സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/ രാമു പഠിച്ച പാഠം
രാമു പഠിച്ച പാഠം
അമ്മേ ,മൊബൈൽ എവിടെയാ വച്ചിരിക്കുന്നത്? ഒന്ന് തരുമോ ? ഗെയിം കളിക്കാനാ.... രാമു അവന്റെ അമ്മയോട് ചോദിച്ചു. "ഇങ്ങനെ സദാസമയം മൊബൈൽ നോക്കിയിരുന്നോ... വേറെ ഒന്നും ചെയ്യാനില്ലല്ലോ.. അമ്മ ഗൗരവത്തോടെ പറഞ്ഞു. "ഈ കൊറോണ കാലത്ത് ഞാൻ വേറെ എന്ത് ചെയ്യാനാ അമ്മേ, ഒരു വഴി പറഞ്ഞു തരുമോ? രാമുവിന്റെ ചോദ്യം കേട്ടപ്പോൾ തന്നെ അമ്മ മനസ്സിൽ എന്തോ പദ്ധതി തയ്യാറാക്കി എന്നിട്ട് പറഞ്ഞു. "നീ നിന്റെ അപ്പൂപ്പന്റെ കൂടെ പോയിരിക്ക് ,എല്ലാം ശരിയാവും." വരാന്തയിൽ ഇരുന്ന് അപ്പൂപ്പൻ പത്രം വായിക്കുകയായിരുന്നു." അപ്പൂപ്പാ, അപ്പൂപ്പാ അമ്മ എനിക്ക് മൊബൈൽ തരുന്നില്ല." രാമു കരയുന്നത് കേട്ടപ്പോൾ അപ്പൂപ്പന് ചിരി വന്നു."എന്തിനാ മോനേ മൊബൈലിൽ കളിക്കുന്നത്, നിനക്കറിയോ നമ്മുടെയൊക്കെ ചെറുപ്പകാലത്ത് മൊബൈൽ പോയിട്ട് കരണ്ട് പോലുമുണ്ടായിരുന്നില്ല." ഇതുകേട്ട് രാമു അത്ഭുതപ്പെട്ടു പോയി. " ഇതൊന്നുമില്ലാതെ അപ്പൂപ്പൻ എങ്ങനെയാ ദിവസം കഴിച്ചു കൂട്ടിയത്? അപ്പൂപ്പൻ രാമുവിനെ നോക്കി ഒന്ന് മന്ദഹസിച്ചു , എന്നിട്ട് പറഞ്ഞു ."നിനക്ക് കുറച്ചുനാൾ വീട്ടിനുപുറത്തുപോകാതിരിക്കുമ്പോൾ മടുപ്പ് തുടങ്ങും. എന്നിട്ട് ആ മൊബൈലിൽ നിന്ന് കണ്ണെടുക്കില്ല. കൊറോണയായതോടെ നീ എപ്പോഴെങ്കിലും ആ മൊബൈലിൽ നിന്ന് കണ്ണെടുത്തിട്ടുണ്ടോ? രാമു അതു കേട്ടപ്പോൾ ഒന്ന് തലതാഴ്ത്തിയിട്ട് ഇല്ല എന്ന് പറഞ്ഞു. അപ്പൂപ്പൻ പറയുന്നത് തുടർന്നു. "ഇന്നത്തെ പോലെയല്ല അന്ന്. അന്ന് കരണ്ട് ഒന്നും ഉണ്ടായിരുന്നില്ല. നമ്മളൊക്കെ മാഷിന്റെ വീട്ടിലേക്ക് പഠിക്കാൻ വേണ്ടി നടന്നിട്ടാണ് പോയിട്ടുള്ളത്.തോട്ടിൽ ഞാൻ എപ്പോഴും നീന്താൻ പോകുമായിരുന്നു. പറമ്പുകളായിരുന്നു നമ്മുടെ കളിസ്ഥലം. അപ്പൂപ്പൻ ഇങ്ങനെ പറഞ്ഞു നിർത്തിയപ്പോൾ രാമു അതിശയിച്ചുക്കൊണ്ടു ചോദിച്ചു, "അന്ന് അപ്പൂപ്പന്റെ കളിസാധനങ്ങൾ എന്തൊക്കെയായിരുന്നു ? " ഓലക്കൊണ്ടുണ്ടാക്കിയ തൊപ്പി, കണ്ണട, പന്ത് മച്ചിങ്ങ കൊണ്ടുണ്ടാക്കിയ തേര് അങ്ങനെ കുറേ സാധനങ്ങൾ " അപ്പൂപ്പൻ പറഞ്ഞു. "എനിക്കും ഉണ്ടാക്കി തരുമോ, കളിക്കാൻ വേണ്ടിയാ..." രാമു ചോദിച്ചു. അപ്പൂപ്പൻ സമ്മതിച്ചു. അപ്പൂപ്പൻ രാമുവിന് വേണ്ടി കുറേ കളിപ്പാട്ടങ്ങൾ ഉണ്ടാക്കിക്കൊടുത്തു. രാമു ആ കളിപ്പാട്ടങ്ങൾ എടുത്ത് അമ്മയുടെ അടുത്തേക്ക് ചെന്നു,എന്നിട്ട് പറഞ്ഞു "എനിക്ക് ഇനി അമ്മയുടെ മൊബൈൽ ഒന്നും വേണ്ട. കാരണം അപ്പൂപ്പൻ എനിക്ക് കളിയുടെ പുതിയ ലോകം കാണിച്ചു തന്നു. അപ്പൂപ്പൻ എനിക്ക് കുറേ കളിപ്പാട്ടങ്ങൾ ഉണ്ടാക്കി തന്നു. ഇനി ഞാൻ അതുക്കൊണ്ട് കളിച്ചോളാം." രാമുവിന്റെ വാക്കുകൾ കേട്ട് അമ്മ സന്തോഷിച്ചു. എന്നിട്ട് അമ്മ രാമുവിനോട് പറഞ്ഞു, " ഇനി നീ മൊബൈൽ കളിച്ച് കണ്ണ് കേടാക്കൂല്ലല്ലോ? ഇതുകേട്ട് രാമുവും അപ്പൂപ്പനും പൊട്ടിച്ചിരിച്ചു.
|