ഗവ. യൂ.പി.എസ്. പുതിച്ചൽ/അക്ഷരവൃക്ഷം/കരുതലിൽ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
23:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതലിൽ കാലം

2020 എന്ന പുതുവർഷം ലോക ചരിത്രത്തിൻറെ താളുകളിൽ എന്നും രേഖപ്പെടുത്തിയിരിക്കും. നന്മയുടെ പേരിലല്ലായെന്നുമാത്രം, തിന്മയുടെ, ഭയത്തിൻറെ,അതിജീവനത്തിന്റെ, കനൽവഴികളിലൂടെയുള്ള യാത്രയാവും അത് വരും തലമുറയോട് പറയുക. ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാൻ എന്ന പട്ടണത്തിൽ നിന്നുംകോവിഡ്-19എന്ന വിളിപ്പേരുമായി കൊറോണ കുടുംബത്തിൽ നിന്നും പുതിയ ഒരു അതിഥി ക്ഷണിക്കാതെതന്നെ ഈ ലോകത്തിലേക്ക്കടന്നുവന്നു. ഇന്ന് 200-ൽപരം രാജ്യങ്ങളിൽ വ്യാപിച്ച് 20 ലക്ഷത്തിൽ പരം ജനങ്ങളെ തൻറെ ആതിഥേയരാക്കി, 1ലക്ഷത്തിൽ പരം മനുഷ്യ ജീവനുകൾ അതപഹരിച്ചു. 1937ൽ ആദ്യമായി തിരിച്ചറിഞ്ഞ കൊറോണ വൈറസിനെ പറ്റി പുസ്തകങ്ങളിൽ മാത്രം പഠിച്ചിരുന്ന ആരോഗ്യപ്രവർത്തകർക്കു മുന്നിൽ അത് തന്നെസ്വയംപരിചയപെടുത്തികൊണ്ട് കടന്നുവന്നിരിക്കുന്നു. ഇത്രയും നാൾ ലോകത്തിന്റെ ആധിപത്യം കയ്യാളിയിരുന്ന മനുഷ്യൻ എന്ന ജീവിയെ പുറത്തിറങ്ങാനാകാത്ത തടങ്കലിൽ പാർപ്പിച്ചുകൊണ്ട് മറ്റു ജീവജാലങ്ങൾക്ക് സ്വന്തമായി വിഹരിക്കുവാനുള്ള അനുമതി നൽകി. ഒരുപക്ഷെ മനുഷ്യർക്കു മാത്രമാകും കൊറോണ ഒരു ഭയമായി തോന്നുന്നത്. മനുഷ്യൻ കയ്യേറിയ ഇടങ്ങളിൽ ഇന്ന് ഒട്ടും ഭയമില്ലാതെ പക്ഷിമൃഗാധികൾ വിഹരിക്കുന്നു. ഒരുപക്ഷെ അവർക്കിത് സന്തോഷത്തിന്റെ നാളുകളാകും.നാലു ചുമരിനുള്ളിൽ ലോകത്തിലെ മുഴുവൻ മനുഷ്യരെയും തളച്ചിട്ട കൊറോണ മറ്റു ജീവജാലങ്ങളെ സ്വതന്ത്രമായി വിഹരിക്കുവാൻ സഹായിക്കുകയും ചെയുന്നു.

              എബോള, സിക, തുടങ്ങിയ നിരവധി മാരികൾക്ക് ശേഷം ലോകാരോഗ്യസംഘടന  മഹാമാരിയായി പ്രഖ്യാപിക്കുന്ന പുതിയ വിപത്താണ് കോവിഡ് -19.എന്തുകൊണ്ട് ഓരോനൂറ്റാണ്ടുകളിൽ ഇത്തരത്തിൽ മഹാമാരികൾ പൊട്ടിപുറപ്പെടുന്നു. ഒരുപക്ഷെ പ്രകൃതിയുടെ തന്നെ സൂചനകൾ ആവാം അവ. ജീവികൾ ബുദ്ധിയേറിയ മനുഷ്യൻ തന്റെ ഭാവനയിൽ സൃഷ്ടിച്ച ലോകം ഇന്നവന് അന്യമാകുന്ന പരിതാപകരായ അവസ്ഥ. പ്രകൃതിയോടുള്ള കടന്നുകയറ്റങ്ങളാവാം പ്രകൃതിയുടെ ഇത്തരം സൂചനകൾ. ലോകത്തിൽ ഏറ്റവും അധികം കെടുതി സൃഷ്ടിച്ച  രണ്ടാം ലോകമഹായുദ്ധം അവസാനിച്ചിട്ട് 75വർഷം പൂർത്തിയാവുന്ന ഈ വേളയിൽ തന്നെ നാം ലോകമഹായുദ്ധത്തിനുസമാനമായ അത്യസാധാരണമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നത്. മനുഷ്യരാശി ആദ്യം നേരിട്ടത് പ്ലെഗായിരുന്നു. പിന്നെ ക്ഷയം, മലമ്പനി, സ്പാനിഷ്ഫ്ലൂ, എബോള, സിക, തുടങ്ങി കൊറോണ വരെ എത്തിനിൽക്കുന്നു ഇത്തരം പകർച്ചവ്യാധികളിലൂടെ കോടിക്കണക്കിനു മനുഷ്യരാണ് മരണപ്പെട്ടത്. ആധുനികവൈദ്യശാസ്ത്രം ഇതിനെതിരെയുള്ള അതിജീവനമാർഗങ്ങളാണ് തേടുന്നത്.1950ൽ 46 ആയിരുന്ന ആഗോളആയുർദൈർഖ്യം ഇന്ന് 71 ആയി  ഉയർന്നിരിക്കുന്നു. 

കൊറോണഎന്ന മാരി പുതിയ ഇനം വൈറസായതിനാൽ പ്രതിരോധം മാത്രമാണ് നമുക്കുമുന്നിലുള്ള ഏകമാർഗ്ഗം.പ്രതിരോധവാക്‌സിനോ,ഫലപ്രദമായ മരുന്നോ കണ്ടുപിടിക്കാത്തിടത്തോളം നമ്മുടെ സുരക്ഷ നമ്മുടെ കൈകളിൽ മാത്രം. വ്യക്തിശുചിത്വം പാലിക്കുക എന്നതുമാത്രമാണ് നമുക്കുമുന്നിലുള്ള ഏക പ്രതിവിധി. കോവിഡ് -19 ബാധിക്കപെട്ട ഒരാൾ കുറഞ്ഞത് നാലു പേർക്കെങ്കിലും സമ്പർക്കം വഴി രോഗം നൽകിയേക്കാം. അത്രയേറെ തീവ്രത നിറഞ്ഞ ഈ മഹാമാരി നിമിഷനേരംകൊണ്ട് വലിയൊരു ജനതയെ തന്റെ അടിമകളാക്കാം . അവരുടെ ശ്വാസനിശ്വാസങ്ങളെ പോലും നിയന്ത്രിക്കാം ഇതാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി .ചൈനയിലും, ഇറ്റലിയിലും ,സ്പെയിനിലും ജർമ്മനിയിലും,അമേരിക്കയിലുമൊക്കെ കോവിഡ് -19 അതിന്റെ സംഹാരതാണ്ഡവമാടി. വികസിതരാജ്യങ്ങൾക്ക്പോലും കോവിഡ് -19നെതിരെ പോരാടുവാൻ കഴിയുന്നില്ല. ദ്രുതഗതിയിൽ വ്യാപിക്കുന്ന ഈ മഹാമാരിയെ പിടിച്ചുകെട്ടാൻ ആരോഗ്യപ്രവർത്തകർ തങ്ങളുടെ ജീവൻ പണയംവച്ച് കിണഞ്ഞു പ്രവർത്തിക്കുന്നു. അങ്ങനെ ഒടുവിൽ ഇന്ത്യയിൽ തന്റെ സാന്നിധ്യം അറിയിച്ചുകൊണ്ട് നമ്മുടെ കൊച്ചുകേരളത്തിൽ അവൻ ആദ്യമായി കടന്നുവന്നു. നിപ്പയും, പ്രളയവും മറികടന്ന മലയാളജനതക്കുമുന്നിൽ പിടിച്ചുനിൽക്കാനാവാതെ കൊറോണ പൊടുന്നനെ അപ്രത്യക്ഷമായി. എന്നാൽ വീണ്ടും അവൻ കടന്നു വന്നിരിക്കുന്നു .ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ അവൻ ഇന്ന് വ്യാപിക്കുന്നു. കേരളത്തിൽ തന്റെ രണ്ടാം വരവ് ശക്തമാക്കിയ അവനെ പിടിച്ചുകെട്ടാൻ നമ്മുടെ ആരോഗ്യമേഖല കഠിനമായി ഇന്നും പ്രവർത്തിക്കുന്നു. അഭിമാനത്തോടെ തന്നെ പറയാം ലോകത്തിനു മുന്നിൽ ഇന്ന് കേരളമൊരു മാതൃകയായി മാറിയിരിക്കുന്നു. ഇത്തരമൊരു മഹാമാരിക്കുമുൻപിൽ പതറിവീണ മറ്റുരാജ്യങ്ങൾക്ക് മുന്നിൽ കോവിഡ് -19നെ പിടിച്ചുകെട്ടാൻ ഒരുപരിധിവരെ കഴിഞ്ഞ നാം മാതൃകയാകുന്നു. സാമൂഹ്യഅകലം പാലിച്ചും, വ്യക്തിശുചിത്വത്തോടെയും, നാം സ്വീകരിച്ച നിലപാടുകളാണ് നമ്മെ വ്യത്യസ്തമാക്കുന്നത്. കോവിഡ് -19 നെ പൂർണ്ണമായും തുടച്ചുനീക്കുന്ന ആ നാളിലേക്കുള്ള ദൂരം വിദൂരമല്ലിനിയും. നന്ദി ഓടെ ഓർക്കാം നമുക്കായി പ്രവർത്തിക്കുന്ന ആരോഗ്യമേഖലയിലെ മനുഷ്യജീവനുകളെ. നമ്മുടെ പ്രാർത്ഥനയിലും അവരെ ഉൾപ്പെടുത്താം. ലോകത്തിൽനിന്നും അതിവേഗം മഹാമാരി ഇല്ലാതാകട്ടെ എന്ന ശുഭപ്രതീക്ഷയോടെ വീട്ടിലിരിക്കാം നമുക്കായി നമ്മുടെ നാടിനായി അകലം പാലിക്കാം നല്ല നാളെക്കായി.

ഷിഗില എസ്.ജി
6ബി. ഗവ.യു.പി.എസ്.പുതിച്ചൽ.
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം