മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/നമ്മുടെ സംരക്ഷണം – നമ്മുടെ കൈകളിൽ

Schoolwiki സംരംഭത്തിൽ നിന്ന്
13:38, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13925 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മുടെ സംരക്ഷണം – നമ്മുടെ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ സംരക്ഷണം – നമ്മുടെ കൈകളിൽ
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ് പരിസ്ഥിതി നശീകരണം.  മനുഷ്യൻ അവൻറെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി പരിസ്ഥിതിയെ പല വിധത്തിലും ചൂഷണം ചെയ്യുകയാണ്.  പാടവും, ചതുപ്പ് നിലങ്ങളും നികത്തൽ, കാടുകളും മരങ്ങളും നശിപ്പിക്കൽ, കുഴൽക്കിണറുകളുടെ അമിതമായ ഉപയോഗം, വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള പുകയും മലിന ജലവും എന്നിവ പ്രകൃതിയിലെ ആവാസ വ്യവസ്ഥയെ തകർക്കുന്നു.  വാഹനങ്ങളിൽ നിന്നും വരുന്ന വിഷാംശം കലർന്ന പുകയും, കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസ കീടനാശിനികളും പ്രകൃതിയുടെ നിലനിൽപ്പിന് ഭീഷണിയാണ്.  ഇതിൻറെ ശാശ്വത പരിഹാരത്തിന് നമ്മൾ സ്വയം ചിന്തിക്കുകയും മുന്നിട്ടിറങ്ങുകയും വേണം. 

പ്രകൃതി സംരക്ഷണത്തിന് നൽകുന്ന അതേ പ്രാധാന്യം തന്നെ നം ശുചിത്വത്തിനും നൽകണം. വ്യക്തി ശുചിത്വത്തിൽ ശ്രദ്ധിക്കുന്ന നമ്മൾ പരിസര ശുചിത്വത്തിൽ പിന്നിലാണ്. മനുഷ്യൻ ആർഭാട ജീവിതത്തിനായി പരക്കം പായുമ്പോൾ അവൻറെ പരിസരം ശുചീകരിക്കാൻ സമയം കണ്ടെത്തുന്നില്ല. ആഡംബരങ്ങളുടെയും, സമ്പത്തിൻറെയും പിറകേ ഓടുന്ന മനുഷ്യരുടെ ഇപ്പോഴത്തെ ഫാസ്റ്റ് ഫുഡ് ഭക്ഷണ രീതി അവൻറെ രോഗപ്രതിരോധ ശേഷി കുറക്കുകയും, അതുമൂലം വളരെ പെട്ടെന്ന് രോഗബാധിതനാവുകയും ചെയ്യുന്നു. വ്യായാമം ചെയ്യുവാനോ, ശരീരമനങ്ങി ജോലി ചെയ്യുവാനോ താൽപര്യം കാണിക്കാത്ത നാം ചെറിയ ചെറിയ രോഗങ്ങൾക്ക് പോലും സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ പോകാനുള്ള മനസ്സ് അവൻറെ ആർഭാട ജീവിതത്തെയാണ് തുറന്ന് കാട്ടുന്നത്. ഇത് അവൻറെ രോഗപ്രതിരോധ ശേഷിയെയും, ആയുർദൈർഘ്യത്തെയും ബാധിക്കുന്നു.

നമ്മുടെ സുഖസൌകര്യങ്ങൾക്ക് വേണ്ടി നാം പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ ഓരോ വർഷവും വിവിധ രൂപത്തിൽ അതിൻറെ അനന്തര ഫലം മനുഷ്യന് തിരിച്ചു കിട്ടുന്നുണ്ട്. അത് പ്രളയമായും, ഭൂകമ്പമായും, പേമാരിയായും, അത്യുഷ്ണമായും നമ്മൾ ഓരോരുത്തരും അനുഭവിച്ചതാണ്. ഇപ്പോഴിതാ കൊറോണ എന്ന വൈറസ് പരത്തുന്ന കോവിഡ്-19 എന്ന രൂപത്തിലും. ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ രോഗം ഓരോ മണിക്കൂറിലും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളിലേക്കാണ് പടർന്നു പിടിക്കുന്നത്. വൈദ്യശാസ്ത്രത്തിന് പോലും മരുന്ന് കണ്ടുപിടിക്കാൻ കഴിയാത്ത ഈ രോഗത്തിൻറെ വ്യാപനം തടയാൻ വേണ്ടി നമ്മുടെ രാജ്യം തന്നെ അടച്ചിട്ടിരിക്കുകയാണ്. വാഹനങ്ങൾ ഓടുന്നില്ല, വ്യവസായ ശാലകൾ പ്രവർത്തിക്കുന്നില്ല. അതുകാരണം അന്തരീക്ഷവും, ജലാശയങ്ങളും മലിനീകരിക്കപ്പെടുന്നില്ല. പ്രകൃതി ശുദ്ധീകരിക്കപ്പെടുകയാണ്. പ്രകൃതിയുടെ സംരക്ഷണത്തിന് ഓരോ വർഷവും ഒരു മാസമെങ്കിലും ഇതുപോലയുള്ള ലോക് ഡൌൺ ആവശ്യമാണ്.

മനുഷ്യൻ ശാസ്ത്ര-സാങ്കേതിക വിദ്യയുടെ ഉന്നതിയിൽ എത്തി എന്ന് അഹങ്കരിക്കുമ്പോഴും പ്രകൃതിയുടെ നിലനിൽപ്പിന് വേണ്ടിയുള്ള സ്വയം പ്രതിഭാസങ്ങളിൽ നാം മുട്ടുമടക്കേണ്ടിയിരിക്കുന്നു. ഇനിയെങ്കിലും നാം മനസ്സിലാക്കണം “ഈ ഭൂമി നമ്മുടേത് മാത്രമല്ല. അനേകായിരം സസ്യങ്ങൾക്കും പക്ഷി-മൃഗാദികൾക്കും അവകാശപ്പെട്ടതാണ്”. പ്രകൃതിയുടെ ഈ ആവാസ വ്യവസ്ഥയെ തകർക്കരുത്.

യദുരാം. എസ്,
IV B മുക്കോത്തടം എൽ പി സ്കൂൾ കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം