ജി.എച്ച്.എസ്.എസ്. മമ്പറം/അക്ഷരവൃക്ഷം/എന്റെ കൊറോണ ദിനങ്ങൾ

23:19, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ കൊറോണ ദിനങ്ങൾ

ജനുവരി മാസത്തിലാണ് കൊറോണ എന്ന വാക്ക് ഞാൻ ആദ്യം കേട്ടത് എന്നാണ് എന്റെ ഓർമ്മ. എനിക്ക് അത് ഒരു പുതിയ വാക്കായിരുന്നു. ജലദോഷവും പനിയും ഒക്കെ വന്ന് ചൈനയിൽ ആളുകൾ മരിച്ചു കൊണ്ടിരിക്കുന്നു എന്ന് മാത്രം ഇതിനെ കുറിച്ച് കേട്ടറിയാം. പിന്നീടാണ് ഈ രോഗം മറ്റ് ആളുകളിലേക്കും പകരുന്നു എന്നും പറഞ്ഞ് കേട്ടത്. ഈ അസുഖം വന്നാൽ മരണം ഉറപ്പാണ് എന്നായിരുന്നു എന്റെ മനസിന്റെ ആദ്യ വിശ്വാസം. എങ്കിലും എന്റെ മനസിൽ ഒരു ആശ്വാസം ഉണ്ടായിരുന്നു അത് അങ്ങ് ദൂരെ ചൈനയിൽ ആണല്ലോ എന്നതായിരുന്നു. പിന്നീട് ആണ് ഈ അസുഖത്തെ കുറിച്ച് മറ്റ് രാജ്യങ്ങ ളിൽ നിന്നും കേൾക്കു വാൻ തുടങ്ങിയത്.

മാർച്ച് മാസം പരീക്ഷ തുടങ്ങിയപ്പോഴേക്കും കേരളത്തിലും 'കോവിഡ് - 19' എന്ന മഹാ മാരിയുടെ പേര് കേൾക്കുവാൻ തുടങ്ങി. സ്കൂൾ ഒക്കെ അടച്ച് പരീക്ഷ ഒക്കെ ഒഴിവാക്കിയപ്പോൾ ആദ്യം ഒരു സന്തോഷം ഒക്കെ ഉണ്ടായിരുന്നു എന്നുള്ളത് സത്യമാണ്, കാരണം എനിക്ക് 'കോവിഡ് - 19' വൈറസ്സിനെ കുറിച്ചുള്ള ഗൗരവം അത്രയേ ഉണ്ടായി രുന്നുള്ളൂ. പിന്നീട് നമ്മുടെ സംസ്ഥാനവും 'ലോക്ക് ഡൗൺ' ലേക്ക് നീങ്ങിയപ്പോഴും പുറത്തിറങ്ങാൻ പാടില്ല എന്ന കർശന നിയന്ത്രണവും വന്നപ്പോൾ ആണ് എനിക്ക് ഇതിന്റെ ഗൗരവം ശരിക്കും മനസിലായത്.

കുറച്ച് ദിവസങ്ങൾ കളിച്ചും ചിരിച്ചും ഒക്കെ കഴിച്ചു കൂട്ടി.പിന്നീട് വല്ലാതെ ബോറഡിയും ഒപ്പം സങ്കടവും തോന്നി. സ്കൂൾ അടച്ചാൽ ബന്ധുവീടുകളിലും , ടൂറും ഒക്കെ പോകാം എന്നുള്ള സന്തോഷ മൊക്കെ പാടെ കെട്ടടങ്ങി. ഒപ്പം വീട്ടിൽ എല്ലാവരേയും ഒരുമിച്ച് കിട്ടിയപ്പോൾ ഏറെ സന്തോഷവും തോന്നി (ഇത് കുറച്ച് ദിവസത്തേക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ കെട്ടോ) ഭക്ഷണത്തിന്റെ കാര്യത്തിൽ ആയിരു ന്നു ഏറ്റവും സങ്കടക രമായ അവസ്ഥ. മീനും ഇറച്ചിയും ഒന്നും ഇല്ലാതെ ഭക്ഷണം കഴിക്കേണ്ട അവസ്ഥ ആലോചിക്കുവാനേ പറ്റാത്തതായിരുന്നു. എന്നിരുന്നാലും അമ്മയു ടെ ചക്കപ്പുഴുക്കിനും, കഞ്ഞിക്കും, ചമ്മന്തിക്കും ഒക്കെ നല്ല രുചി തോന്നിയ ദിനങ്ങൾ. ആപ്പൻമാരും അയൽവക്കത്തെ മാളുചേച്ചിയും, ആവണിയേച്ചിയും, ആദർശ് ഏട്ടനും, എന്റെ കുഞ്ഞനിയനും, ഒക്കെക്കൂടിയുള്ള 'ആട്ട' കളി ആയിരുന്നു വൈകുന്നേരങ്ങളിലെ ഞങ്ങളുടെ പ്രധാന കളികൾ. അച്ഛന്റെയും അമ്മയുടേയും ,അനിയന്റെയും കൂടെ 'ലൂഡോ ' , ' ചെസ്സ്' , എന്നീ കളികൾ ഒക്കെയായി സമയം ചിലവിടുന്നതോടപ്പം, പാട്ടും, ചിത്രം വരയും, ഞങ്ങളുടെ സ്വന്തം 'അനിൽ മാഷ് ' അയച്ചുതരുന്ന പൊതു വിജ്ഞാന ക്വിസ്സും ഒക്കെ ഡയറിയിൽ എഴുതി വച്ച് പഠിക്കുവാനും ശ്രദ്ധിക്കുന്നുണ്ട്.

വിഷുവിനായിരുന്നു ഈ കൊറോണക്കാലത്തെ ഏറ്റവും വലിയ സങ്കടം. വിഷുക്കോടിയും, പടക്കവും , സദ്യയും ഒന്നും ഇല്ലാത്ത ഈ വിഷു ജീവിതത്തിൽ ഞാൻ ഒരിക്കലും മറക്കില്ല. കിട്ടിയ സാധനങ്ങൾ ഒക്കെ വച്ച് അമ്മ ഒരുക്കിയ 'വിഷുക്കണി' ക്ക് എന്നത്തേതിലും കൂടുതൽ ഐശ്വര്യം ഉളളതായി തോന്നി. എനിക്ക് പറ്റുന്ന വിധത്തിൽ അമ്മയെ ചെറിയ ചെറിയ പണികളിൽ സഹായിക്കുവാനും ഞാൻ പഠിച്ചു.(അമ്മയുടെ വഴക്ക് ഒരു പാട് കേട്ടിട്ടാണ് എങ്കിലും.) അമ്മ പറയുന്നത് കേൾക്കാം ഈ കൊറോണ കാലത്ത് ഇങ്ങനെ ഒരു ഗുണം എങ്കിലും ഉണ്ടായി എന്ന് . എന്റെയും അനിയന്റെയും ഒരു വിധം നല്ല കുരുത്തക്കേട് വീട്ടിൽ ഒരു ലഹള തന്നെയാണ് എന്ന് പറയേണ്ടതില്ലല്ലോ? ഈ കുരുത്തക്കേട് ഒക്കെ കഴിഞ്ഞ് രാത്രിയിൽ വൈകി കിടന്ന് രാവിലെ വൈകി ഉണരുന്ന ഒരു വലിയ ദുശ്ശീലം ഞങ്ങൾക്ക് എല്ലാവർക്കും വന്നു കേട്ടോ. സ്കൂൾ തുറക്കുമ്പോൾ ഇതിന്റെ പ്രതിഫലം കാണാം എന്ന് അമ്മ എപ്പോഴും പറയും. കുട്ടുകാരെ ഒക്കെ കാണാൻ വല്ലാതെ കൊതിയുണ്ട്. കുറച്ച് പേർ വിളിക്കാറുണ്ടങ്കിലും ബാക്കിയുള്ളവരുടെ ഒരു വിവരവും ഇല്ല. എല്ലാരും സുഖായിരിക്കുന്നുണ്ടാവും. ഇങ്ങനെ ഒക്കെ ഒരു വിധത്തിൽ എന്റെ കൊറോണക്കാലം കഴിഞ്ഞ് പോകുന്നു. നമ്മുടെ ഗവൺമെന്റും ആരോഗ്യ വകുപ്പും പറയുന്ന നിർദ്ദേശങ്ങൾ ഒക്കെ അനുസരിച്ച് എത്രയും പെട്ടന്ന് അസുഖം ഒക്കെ മാറി എല്ലാവർക്കും സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരുവാൻ കഴിയട്ടെ.

ഒപ്പം ഈയൊരു അസുഖത്തോടെ എങ്കിലും തെറ്റുകൾ തിരുത്തി ഭിന്നതകൾ മറന്ന് നാം ഒന്നാണ് എന്ന ബോധം ഓരോരുത്തരുടേയും മനസിൽ ഊട്ടിയുറപ്പിക്കുവാൻ കഴിയുമാറാകട്ടെ...........

റിദിക രമേഷ്
7 A ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മമ്പറം
ആയിത്തരമമ്പറം

മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം