സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/അക്ഷരവൃക്ഷം/ അറിവിന്റെ വില

12:15, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അറിവിന്റെ വില

വിദ്യാസമ്പന്നനായ രാമു നല്ല ഒരു കർഷകനായിരുന്നു. പലതരം കൃഷികൾ അവനുണ്ടായിരുന്നു. ഭാര്യയായ ലീല അവനെ കൃഷികളിൽ സഹായിച്ചു പോന്നു. കൃഷിയിൽ അവർ സന്തോഷിച്ചു. എന്നാൽ ഇരട്ടസഹോദരന്മാരായ അവരുടെ പുത്രന്മാരുടെ കാര്യത്തിൽ മാത്രം അവർക്ക് എപ്പോഴും ദുഃഖമായിരുന്നു.

മൂത്ത പുത്രനായ അച്ചു അനുസരണയില്ലാത്തവനും മുൻകോപക്കാരനുമയിരുന്നു. എന്നാൽ ഇളയവനായ സച്ചു ജന്മനാ സംസാരശേഷിയില്ലാത്തവനായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ ജ്യേഷ്ഠൻ അനുജനെ എപ്പോഴും പരിഹസിച്ചിരുന്നു. എന്നാൽ സച്ചു ഇതെല്ലാം ഉള്ളിലൊതുക്കി അച്ഛനെ കൃഷിയിൽ സഹായിച്ചു. അച്ഛന്റെ കൃഷിയിടത്തിനടുത്ത് അവൻ നല്ല ഒരു ഔഷധത്തോട്ടം നിർമ്മിച്ചു. അതിൽ പലതരം അപൂ‍ർവ ഔഷധച്ചെടികളും ഉണ്ടായിരുന്നു.

അച്ചുവിന്റെ പഠനം കഴിഞ്ഞു. അവന് സുഹൃത്തുക്കളുടെ കൂടെ വിദേശരാജ്യത്ത് പോയി ജോലി ചെയ്യണമെന്ന് വലിയ ആഗ്രഹം. പോകണ്ട എന്നു പറഞ്ഞ അച്ഛനമ്മമാരെ ധിക്കരിച്ച് സ്വന്തം ഇഷ്ടപ്രകാരം അവൻ വിദേശത്ത് പോയി.

കുറച്ച് കാലം കടന്നുപോയി. അച്ചു ഇടക്കിടയ്ക്ക് അച്ഛനമ്മമാരെ വിളിച്ച് സുഖവിവരങ്ങളന്വേഷിച്ചു. അവന് അവിടെ ഒരു കമ്പിനിയിൽ ജോലി കിട്ടി. അപ്പോഴും അവൻ 'ഔഷധത്തോട്ടക്കാരൻ' എന്നു പറഞ്ഞ് അനുജനെ പരിഹസിച്ചു. എന്നാൽ കർഷകരായ അച്ഛനമ്മമാർക്ക് അച്ചു യാതൊരുവിധ ധനസഹായവും ചെയ്തില്ല. അവർ കൃഷിയിൽനിന്ന് കിട്ടുന്ന വരുമാനം കൊണ്ട് സംതൃപ്തരായി. സച്ചു നല്ല വായന ശീലമുള്ളവനായിരുന്നു. ഒഴിവുസമയങ്ങളിൽ അവൻ തന്റെ തോട്ടത്തിലിരുന്ന് പുസ്തകങ്ങൾ വായിച്ചു. അവനെ ചെറുപ്പത്തിൽത്തന്നെ അക്ഷരങ്ങൾ പഠിപ്പിച്ചത് അവന്റെ അമ്മ ആയിരുന്നു. അതിനാൽ അവന് അമ്മ ഗുരുനാഥ കൂടിയായിരുന്നു. ജ്യേഷ്ഠന്റെയും ചില കൂട്ടുകാരുടെയും പരിഹാസം മൂലം പഠനം അവൻ ചെറുപ്പത്തിൽത്തന്നെ നിർത്തിയിരുന്നു. എന്നാൽ അവൻ ലൈബ്രറിയിൽ പോയി പലതരം പുസ്തകങ്ങൾ കൊണ്ടുവന്ന് വായിച്ചിരുന്നു.

അങ്ങനെയിരിക്കെയാണ് അച്ചു താമസിച്ചിരുന്ന പ്രദേശത്ത് ഒരു പ്രത്യേകതരം അസുഖം പടർന്ന് പിടിച്ചത്. അവർ കൂട്ടുകാ‍ർ എല്ലാവരും നാട്ടിലേക്ക് തിരിച്ചുവന്നു. പക്ഷേ അവർക്ക് രോഗം പിടിപെട്ടിരുന്നു. പലചികിത്സകളും ചെയ്തു. പക്ഷേ ഒരു ഫലവുമുണ്ടായില്ല. പെട്ടെന്നാണ് സച്ചുവിന് താൻ ഒരിക്കൽ ഈ അസുഖത്തെക്കുറിച്ചും അതിന്റെ പ്രതിവിധിയായ ഒരു ഔഷധച്ചെടിയെക്കുറിച്ചും ഓർമ്മ വന്നത്. അവൻ വേഗം ആ പുസ്തകമെടുത്ത് തോട്ടത്തിലേക്കോടി. അവൻ മരുന്നു പറിച്ച് അമ്മയുടെ കൈവശം കൊടുത്തു. അതുപയോഗിക്കേണ്ട രീതിയെപ്പറ്റി അവൻ പുസ്തകത്തിൽ അമ്മയ്ക്ക് കാണിച്ചുകൊടുത്തു. അവർ വേഗം മരുന്നുണ്ടാക്കി അച്ചുവിന് നൽകി. ഇത് മൂന്നു ദിവസം ആവർത്തിക്കുകയും ചെയ്തു. അതോടെ അച്ചുവിന്റെ രോഗം ഭേദമായി. ഈ മരുന്ന് അവൻ തന്റെ കൂട്ടുകാർക്കും കൊടുത്തു. അവരുടെയും അസുഖം മാറി. ഇത് നാട്ടിലെല്ലാവരും അറിഞ്ഞു. എല്ലാവരും അവനെ പ്രശംസിക്കുകുയും ആദരിക്കുകയും ചെയ്തു. അനുജനെ കളിയാക്കിയതിൽ അച്ചു വിഷമിച്ചു. അവൻ തന്റെ അനുജനെ സ്നേഹിക്കാൻ തുടങ്ങി.

നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രശംസയും ആദരവും ഏറ്റുവാങ്ങിയപ്പോഴും സച്ചു നിഷ്കളങ്കനായി ചിരിച്ചു നിന്നു.

കൃഷ്ണപ്രിയ യു.കെ
7B സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ