റങ്ങളെ നേരിടുവാൻ ധാരാളം കാര്യങ്ങൾ ചെയ്യുവാൻ നമുക്കാകും. അതുവഴി ആഗോളതാപനം സൃഷ്ടിക്കുന്ന പ്രത്യാഘാതത്തിന്റെ തീവ്രത കുറയ്ക്കുവാനാകും. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സൂചകമാണ് പച്ചപ്പ്. പ്രകൃതി ഹരിതവർണത്തിലൊരുങ്ങി നിൽക്കുന്നതാണ് എന്നും ഭംഗിയും സുരക്ഷിതവും.യഥാർഥത്തിൽ ഭൂമി ഇപ്പോൾ തീർത്തും അപകടത്തിലാണ്. എന്നാൽ കഷ്ടമെന്നു പറയട്ടെ, പലരും ഇത് ഒന്ന് ശ്രദ്ധിക്കുന്നു പോലുമില്ല. ഈ അവസ്ഥയ്ക്ക് നിശ്ചയമായും മാറ്റം സംഭവിക്കണം. നമ്മുടെ മാത്രം രക്ഷയ്ക്കായല്ല, സർവ ജീവികളുടെയും നന്മക്കയും. 'പാദസ്പർശം ക്ഷമസ്വമേ 'എന്ന ക്ഷമാപനത്തോടെയാണ് പണ്ട് നാം ഭൂമിയിൽ സ്പർശിച്ചിരുന്നതുപോലും. ആ വിനയവും ലാളിത്യവും തിരികെ കിട്ടേണ്ടതുണ്ട്. ഒരു മരം നശിപ്പിക്കുമ്പോൾ പത്തു പുതിയ തൈകൾ നടാനുള്ള ബോധം നമുക്കുണ്ടാകണം. സ്വന്തം മാതാവിന്റെ നെഞ്ചുപിളർക്കുന്ന രക്തരക്ഷസുകളാകരുതു നമ്മൾ. നമ്മെ പരിപാലിക്കുന്ന പ്രകൃതിയെന്ന അത്ഭുതത്തെ കിട്ടുന്നതിലിരട്ടി സ്നേഹം നൽകി പരിപാലിക്കേണ്ട ചുമതലയുള്ള വരാണ് നമ്മൾ. ഈ ഭൂമി നാളേക്കും എന്നേക്കുമെന്ന സങ്കല്പത്തോടെ അണിചേരാം, പ്രവർത്തിക്കാം, ഒരു പുത്തൻ ഹരിത ഭൂമിക്കായി..........
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം