പുളിയനംമ്പ്രം യു പി എസ്/അക്ഷരവൃക്ഷം/ ശുചിത്വം... കരുതലോടെ...
ശുചിത്വം... കരുതലോടെ...
ലോക്ക് ഡൌൺ ആയത് കൊണ്ടും വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ടും ഇപ്പോ രാവിലെ എഴുനേൽക്കുന്നത് എട്ട് മണിക്കാണ്... എണീറ്റാൽ ആദ്യം പോകുന്നത് അടുക്കള ഭാഗത്തേക്കാണ്... ഉമ്മ ചൂടോടെ ഉണ്ടാക്കുന്ന നാസ്ത എന്താണ് എന്നറിയാനുള്ള ആഗ്രഹം... എന്നത്തേയും പോലെ ഇന്നലെയും മെല്ലെനെ കണ്ണും തിരുമ്മി അടുക്കളയിലെ തയ്യാറായിക്കൊണ്ടിരിക്കുന്ന ദോശയുടെ മണം ആസ്വദിച്ചു പിന്നാമ്പുറത്തെ കോലായിൽ പോയി ഇരുന്നു.. രണ്ട് കാക്കകൾ എന്തൊക്കെയോ കൊത്തിപ്പെറുക്കി തിന്നുന്നു... എന്നും രാവിലെ ഇവരാണോ മുറ്റം വൃത്തിയാക്കുന്നത്. അല്ലേ ഉമ്മയോ... ഞാൻ മദ്രസ്സ കഴിഞ്ഞു വരുമ്പോൾ എന്തായാലും നല്ല വൃത്തി കാണാം... _ഉമ്മാ... നിങ്ങളാണോ അല്ലേൽ ഈ കാക്കകളാണോ നമ്മുടെ മുറ്റം വൃത്തിയാക്കുന്നത്...???_ ഉമ്മ ദോശകോലും പിടിച്ച് അടുത്ത് വന്ന് കാക്കളെ കുറിച്ച് പറയാൻ തുടങ്ങി.. _കാക്കകൾ സൂത്ര ശാലികളാണ്.. അത്പോലെ വൃത്തിയുടെ കാര്യത്തിലെ ഒന്നാമനും.. നോക്കൂ.. മാലിന്യങ്ങൾ കൊത്തി തിന്ന് വൃത്തിയാക്കുന്നത് കാണുന്നില്ലേ.. നീ ശ്രദ്ധിച്ചു നോക്കിക്കോ അവർ തിന്നു കഴിഞ്ഞാൽ അവരുടെ കൊക്കുകൾ എങ്ങെനയാണ് വൃത്തിയാക്കുന്നത് എന്ന്... നിക്ക്... ദോശ കരിഞ്ഞു പോകും_ എന്ന് പറഞ്ഞു ഉമ്മ അടുക്കളയിലേക്ക് തിരിഞ്ഞു... ശരിയാണ്... ഞാൻ ടൗണിൽ പോകുമ്പോൾ കണ്ടിട്ടുണ്ട് കാക്ക ചൂലും പിടിച്ചു നിൽക്കുന്ന പോലുള്ള ചിത്രം പഞ്ചായത്ത് പരസ്യങ്ങളിൽ... അപ്പൊ ഇവന്മാർ ഇത്രക്ക് കേമന്മാർ ആയിരുന്നോ... എനിക്ക് അറിയാവുന്ന കാക്ക അയ്യപ്പന്റെ നെയ്യപ്പം കൊണ്ടുപോയ കാക്കയെ കുറിച്ച് മാത്രം ആയിരുന്നു... ഉമ്മ വീണ്ടും വന്നു.. _മോനെ.. ശുചിത്വം എന്നാൽ മനസും ശരീരവും പരിസരവും മാലിന്യ മുക്തമാക്കുക എന്നതാണ്.. ശുചിത്വ ബോധം മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും കണ്ടുവരുന്ന ഒരു സഹജ സ്വഭാവമാണ്.. സ്വന്തം ശരീരവും പരിസരവും വൃത്തിയായി വെക്കാൻ പക്ഷി മൃഗാതികളും മറ്റു ജീവജാലങ്ങളും കാണിക്കുന്ന വിക്രിയകൾ നാം കാണാറില്ലേ..? മൃഗങ്ങൾ പരസ്പരം നക്കി വൃത്തിയാക്കുന്നത് നീ കണ്ടിട്ടില്ലേ...?? പൂച്ചകളും നായകളും കാഷ്ടിച്ചതിന്റെ മുകളിൽ മണ്ണിട്ടു മൂടുന്നത് ശ്രദ്ദിച്ചിട്ടില്ലെ...?? എല്ലാം സൂചിപ്പിക്കുന്നത് പ്രകൃത്യാ ശുചിത്വ ബോധം സഹജ സ്വഭാവമാണെന്നതിലെക്കാണ് .. ശുചിത്വം ആരോഗ്യത്തിനും ജീവിതത്തിനും അനിവാര്യമാണെന്നതിലെക്കാണ്.._ _കാലത്ത് എഴുന്നേറ്റ ഉടനെ പ്രാഥമിക ക്രുത്യമെന്ന നിലക്ക് നീ ടോയിലറ്റിൽ പോകുന്നതും ദന്ത ശുചീകരണവും കുളിയും പ്രാർഥനയും നടത്തുന്നത് നിന്റെ ശരീരത്തോടുള്ള ശുചിത്വം ആണെങ്കിൽ അത് പോലെ പ്രകൃതിയോടും നമുക്ക് ശുചിത്വം പാലിക്കേണ്ടതുണ്ട്..._ _ടാ... നിന്നോട് സംസാരിച്ചു നാസ്ത ഉണ്ടാക്കൽ താളം തെറ്റും... പിന്നെ നീ ചോദിച്ചതിനുള്ള മറുപടി... മുറ്റം വൃത്തിയാക്കുന്നത് ഞാൻ തന്നെയാ... പക്ഷേ ഇവരൊക്കെ വന്ന് പോയതിന് ശേഷം..._ കാക്കളെ ചൂണ്ടി ഉമ്മ അതും പറഞ്ഞു അടുക്കളയിലേക്ക് പോയി... പടച്ചോനെ... എന്തൊക്കെയാ എന്റെ ചുറ്റും നടക്കുന്നത്... ചെറിയ വിഷയങ്ങളിൽ പോലും ഇത്രയും കാര്യങ്ങളൊക്കെയോ... എന്തായാലും പരിസ്ഥിതി സംരക്ഷണത്തിന് ഓരോരുത്തർക്കും അവരുടേതായ കടമകൾ ഉണ്ട്... എനിക്ക് എന്റേതായും... കാക്കകൾ അവരുടെ കൊക്കുകൾ കല്ലിൽ ഉരസി വൃത്തിയാക്കുന്നതും നോക്കി ഞാൻ ചിരിച്ചു...
|