ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ മടങ്ങിവരവ്
മടങ്ങിവരവ്
വീണ്ടും ഇവിടെയെത്തുമ്പോൾ മനസ്സിൽ നിറയെ ഓർമകളാണ്. പുഴകളും, വയലുകളും, കാവുകളും കുളങ്ങളും എല്ലാം ഇപ്പോഴും ഓർമയിലുണ്ട്. ഞാൻ എന്ന മനുഷ്യനെ പാകപ്പെടുത്തിയത് ഈ ഗ്രാമമാണെന്ന് ഇതിനോടകം എത്ര വേദിയിൽ പറഞ്ഞിരിക്കുന്നു. എന്നെ സൗന്ദര്യമെന്താണെന്നും അത് ആസ്വദിക്കാനും പഠിപ്പിച്ചത് എന്റെ ഗ്രാമമാണ്. ജനജീവിതം ക്യാമറയിൽ പകർത്താൻ എന്നെ പഠിപ്പിച്ചത് ഈ ഗ്രാമമാണ്. അച്ഛന്റെ ഗൾഫിലെ സുഹൃത്ത് നാട്ടിൽ വരുമ്പോൾ എന്റെ ഫോട്ടോ അദ്ദേഹം തന്റെ ക്യാമറയിൽ എടുത്തുതരും. അങ്ങനെ തുടങ്ങിയതാണ് ഈ കമ്പം. അത് മനസ്സിലാക്കിയത് കൊണ്ടായിരിക്കാം ഒരുവട്ടം വന്ന് തിരികെ മടങ്ങുമ്പോൾ ഇത് തന്നിട്ട് പോയത്. അപ്പോഴേക്കും നാട്ടിലെ പണക്കാരനായി മാറിയ അദ്ദേഹത്തിന് അതിനേക്കാൾ വിലപിടിപ്പുള്ള ഒരെണ്ണം വാങ്ങാൻ നിഷ്പ്രയാസം സാധിക്കുമായിരുന്നു. അന്ന് എനിക്ക് പതിനഞ്ച് വയസ്സ്. പിന്നീട് ഫോട്ടോഗ്രാഫി പഠിക്കാൻ വണ്ടി കയറുമ്പോൾ ഉള്ളിൽ ഇവിടം വിട്ടു പോകുന്നതിന്റെ നീറ്റലായിരുന്നു. പിന്നീട് പ്രശസ്തിയുടെ പടികൾ ചവിട്ടുമ്പോൾ ആ പഴയ ക്യാമറയും ഗ്രാമവും ഹൃദയത്തിന്റെ കോണിൽ സൂക്ഷിച്ചിരുന്നു. ഇത് ഒരു മടങ്ങി വരവാണ്. ഇനിയുള്ള കാലം ഇവിടെയാണെന്ന് തീരുമാനിച്ചു കഴിഞ്ഞു. അവസാനം ഇവിടെയെത്തിയത് ഇരുപത് വർഷം മുൻപ് അച്ഛനെയും അമ്മയെയും ജോലി തരമായപ്പോൾ കൂട്ടിക്കൊണ്ട് പോകാൻ വന്നതാണ്. പിന്നെയെത്തുന്നത് ഇപ്പോൾ. എല്ലാം ആലോചിച്ചു നടക്കുമ്പോഴും ഞാൻ എന്റെ പഴയ ഗ്രാമത്തിനെ അന്വേഷിക്കുകയായിരുന്നു. പുഴയും, കുളങ്ങളും, കാവുകളും, വയലുകളും. തിങ്ങിനിറഞ്ഞ വീടുകളുടെയും കടകളുടെയറ്റും നടുക്കൂടെയുള്ള ടാറിട്ട റോഡിലൂടെ നടത്തം തുടർന്നു. ഒടുവിൽ ഒരു പുഴയുടെ തീരത്ത് എത്തിച്ചേർന്നു. എൻ്റെ ഹൃദയം ശക്തമായി മിടിക്കുന്നത് ഞാൻ കേട്ടു. മെലിഞ്ഞു മെലിഞ്ഞു ഇല്ലാതാകുന്ന അവസ്ഥയിൽ ഞാൻ അതിനെ കണ്ടപ്പോൾ എന്റെ ഓർമകൾ മെലിയുന്നതായി തോന്നി. ആ നല്ല ഓർമകളെ മനസ്സിൽ പിടിച്ചു നിർത്താൻ ഞാൻ ശ്രമിച്ചു. കഴിയുന്നില്ല. എന്റെ ഓർമകളെ പുറന്തള്ളി പുതിയൊരു ചിന്ത മനസ്സ് പിടിച്ചടക്കി. പുഴയില്ലാതെ തരിശായി കിടക്കുന്ന ഭൂമി. വെറും മണൽ മാത്രം മുൻപിൽ. എന്റെ ഓർമകൾക്ക് മുകളിലും മണൽ നിറഞ്ഞു. അശാന്തമായ ഏതോ ലോകത്തിൽ പെട്ടുപോയതുപോലെ ഒരു തോന്നൽ. തിരികെ നടക്കുമ്പോൾ തൊട്ടടുത്ത കടയിലെ ടീവിയിൽ ഭാരതപ്പുഴയുടെ വാർത്ത കാണിക്കുന്നത് കണ്ടു. കൂടുതൽ കാണാൻ ആഗ്രഹമില്ലാതെ ഞാൻ നടന്നകന്നു. പോകുന്ന വഴിക്ക് മറ്റൊരു ചിന്തയും കടന്നെത്തി. ഇതുപോലൊരു വാർത്ത ഇവിടുന്നു കേൾക്കേണ്ടി വരുമോ.................
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ