പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/മരം ഒരു വരം

Schoolwiki സംരംഭത്തിൽ നിന്ന്
16:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallithurahsspallithura (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മരം ഒരു വരം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരം ഒരു വരം

ഒരു ഗ്രാമത്തിൽ അച്ചു എന്നുപേരുള്ള പത്തുവയസ്സുകാരൻ ഉണ്ടായിരുന്നു. അവന്റെ അച്ഛനും അമ്മയും അവനെ വളരെയധികം സ്നേഹിച്ചിരുന്നു.അച്ചു വളരെ നല്ല കുട്ടിയായിരുന്നു. പഠനത്തിലും നല്ല കഴിവ് പ്രകടിപ്പിച്ചിരുന്നു. അവന്റെ ജോലികൾ നന്നായി അവൻ ചെയ്യുമായിരുന്നു. അച്ചുവിന്റെ ഗ്രാമം ഒരു ചെറുകാടിനു സമീപത്തായിരുന്നു. വന്യമൃഗങ്ങൾ ഒന്നും തന്നെ അവിടെ ഇല്ല. ചെറുകിളികളും ജീവികളും ഉള്ള ചെറിയ കാടായിരുന്നു അത്. കാടിനു സമീപം ഒരു ചെറിയ അരുവി ഉണ്ടായിരുന്നു. അച്ചുവും കൂട്ടുകാരും അരുവിയിൽ കുളിക്കുകയും കളിക്കുകയും ചെയ്യുമായിരുന്നു. അരുവിയുടെ സമീപത്തായി ഒരു വലിയ ആഞ്ഞിലിമരം ഉണ്ടായിരുന്നു. ആ മരത്തിൽ ആയിരുന്നു ചെറുപ്രാണികളുടെയും കുറെ പക്ഷികളുടെയും വാസസ്ഥലം. അച്ചുവിന്റെയും കൂട്ടരുടെയും ചങ്ങാതിമാർ കൂടിയാണ് ഇവർ. ഒരു അവധിക്കാലത്ത് അച്ചുവും കൂട്ടുകാരും മരച്ചുവട്ടിൽ ഇരുന്ന് കളിക്കുകയായിരുന്നു . കഥകൾ പറഞ്ഞും കവിതകൾ ചൊല്ലിയും അവധിക്കാലം അവർ ആഘോഷിച്ചു. പെട്ടെന്നൊരു ദിവസം രണ്ടു മരം വെട്ടുകാർ അവിടേക്ക് എത്തി. ആഞ്ഞിലി മരം വെട്ടിമുറിക്കാൻ വന്നവരായിരുന്നു. ആ മരം വെട്ടാൻ വേണ്ടി കോടാലിയും വടവും എടുത്തു. പെട്ടെന്ന് ഒരു ശബ്ദം ഉയർന്നു. "അയ്യോ ..... അരുതേ..... ആ മരം മുറിക്കരുതേ.....". മരം വെട്ടുകാർ അവരുടെ പണിയായുധങ്ങൾ നിലത്തു വെച്ചു. ആ ശബ്ദത്തിന്റെ ഉടമയെ നോക്കി. അത് നമ്മുടെ അച്ചുവും കൂട്ടരും ആയിരുന്നു. എന്തിനാ കുട്ടികളെ ശബ്ദമുയർത്തുന്നത്. "നിങ്ങൾക്ക് എന്താണ് വേണ്ടത് ?", മരംവെട്ടുകാരൻ ചോദിച്ചു. "നിങ്ങൾ എന്തിനാണ് ഈ മരം മുറിക്കുന്നത്? ഈ മരങ്ങൾ എന്ത് തെറ്റാണ് നിങ്ങളോട് ചെയ്തത്?", അതിനു മറുപടിയായി മരം വെട്ടുകാർ പറഞ്ഞു. "കുഞ്ഞേ.... ഇത് ഞങ്ങളുടെ ജോലിയാണ്. വനംവകുപ്പുകാരുടെ ഉത്തരവാണിത്. ഞങ്ങൾക്കിത് അനുസരിച്ചേ കഴിയൂ. അല്ലെങ്കിൽ ഞങ്ങളുടെ പണി പോകും." അവർ മരം മുറിക്കാൻ ആയുധമെടുത്തു. അപ്പോഴേക്കും അച്ചുവും കൂട്ടരും കൂടി കൈകോർത്ത് മരത്തിനു ചുറ്റും വളയം പോലെ നിന്നു. അച്ചു പറഞ്ഞു."നിങ്ങൾ മുതിർന്നവർ അല്ലേ പ്രകൃതിയോട് നാം എന്തിനാണ് ഈ ക്രൂരത കാണിക്കുന്നത്. പ്രകൃതിയിലെ മരങ്ങളും പ്രാണികളും പക്ഷിമൃഗാദികളുമെല്ലാം പ്രകൃതിയുടെ വരദാനങ്ങൾ ആണ്. നമ്മെപ്പോലെ ഇവയ്ക്കും ഇവിടെ സ്ഥാനമുണ്ട്. പ്രകൃതി ഇല്ലെങ്കിൽ നാം ഇല്ല. മരങ്ങളാണ് പ്രകൃതിയുടെ സംരക്ഷകർ." അപ്പോഴേക്കും ഗ്രാമവാസികൾ അവിടെ എത്തി. തുടർന്ന് അത് വലിയ വിവാദമായി മാറി. ഒടുവിൽ മരം വെട്ടുകാർ മരം മുറിക്കാൻ കഴിയാതെ തിരികെ പോയി. അച്ചുവിനും കൂട്ടുകാർക്കും സന്തോഷമായി. അവർക്ക് പഴയതുപോലെ അവരുടെ കളിസ്ഥലം തിരികെ കിട്ടി. അവർ അവിടെ കളിച്ചും ചിരിച്ചും ആടിയും പാടിയും ഉല്ലസിച്ചു.

ശരന്യാ ജോൺ
5 ഡി പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ