എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/ഒരു കൊറോണകാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണകാലം

പതിവുപോലെ രാവിലെ എഴുന്നേറ്റു പത്രവുമായി ഞാൻ ഉമ്മറപടിയിൽ വന്നിരുന്നു. പത്രം നിവർത്തി ചുവന്ന അക്ഷരത്തിലെ തലക്കെട്ട് വായിച്ചു. കടുത്ത നിയന്ത്രണം. ഇന്നുമുതൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു. ഇനി എങ്ങും ഇറങ്ങാൻ സാധിക്കില്ലല്ലോ... ഞാൻ ഒന്നു ഞെട്ടി. എന്തായാലും നമ്മുടെ നല്ലതിനുവേണ്ടി തന്നെയാണല്ലോ. വാർത്ത ഓരോന്ന് വായിച്ച് സമയം പോയതറിഞ്ഞില്ല. ഭാര്യ ചായയുമായെത്തി. ചായ കുടിക്കുന്നതിനിടയിൽ അവളെന്നോട് പറഞ്ഞു. വീട്ടിലെ പലചരക്കു സാധനങ്ങൾ തീർന്ന കാര്യം. അടുത്തുള്ള കടകളിലാണെങ്കിൽ സാധനങ്ങളെല്ലാം കാലിയായിരിക്കുന്നു. മാർക്കറ്റിലേക്ക് പോകാനാണെങ്കിൽ ബസുകളൊന്നും ഓടുന്നുമില്ല. എന്താണൊരു പോംവഴി. അത്യാവശ്യസാധനങ്ങൾ വാങ്ങാതിരിക്കാനും കഴിയില്ല. കാൽനട തന്നെ ആശ്രയം. സഞ്ചിയുമായി ഞാൻ പുറത്തേക്ക് ഇറങ്ങി. ഉച്ചയ്ക്കുമുമ്പ് തിരിച്ചെത്താം എന്നുള്ള തീരുമാനത്തിൽ ഞാൻ ധൃതിയിൽ നടന്നു. ജംഗ്ഷനിൽ എത്തിയപ്പോൾ അതാ പോലീസുകാർ ചെക്കിങിനായി അവിടെ നിൽക്കുന്നു. പെട്ടെന്ന് എന്റെ മനസ്സിൽ ഒരു ഭയം കടന്നുകൂടി. മാസ്ക് എടുക്കുവാനും മറന്നു. എന്നാലും ധൈര്യത്തോടെ ഞാൻ മുന്നോട്ട് നടന്നു. എന്നെ കണ്ടപ്പോൾ പോലീസ് എന്റെ യാത്രയുടെ ഉദ്ദേശം അന്വേഷിച്ചു. കാരണം മനസ്സിലാക്കിയ അദ്ദേഹം എനിക്ക് ചില നിർദ്ദേശങ്ങൾ തന്നുകൊണ്ട് എന്നെ പറഞ്ഞയച്ചു. നമ്മുടെ നാട്ടിലെ പോലീസുകാരുടെ നല്ല മനസ്സിനെ കുറിച്ച് ചിന്തിച്ചുകൊണ്ട് ഞാൻ നടന്നു.

മാർക്കറ്റിലെ ആദ്യം കണ്ട കടയിൽ തന്നെ ഞാൻ കയറി, സാധനങ്ങൾക്കെല്ലാം കരിചന്തവില. ജോലിക്കുപോകാൻ സാധിക്കാത്ത ഈ അവസ്ഥയിൽ ഇത്തരം വിലയ്ക്ക് ഞാൻ ഈ സാധനങ്ങളെല്ലാം എങ്ങനെ വാങ്ങും. മക്കളുടെ മുഖം ഓർത്തപ്പോൾ കയ്യിലുള്ള നിസാരതുകയ്ക്ക് കിട്ടാവുന്ന സാധനങ്ങളും വാങ്ങി സഞ്ചിയും തൂക്കി ഞാൻ വീട്ടിലേക്ക് നടന്നു നീങ്ങി. പെട്ടെന്ന് എന്റെ അരികത്ത് ഒരാൾ കാർകൊണ്ടുവന്ന് നിർത്തി. നോക്കിയപ്പോൾ നാട്ടിൽ ആരോഗ്യപ്രവർത്തനത്തിന് നേതൃത്വം വഹിക്കുന്ന പ്രകാശനാണ്. വെയിലേറ്റ് തളർന്ന എനിക്ക് പ്രകാശൻ ഒരു സഹായമായി. വീട്ടിലെത്തിയപ്പോൾ അദ്ദേഹം ഞങ്ങൾക്കാവശ്യമായ മാസ്കും, മറ്റ് സേഫ്റ്റി സാധനങ്ങളും നൽകി. വീടിന് പരിസരത്ത് ആളുകൾ നിരീക്ഷണത്തിന് ഉള്ളതിനാൽ വളരെ ശ്രദ്ധിക്കേണ്ടതാണ് എന്ന് അദ്ദേഹം മുന്നറിയിപ്പും നൽകി. ഈശ്വരാ ! ഈ കൊറോണ രോഗം എത്രയും പെട്ടെന്ന് ഈ രാജ്യത്ത് നിന്ന് പോകണെ എന്ന് ഞാൻ ഒരു നിമിഷം പ്രാർത്ഥിച്ചു. അങ്ങനെ ഇന്നത്തെ ഈ ദിവസം തള്ളിനീക്കി.

നിർമ്മൽ പാദുവ
9 സി എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ