എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/അക്ഷരവൃക്ഷം/മറിമായം
മറിമായം
അനുദിനം കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന ഒരു ആധുനികലോകത്തായിരുന്നു നാം ഇന്നലെ വരെ വസിച്ചത്. എന്നാൽ ഇന്ന് ഈ ലോകത്തിന്റെ മുഖഛായ തന്നെ മാറിയിരിക്കുന്നു. അഹങ്കാരത്തോടെ തലയുയർത്തി നിന്നിരുന്ന മനുഷ്യൻ ഇന്ന് ഒന്നും അല്ലാതായി തീർന്നിരിക്കുന്ന. എല്ലാം തന്റെ കൈ പിടിയിൽ ഒതുക്കാം എന്ന ചിന്ത വ്യർത്ഥമായി തീർന്നിരിക്കുന്നു. വ്യവസായ രംഗത്തും സാമ്പത്തിക രംഗത്തും സമുന്നതിയിൽ കഴിഞ്ഞിരുന്ന ലോക രാഷ്ട്രങ്ങൾ തങ്ങളുടെ അഹങ്കാരമെല്ലാം വെടിഞ്ഞ് താഴേക്കിറങ്ങി വന്നിരിക്കുന്നു. പരസ്പരം സഹായത്തിനായി കൈകൂപ്പി നിൽക്കുന്നു രാഷ്ട്രത്തലവൻമാർ. അവർക്കിടയിലെ അകലം കൊറോണ എന്ന മഹാമാരി ഇല്ലാതാക്കിയിരിക്കുന്നു. ഒരു മൂന്നാം ലോകമഹായുദ്ധത്തെ ഭയപ്പാടോടെ കണ്ടിരുന്ന ലോകജനത അറിഞ്ഞില്ല അതിനേക്കാൾ ഭീകരമായ അവസ്ഥ സൃഷ്ടിക്കാൻ കേവലം നിർജ്ജീവാവസ്ഥയിൽ നിന്നും മനുഷ്യൻ വഴി ജീവാവസ്ഥയിലെത്തിയ 'കോ വിഡ്' എന്ന വൈറസിന് കഴിയുമെന്ന്. ലോകത്തെത്തന്നെ അവൻ മാറ്റിമറിച്ചിരിക്കുന്നു. ഇന്നലെ വരെ ഭക്തർക്കായി മലർക്കെ തുറന്നു കിടന്നിരുന്ന ദേവാലയവാതിലുകൾ ഇന്ന് കൊട്ടി അടക്കപ്പെട്ടിരിക്കുന്നു. ദേവാലയ പരിസരത്തു പോലും പോകാതിരുന്നവർ ഇന്ന് ദേവാലയത്തിലെത്തി പ്രാർത്ഥിക്കാൻ കൊതിക്കുന്നു. നിത്യവും ദേവാലയത്തിൽ പോയിരുന്നവരാകട്ടെ തങ്ങളുടെ കുടുംബങ്ങൾ തന്നെ ദേവാലയങ്ങളാക്കി മാറ്റിയിരിക്കുന്നു .ക്രിസ്തുവും നബിയും ഗുരുവായൂരപ്പനും തങ്ങളുടെ ഭക്തരെ തേടി ദേവാലയംവിട്ട് വീടുകളിലെത്തിയ അനുഭവം ഭക്തർക്കായി നൽകുന്നു. ഇന്നലേ വരെ ആശുപത്രികളുടെ മുന്നിൽ കേവലം ജലദോഷത്തിനും നീർ വീഴ്ചയ്ക്കും പോലും ഡോക്ടറെ കാണാൻ ക്യൂ നിന്നവർ കൊറോണ എന്ന മഹാ രോഗം ഒഴിച്ച് മറ്റൊന്നും രോഗമല്ലെന്ന് കണ്ട് വീട്ടിൽ തന്നെ ശുശ്രൂഷ തേടുന്നു. ഇന്നാർക്കും മറ്റ് അസുഖങ്ങളില്ല പ്രഷറില്ല ഷുഗറില്ല പനിയില്ല ഒന്നുമില്ല എല്ലാവരും തീർത്തും ആരോഗ്യവാന്മാർ. അമ്പലവും പള്ളിയും ഉപേക്ഷിച്ച് ആ സമയവും കൂടി മക്കളെ പഠിപ്പിച്ച് ഉദ്യാഗസ്ഥരാക്കാൻ പരിശ്രമിച്ചവരുടെയെല്ലാം മക്കൾക്ക് പഠിക്കാനുള്ള വിദ്യാലയങ്ങളെല്ലാം ഉത്തരം കിട്ടാത്ത ചോദ്യചിഹ്നങ്ങളായി അടഞ്ഞുകിടക്കുന്നു. ഷോപ്പിംഗ് മാളുകളിൽ ദൈനംദിന ഷോപ്പിംഗ് നടത്തിയിരുന്നവർക്ക് ഇന്ന് ആഴ്ചയിലൊരിക്കൽ പോലും ഷോപ്പിംഗ് വേണ്ടാതായിരിക്കുന്നു. വീട്ടിലെ കിച്ചൻ അടച്ച് സീലുവച്ച് ഫാസ്റ്റ്ഫുഡ് സംസ്ക്കാരത്തെ ആശ്ലേഷിച്ച് ജീവിച്ചവർക്ക് ഇന്ന് വീട്ടിലെ കിച്ചൻ തന്നെ ധാരാളം. വീട്ടിലിരിക്കാൻ മടിച്ച് ഇല്ലാത്ത തിരക്ക് കാണിച്ച് നാടൊട്ടൊക്കെ ചീറി പാഞ്ഞവർ സമയം കഴിച്ചെടുക്കാൻ വീട്ടിലിരുന്ന് കഷ്ടപെടുന്നു. വീടൊഴിച്ച് മറ്റെവിടെയും തന്റെ സാന്നിധ്യം ഇല്ലെങ്കിൽ ഒന്നും നടക്കില്ലെന്ന് പറഞ്ഞവർ ഇല്ലാതെ തന്നെ എല്ലാം നടക്കുന്നു. ധനിക ദരിദ്രവ്യത്യാസമില്ലാതെ ഒരേ നിയമത്തിൽ ബന്ധിക്കപ്പെട്ട് എല്ലാവരും വീടുകളിൽ ദിവസങ്ങൾ കഴിച്ചുകൂട്ടുന്നു. ഇന്നലെകൾ മരിച്ചു പോയി ഇന്നുകൾ ജീവിക്കുന്നു നാളെകൾ അത് ചോദ്യചിഹ്നമായി നിൽക്കുന്നു അതാണ് ജീവിതം. ശാസ്ത്രവും സമ്പത്തും അധികാരവും പരാജയപ്പെട്ട കാലഘട്ടമാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. നാം പഠിച്ചതെല്ലാം വെറുതെ ഇന്ന് ഏതു സാഹചര്യത്തിലും ജീവിക്കാൻ സാധിക്കണം എന്ന് നാം പഠിക്കുന്ന പാഠമാണ് ഏറ്റവും വലിയ പാഠം. പൊലിഞ്ഞു പോയ ഒത്തിരി ജീവിതങ്ങൾ ഇന്ന് നമ്മുടെ വേദനകളായി തീരുമ്പോൾ ഈ മഹായുദ്ധത്തിൽ ഭരണാധികാരികൾക്കും ആരോഗ്യ പ്രവർത്തകർക്കും ഒപ്പം സ്വന്തം ഗൃഹങ്ങളിലിരുന്ന് പ്രാർത്ഥന നിറഞ്ഞ മനസ്സോടെ നമുക്കും പങ്കാളികളാകാം .ത്യാഗ മനസ്സോടെ നമുക്ക്കാത്തിരിക്കാം ഒരു നല്ല നാളെ നമുക്ക് ലഭിക്കും വരെ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ