സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/അക്ഷരവൃക്ഷം/ കരുതൽ കേരളം
കരുതൽ കേരളം
രാത്രിയും പകലുമില്ലാതെ ഭീതിജനകമായ ശബ്ദമുയർത്തിക്കൊണ്ട് ആംബുലൻസ് വേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്നു. വാഹനത്തിന്റെ വേഗം കൂടുന്തോറും "സൂക്ഷിക്കണേ അച്ഛാ " എന്ന മകളുടെ മുന്നറിയിപ്പ് രാമൻ ഓർക്കും. ഭാര്യ സംഗീതയും മകൾ ഗായത്രിയുമടങ്ങുന്ന ചെറിയ കുടുംബമാണ് രാമന്റെത്. ഗായത്രി നാട്ടുകാരുടെ കണ്ണിലുണ്ണിയുമാണ്. നിനച്ചിരിക്കാത്ത നേരത്താണ് ലോകത്തെ വിറപ്പിച്ചുകൊണ്ട് കൊറോണയെന്ന വൈറസ് മഹാമാരിയായി പടർന്നു കയറിയത്. ഭാര്യയുടെ എതിർപ്പിനെയും മകളുടെ നിഷ്കളങ്കമായ ചോദ്യങ്ങളെയും അവഗണിച്ചാണ് ഇത്തവണ രാമൻ തന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ദിവസങ്ങൾ കഴിഞ്ഞു. പെട്ടന്നുണ്ടായ പനിയും ചുമയും കാരണം രാമൻ ഡോക്ടറെ സമീപിച്ചു. വിശദമായ പരിശോധനയിൽ രാമന് കോവിഡ് 19 രോഗം സ്ഥിതീകരിച്ചു. രോഗത്തെ ഭയപ്പെട്ടതുകൊണ്ടാകണം ആരും അവിടേയ്ക്ക് വരാതെയായി. ബന്ധുക്കളും അയൽക്കാരും അവർക്ക് അന്യരായി. രാമൻ ആശുപത്രിയിലായി. പത്തു ദിവസം മുൻപ് ഒരു ആസ്മ രോഗിയെ ആശുപത്രിയിൽ എത്തിച്ച വഴിയിലാണ് രാമന് രോഗം ബാധിച്ചത്. അയാൾക്കും രോഗമുണ്ടായിരുന്നത്രേ. വീട്ടിൽ ഭാര്യയും മകളും തനിച്ചായി. അച്ഛനെ വിട്ടകന്നുള്ള ജീവിതം ഗായത്രിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. നാട്ടുകാരുടെ വിദ്വേഷവും അവഗണനയും അവളുടെ കുഞ്ഞു മനസിനെ വേദനിപ്പിച്ചു. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് അവൾ വിഷാദ അവസ്ഥയിലേയ്ക്ക് മാറ്റപ്പെട്ടു. ദിവസങ്ങൾ കഴിഞ്ഞു പോയി രാമൻ രോഗവിമുക്തനായി വീട്ടിൽ തിരികെയെത്തി. താമസിയാതെ തന്നെ ജോലിയിൽ പ്രവേശിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തി. മാധ്യമങ്ങളും ആരോഗ്യ പ്രവർത്തകരും മന്ത്രിമാരും വരെ രാമന്റെ ഇച്ഛാശക്തിയെ അഭിനന്ദിച്ചു. പക്ഷേ അച്ഛനെ നഷ്ടപ്പെടുമോ എന്ന ഭയവും മറ്റുള്ളവരിൽ നിന്നും അനുഭവിച്ച അവഗണനയും ഗായത്രിയുടെ മാനസിക നിലയിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. പഴയ നിലയിലേയ്ക്ക് അവൾ, തിരിച്ചു വരുമോയെന്ന ഭയം രാമനെ ദു:ഖിതനാക്കി. മാധ്യമങ്ങളിലൂടെ വാർത്തയറിഞ്ഞ ആരോഗ്യ മന്ത്രി രാമന്റെ മകളുടെ ചികിത്സയ്ക്കുള്ള നടപടികൾ സ്വീകരിച്ചു. ദിവസങ്ങൾ കടന്നു പോയി ഇന്ന് അവൾ സന്തോഷവതിയാണ്. പതിവുപോലെ രാമൻ പറപ്പെടാനൊരുങ്ങി. "സൂക്ഷിക്കണേ അച്ഛാ" ഗായത്രി ഓർമ്മപ്പെടുത്തലുമായി ഓടിയെത്തി. ഇത്തവണ അമ്മ തുന്നിക്കൊടുത്ത മുഖാവരണം അവളുടെ കൈകളിലുണ്ടായിരുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ