എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/അക്ഷരവൃക്ഷം/വൈറസിനു സ്വീകരണം
വൈറസിനു സ്വീകരണം
എന്നും ശാന്തതയുടെ പ്രതീകമാണ് കാട്. എന്നാൽ ഇന്നെന്തോ ഒരു പാടു ശബ്ദകോലാഹലങ്ങളും പാട്ടും ഒക്കെ കേൾക്കുന്നുണ്ട്. എന്താണാവോ പതിവില്ലാതെ കാട്ടിൽ നിന്നും പാട്ടും ചിരിയും ഒക്കെ കേൾക്കുന്നുണ്ടല്ലോ കാടിനോട് ചേർന്നുള്ള ഗ്രാമത്തിലെ ഒരു വീട്ടിൽ വളർത്തിയിരുന്ന കിട്ടു പ്പൂച്ച ചിന്തിച്ചു.നാട്ടിൽ ഒരു രസവുമില്ല തന്റെ കൂട്ടുകാരായ കുട്ടികളെ ഒന്നും കാണുന്നില്ല അവരെല്ലാം വീടിനുള്ളിൽ ഫോണിൽ ധൃതിയിൽ വണ്ടിയോടിക്കുകയും ആരെയൊക്കെയോ വെടിവച്ചു കൊല്ലുകയും ഒക്കെയാ ചെയ്യുന്നേ . ഇതിനിടയിലാണ് അവൻ കാട്ടിൽ നിന്നും പാട്ടും ചിരിയും കേൾക്കുന്നത് . ഏതായാലും ഒന്നു പോയി നോക്കിയേക്കാം എന്നവൻ തീരുമാനിച്ചു . പുറത്തിറങ്ങി നടക്കാൻ ഇപ്പോൾ ആ വീട്ടിൽ അവനു മാത്രമേ സ്വാതന്ത്ര്യമുള്ളൂ . അതിന്റെ ചെറിയ ഒരു ഗമയും ഉണ്ട് കക്ഷിക്ക് . അങ്ങനെ അവൻ നിശ്ചലമായ് കിടക്കുന്ന നാട്ടുവഴികളിലൂടെ നടന്ന് കാട്ടിൽ എത്തി . അവിടെ അവൻ തന്റെ കൂട്ടുകാരനായ മിട്ടു കുരങ്ങനെ കണ്ടു . എന്താ മിട്ടു ഇവിടെ നിന്ന് പാട്ടും ബഹളവും ഒക്കെ കേൾക്കുന്നത് . ആരിത് കിട്ടുവോ കുറേ നാളായല്ലോ കണ്ടിട്ട് .ഞാൻ വിചാരിച്ചു നീ ഈ വഴിയൊക്കെ മറന്നുവെന്ന് .മറന്നതല്ല മിട്ടൂ ആൾക്കൂട്ടവും വാഹനങ്ങളും ഒക്കെ കടന്ന് വരണ്ടേ ഇപ്പോ ഒരു മനുഷ്യരേയും പുറത്തു കാണുന്നില്ല .അതാ ധൈര്യമായി പുറത്തിറങ്ങിയെ .അപ്പോൾ ചിരിച്ചുകൊണ്ട് മിട്ടു പറഞ്ഞു .അതുതന്നെയാ ഞങ്ങളുടെ അഘോഷത്തിനും കാരണം .ഇപ്പോൾ മനുഷ്യരുടെ ഒരു ശല്യവും ഇവിടെ ഇല്ല . ഞങ്ങൾ എല്ലാവരും ആർത്തുല്ലസിച്ച് നടക്കുകയാ . ഇതിനെല്ലാം കാരണക്കാരനായ ആ മഹാനുള്ള സ്വീകരണമാണ് ഇന്ന് ഇവിടെ .അതാരാ ആ മഹാൻ.... എന്റെ കിട്ടൂ നീ മാത്രമേ ഉണ്ടാകൂ അദ്ദേഹത്തെ അറിയാത്തതായി. 'വെെറസ് ' .ശരിയായ പേര് കോവിഡ് 19 . ആ ഞാൻ കുറേ കേട്ടിട്ടുണ്ട് ടി.വി.യിൽ. അദ്ദേഹം ഇത്ര വലിയ ആളാണോ. പിന്നെയല്ലാതെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ച ആളാ. ഇതൊക്കെ കേട്ടിട്ട് കിട്ടുവിന് മഹാനായ വൈറസിനെ കാണാൻ ധൃതിയായി. ഹോ എന്റെ ഭാഗ്യം ഇന്ന് ഈ വഴി വരാൻ തോന്നിയത്. അദ്ദേഹത്തെ ഒന്നു കാണാൻ കഴിയുമല്ലോ. നമ്മുടെ രാജാവ് സിംഹത്തെക്കാളുമൊക്കെ ശക്തനായ ആളാകുമല്ലേ നല്ല ഉയരത്തിൽ കിട്ടു അതിശയത്തിൽ ചോദിച്ചു , മിട്ടുവും ഇതുവരെ കണ്ടിട്ടില്ല ആ വലിയ ജീവിയെ! അറിയില്ല കിട്ടു മനുഷ്യർ ഒക്കെ ഇത്രമാത്രം ഭയക്കണമെങ്കിൽ തീർച്ചയായും ഗജരാജനെക്കാൾ വലിയ ആളാകും. ആ ശരിയാണ്.എന്നാൽ എല്ലാവരെയും നിരാശരാക്കിക്കൊണ്ട് ഒരു അറിയിപ്പ് അവരെ തേടിയെത്തി. അത് അവർ കാത്തിരുന്ന നായകന്റേതായിരുന്നു. "പ്രിയ കൂട്ടുകാരെ എന്നെ കാണാനായി നിങ്ങൾ ഏവരും കാത്തിരിക്കുകയാണെന്ന് എനിക്കറിയാം. എന്നാൽ ഞാൻ അങ്ങോട്ട് വരുന്നില്ല അത് ചിലപ്പോൾ നിങ്ങൾക്ക് ആപത്തു വരുത്തിയേക്കാം. പല രൂപത്തിൽ ഞാൻ നിങ്ങളിൽ വസിക്കുന്നുണ്ട്. ഇനിയും മനുഷ്യർ നിങ്ങളെ ഉപദ്രവിക്കുകയാണെങ്കിൽ രക്ഷകനായ് വീണ്ടും ഞാനെത്തും മറ്റൊരു രൂപത്തിൽ മറ്റൊരു പേരിൽ എന്ന് സ്വന്തം വൈറസ് ". ഇതു കേട്ട് അവർ വാഴ്ത്തിപ്പാടാൻ തുടങ്ങി തങ്ങളുടെ നായകനെ. വൈറസിന് എത്താനായില്ലെങ്കിലും ആഘോഷങ്ങൾക്കൊന്നും അവർ ഒരു കുറവും വരുത്തിയില്ല. കുറച്ചു നാളത്തേക്കാണെങ്കിലും തങ്ങൾക്കു കിട്ടിയ സ്വാതന്ത്ര്യവും സമാധാനവും അവർ വേണ്ടുവോളം ആസ്വദിച്ചു ആഘോഷിച്ചു . മിട്ടു ഞാനും കുറച്ചു നാൾ ഇവിടെ കൂടാൻ പോവുകയാ. നിങ്ങൾക്ക് ഇവിടെ ഉണ്ടായിരുന്ന അവസ്ഥയാ ഇപ്പോൾ നാട്ടിൽ മനുഷ്യർക്ക് . ഏതായാലും എനിക്കും വീണു കിട്ടിയ ഈ അവധികാലം ഞാൻ നിങ്ങളോടൊപ്പം ആഘോഷിക്കാൻ തീരുമാനിച്ചു. മിട്ടു സന്തോഷത്തോടെ അവനെ സ്വാഗതം ചെയ്തു. അതിനെന്താ ഇവിടെ എല്ലാവർക്കും എന്നും സ്വാഗതം തന്നെയാണ്. ഞങ്ങൾ ആരെയും തടയാറില്ല. ഇവിടെ അതിർത്തിവരമ്പുകളും ഇല്ല. അങ്ങനെ കുറച്ചുനാൾ അവരോടൊപ്പം കൂടി ആഘോഷങ്ങളിലെല്ലാം പങ്കെടുത്ത ശേഷം കിട്ടു മടങ്ങി അവന്റെ വീട്ടിലേക്ക്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |