കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ടീച്ചറുടെ പേജ്

Schoolwiki സംരംഭത്തിൽ നിന്ന്

ടീച്ചറുടെ പേജ്
8. ജീവിത വിജയം- 22/03/2010
നാം ഓരോരുത്തരും ഒരു തുരുത്തല്ല, മറിച്ച് ഈ പ്രപഞ്ചത്തിലെ അവിഭാജ്യഘടകമാണ്. തുരുത്തുകള്‍ തീര്‍ക്കുന്തോറും നാം വീണ്ടും സങ്കീര്‍ണവും സംഘര്‍ഷഭരിതവുമായ ലോകത്തേക്ക് എടുത്തെറിയപ്പെടുന്നതുപോലെ തോന്നും. ഇതിന്റെ കാരണം മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ് എന്നതു തന്നെ. സമൂഹത്തില്‍ നിന്ന് വേറിട്ടൊരു ചിന്തയോ ജീവിതമോ അവന് അസാദ്ധ്യവും അനാരോഗ്യപരവുമാണ്.
അപരനോട് സൗഹാര്‍ദ്ദം പുലര്‍ത്തണമെങ്കില്‍ നാം ചില വിട്ടുവീഴ്ചകള്‍ക്ക് വിധേയമാവണം. അനാവശ്യമായ വിമര്‍ശനം ഒഴിവാക്കുക. അപരന്റെ കാര്യങ്ങളില്‍ കഴിവതും തലയിടാതിരിക്കുക. നാം എങ്ങനെയോ അതുപോലെ അപരനും പെരുമാറണമെന്ന ശാഠ്യം ഒഴിവാക്കുക, പകരം നാം ഒരു പ്രശ്നത്തെ എങ്ങനെ സമീപിക്കുന്നു എന്ന് കാട്ടിക്കൊടുക്കുക. ഇന്ന് ചിലപ്പോള്‍ അത് വിമര്‍ശനത്തിനും പരിഹാസത്തിനും ഇടയാകും എന്നോര്‍ത്ത് വ്യാകുലപ്പെടേണ്ടതില്ല. നാം ചെയ്യുന്നത് നീതിപൂര്‍വ്വവും മനസ്സാക്ഷിക്ക് നിരക്കുന്നതുമാണെങ്കില്‍ നാളെ അവര്‍ നമ്മെ അംഗീകരിക്കുക തന്നെ ചെയ്യും.
മഹാന്മാരുടെ ജീവചര്യകള്‍ നോക്കുക. അവര്‍ നല്ലവനായ ഒരു കൃഷീവലനെപ്പോലെയാണ്. മണ്ണിന് വേണ്ട പരിചരണം നല്കി സമയത്ത് വിത്തും വളവും വെള്ളവും നല്കി അവര്‍ മുന്നോട്ടു പോകുന്നു. കൃഷിയിലുണ്ടാകാവുന്ന പ്രതിസന്ധികള്‍ അവരെ പിന്തിരിപ്പിക്കുന്നില്ല, മറിച്ച് കൂടുതല്‍ ആവേശത്തോടെ അവരതില്‍ മുഴുകുന്നു. ഇവിടെ ഫലത്തെക്കുറിച്ചുള്ള ആകുലതകള്‍ അവരെ തെല്ലും തീണ്ടാത്തതുകൊണ്ടാണ് അവര്‍ക്കങ്ങനെ കഴിയുന്നത്. മഹാന്മാരും കൃഷീവലനെപ്പോലെ അങ്ങനെ തന്നെയാണ് ജീവിതപാഠം നല്കിയിരിക്കുന്നത്.
മണ്‍മറഞ്ഞുപോയ ഒരാളെ ബന്ധുത്വം മൂലം സ്വാഭികമായും ഓര്‍ക്കാം. എന്നാല്‍ മഹാത്മാഗാന്ധി, മാര്‍ട്ടിന്‍ ലൂതര്‍കിങ്, എബ്രഹാം ലിങ്ഗണ്‍ തുടങ്ങിയ നിരവധി മഹാന്മാര്‍ എത്ര തലമുറകള്‍ കഴിഞ്ഞാലും ആവേശമായി നിലകൊള്ളുന്നത് തീര്‍ച്ചയായും ബന്ധുത്വം കൊണ്ടല്ലല്ലോ....?
മൂല്യബോധത്തോടെ ജീവിക്കുക, പെരുമാറുക.
പെരുമാറ്റത്തില്‍ നല്ലതു പോലെ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരാള്‍ക്ക് അസാധാരണ കഴിവുണ്ട്, അറിവുണ്ട്, പ്രവര്‍ത്തനക്ഷമതയുണ്ട്....പക്ഷേ എപ്പോഴും മറ്റുള്ളവരോട് രോക്ഷത്തോടെ മാത്രമെ പ്രതികരിക്കുകയുള്ളു. മറ്റുള്ളവരെ എപ്പോഴും വിമര്‍ശനത്തിന്റെ മുള്‍മുനയിലെ നിര്‍ത്തുകയുള്ളു. എങ്കില്‍ നിങ്ങള്‍ അയാളെ വെറുക്കുമോ, അതോ സ്നേഹിക്കുമോ...?അയാളുടെ പ്രതിഭാവിലാസം നിങ്ങള്‍ അംഗീകരിക്കുമോ...?അയാളെത്ര മഹാനാണെങ്കില്‍ കൂടിയും നിങ്ങള്‍ അയാളെ ഒരു ചൊറിയന്‍ പുഴുവിനെ വലിച്ചെറിയുന്ന ലാഘവത്തോടെ നിങ്ങളുടെ ഹൃദയത്തില്‍ നിന്നു തന്നെ പറിച്ചെറിഞ്ഞു കളയില്ലേ...?
അപരനോട് സൗഹാര്‍ദ്ദമായി സഹവര്‍ത്തിക്കണമെങ്കില്‍ അവരിലൊരു ആകര്‍ഷണീയത നിങ്ങള്‍ ജനിപ്പിക്കേണ്ടതുണ്ട്. അത് നിങ്ങളുടെ സംഭാഷണം കൊണ്ടാവാം, പെരുമാറ്റം കൊണ്ടാവാം, അവര്‍ പറയുന്നത് കേള്‍ക്കുവാനുള്ള ക്ഷമ കൊണ്ടാവാം, അവരുടെ സുഖദു:ഖത്തില്‍ പങ്കുചേര്‍ന്നാവാം. പക്ഷേ ഇതിലുപരി വേണ്ടത് ആത്മാര്‍ത്ഥതയുടെ ഉള്‍ത്തുടിപ്പാണ്. എങ്കില്‍ മാത്രമെ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശാശ്വതമായ പരിവേഷം ലഭിക്കുകയുള്ളു.
മഹാന്മാര്‍ അങ്ങനെയായിരുന്നു, അവരുടെ കര്‍മ്മമണ്ഡലം മഹത്തരമായി തീര്‍ന്നതും അങ്ങനെ തന്നെ.

സസ്നേഹം ആര്‍. പ്രസന്നകുമാര്‍ 22/03/2010.

‍‍‍‍‍>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

7.S.S.L.C.പരീക്ഷയും നിങ്ങളും - 10/03/2010
S.S.L.C.പരീക്ഷയുടെ പടിവാതില്‍ക്കലിരുന്നു കൊണ്ടാണ് ഞാനീ കുറിമാനം തയ്യാറാക്കുന്നത്. കതിരിന്മേല്‍ കൊണ്ടു ചെന്ന് വളം വെയ്കുകയല്ല ഉദ്ദേശം, മറിച്ച് ഉള്ള നെന്മണികള്‍ പതിരായി കൊഴിയാതിരിക്കാനുള്ള ആഹ്വാനം മാത്രം.
മണ്ടശിരോമണികളായി പല അദ്ധ്യാപകരും മുദ്ര കുത്തിയ പലരും പില്‍ക്കാലത്ത് ബഹുമുഖ പ്രതിഭകളായി അറിയപ്പെട്ടു. അവര്‍ ജീവിത വിജയം നേടി. ലോകത്തിലെ ഏറ്റവും വലിയ കണ്ടുപിടിത്തക്കാരനായ തോമസ് അല്‍വാ എഡിസണ്‍ ഒന്നും പഠിക്കാന്‍ കഴിവില്ലാത്ത പമ്പരവിഡ്ഢിയാണെന്ന് പഠനകാലത്ത് കരുതപ്പെട്ടിരുന്നു. മൗലികമായി ആശയരൂപീകരണം നടത്തുവാന്‍ വാള്‍ട് ഡിസ്നിക്ക് കഴിവില്ലെന്ന് കരുതി അദ്ദേഹത്തെ പത്രാധിപര്‍ പദവിയില്‍ നിന്ന് പിരിച്ചുവിട്ടതാണ്. പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്‍വിന്‍ ഡോക്ടര്‍ പഠനം ഇടയ്ക് വെച്ച് ഉപേക്ഷിച്ച ആളാണ്. സ്വന്തം പിതാവുപോലും അദ്ദേഹത്തെ വെറും പട്ടി പിടുത്തം, എലി പിടുത്തം എന്നിവയില്‍ താല്പര്യമുള്ളവനായി മാത്രമേ കണ്ടിരുന്നുള്ളു. പൊതുവെ പറഞ്ഞാല്‍ അദ്ധ്യാപകര്‍ ഉള്‍പ്പെടെ പൊതുസമൂഹം സാധാരണ വിദ്യാര്‍ത്ഥിയായി നടതള്ളിയ പലരും പില്‍ക്കാലത്ത് രജത താരകളായി വാനില്‍ തിളങ്ങുന്നതായാണ് അനുഭവം.
എന്താണ് ഇതിന്റെ കാരണം.....?
നിസ്സാരമാണ് കാരണം. ഇവര്‍ അവരുടെ കഴിവുകള്‍ സ്വപ്രയത്നത്താല്‍ വിളക്കിയെടുത്തു. സ്വയം കണ്ടെത്തി കഠിനമായി പണിപ്പെട്ട് ആത്മാര്‍ത്ഥതയോടെ നേടിയെടുത്തു എന്നതാണ് പരമസത്യം. അതിനായി ചിട്ടയായി ലക്ഷ്യബോധത്തോടെ നീങ്ങി. ഊണിലും ഉറക്കത്തിലും വാശിയോടെ മനസ്സിനെ അതിനായി ഉണര്‍ത്തിയെടുത്തു.
അത് നിങ്ങള്‍ക്കുമാവില്ലേ....?
വൈകിപ്പോയിട്ടൊന്നുമില്ല. എല്ലാ കാര്യങ്ങളും പലരും പിന്നീടാണ് നേടിയത് എന്ന് മേല്‍പ്പറഞ്ഞ മഹാന്മാരുടെ പില്‍ക്കാലവിജയഗാഥകള്‍ തെളിയിച്ചില്ലേ...? നിങ്ങളും ഇനി ഉണര്‍ന്ന് കഠിനതപത്തിനായി ഒരുങ്ങുക. വിജയസ്മിതത്തിനായി പഠനവും മറ്റ് പ്രവര്‍ത്തനങ്ങളും നടത്തുക.
"Most people don't plan to fail; they just fail to plan" എന്ന ചൊല്ല് ഇവിടെ അന്വര്‍ത്ഥമാണ്. "മിക്കവരും രൂപപ്പെടുത്തുന്നത് പരാജയപ്പെടുന്ന പദ്ധതികളല്ല; മറിച്ച് പദ്ധതി ഉണ്ടാക്കുന്നതില്‍ പരാജയമടയുകയാണ്."
ആസൂത്രണം ഒരു തരം മാനസിക വ്യായാമമാണ്. എത്രത്തോളം വ്യായാമത്തിലേര്‍പെടുന്നുവോ അത്രത്തോളം പേശീബലം സിദ്ധമാകും, അതായത് പ്രതിഭ വളരും. ഒട്ടും ഉപയോഗിക്കാതിരുന്നാല്‍ ദിനം ചെല്ലുംതോറും ക്ഷയിച്ചില്ലാതാകും. പഠനത്തില്‍ ഇക്കാര്യം വളരെ പ്രസക്തമാണ്.
ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തട്ടെ, ഉന്നതവിജയം നിങ്ങള്‍ക്ക് കരഗതമാക്കാം. പരീക്ഷയെ സധൈര്യം നേരിടുക. ലക്ഷ്യബോധത്തോടെ ഉണരുക, അതിനായി പ്രവര്‍ത്തിക്കുക. അതിനായി മാത്രം.
വിജയം നിങ്ങളുടെ അരികിലുണ്ട്....തീര്‍ച്ച.

സസ്നേഹം ആര്‍. പ്രസന്നകുമാര്‍ 10/03/2010.

‍‍‍‍‍>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

6.പരീക്ഷാക്കാലം - 01/03/2010

മാര്‍ച്ച് മാസം മാമ്പഴക്കാലം പോലെ പരീക്ഷാക്കാലം കൂടിയാണ്. സ്കൂള്‍ തല പരീക്ഷകള്‍ തലങ്ങനെയും വിലങ്ങനെയും പിഞ്ചുഹൃദയങ്ങളെ വല്ലാതെ മഥിക്കുന്ന വേള. എത്ര ആത്മവിശ്വാസമുള്ള കുട്ടിയാണെങ്കിലും ഒന്ന് ഭ്രംശനത്തിനു വിധേയമാകുന്ന സമയം.
ബീ പോസിറ്റീവ് എന്നു കേട്ടിട്ടില്ലേ...?
ഒരു റോസാ പുഷ്പം കാണുമ്പോള്‍ നിങ്ങളുടെ ഹൃദയം തുടിക്കാറുണ്ടോ, ഒന്നടുത്തു ചെല്ലാന്‍, ഒന്നുമ്മ വെയ്കാന്‍ തോന്നാറുണ്ടോ...? നിങ്ങള്‍ പോസിറ്റീവ് തന്നെ.
എന്നാല്‍ അതിറുക്കാന്‍, ആരും കാണാതെ സ്വന്തമാക്കാന്‍, പറ്റുമെങ്കില്‍ ആ ചെടി സമൂലം അപഹരിക്കാന്‍ കൈ തരിക്കാറുണ്ടോ...?
ചിലരാകട്ടെ, ഇത്ര കടുത്ത ചിന്തകള്‍ പേറാറില്ല, മറിച്ച് അതിനെ നിരീക്ഷിച്ചു കൊണ്ട് ചില നിഗമനങ്ങളില്‍ എത്തിച്ചേരും -
'കണ്ടോ... എന്തു മുള്ളാണ് അപ്പാടെ. കൈമുറിയും. ഇലക്കിടയില്‍ പുഴു കാണും. ചോട്ടിലപ്പാടെ ചീഞ്ഞളിഞ്ഞ വസ്തുക്കളാണ്.... വേണ്ട.'
നിങ്ങള്‍ ഇതിലേതാണെന്ന് തീരുമാനിച്ചോളു, ഏതാണ് നല്ല സ്വഭാവമെന്നും.
എല്ലാം തികഞ്ഞവന്‍ ഇനി ജനിക്കാനിരിക്കുന്നതേ ഉള്ളു. അതുപോലെ എല്ലാം പഠിക്കുന്ന കുട്ടിയും പഠിച്ച കുട്ടിയും.
എനിക്കൊന്നുമറിയില്ലല്ലോ എന്ന ചിന്ത കളയുക, മറിച്ച് നിങ്ങള്‍ക്ക് എത്ര അറിയാമെന്നു കണ്ടെത്തുക, സാവധാനം ശേഷവും ആര്‍ജ്ജിക്കാനുള്ള ശ്രമം തുടരുക. ജീവിതമൊരു പരീക്ഷയാണ്, അത് ജീവനുള്ളിടത്തോളം തുടരുക തന്നെ ചെയ്യും. അവിടെ നാം നിസ്സഹായരല്ല, ആ തോന്നല്‍ തീര്‍ച്ചയായും കളയുക തന്നെ വേണം. പരിശ്രമത്തിലൂടെ എന്താണ് കരഗതമാക്കാന്‍ സാധ്യമല്ലാത്തത്....?
അനാവശ്യമായ കാര്യങ്ങളില്‍ ശ്രദ്ധിക്കാതെ അവനവനില്‍ കേന്ദ്രീകരിക്കുക. ചങ്ങാതിയുടെ ജീവിതവും ചര്യകളും നമ്മില്‍ പ്രതിഫലിക്കാന്‍ അവസരമുണ്ടാക്കാതെ, അവന്റെ പഠനവുമായി താരതമ്യം ചെയ്യാതെ നമുക്ക് എത്രമാത്രം പണിപ്പെടാമെന്നുമാത്രം ചിന്തിക്കുക.



കൃത്യമായ ആസൂത്രണം, വിനയം, ദൈവചിന്ത, വിനോദം, വ്യായാമം, പ്രയത്നം എന്നിവ കൊണ്ട് ഏതു പ്രശ്നവും പരിഹരിക്കാം. ഒന്നു ശ്രമിച്ചു നോക്കിക്കോളു....
നിങ്ങളില്‍ ആത്മവിശ്വാസവും ശ്രദ്ധയും ശാന്തതയും നിറഞ്ഞ് നിങ്ങള്‍ ഒരു പുതിയ വ്യക്തിയായി മാറുന്നതു കാണാം.
ഒന്നോര്‍ക്കുക വിജയവും പരാജയവും തീര്‍ത്തും ആപേക്ഷികമാണ്. പരാജയത്തേക്കൂടി വിജയമാക്കാന്‍ കഴിയണം. എന്നാലെ നിങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും വിജയിച്ചതായി കരുതാനാകൂ...
സ്വാമി വിവേകാനന്ദന്‍ വേദങ്ങളില്‍ നിന്ന് കണ്ടെടുത്ത് അമൃതവാണിയായി മനുഷ്യരാശിക്ക് പകര്‍ന്ന ആ മുദ്രാവാക്യം കേട്ടിട്ടില്ലേ....?
ഉത്തിഷ്ഠത.....ജാഗ്രത.....പ്രാപ്യ വരാന്‍ നിബോധത (എഴുന്നേല്‍ക്കുക... ഉണരുക...ലക്ഷ്യം നേടാനായി ശ്രമം തുടരുക)
എല്ലാ പരീക്ഷാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍.......

സസ്നേഹം ആര്‍. പ്രസന്നകുമാര്‍ 01/03/2010.

‍‍‍‍‍>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>


5.സാമാന്യ മര്യാദ - 28/02/2010

പലപ്പോഴും നാം കേള്‍ക്കാറുള്ള പദമാണ് ഇത്. വീട്ടിലായാലും നാട്ടിലായാലും തൊഴില്‍ രംഗത്തായാലും ഇത് അത്യന്താപേക്ഷിതമാണ്. അപരന് ആനന്ദം ചൊരിയുക, തൃപ്തി ജനിപ്പിക്കും വിധം സത് ഭാഷണം ചെയ്യുക, ദ്രോഹകരമായ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക, കഴിവതും ഉപകാരം ചെയ്യുക തുടങ്ങിയവ മര്യാദയിലേക്കുള്ള കാല്‍വെപ്പാണ്.
അലക്സാന്‍ഡര്‍ ചക്രവര്‍ത്തി, പുരൂരവസ് ചക്രവര്‍ത്തിയെ തോല്പിച്ച് വെന്നിക്കൊടി നാട്ടിയ നിമിഷം ഭാരതചരിത്രത്തിലെ കറുത്ത അദ്ധ്യായമാണെങ്കിലും അതിനിടയിലെ ചില രജതരേഖകള്‍ കാണാതെ വയ്യ. ലോകം കീഴടക്കാന്‍ പുറപ്പെട്ട അലക്സാന്‍ഡര്‍ ചക്രവര്‍ത്തി നിരവധി രാജാക്കന്മാരുടെ അഹങ്കാരത്തിന്റെ കോട്ട കൊത്തളങ്ങള്‍ തകര്‍ത്ത്, അവരുടെ രാജ്യവും സമ്പത്തും റോമാ സാമ്രാജ്യത്തോട് ചേര്‍ത്ത് വിപുലമാക്കി ഇന്ത്യയിലേക്കുള്ള പുറപ്പാടിലാണ് പുരൂരവസ് ചക്രവര്‍ത്തിയുമായി ഏറ്റുമുട്ടിയത്. ഇന്ത്യയില്‍ വന്നപ്പോളാണ് ഇവിടുത്തെ രാജാക്കന്മാരുടെ അനൈക്യവും പരസ്പര ശത്രുതയും കുടിപ്പകയും അസൂയയും ശരിക്കും മറ നീക്കി പത്തി വിടര്‍ത്തുന്നത് അലക്സാന്‍ഡര്‍ ചക്രവര്‍ത്തി തിരിച്ചറിഞ്ഞത്. തന്മൂലം വിജയം അനായാസമായിരുന്നു. സംരക്ഷിക്കേണ്ടവര്‍ തന്നെ സംഹാരാപേക്ഷയുമായി നിര നിരയായി നില്കെ രാജ്യങ്ങള്‍ ഒന്നൊന്നായി നിലംപൊത്തി.
ഇന്ത്യയിലെ വിജയപഥത്തില്‍ ഒരു രാജാവിനെ അലക്സാന്‍ഡര്‍ ചക്രവര്‍ത്തി കണ്ടെത്തിയത് പുരൂരവസിലാണ്. യുദ്ധാവസാനം തന്റെ മുന്നില്‍ ഹാജരാക്കപ്പെട്ട പുരൂരവസ് ചക്രവര്‍ത്തിയോട് അലക്സാന്‍ഡര്‍ ചക്രവര്‍ത്തി എന്താണ് അങ്ങയ്ക് ആവശ്യം എന്നു തിരക്കി. തികഞ്ഞ മര്യാദയോടെ തോല്‍വി സമ്മതിച്ച് പുരൂരവസ് ഇങ്ങനെ പറഞ്ഞു -
'എന്നോട് ഒരു ചക്രവര്‍ത്തി, ഒരു ചക്രവര്‍ത്തിയോട് പെരുമാറും പോലെ അങ്ങ് പെരുമാറുക' നിര്‍ഭയനായി തന്റെ മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന പുരൂരവസ് ചക്രവര്‍ത്തിയെ, അലക്സാന്‍ഡര്‍ ചക്രവര്‍ത്തി ഒരു നിമിഷം നോക്കി നിന്നു. ചില ചിന്തകള്‍, സ്മരണകള്‍ അദ്ദേഹത്തിന്റെ മനസ്സിലൂടെ കയറിയിരമ്പി.
'ഹും.... എത്ര രാജ്യങ്ങള്‍ താന്‍ കീഴടക്കി, എത്ര രാജാക്കന്മാരുടെ ശിരസ്സുകള്‍ തന്റെ മുന്നിലുരുണ്ടു, എത്ര എത്ര പേര്‍ ഒരിറ്റു കരുണയ്കായി കേണു. രാജ്യം പോയ രാജാക്കന്മാര്‍ ചെറിയ ചെറിയ ആവശ്യങ്ങള്‍ക്കായി യാചിക്കുമ്പോള്‍ ഉള്ളില്‍ പുച്ഛരസമാണ് തോന്നിയത്. ഇതാ ഇവിടെ വ്യത്യസ്ഥനായ ഒരു രാജാവ് പരാജയത്തിന്റെ പടുകുഴിയിലും ആ രാജത്വം, ഗാംഭീര്യം നില നിര്‍ത്തി തന്നെ സംഭാഷണം ചെയ്യുന്നു.'
അലക്സാന്‍ഡര്‍ ചക്രവര്‍ത്തി ഉള്ളിലെ വികാരങ്ങള്‍ പുറത്തുകാട്ടാതെ, തന്റെ അരികിലെ പീഠം ചൂണ്ടി തെല്ലു മന്ദഹാസത്തോടെ പറഞ്ഞു.
'ഹേ പുരൂരവസ് ചക്രവര്‍ത്തി, അങ്ങ് എന്നോടൊപ്പം ഉപവിഷ്ടനാകുക. നാം അങ്ങയെ എന്റെ ഉത്തമതോഴനായി തന്നെ കരുതുന്നു. ഇവിടെ ഞാന്‍ നേടിയ സര്‍വവും അങ്ങയ്കുതന്നെ തിരിച്ചു തരുന്നു. ഇതിന് ഏറ്റവും അര്‍ഹന്‍ അങ്ങല്ലാതെ മറ്റാരുമല്ല.'
ചരിത്രത്തില്‍ അധിനിവേശമോഹവുമായി കടന്നു വന്ന് നിരവധി ക്രൂരതകള്‍ കാട്ടിക്കൂട്ടിയ ചക്രവര്‍ത്തിമാര്‍ അനേകമുണ്ട്. പക്ഷേ മഹാനായ അലക്സാന്‍ഡര്‍ ഒന്നേ ഉള്ളു. എന്താണ് കാരണം....?
മര്യാദ..... മര്യാദ.... സാമാന്യ മര്യാദ.
പ്രശസ്തനായ ഒരു ചിന്തകന്റെ വാക്കുകള്‍ ഞാനിവിടെ ഉദ്ധരിക്കട്ടെ-
'ഓരോരുത്തരുടെ ജീവിതവും അവരുടെ വിശ്വാസത്തിന്റെ പ്രതിഫലനമാണ്. ഓരോരുത്തരുടെ പെരുമാറ്റം തന്റെ വിശ്വാസപ്രമാണങ്ങള്‍ മറ്റുള്ളവരെ നിശബ്ദമായി അറിയിക്കുകയാണ്.'
നമ്മുടെ പ്രവര്‍ത്തികള്‍, വാക്കുകള്‍, പ്രതികരണങ്ങള്‍ ഒക്കെ മറ്റുള്ളവര്‍ക്ക് നമ്മെ വിലയിരുത്താനുള്ള ചൂണ്ടുപലകയാണ്. പ്രതിഭയും കാര്യപ്രാപ്തിയും പണവും അധികാരവും പദവിയും ഒക്കെ ഉണ്ടെങ്കിലും മര്യാദാഹീനനാണെങ്കില്‍ ആരും മതിക്കുകയില്ല, പ്രത്യുത നമ്മെ അവഗണിക്കാനായിരിക്കും ഏവര്‍ക്കും ഏറെ താല്പര്യം. വീട്ടിലായാലും ഓഫീസിലായാലും ഒരേ പോലെ പെരുമാറാന്‍ ശ്രമിക്കുക... ആത്മാര്‍ത്ഥയോടെ....തികഞ്ഞ അര്‍പ്പണമനോഭാവത്തോടെ.... സാമാന്യമര്യാദയോടെ.....

സസ്നേഹം ആര്‍. പ്രസന്നകുമാര്‍ 28/02/2010. >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
4.കാട്ടുനീതി - 12/02/2010
അടുത്ത സമയത്ത് നാഷണല്‍ ജോഗ്രഫി ചാനലില്‍ 'Elephants Behaving Badly'എന്നൊരു വീഡിയോ കാണാനിടയായി. വളരെ വേദനാജനകമെങ്കിലും അതു മുഴുവന്‍ കണ്ടിരുന്നു. മുറിവേറ്റ് അവശനായ ഒരു ആന കൂട്ടത്തില്‍ നിന്നും നിഷ്കാസിതനായി, അവഗണനയുടെ ബാക്കിപത്രം പോലെ തീറ്റ പോലും എടുക്കാനാവാതെ, തളര്‍ന്ന്, വേച്ച് വേച്ച് പോകുന്നു. ഒരു മരത്തില്‍ ചാരി നേരെ നില്‍ക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ട് അതിന്റെ ചുവട്ടില്‍ തന്നെ വീഴുന്നു.
അകലെ കൂടി പോകുന്ന ആനകള്‍ ഒന്നു ശ്രദ്ധിക്കുക പോലും ചെയ്യുന്നില്ല, സഹായത്തിനായി ഓടിയണയുന്നില്ല. പക്ഷേ ഉടന്‍ വേറെ ചില ജീവികള്‍ ശ്രദ്ധിക്കാനണഞ്ഞു. മറ്റാരുമല്ല.... സിംഹങ്ങള്‍... കാട്ടിലെ രാജാക്കന്മാര്‍...സൂപ്പര്‍താരങ്ങള്‍. ചെറുജീവികള്‍ക്ക് മുറിവേറ്റ ആനയെ സഹായിക്കണമെന്നോ, പങ്കിടണമെന്നോ ആഗ്രഹമില്ലാഞ്ഞിട്ടല്ല, സിംഹസാന്നിദ്ധ്യം അതിന് വിലങ്ങുതടിയായി നില്‍ക്കുന്നു. അവര്‍ നിശബ്ദരാക്കപ്പെട്ടിരിക്കുന്നു.
കുറഞ്ഞത് പത്തില്‍ കൂടുതല്‍ സിംഹങ്ങള്‍ ആനയുടെ ചുറ്റും നിരന്നു. അവ പൊടുന്നനെ ഒരു വലിയ കേക്ക് തിന്നുന്ന ലാഘവത്തോടെ ആനയെ പല വശങ്ങളില്‍ നിന്നും ആക്രമിച്ചു.. കട്ടിയുള്ള തോല് കടിച്ചു കീറി മാംസം തിന്നാന്‍ തുടങ്ങി. ആന അലറി വിളിക്കുന്നില്ല, അത്ര അവശനാണ്. ആകെ ചെയ്യുന്നത് ഇടക്കിടെ കണ്ണു വെട്ടിക്കുന്നു.... ജീവന്റെ ഒരേ ഒരു മിന്നലാട്ടം.
കാട്ടിലെ നിയമസംഹിതകളില്‍ സിംഹങ്ങളുടെ ക്രിയ കുറ്റകരമല്ല, കാരണം ബലവാന്‍ ബലഹീനനെ കീഴ്പ്പെടുത്തുന്നു, ആഹരിക്കുന്നു.
നാട്ടിലോ.....?
നമുക്കു ചുറ്റും ഇത്തരം നിരവധി അനുഭവങ്ങള്‍ ഉണ്ട്. പലപ്പോഴും നാം തന്നെ ഇതിനിരയായിട്ടുണ്ടാകാം. പ്രതികരണത്തിന്റെ നേരിയ സൂചന പോലും പുറപ്പെടുവിക്കാനാകാതെ നാം നമ്മിലേക്കൊതുങ്ങിക്കൂടേണ്ട ഗതികേടിലെത്താറുമുണ്ട്. പലപ്പോഴും ഇത്തരം കുറ്റവാളികള്‍ക്ക് സമൂഹത്തിന്റെ പിന്തുണ കിട്ടാറില്ല. എന്നാല്‍ അവര്‍ ചില കുല്‍സിത നീക്കങ്ങളിലൂടെ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് സാമൂഹ്യ ആവശ്യമായി മാറ്റി മറിക്കുന്നു, പ്രശ്നം സമൂഹത്തെ കൊണ്ട് ഏറ്റെടുപ്പിക്കുന്നു. അവര്‍ സുരക്ഷിതരായ കാഴ്ചക്കാരായി മാറി നിന്ന് നേട്ടം കൊയ്യുന്നു...സമൂഹം സ്വയം ആക്രമിക്കപ്പെടുന്നു.
ഏറ്റവും വൃത്തികെട്ട മൃഗം ആരാണെന്ന് ചോദിച്ചാല്‍ ഒരേ ഒരുത്തരമേ ഉള്ളു...?
മനുഷ്യന്‍.... അതേ സുന്ദരനായ മനുഷ്യന്‍....!

സസ്നേഹം ആര്‍. പ്രസന്നകുമാര്‍ 12/02/2010. >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
3.ക്ഷമ - 02/02/2010
ഏതൊരു വ്യക്തിക്കും ജീവിത വിജയം നേടണമെങ്കില്‍ ചില അടിസ്ഥാന പ്രമാണങ്ങള്‍ പാലിച്ചേ മതിയാകൂ. അതിലൊന്നാണ് ക്ഷമ. പലപ്പോഴും നാം ഒരു പരിചയമില്ലാത്തവരോടുപോലും കലഹിക്കാറുണ്ട്. ബസ് യാത്രക്കിടയില്‍ തൊട്ടടുത്തിരിക്കുന്ന അജ്ഞാതനോട് നിസ്സാര കാര്യങ്ങള്‍ക്കായി ശണ്ഠ കൂടുക നിത്യ കാഴ്ചയാണ്. എന്നാല്‍ എതിരെ വരുന്ന സഹജീവിയെ തിരിച്ചറിയുന്നതായി നടിക്കുക, ഒന്ന് പ്രത്യഭിവാദ്യം ചെയ്യുക, എന്തിനേറെ ഒന്നു പുഞ്ചിരിക്കുക, നമുക്ക് എത്ര പ്രയാസമാണത്....? ചിരിച്ചാല്‍ മറ്റേയാള്‍ എന്തെങ്കിലും ആവശ്യപ്പെട്ടാലോ...?അതു കൊണ്ട് കണ്ടില്ലെന്ന് നടിക്കുക. ശരിയല്ലേ...?
ഇനി ചില കൂട്ടരുണ്ട്, സ്ഥാനത്തും അസ്ഥാനത്തും പരിചിതഭാവം കാട്ടി , ഒരു ഇമേജ് സൃഷ്ടിക്കുന്നവര്‍. ഇക്കൂട്ടരില്‍ ഒരു തരം കൃത്രിമ ഭാവം മുഴച്ചു നില്‍ക്കുന്നു. ആത്മാര്‍ത്ഥതയുള്ളവര്‍ ഇവരിലും ഉണ്ട്. പക്ഷേ അധികമായാല്‍ അമൃതും വിഷമാണെന്നറിയില്ലേ...?
അപ്പോള്‍ നാം ഏതു പാത സ്വീകരിക്കണം...?
ന്യായമായും ഉയര്‍ന്നു വരുന്ന ഒരു ചോദ്യമാണിത്.
ബുദ്ധഭഗവാന്‍ നിര്‍ദ്ദേശിച്ച മദ്ധ്യ മാര്‍ഗമാണ് അഭികാമ്യം.
നമ്മുടെ വികാര വിചാരാധികള്‍ ആത്മാര്‍ത്ഥതയുടെ ചായം പുരട്ടിയായിരിക്കണം മാനവ മനസ്സുകളെന്ന കാന്‍വസില്‍ ചിത്രമായി ആലേഖനം ചെയ്യേണ്ടത്. അപ്പോള്‍ നാം മാര്‍ഗത്തിന് വലിയ പ്രാധാന്യം കല്പിക്കാതെ ലക്ഷ്യബോധത്തോടെ നീങ്ങും. അവിടെ നീതിയും സത്യവും വിളങ്ങും. നമ്മുടെ ആത്മാര്‍ത്ഥത തിരിച്ചറിയാന്‍ ഒരു പക്ഷേ സമയം എടുത്തെന്നിരിക്കും....എന്നാലത് ഒടുവില്‍ തിരിച്ചറിയുക തന്നെ ചെയ്യും.
കുട്ടികളായ നിങ്ങള്‍ നിസ്സാര കാര്യങ്ങള്‍ക്കായി അടിപിടി കൂടാറില്ലേ? അല്പം കഴിഞ്ഞ് വീണ്ടുമിണങ്ങി മുതിര്‍ന്നവരെ ഒരു പരിധി വരെ പമ്പരവിഡ്ഢികളാക്കാറില്ലേ?നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ, എന്തു കൊണ്ടിതു സംഭവിക്കുന്നു....?
ഉത്തരം വളരെ ലളിതമാണ്. നിങ്ങള്‍ കലഹിച്ചത് തെല്ലു നിസ്സാരവും പൊറുക്കാവുന്നതുമായ കാര്യങ്ങള്‍ക്കാണ്. അവിടെ യുക്തിക്ക് യാതൊരു പരിഗണനയും നല്‍കിയില്ലായിരുന്നു. അതു മാത്രവുമല്ല, നിങ്ങള്‍ മല്ലടിച്ചത് നിയോഗിത ലക്ഷ്യം മറന്നിട്ടാണ്. ശരിയല്ലേ...?നിങ്ങളുടെ ഓരോ കലഹവും കൂടുതല്‍ ദൃഢബന്ധത്തിലേക്ക് നയിക്കുന്നത് അതു കൊണ്ടാണ്.
കുറ്റവും കുറ്റബോധവും കുഞ്ഞുമനസ്സുകളില്‍ തങ്ങി നില്ക്കാറില്ല, കാരണം അത് മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ശരീര ഭാഗമാണ്. ശരീരം അനുനിമിഷം വളരുമ്പോള്‍ മനസ്സുമാത്രം മുരടിക്കുമോ....?
ചില ബസ്സുകളില്‍ എഴുതിവെച്ചിരിക്കുന്നത് കണ്ടിട്ടില്ലേ, ക്ഷമയാണെന്റെ ഗമ.... ഒരു പക്ഷേ എഴുതിയവര്‍ക്ക് അതിന്റെ ഗുണമറിയണമെന്നില്ല, നാം അങ്ങനെ ശഠിക്കുകയും അരുത്. നമുക്ക് ഗുണമാക്കാമോ...?അതിലാണ് കാര്യം. അതില്‍...അതില്‍ മാത്രം....!

സസ്നേഹം ആര്‍. പ്രസന്നകുമാര്‍ 02/02/2010. >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
2.മഹാത്മാവ് - 30/01/2010
ഇന്ന് ജനവരി 30. കൃത്യം 62 വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു സായന്തനം. ഘടികാരസൂചികള്‍ പോലെ കൃത്യം ചലിക്കുന്ന ആ മനുഷ്യപുത്രന്‍, അല്ല മനുഷ്യരാശിക്ക് ഗോചരമായ ദേവന്‍ വൈകീട്ടത്തെ പ്രാര്‍ത്ഥനക്കായി തന്റെ ജീവിക്കുന്ന ഊന്നുവടികളായ മനുവിന്റേയും ആഭയുടെയും ചുമലില്‍ മെല്ലിച്ച കരങ്ങള്‍ ചുറ്റി നടന്നു നീങ്ങി. ആ മിഴികള്‍ ആകാശത്തേക്കു നീണ്ടു,.... അല്പം താമസിച്ചുവോ....?. സന്ദേഹത്തോടെ പതിവു തെറ്റിച്ച് പുല്‍ത്തകിടിയിലൂടെ തിടുക്കത്തില്‍ പ്രാര്‍ത്ഥനാ സ്ഥലത്തേക്ക്, സ്നേഹത്തോടെ ആരാധകര്‍ക്ക് ചെറുമന്ദഹാസം നല്‍കി, ആദരവിന്റെ നറുകണികള്‍ ചൊരിഞ്ഞ് നീങ്ങി.
ഗാന്ധിക്കും സഹായികള്‍ക്കും അതൊരു പതിവു കാഴ്ചയാണ്, അനുഭവമാണ്. പരാതി പറയുന്നവര്‍, പരിഭവത്തോടെ കേഴുന്നവര്‍, ഒന്നു ദര്‍ശിച്ച് സായൂജ്യമടയുന്നവര്‍, കരം സ്പര്‍ശിച്ച് നിര്‍വൃതിയടയുന്നവര്‍,.... ചിലര്‍ക്ക് കാല്‍ക്കല്‍ വീണെങ്കിലേ മതിയാകൂ. അതേ അന്നും ആ ദേവപദം തേടിയ മനുഷ്യസഹസ്റങ്ങള്‍ അങ്ങനെ തന്നെ വികാരപ്രകടനങ്ങള്‍ നടത്തി. ഒരു രാജ്യം മുഴുവന്‍ കാല്‍ക്കല്‍ അടിയറ വെച്ചിട്ടും പിതാവിന്റെ വാക്ക് പാലിക്കാന്‍ 14 സംവത്സരം കാടുപൂകിയ ശ്രീരാമനായിരുന്നു മാതൃക. ആ മര്യാദാപുരുഷോത്തമന്റെ ജീവരൂപമായി ഗാന്ധിയെ ഭാരതം കാണ്ടു,... അല്ല ലോകം കാണാന്‍ തുടങ്ങി.
മഹാത്മാ ....മഹാത്മാ എന്ന മന്ത്രോച്ഛാരണങ്ങള്‍ ഉച്ചണ്ഡം എങ്ങും മുഴങ്ങവെ, ജനാരണ്യത്തിന്റെ മറവില്‍ നിന്നും ഒരാള്‍ നമസ്കരിക്കാനെന്നവണ്ണം മുന്നോട്ടു വന്നു. അയാളുടെ അസാധാരണ തിടുക്കം കണ്ട് ഗാന്ധിയുടെ ഊന്നുവടികള്‍, മനുവും ആഭയും തടുക്കാന്‍ ശ്രമിക്കവെ, അവരെ ഇരുവശത്തേക്കും തള്ളിമാറ്റി, വലംകൈയില്‍ പിസ്റ്റളുമായി അയാള്‍ കടന്നു വന്നു.... ക്ളോസ് റേഞ്ചില്‍ തന്നെ. മഹാത്മനെ കൈകൂപ്പി, .....പിന്നെ പിസ്റ്റള്‍ ഗര്‍ജ്ജിച്ചു.
ഹേ ...റാം...!
കണ്ണേ മടങ്ങുക.... ഒരു ജനതയുടെ ആദരവും സ്നേഹവും ചോരക്കളത്തില്‍ പിടയവെ, ആകാശത്ത് ചെഞ്ചോരക്കളം തീര്‍ത്ത് സൂര്യനും അസ്തമിച്ചു.
അന്ന് 1948 ജനവരി 30. ഭൂമിയിലെ സൂര്യദേവന്റെ അസ്തമനം. കവിയും ആദ്യപ്രധാനമന്ത്രിയുമായ ജവാഹര്‍ലാല്‍ നെഹ്റു, ആകാശവാണിയിലൂടെ ഹൃദയസ്പര്‍ശിയായി ഇന്ത്യന്‍ ജനതയോട് കേണു. കൂടെ ശ്രോതാക്കളായ കോടാനുകോടികളും....
"സുഹൃത്തുക്കളേ, സഖാക്കളേ ആ ദീപം നമ്മുടെ ജീവിതത്തില്‍ നിന്ന് പൊലിഞ്ഞുപോയിരിക്കുന്നു. എങ്ങും അന്ധകാരമാണ്. .... ദീപം പൊലിഞ്ഞു എന്നു ഞാന്‍ പറഞ്ഞത് തെറ്റാണ്. കാരണം അതൊരു സാധാരണ ദീപമായിരുന്നില്ല. ആയിരം കൊല്ലം കഴിഞ്ഞാലും ആ പ്രകാശം അപ്പോഴും കാണും. അദ്ദേഹത്തിന്റെ ആത്മാവ് എല്ലാം നോക്കി കാണുന്നതിനാല്‍ ആ ആത്മാവിനെ നൊമ്പരപ്പെടുത്തുന്നതൊന്നും നമ്മുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൂട......"
ഇന്ന് 2010 ജനവരി 30. കൃത്യം 62 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ളൊരു സായന്തനം. നെഹ്റു പറഞ്ഞതു പോലെ ആ ആത്മാവ് എല്ലാം നോക്കി കാണുന്നു. കാരണം അത് മഹാത്മാവാണ്. ആ ആത്മാവിനെ നൊമ്പരപ്പെടുത്തുന്നതേ നാം ചെയ്യുന്നുള്ളു. അസത്യം മൊത്തമായും ചില്ലറയായും നാം വില്‍ക്കുന്നു. മദ്യം ക്യൂ നിന്ന് പരസ്യമായി ഒരു ലജ്ജയുമില്ലാതെ വാങ്ങുന്നു, കൂട്ടു ചേര്‍ന്ന് മോന്തുന്നു, സാമൂഹ്യപ്രശ്നങ്ങള്‍ക്ക് അടിവളമിടുന്നു. ജാതി - മത - വര്‍ഗ - വര്‍ണ വ്യത്യാസങ്ങള്‍ ചികഞ്ഞ് നാം അന്ധരായിത്തീര്‍ന്നിരിക്കുന്നു. അഹിംസയുടെ തിരുസ്വരൂപത്തെ മറന്ന് സഹജീവികളെ ഹിംസയുടെ കുരിശേറ്റുന്നു.
നാഥുറാം വിനായക് ഗോഡ്സേ മഹാത്മാവിന്റെ മാറിലേക്ക് വെടിയുതിര്‍ത്തത് മൂന്നേ മൂന്നു തവണ മാത്രം..... നാമോ.....?
പ്രിയവിദ്യാര്‍ത്ഥികളേ, മഹാത്മാവിന്റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് കിട്ടട്ടെ... ഇന്ത്യയെ ഇന്നു വരെ ഒരാളെ ശരിയായ അര്‍ത്ഥത്തില്‍ കണ്ടിട്ടുള്ളു, അത് ഗാന്ധിജി അല്ലാതെ മറ്റാരുമല്ല. നിങ്ങള്‍ക്ക് ഇന്ത്യ എന്താണെന്ന് അറിയണമോ...? മഹാത്മാവിന്റെ ജീവചരിത്രം വായിക്കുക.... പന്ഥാവ് പിന്‍തുടരുക....!

സസ്നേഹം ആര്‍. പ്രസന്നകുമാര്‍ 30/01/2010

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
1.റിപ്പബ്ളിക് ദിനം - 27/01/2010
ഇന്ന് റിപ്പബ്ളിക് ദിനം കഴിഞ്ഞുള്ള പുലര്‍വേളയാണ്. നാം 60 വയസ്സ് പിന്നിട്ട് 61 ലേക്ക് കടക്കുകയാണ്. രാജ്യം ഭീകരന്മാരുടെ ഭീഷണിയെ സുധീരം നേരിട്ട് സമാധാനത്തിന്റെ തൂവെളിച്ചത്തില്‍ മുങ്ങി നില്‍കുകയാണ്.
വികസ്വര രാഷ്ട്രമായ ഭാരതം വളരെയധികം മുന്നേറിയിരിക്കുന്നു. ഇനിയും നമുക്ക് ഏറെ കടമ്പകള്‍ കടക്കേണ്ടിയിരിക്കുന്നു. വിദ്യാര്‍ത്ഥികളുടെ സര്‍വവിധ അഭ്യുന്നതിയാണ് പരമ ലക്ഷ്യം. വിദ്യ അത് എത്ര നേടിയാലും പ്രായോഗികതയില്‍ കാലൂന്നിയതാവണം.
നാളെയുടെ വാഗ്ദാനങ്ങളായ നിങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കേവലം പുസ്തക പുഴുവായി കാലക്ഷേപം നടത്താനുള്ളതല്ല വിദ്യാര്‍ത്ഥി ജീവിതം. കണ്ണ് തുറന്ന്, കാത് വിടര്‍ത്തി, ഈ മഹാ പ്രപഞ്ചത്തെ അറിയാന്‍ ശ്രമിക്കുക. അതിന് ഒറ്റ മാര്‍ഗമേ ഉള്ളു.....
അന്വേഷിക്കുക.... അന്വേഷിച്ചു കൊണ്ടേ ഇരിക്കുക....

സസ്നേഹം ആര്‍. പ്രസന്നകുമാര്‍ 27/01/2010