ജി.എച്ച്.എസ്. പെരിങ്കരി/അക്ഷരവൃക്ഷം/ വീട്ടിലേക്കുള്ള വഴി

Schoolwiki സംരംഭത്തിൽ നിന്ന്
21:37, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14855 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വീട്ടിലേക്കുള്ള വഴി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട്ടിലേക്കുള്ള വഴി

തിരക്കുകൾ വിട്ടൊഴിയാത്ത വീഥികളും, ശബ്ദങ്ങൾ നിലച്ച ബംഗ്ലാവുകളും, എന്തും എങ്ങനെയും വെട്ടിപ്പിടിക്കാമെന്ന അട്ടഹാസങ്ങളും പാടെ മാറിയിരിക്കുന്നു. കൃത്രിമവെളിച്ചങ്ങളുടെ അതിപ്രസരത്തിൽ, ഉള്ളിലെ കുണ്ടും കുഴിയും മറച്ചുവെച്ച് നിസ്വാർത്ഥമായി പുഞ്ചിരിക്കുന്ന അമ്പിളിമാമനും ആരാധകരുടെ എണ്ണത്തിൽ വർധനവുണ്ടായിരിക്കുന്നു. ഇതുവരെ കാണാത്ത ചിത്രങ്ങളെയും കേൾക്കാത്ത വിളികളെയും നാം ഗൗനിക്കാൻ തുടങ്ങിയിരിക്കുന്നു. ചിട്ടയായി ശീലിച്ചുവന്ന സ്വഭാവങ്ങൾ ഒരു സുപ്രഭാതത്തിൽ ലോക്ക് ചെയ്ത്, കയ്യും കാലും പിടിച്ചുകെട്ടി പുതിയലോകത്തേക്ക് തള്ളിവിട്ടതിന്റെ ഈർഷ്യ തെല്ലൊന്നടങ്ങിയിരിക്കുന്നു. നാളുകൾ കഴിയുന്തോറും പുതിയലോകത്ത് താളം കണ്ടെത്താൻ നാം തുടങ്ങിയിരിക്കുന്നു .
ഇത് വാസ്തവത്തിൽ പുതിയ തുടക്കമാണ്. പരസ്പരബന്ധത്തിന്റെ ഇത്തിരി വട്ടത്തിൽ നിന്ന് പറന്ന് രാജ്യങ്ങളും ഭൂഖണ്ഡങ്ങളും താണ്ടി അവിടെ നിന്ന് അനന്തവിഹായസ്സിലേക്ക് കുതിക്കാൻ നടത്തിയ മാരത്തോണിന്റെ ചിറകുകൾ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധികാത്ത ഇത്തിരി കുഞ്ഞൻ വൈറസ് കരിച്ചു കളഞ്ഞിരിക്കുന്നു. എല്ലാം പലവിധ മത്സരങ്ങളിലൂടെ വെട്ടിപിടിച്ചും സംസ്കാരത്തെ ചുട്ടുകരിച്ചും നടത്തിയ ചൂതാട്ടത്തിൽ അവസാനം മനുഷ്യസമൂഹം ഒന്നടങ്കം തോറ്റിരിക്കുന്നു. അവന്റെ കണ്ണുകൾ കൊണ്ട് കാണാൻപോലും കഴിയാത്ത ഒരു വൈറസ് അവനെ തോൽപ്ച്ചിരിക്കു ന്നു. ഈ തോൽവിയും ഒരു ചവിട്ടുപടിയാണ്‌. സംഭവിച്ച തെറ്റുകൾ തിരിച്ചറിഞ്ഞ് , തിരുത്തി നന്മയുടെ കൈകൾ പിടിച്ച് വിജയത്തിലേക്ക് പോകാനുള്ള വലിയ തോൽവി. ചെയ്ത തെറ്റുകൾ ആവർത്തിക്കപ്പെടാത്ത പുതിയ തെറ്റുകളിലേക്ക് കയറിച്ചെല്ലാത്ത, അവസാനത്തെ തോൽവിയായിരിക്കട്ടെ ഇത്.
വാസ്തവത്തിൽ നമുക്ക് സംഭവിച്ച തെറ്റെന്താണ്? ആകാശംമുട്ടെ ഉയർന്ന് നിറയെ പൂക്കളും കായികളുമായി രമിക്കുന്ന വൻവൃക്ഷത്തിന്റെ വേരുകൾ അത്രതന്നെ ആഴത്തിൽ മണ്ണിനെ പുണർന്നിട്ടുണ്ടാവും. സംസ്കാരത്തെ സംബന്ധിച്ച് പ്രകൃതി മനുഷ്യന്റെ കണ്മുന്നിൽ നിരത്തിയ ഏറ്റവും വലിയ ഉദാഹരണമാണിത്. ജനിച്ചനാടും വീടും അച്ഛനെയും അമ്മയെയും മുത്തശ്ശിക്കഥകളെയും വിട്ട് ദൂരസ്ഥലങ്ങളിലേക്ക് ചേക്കേറുമ്പോൾ തന്നെ നമ്മൾ അവരുമായുള്ള പൊക്കിൾകൊടി ബന്ധങ്ങളും അറുത്തുമാറ്റുന്നു. അച്ഛനമ്മമാരെ വൃദ്ധസദനത്തിലേക്കും കടത്തിണ്ണകളിലേക്കും പുറന്തള്ളിയപ്പോൾ പ്രകൃതിയെയും നമ്മൾ പടിയടച്ച് പിണ്ഡം വച്ചു. നമുക്ക് തണലേകിയ മരങ്ങളെ നാം മുറിച്ചുവിറ്റു. നമ്മെ താരാട്ടുപാടി ഉറക്കിയ കുയിലമ്മയെ നാം ചുട്ടുകൊന്നു. നമ്മെ കുളിപ്പിച്ച പാലരുവികളെ തോണ്ടിത്തോണ്ടി നാം പരുക്കേല്പിച്ചു. നമ്മെ ഊട്ടിയ നെന്മണികളെ നാം സായിപ്പിന്റെ ഭക്ഷണത്തിനായി വിറ്റു. അങ്ങനെ നമ് മളെ സ്നേഹിച്ച എല്ലാത്തിനെയും പിഴിഞ്ഞ് പിഴിഞ്ഞ് അതിനെ പരിക്കേൽപിച്ച് മൃതപ്രായമാക്കി. ഒരു സംസ്കാരത്തെ അപ്പാടെ നശിപ്പിച്ച് അടുത്ത സ്ഥലത്തേക്ക് ചേക്കേറി. സത്യത്തിൽ അതല്ലേ നാം ചെയ്തത്?എന്നിട്ടിപ്പോൾ വീട്ടിലേക്ക് തിരിച്ചുചെല്ലാൻ മടി!നാം ചെയ്ത തെറ്റിന് പ്രകൃതി തന്ന ശിക്ഷയാണ് കോവിഡ് 19.പ്രകൃതി അതിന്റെ താണ്ഡവം തുടങ്ങിയിട്ടേ ഉള്ളൂ. സർവനാശം സംഭവിക്കും മുൻപ് നാം നമ്മുടെ വീട്ടിൽ - പ്രകൃതിയിലേക്ക് മടങ്ങി പോകേണ്ടതായുണ്ട്.
'STAY AT HOME' എന്ന വരി ധ്വനിപ്പിക്കുന്നത് കല്ലും മണ്ണും കൊണ്ട് നാം കെട്ടിപ്പൊക്കിയ വീട്ടിൽ ബോറടിച്ച് കുത്തിയിരിക്കൂ എന്നല്ല, അവയൊക്കെ നമുക്ക് നൽകിയ 'പ്രകൃതി' എന്ന ആലയത്തിലേക് തിരിച്ചു ചെല്ലൂ എന്നാണ്. അവിടമാണ് സ്ഥായിയായുള്ളത്. മരണമില്ലാത്തത് പ്രകൃതിക്ക് മാത്രമാണ്. ഇനിയും ഒരു നൂറുകോടി ഭൂകമ്പങ്ങളും പ്രളയങ്ങളും പകർച്ചവ്യാധികളും വന്ന് എല്ലാം ഒന്നടങ്കം വെണ്ണീറായി പോയാലും പ്രത്യാശയുടെ പുതിയ തളിര് പ്രകൃതി വിടർത്തിവെയ്ക്കും. ശുഷ്കമായ ഈ ദിനങ്ങൾ പ്രകൃതിക്ക് - സ്വന്തം അമ്മയ്ക്ക് നാം നൽകിയ മുറിവികൾ ഉണക്കാനും പച്ചയായ സ്നേഹത്തിന്റെ കുഞ്ഞു കുഞ്ഞു വിത്തുകൾ മുളപ്പിക്കാനുമായി നമുക്ക് മാറ്റിവെക്കാം. വർഷങ്ങളായി പൊടിപിടിച്ചു കിടക്കുന്ന ബന്ധങ്ങളെ പൊടിതട്ടിയെടുക്കാം. ലോകചരിത്രത്തിൽ സാംക്രമികരോഗങ്ങൾ ആദ്യമായല്ല. ഏത് പകർച്ചവ്യാധി വന്നാലും ആരും പരിസരം ശുചിയാക്കിവെക്കാനാണ് ആദ്യം പറയാറ്. അതിലൂടെ രോഗപ്രതിരോധം സാധ്യമാകുമെന്നും. ഈ ശുചീകരണം കൊറോണ വൈറസിനെതിരെയും നമുക്ക് പയറ്റാൻ സാധിക്കും. എന്നാൽ ഈ പ്രയത്നത്തിൽ നാം പ്രകൃതിയിൽ നിന്ന് ആദ്യം തുടച്ചുമാറ്റേണ്ടത് മനുഷ്യൻ വികൃതമാക്കിയ പ്രക്രതിയെ തന്നെയാണ്. തുമ്പകൾ പൂത്തുനിൽക്കുന്ന വയലേലകൾ തിരിച്ചുകൊണ്ടുവന്നാൽ, ഗ്രാമനഗര ബേധമില്ലാതെ തഴുകുന്ന കാറ്റിനെ തിരിച്ചുകൊണ്ടുവന്നാൽ ഏത് തീയെയും അണയ്ക്കാൻ പോന്ന കുളിർമഴയെ തിരിച്ചുകൊണ്ടുവന്നാൽ ഒരു തടസ്സവുമില്ലാതെ തെന്നിമറിഞ്ഞൊഴുകുന്ന പുഴകളെ തിരിച്ചുകൊണ്ടുവന്നാൽ ഏത് രോഗത്തെയും പ്രതിരോധിക്കാൻ നാം സജ്ജരായിരിക്കും.
"മനുഷ്യൻ വീട്ടിലിരുന്നപ്പോൾ പ്രകൃതി താളം തിരിച്ചു പിടിക്കുന്നു "എന്ന വാർത്തയെ തിരുത്തി "മനുഷ്യൻ ഇവിടെ ആയിരുന്നാലും പ്രകൃതി സന്തുഷ്ടയാണെന്ന ശുഭവാർത്ത പരത്താൻ നമുക്ക് കഴിയട്ടെ....... എല്ലാ കാലഘട്ടത്തിലും അത്ഭുതങ്ങൾ സൃഷ്ടിച്ച മനുഷ്യൻ, ഈ പ്രതിസന്ധിയെയും ജാതിമതവർഗപ്രാദേശിക വ്യത്യാസമില്ലാതെ ഒറ്റകെട്ടായി കീഴടക്കും, തീർച്ച.

ശ്രീലക്ഷ്മി.കെ.പി
10 എ ജി.എച്ച്.എസ്.പെരിങ്കരി
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം