കാവും കുളങ്ങളും കായലോളങ്ങൾ തൻ കാതിൽ ചിലമ്പുന്ന കാറ്റും, കാടുകൾക്കുള്ളിലെ സസ്യവൈവിധ്യവും- ഭൂതകാലത്തിന്റെ സാക്ഷ്യം! അമ്മയാം വിശ്വപ്രകൃതിയീ നമ്മൾക്കു തന്ന സൗഭാഗ്യങ്ങളെല്ലാം നന്ദി ഇല്ലാതെ തിരസ്കരിച്ചു നമ്മൾ നന്മ മനസ്സില്ലാത്തോർ മുത്തിനെ പോലും കരിക്കട്ടയായ്കണ്ട ബുദ്ധി ഇല്ലാത്തവർ നമ്മൾ; മുഗ്ദ്ധ സൗന്ദര്യത്തെ വൈരുപ്യമാക്കുവാ- നൊത്തൊരുമിച്ച് അവർ നമ്മൾ! കാരിരുമ്പിന്റെ ഹൃദയങ്ങളെത്രയോ കാവുകൾ വെട്ടി തെളിച്ചു കാതര ചിത്തമെന്നത്രയോ പക്ഷികൾ കാണാമറയത്ത് ഒളിച്ചു! വള്ളികൾ ചുറ്റിപ്പിണഞ്ഞു പടർന്നൊരാ വന്മര ചില്ലകൾതോറും പൂത്തുനിന്നൊരു ഗതകാലസൗരഭ്യ- പൂരിത വർണ്ണപുഷ്പങ്ങൾ ഇന്നിനി ദുർല്ലഭം - മാമര ചില്ലക- ളൊന്നാകെ നാം വെട്ടിവീഴ്ത്തി ! എത്ര കുളങ്ങളെ മണ്ണിട്ടു മൂടി നാം- ഇത്തിരി ഭൂമിക്കുവേണ്ടി എത്രയായാലും മതിവരാറില്ലാത്തൊ രത്യാഗ്രഹികളെ പോലെ ! വിസ്തൃത നീലജലാശയങ്ങൾ ജൈവ- വിസ്മയം കാണിച്ച നാട്ടിൽ ഇന്നില്ലിവിടെ ജലാശയം മാലിന്യ - കണ്ണുനീർ പൊയ്കകളന്യേ! പച്ച പരിഷ്കാരത്തേൻ കുഴുമ്പുണ്ടു നാം പുച്ഛിച്ചു മാതൃ ദുഗ്ദ്ധത്തെ!!