എസ് .വി യു .പി .സ്കൂൾ പരിക്കളം/അക്ഷരവൃക്ഷം/ഒരു കൊറോണകാല ഡയറിക്കുറിപ്പുകൾ
ഒരു കൊറോണകാല ഡയറിക്കുറിപ്പുകൾ
പുലർച്ചെ 4 മണിക്ക് അമ്മ വന്ന് തട്ടിയുണർത്തി മോളേ.. കണ്ണുതുറക്കല്ലേ എന്ന അമ്മയുടെ ശബ്ദം കാതിൽ പതിഞ്ഞപ്പോഴാണ് ഓർമ്മവന്നത്. ഓ... ഇന്ന് വിഷുവല്ലേ കണികാണേണ്ടതല്ലേ.കഴിഞ്ഞ വിഷുക്കോടി എങ്ങനയോ തപ്പിയെടുത്ത് അമ്മ ഇട്ടുതന്നു. അതും ഇട്ട് ഞാനും എന്റെ കുഞ്ഞനുജനും കണി കണ്ടു. കണിയും കണ്ട് ഞങ്ങളെല്ലാവരും വരാന്തയിൽ പരസ്പരം മുഖത്തോടുമുഖം നോക്കിയിരുന്നു. ഒരൊച്ചയും അനക്കവും ഇല്ല.എവിടെ നിന്നും ഒരു ശബ്ദവും കേൾക്കാനില്ല. ആഘോഷങ്ങളും ആരവങ്ങളും ഇല്ലാത്ത ഈ വർഷത്തെ വിഷു.പടക്കം പൊട്ടുന്ന ശബ്ദമുഖരിതമായ അന്തരീക്ഷമില്ല. പൂക്കുറ്റിയുടെയും നിലചക്രത്തിന്റെയും കമ്പിത്തിരിയുടെയും വെളിച്ചമില്ല. ശബ്ദകോലാഹലങ്ങളില്ല. കുട്ടികളുടെ പൊട്ടിച്ചിരികളില്ല.വിഷു സദ്യയില്ല,വിഷുക്കോടിയില്ല...... എല്ലാത്തിനെയും പിടിച്ചു വിഴങ്ങിയിരിക്കുന്നു ആ മഹാമാരി കൊറോണ എന്ന കൊവിഡ് 19.പുത്തൻഉടുപ്പുകൾക്ക് പകരം ഇന്ന് കാണാൻ കഴിയുക എല്ലാവരും മുഖത്ത് അണിഞ്ഞിരിക്കുന്ന പുത്തൻ മാസ്കുകളായിരിക്കുമലേ്ലാ എന്നോർത്ത്കൊണ്ട് വെറുതെ അങ്ങനെ ഇരുന്നു. സമയം പോയതറിഞ്ഞില്ല. നേരം നന്നായി പുലർന്നപ്പോൾ ഞാൻ അടുക്കളയിലേക്കോടി. അമ്മേ... ഇന്നും കൊറോണയുണ്ടാകുമോ? ഉണ്ടാകുമായിരിക്കും അമ്മയുടെ മറുപടി ഇതായിരുന്നു.ഇന്ന് ഒരു നല്ല ദിവസമല്ലേ ഇന്ന് ഉണ്ടാകില്ലായിരിക്കും എന്ന് സ്വയം പറഞ്ഞുകൊണ്ട് ഞാൻ തിരിഞ്ഞു നടന്നു. വൈകീട്ട് ആറ് മണിക്ക് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം.ഒന്ന് വേഗം ആറ് മണി ആയാൽ മതിയായിരുന്നു എന്ന് ചിന്തിച്ച് കൊണ്ട് ഞാൻ ഉച്ചക്ക് ഒന്ന് മയങ്ങിപ്പോയി.എന്റെ പ്രതീക്ഷകളെല്ലാം തെറ്റി ഇന്നും 9 പേർക്ക് വൈറസ് ബാധ സ്ഥിതീകരിച്ചിരിക്കുന്നു.എന്നാണാവോ ഈ മഹാമാരിയിൽ നിന്നും നമുക്ക് ഒരുയർത്തെഴുന്നേൽപ്പുണ്ടാകുക എന്തായാലും കേരളീയരായ നാം ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഈ മഹാമാരിയെ ചെറുത്തു തോൽപ്പിക്കും എന്ന് ആലോചിച്ചുകൊണ്ട് ഉറക്കത്തിലേക്ക് ഞാൻ വഴുതി വീണു.
|