എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം നമ്മുടെ ഉത്തരവാദിത്വം
പരിസ്ഥിതി സംരക്ഷണം നമ്മുടെ ഉത്തരവാദിത്വം
വളർന്നുകൊണ്ടിരിക്കുന്ന ശാസ്ത്രത്തിന്റെയും ഇന്റർനെറ്റ് സംസ്കാരത്തിന്റെയും നടുമുറ്റത്ത് ജീവിക്കുന്ന മനുഷ്യൻ, സ്വന്തം ശക്തിയിലും കഴിവിലും മാത്രം വിശ്വസിച്ചുകൊണ്ട്, പാരമ്പര്യമായി നാം കാത്തുസൂക്ഷിച്ചു കൊണ്ടിരിക്കുന്ന മൂല്യങ്ങളെയും സംസ്കാരത്തെയും മാറ്റിനിർത്തിക്കൊണ്ട് ശാസ്ത്രസമ്പുഷ്ടമായ ഒരു വർണ്ണപ്രപഞ്ചം തനിക്കുചുറ്റും സൃഷ്ടിക്കാൻ വെമ്പൽ കൊള്ളുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് ജീവിക്കുന്നത്. പ്രശസ്തനായ കവി ശ്രീ മധുസൂദനൻ നായരുടെ 'ഗംഗ' എന്ന കവിത നമുക്കൊന്ന് ഓർത്തെടുക്കാം. നിന്നെക്കുറിച്ചാരു പാടും ദേവീ ഈ കവിത മലയാളികളുടെ മനസ്സിൽ കുലംകുത്തി ഒഴുകാൻ തുടങ്ങിയിട്ട് വർഷം പലതുകഴിഞ്ഞു. ഇന്ന് ഗംഗ എന്ന പുണ്യനദി മനുഷന്റെ കർമ്മ പാപത്തിന്റെ മാലിന്യം ചുമന്ന് മലിനനദികളുടെ മാതാവായി തീർന്നിരിക്കുന്നു. കേരളനാട് നിലവിൽ വന്നിട്ട് വളരെയേറെ വർഷങ്ങൾ കടന്നുപോയിരിക്കുന്നു. വലിയ വലിയ വ്യവസായശാലകൾ നമ്മുടെ നാടിന്റെ മുഖഛായതന്നെ മാറ്റിയിരിക്കുന്നു. പിന്നോട്ടൊന്ന് തിരിഞ്ഞുനോക്കിയാൽ നമ്മുടെ നാടിന്റെ ഈ മാറ്റത്തിൽ നാം അഭിമാനിക്കുന്നുവോ? അതോ തലയും താഴ്ത്തി നടക്കേണ്ടിവരുമോ? കേരളം ദൈവത്തിന്റെ സ്വന്തം നാട്, കുറച്ചുകൂടി പിന്നോട്ട് പോയാൽ പരശുരാമൻ മഴുവെറിഞ്ഞ് നേടിയ നാട്. ദൈവത്തിനും മനുഷ്യർക്കും ഒരുപോലെ ഇഷ്ടപെട്ട കേരവൃക്ഷങ്ങളും കുന്നുകളും പുഴകളും നിറഞ്ഞ കേരളനാട് വിദേശികൾക്ക് എന്നും ഒരു ഹരമായിരുന്നു. എന്നാൽ ഇന്ന് നമ്മുടെ നാട് ഇതിൽനിന്നും ബഹുദൂരം സഞ്ചരിച്ചിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട് ഒരു മാലിന്യ കൂമ്പാരമായി മാറിക്കൊണ്ടിരിക്കുന്നു. വ്യക്തിശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ മുന്നോട്ട് നിൽക്കുന്ന മലയാളികൾതന്നെയാണ് പരിസരശുചിത്വത്തിന്റെ കാര്യത്തിൽ വളരെയേറെ പിന്നോക്കം നിൽക്കുന്നതും. മണ്ണിനും പ്രകൃതിക്കും നിരക്കാത്തവ എല്ലാം തന്നെ മാലിന്യങ്ങളാണ്. വീടുകൾ, ആശുപത്രികൾ, ഹോട്ടലുകൾ, അറവുശാലകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം വൻതോതിലാണ് മാലിന്യങ്ങൾ പുറന്തള്ളപ്പെടുന്നത്. നമ്മുടെ നാട്ടിലെ ഓരോ സ്ഥാപനവും മാലിന്യം നിർമ്മിക്കുന്ന ഓരോ യൂണിറ്റായി മാറിയിരിക്കുന്നു. പൊട്ടിയ ഗ്ലാസുകൾ തുടങ്ങി ഹെയർപിൻ മുതൽ ചെരുപ്പുവരെ അതിന്റെ പട്ടികയിൽ നീളുന്നു. അങ്ങനെ മണ്ണും ജലവും വായുവും ഒരേ സമയം മലിനമാക്കപ്പെടുന്നു. ജീവിതശുചിത്വത്തിനെതിരേയുള്ള ഏറ്റവും വലിയ ഭീഷണി ഖരരൂപത്തിലുള്ള മാലിന്യങ്ങൾ തന്നെയാണ്. ഇവ മണ്ണ് മലിനമാക്കുകയും ഭൂമിയുടെ ആവാസ വ്യവസ്ഥ തകിടം മറിക്കുകയും ചെയ്യുന്നു. ശാസ്ത്രപുരോഗതിയുടെ ഭാഗമായി മനുഷ്യൻ കണ്ടുപിടിച്ച ഗ്ലാസും പ്ലാസ്റ്റിക്കും പോളിത്തീനുമെല്ലാം ഇതിനുദാഹരണമാണ്. ഇവയിൽ ഒരിക്കലും മണ്ണിൽ ലയിച്ചു ചേരാത്ത പ്ലാസ്റ്റിക് തന്നെയാണ് ഏറ്റവും വില്ലൻ. ഇത് മരങ്ങളുടെയും ചെടികളുടെയും വളർച്ച തടയുകയും ഭൂഗർഭജലം കുറയ്ക്കുകയും ഇതിലെ വിഷം ജീവജാലങ്ങളുടെ ജീവഹാനിക്കുവരെ കാരണമാവുകയും ചെയ്യുന്നു. ഇതേ പ്ലാസ്റ്റിക് തന്നെ പുഴകളിലും മറ്റും ചെല്ലുമ്പോൾ മത്സ്യങ്ങൾ ആഹാരമാക്കുകയും അവയ്ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്യുന്നു. കണക്കുകൾ പറയുന്നത് ലോകത്തിലെ മുഴുവൻ പ്ലാസ്റ്റിക്കുകളും കൂട്ടിയാൽ പസിഫിക് സമുദ്രത്തേക്കാൾ കൂടുതലാണ് വരിക എന്നാണ്. ദിനംപ്രതി ശരാശരി ഒരു മനുഷ്യൻ ഏകദേശം 1 ലിറ്റർ മലിനവസ്തുക്കളാണ് പുഴയിലേക്കും കടലിലേക്കും ഒഴുക്കുന്നത്. തൽഫലമായി നമ്മുടെ കടൽ തീരങ്ങളിൽ ചെളിമണ്ണ് അടിഞ്ഞു കൂടുകയും, ഇത് നമ്മുടെ ടൂറിസം വ്യവസായത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു. ഫാക്ടറികളിൽ നിന്നും വ്യവസായശാലകളിൽ നിന്നുമുള്ള ദ്രവമാലിന്യങ്ങൾ കൊണ്ട് പുഴകൾ നിറയുമ്പോൾ അവിടെ നിന്നുള്ള വാതകമാലിന്യങ്ങൾ കൊണ്ട് അന്തരീക്ഷവും നിറയുന്നു. നമ്മുടെ അടുത്തു നടന്ന ഗ്വാളിയാർ റിവോൾട്ട് നാം മറന്നുകാണില്ല. നാം ഭാവിയിൽ നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധികളാണ് വായുമലിനീകരണവും ശുദ്ധജലദൗർലഭ്യവും. കാറിൽ നിന്നും, ബസിൽ നിന്നും, പ്ലാസ്റ്റിക് കത്തിക്കുമ്പോഴും വരുന്ന പുകയൊക്കെ മനുഷ്യരെ മാത്രമല്ല സർവ്വജീവജാലങ്ങളെയും ബാധിക്കും എന്ന ജലദൗർലഭ്യം അനുഭവിക്കുന്ന ഒരു വലിയ സമൂഹത്തിന് അൽപ്പമെങ്കിലും ആശ്വാസം നൽകും പുനരുപയോഗിക്കാവുന്നത് പുനരുപയോഗിച്ചും മാർക്കറ്റിൽ തുണിസഞ്ചികളും മണ്ണിൽ ലയിച്ചുചേരുന്ന സർക്കാർ നിഷ്കർഷിച്ചിട്ടുള്ള കൂടുകൾ ഉപയോഗിക്കുന്നതും വഴി ഒരു പരിധിവരെ നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാൻ കഴിയും. പരിസ്ഥിതി സംരക്ഷണത്തിലൂടെ മാത്രമേ നമുക്ക് നമ്മുടെ മലയാളനാടിന്റെ തനിമ നിലനിർത്താൻ പറ്റൂ എന്ന് നാം മനസിലാക്കണം. ഇതിനായി മഴക്കുഴികൾ ഉണ്ടാക്കുകയും മരങ്ങൾ വച്ചുപിടിപ്പിക്കുകയും വേണം. ഒരു മരം വെട്ടിയാൽ പത്ത് മരം നടണം എന്ന സംസ്കാരം നിലവിൽ വരണം. ഇപ്പോൾ കൊറോണ എന്ന മഹാമാരിയുടെ പേരിൽ നാം അനുഭവിക്കുന്ന ഈ ലോക് ഡൗൺ ഭൂമീദേവിക്ക് ഒരു അനുഗ്രഹമായിരിക്കുകയാണ്. 10 ദിവസം തുടർച്ചയായി ഗംഗാ നദിയിൽ മാലിന്യം നിക്ഷേപിക്കുന്നത് നിർത്തിയപ്പോൾ ഗംഗാനദി തെളിഞ്ഞ് വീണ്ടും പുണ്യനദിയായി മാറിയിരിക്കുന്നു. വാഹനങ്ങൾ ഓടാത്തതിനാൽ അന്തരീക്ഷത്തിൽ ഓക്സിജന്റ അളവ് കൂടിയിരിക്കുന്നു. മനുഷ്യൻ ദുർവ്യയം കുറച്ച് മിതമായി ജീവിക്കാൻ പഠിച്ചതിനാൽ ഇന്ന് റോഡരികിൽ മാലിന്യക്കൂമ്പാരങ്ങൾ കാണുന്നില്ല. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ബോധവാനാകാൻ മനുഷ്യന് ഒരു മഹാമാരിയുടെ വരവ് വേണ്ടി വരുന്നുവോ? ഇനിയെങ്കിലും ഒരൽപ്പം ശ്രദ്ധ നമുക്കുണ്ടായാൽ നന്ന്. സർക്കാരിന്റെ ഇച്ഛാശക്തിയും ജനസഹകരണവും ഉണ്ടെങ്കിൽ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട് ഒരു മരുഭൂമി ആകാതിരിക്കാൻ നമ്മെക്കൊണ്ട് സാധിക്കും. അതിനായി നമുക്ക് ഉണർന്ന് പ്രവർത്തിക്കാം. ഇനിയുമുണ്ട് സമയം നമ്മുടെ നാടിനെ രക്ഷിക്കാൻ.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൊടുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൊടുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം